ഗ്രഹ നില

ഗ്രഹ നില

ഭൂമിയുടെഭ്രമണപഥത്തിന്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം. ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു. ഒരു കുട്ടിയുടെ ജനനസമയത്ത്, അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍ നില്‍ക്കുന്നു എന്ന് കാണിക്കുന്നതാണ് ഗ്രഹനില.

സൂര്യനല്ല ഭൂമിയാണ് സഞ്ചരിക്കുന്നത് എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്നതായിട്ടാണ് ജ്യോതിഷത്തില്‍ രേഖപ്പേടുത്തുന്നത്. അതുപോലെ ചന്ദ്രന്‍ ഭൂമിയെ ചുറ്റിയാണ് സഞ്ചരിക്കുന്നത് എങ്കിലും ചന്ദ്രനും മറ്റ് ഗ്രഹങ്ങളോടൊപ്പം തന്നെ രാശിചക്രത്തില്‍ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തുന്നു. രാശിചക്രത്തിന്റേതായ രൂപം പ്രാദേശികമായി വ്യത്യാസം ഉണ്ട് എങ്കിലും പൊതുവെ ചതുരത്തിലുളള രാശിചക്രമാണ് ഉപയോഗിക്കുന്നത്.

എന്താണ് ലഗ്നം

ഒരാളുടെ ജനിച്ച സമയത്തുളള സൂര്യനഭിമുഖമായ രാശിയാണ് ലഗ്നം അഥവാ ‘ ല ‘ എന്ന് രാശിചക്രത്തില്‍ അടയാളപ്പെടുത്തുന്നത്. ഇതിനെ ഇംഗ്ലീഷില്‍ Ascendent പറയുന്നു. ഇതില്‍ നിന്നും ജാതകഗണനത്തിന് സമയത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം. ഏത് മാസത്തിലാണോ ജനനം, ആ രാശിയെ ഉദയരാശി എന്ന് പറയുന്നു. മേടമാസത്തില്‍ ജനനം എങ്കില്‍ ഉദയരാശിയായ മേടത്തില്‍ ‘ ര ‘ (Sun) എന്ന് രേഖപ്പെടുത്തുന്നു. ജനിച്ച സമയം എത്രയാണോ അതിനനുസരിച്ചുളള രാശിയില്‍ ‘ ല ‘ (Lagnam) എന്ന് അടയാളപ്പെടുത്തുന്നു. ഒരു രാശിക്ക് എതാണ്ട് 2 മണിക്കൂര്‍ അഥവാ 5 നാഴിക ദൈര്‍ഘ്യം ഉണ്ടായിരിക്കും. (ഇത് സ്ഥല വ്യത്യാസം അനുസരിച്ച്കൂടിയും കുറഞ്ഞുമിരിക്കുന്നു ). മേടം ഒന്നാം തീയതിക്കായിരിക്കും മേടം രാശി പൂര്‍ണ്ണമായും ഉദയം മുതലുണ്ടാവുക. മേട മാസത്തില്‍ ഓരോ ദിവസം കഴിയുന്തോറും ഉദയരാശിയിലെ മേടത്തിന്റെ സമയവും കുറഞ്ഞു കുറഞ്ഞു വരുന്നു. അങ്ങിനെ മേട മാസത്തിലെ ഒടുവിലത്തെ ദിവസം ആയാല്‍ , മേടത്തില്‍ അന്ന് കുറച്ച് വിനാഴികയെ (മിനിറ്റുകള്‍ ) ബാക്കിയുണ്ടാവുകയുളളു. ഒരു ജാതകത്തില്‍ ലഗ്നത്തിന് വളരെ പ്രാധാന്യം ഉണ്ട്. അത് മുതലാണ് ഭാവങ്ങള്‍ കണക്കാക്കുന്നത്. ജനിച്ച സമയവും, സ്ഥലവും തെറ്റിയാല്‍ ലഗ്നം തെറ്റുന്നു. ആയതിനാല്‍ ലഗ്നം കണക്കാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ലഗ്നം കണ്ടുപിടിക്കുന്നതിന് പലതരത്തിലുളള രീതികള്‍ അവലംബിക്കുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് രീതിയില്‍ ലഗ്നം നിര്‍ണ്ണയിക്കാവുന്നതാണ്.

  • സാധാരണ ജ്യോത്സ്യന്മാര്‍ ചെയ്യുന്നതുപോലെ ഉദയാസ്തമയങ്ങളും, ഉദയാല്‍പരവും, അസ്തമയാല്‍പരവും, ഓരോ ദേശത്തുളള രാശിമാനവും അനുസരിച്ച് ലഗ്നം നിര്‍ണ്ണയിക്കുന്ന രീതി.
  • കുട്ടി ജനിക്കുന്ന സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും കണക്കിലെടുത്ത് Table of Ascendents ഉപയോഗിച്ച് കുറച്ചുകൂടി സൂക്ഷമമായി ലഗ്നം കാണുന്ന രീതി.
  • ഗണിത ശാസ്ത്രത്തിലെ Trigonometric Formula യും അക്ഷാംശരേഖാംശങ്ങളും ഉപയോഗിച്ച് ഏറ്റവും സൂക്ഷ്മമായി ലഗ്നം കാണുന്ന രീതി.

ജനിച്ച നക്ഷത്രം ഏത് കൂറിലാണ് എന്ന് നോക്കി ആ കൂറില്‍ (രാശിയില്‍ ) ‘ച’ എന്ന് രേഖപ്പെടുത്തുന്നു. തുടര്‍ന്ന് മറ്റ് ( കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി, രാഹുവും കേതുവും ) ഗ്രഹങ്ങളെയും എഴുതാം.

പഞ്ചാംഗത്തില്‍ ഓരോ ദിവസത്തെയും ഗ്രഹസ്പുടങ്ങള്‍ കൊടുത്തിട്ടുണ്ട്. അതായത് സ്ഥലങ്ങളില്‍ രാവിലെ 5.30 അങ്ങനെയുളള ഗ്രഹസ്പുടങ്ങളാണ് കൊടുത്തിട്ടുളളത്. അതില്‍ നിന്നു ജനിച്ച സമയത്തേക്കുളള സൂക്ഷ്മായ ഗ്രഹസ്പുടങ്ങള്‍ കണ്ടു പിടിച്ച് എഴുതുന്നു. കൂടാതെ ഓരോ ദിവസത്തെയും പകലും, രാത്രിയും ഉളള ഗുളികോദയരാശിയെയും പഞ്ചാംഗത്തില്‍ കൊടുത്തിട്ടുണ്ട്. അതിനനുസരിച്ച ഗുളികന്‍ നില്‍ക്കുന്ന രാശിയേയും അടയാളപ്പെടുത്തുന്നു. പഞ്ചാംഗം നോക്കി അന്നത്തെ തിഥി, കരണം, നിത്യയോഗം, സൂര്യാസ്തമനം മുതലായവയും രേഖപ്പെടുത്താവുന്നതാണ്.