സര്‍വാനുഗ്രഹകരമായ ത്രിപുരസുന്ദരീ യന്ത്രം

സര്‍വാനുഗ്രഹകരമായ ത്രിപുരസുന്ദരീ യന്ത്രം

ആഗ്രഹ സാധ്യത്തിനു വേണ്ടി ഗൃഹത്തില്‍ സൂക്ഷിക്കുകയും ശരീരത്തില്‍ ധരിക്കുവാനും ഏറ്റവും അനുയോജ്യമായ യന്ത്രമാണ് ത്രിപുരസുന്ദരീ യന്ത്രം.

ഭഗവത് ചൈതന്യത്തിന്റെ ദൃശ്യ രൂപങ്ങളാണ് യന്ത്രങ്ങള്‍. വിധിപ്രകാരം തയാറാക്കുന്ന യന്ത്രങ്ങള്‍ക്ക് അത്ഭുതകരമായ ഫലദാന ശക്തിയുണ്ടെന്ന് അറിവുള്ളവര്‍ക്കറിയാം. അതുകൊണ്ടാണ് പരസ്യമായി താന്ത്രിക കര്‍മ്മങ്ങളെയും ജ്യോതിഷത്തെയും മറ്റും അപഹസിക്കുന്നവരുടെ ശരീരത്തില്‍ പോലും രഹസ്യമായി പരിശോധിച്ചാല്‍ ഏലസ്സുകളും മറ്റും കാണാന്‍ കഴിയുന്നത്. 

യന്ത്ര രചനാവിധി

യന്ത്രം എഴുതുന്നത് ഒരു ഉപാസകന്‍ ആയിരിക്കണം. ഈ യന്ത്രം കൊണ്ട് ഇത് ധരിക്കാന്‍ പോകുന്ന ആള്‍ക്ക് ഗുണം വരണം എന്ന ചിന്ത ഉണ്ടാകണം. എഴുതുന്നത് സ്വര്‍ണ്ണത്തിലോ  വെള്ളിയിലോ ഉള്ള തകിടില്‍ ആകണം. ഒരു ക്ഷേത്രത്തില്‍ ഒരു വിഗ്രഹംപ്രതിഷ്ടിക്കുമ്പോള്‍ എന്തൊക്കെ താന്ത്രിക കര്‍മങ്ങള്‍ ഉണ്ടോ അത്തരം കര്‍മങ്ങള്‍ എല്ലാം തന്നെ യന്ത്രത്തിനും ബാധകമാണ്. എഴുതി പൂര്‍ത്തിയാക്കിയ യന്ത്രം കുറഞ്ഞത് 60 നാഴിക നേരം എങ്കിലും ശുദ്ധ ജലത്തില്‍ സൂക്ഷിക്കണം. ഇതിന് ജലാധിവാസം എന്ന് പറയും. തുടര്‍ന്ന് പുറ്റു മണ്ണ് കൊണ്ട് തേച്ചു കഴുകണം. നാല്പാമരം ലേപനം ചെയ്ത് പുണ്യാഹ ജലത്തില്‍ സൂക്ഷിക്കണം. അനന്തരം യന്ത്രത്തില്‍ വിധിയാം വണ്ണം കലശം ആടണം. പിന്നാലെ യന്ത്രത്തില്‍ മൂര്‍ത്തി ആവാഹിച്ച് പ്രാണ പ്രതിഷ്ഠ ചെയ്ത് പൂജിക്കണം. യോജ്യമായ ദ്രവ്യങ്ങള്‍ അഗ്നിയില്‍ ഹോമിക്കണം. ഇത്യാദിയായ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ യന്ത്രത്തിന് പൂര്‍ണതയും പൂര്‍ണ്ണ ഫല ദാനശക്തിയും കൈവരൂ.

ത്രിപുരസുന്ദരീ യന്ത്രം Tripura-sundari-yantra

വൃത്തം, ത്രികോണം, ഷള്‍ക്കോണം, വൃത്തം, അഷ്ടദളം രണ്ടു വീഥീവൃത്തങ്ങള്‍, രണ്ടു ഭൂപുരം, ഭൂപുര സന്ധികളില്‍ എട്ടു ശൂലങ്ങള്‍ എന്ന രീതിയിലാണ്  ത്രിപുരസുന്ദരീ യന്ത്രം  വരയ്‌ക്കേണ്ടത്.

ആദ്യത്തെ വൃത്തമധ്യത്തില്‍ ‘ഹ്രീം’ എന്ന മായാബീജവും ത്രികോണുകളില്‍ ‘ഓം ശ്രീം ക്ലീം’ എന്നും, ത്രികോണപാര്‍ശ്വങ്ങളില്‍ കര്‍മ്മസഹിതമായ സാധ്യനാമവും എഴുതുക. ശ്രീമായാബീജങ്ങള്‍ ഷള്‍ക്കോണിന്റെ ഓരോ കോണിലും അഷ്ടദശാക്ഷര ഗോപാലമന്ത്രം മുമ്മൂന്നക്ഷരം വീതം അഷ്ടദളത്തിലെ ആറു ദളങ്ങളിലും  ശ്രീ വിദ്യാ മന്ത്രത്തിലെ ആദ്യമുള്ള ഏഴ് അക്ഷരം ഏഴാം ദളത്തിലും ബാക്കി എട്ടക്ഷരങ്ങള്‍ എട്ടാമത്തെ ദളത്തിലും എഴുതേണ്ടതാകുന്നു. കേസരങ്ങളില്‍ അച്ചുകള്‍  എഴുതണം. ഒന്നാമത്തെ വീഥിയില്‍ മാരമാലാമന്ത്രം എഴുതുക. പുറമേയുള്ള ചതുരശ്ര സന്ധികളില്‍ മാതൃകാക്ഷരങ്ങളെയും  ഓരോ വശത്തുമായി ബീജമന്ത്രങ്ങലും എഴുതുക. ദിക്കുകളില്‍ ‘ആം’ എന്നും വിദിക്കുകളില്‍ ‘ക്രോം’ എന്നും യഥാക്രമം എഴുതിയ ശേഷം  ചതുരശ്രങ്ങളുടെ പുറത്ത് കോണുകളുടെ രണ്ടു പാര്‍ശ്വങ്ങളില്‍  വരാഹബീജവും നരസിംഹ ബീജവും എഴുതണം. ആഗ്രഹ സാധ്യകരവും ഐശ്വര്യ പ്രദവും ആണ് ത്രിപുരസുന്ദരീ യന്ത്രം. ദേവീ അനുഗ്രഹവും ഗോപാല കടാക്ഷവും ഒരു പോലെ ലഭ്യമാകും.


.


coin-sreechakra - Copy - Copy

.