ഗ്രഹനിലയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും

ഗ്രഹനിലയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും

luck

എനിക്ക് ലോട്ടറി അടിക്കുമോ ? ജ്യോതിഷികളോട്  പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്. ഉത്തരം പറയാന്‍ അല്പം വിഷമമുള്ളതെങ്കിലും ശരിയായ ഗ്രഹനില പരിശോധന യിലൂടെ ഒരു വലിയ പരിധി വരെ നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. ഭാഗ്യാധിപന്‍ 6,8,12 മുതലായ സ്ഥാനങ്ങളില്‍ മറഞ്ഞവര്‍, മറ്റു വിശേഷ ധനയോഗങ്ങള്‍ ഒന്നും ജാതകത്തില്‍  ഇല്ലെങ്കില്‍ ഭാഗ്യക്കുറിക്കും ഊഹ കച്ചവടത്തിനും മറ്റുമായി ധനം ചിലവാക്കാതിരിക്കുന്നതാണ് നല്ലത്. ചന്ദ്രന്‍ പന്ത്രണ്ടില്‍ മറഞ്ഞാലും സ്ഥിതി വ്യത്യസ്തമല്ല. എത്രയോ ആളുകള്‍ ഭാഗ്യക്കുറിക്കും മറ്റുമായി പണം ചിലവാക്കി നിര്‍ഭാഗ്യവും ധനനഷ്ടവും നേടുമ്പോഴാണ് ഒരാള്‍ ഭാഗ്യവാനാകുന്നത് എന്ന് ചിന്തിക്കണം.

ഭാഗ്യാധിപന് നീചത്തിലോ ശത്രുക്ഷേത്രത്തിലോ സ്ഥിതി വരിക, മൌഡ്യമോ പാപ സംബന്ധമോ വരിക, ജാതകത്തില്‍ ഭാഗ്യകാരകനായ വ്യാഴത്തിനു ബലമില്ലാതെ വരിക തുടങ്ങിയ ഗ്രഹസ്ഥിതി ഉള്ളവരും ലോട്ടറി മുതലായവയ്ക്കായി പണം മുടക്കുന്നതു കൊണ്ട് വലിയ ഗുണം ഉണ്ടാകാന്‍ ഇടയില്ല. ഭാഗ്യാധിപന്റെ സ്ഥിതി ലഗ്നാലും ചന്ദ്രാലും ചിന്തിക്കണം. മധ്യ വയസ്സിനു മേല്‍ ചന്ദ്രാല്‍ ഉള്ള ചിന്തയ്ക്കും പ്രസക്തിയുണ്ട്.


.


മീനം രാശിയില്‍ ജനിച്ചവര്‍ക്കും മീനം ഭാഗ്യസ്ഥാനമായും ധനസ്ഥാനമായും ലാഭസ്ഥാനമായി വരുന്നവര്‍ക്കും കൂടുതല്‍ ഭാഗ്യാനുഭവങ്ങള്‍ വരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ധനസ്ഥാനമായ രണ്ടാം ഭാവത്തില്‍ സൂര്യനോ ചന്ദ്രനോ ബലവാനായി നില്‍ക്കുന്നതും ധന വര്‍ദ്ധകമാണ്. ലഗ്നാധിപന്‍ രണ്ടിലും രണ്ടാം ഭാവാധിപന്‍ പതിനൊന്നിലും അല്ലെങ്കില്‍ പതിനൊന്നാം ഭാവാധിപന്‍ ലഗ്നത്തിലും നില്‍ക്കുന്നത് നിധിലാഭയോഗമാണ്. ആധുനിക കാലത്ത് നിധിയൊന്നും ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ അത് വല്ല ഭാഗ്യക്കുറിയോ സമ്മാന പദ്ധതിയോ മറ്റോ വിജയിക്കുന്നതിലൂടെ ആകാനും തരമുണ്ട്.


.


അഞ്ചാം ഭാവം ഇടവമോ തുലാമോ ആയി അവിടെ ശുക്രന്‍ നില്‍ക്കുക, പതിനൊന്നില്‍ ശനി നില്‍ക്കുക മുതലായവയും ധനപരമായി നന്നാണ്. അഞ്ചാം ഭാവം ധനുവോ മീനമോ  ആയി വരികയും അവിടെ വ്യാഴം  നില്‍ക്കയും ചന്ദ്രന്‍ ലാഭത്തില്‍ നില്‍ക്കുകയും ചെയ്യുന്നതും ധനഭാഗ്യത്തിനു കാരണമാകും. കര്‍ക്കിടകം ലഗ്നമായി വരികയും അവിടെ ചന്ദ്രന്‍ നില്‍ക്കയും വ്യാഴത്തിനു കുജസംബന്ധം വരുന്നതും നല്ലതാണ്.  ചിങ്ങം ലഗ്നമായി ആദിത്യന്‍ അപ്രകാരം നിന്നാലും ഫലം വ്യത്യസ്തമല്ല. ശുക്രക്ഷേത്രങ്ങള്‍ ലഗ്നമായി വരികയും അവിടെ ശുക്രന്‍റെ യോഗം വരികയും അവിടെയ്ക്ക് ശനി-ബുധ ദൃഷ്ടി വരുന്നതും ഭാഗ്യദായകമാണ്. മകരമോ കുംഭമോ അഞ്ചാം ഭാവമായി ഭവിച്ച് അവിടെ ശനി നില്‍ക്കയും പതിനൊന്നില്‍ കുജനോ ബുധനോ നില്‍ക്കുന്നതും  ഭാഗ്യപ്രദമാണ്. ഇവിടെയെല്ലാം പ്രസ്തുത ഗ്രഹങ്ങളുടെ ബാലാബലങ്ങളും നിര്‍ണ്ണായകമാണ്. അത്തരത്തില്‍ പല വിധങ്ങളായ ഗ്രഹ സ്ഥിതികളും യോഗങ്ങളും ഭാഗ്യപുഷ്ടിക്ക് കാരകമായി വരാവുന്നതാണ്. പ്രത്യക്ഷത്തില്‍ ഇത്തരം യോഗ-സ്ഥിതികള്‍ ഒന്നും ജാതകത്തില്‍ ഇല്ലാത്തവര്‍ ഭാഗ്യ പരീക്ഷണങ്ങളിലും ഊഹ കച്ചവടത്തിലും മറ്റും ഇടപെടാതെ സ്ഥിര വരുമാനം നല്‍കുന്ന തൊഴില്‍ രംഗത്ത് വ്യാപരിക്കുന്നതാണ്   കൂടുതല്‍  ഉചിതമാകുക.