ഗൗളിശാസ്ത്രം

ഗൗളിശാസ്ത്രം

gouli ശാസ്ത്രം

എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പല്ലി ശബ്ദിക്കുന്നത് കേള്‍ക്കുന്നത് അപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യം സത്യമാണ് എന്നതിന്റെ സാധൂകരണം ആണെന്ന് പുരാതന കാലം മുതല്‍ കേരളത്തില്‍ വിശ്വസിക്കപ്പെട്ടിരുന്നു. മേല്‍ ഭാഗത്തും കിഴക്ക്,പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളില്‍ നിന്നും ഗൗളി ശബ്ദിച്ചാല്‍ അഭീഷ്ടസിദ്ധി ഉണ്ടാകും എന്ന് കരുതപ്പെടുന്നു. അഗ്നി കോണില്‍ നിന്നും ഗൗളി ശബ്ദം കേട്ടാല്‍ ധനലാഭം ഫലമാകുന്നു. വായുകോണില്‍ നിന്നാണ് പല്ലിയുടെ ശബ്ദം കേള്‍ക്കുന്നതെങ്കില്‍ അത് ദേശം വിട്ടു പോകേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. നിരൃതി കോണില്‍ നിന്നും കേട്ടാല്‍ ദുഖവും ഈശാന കോണില്‍ കാര്യ വൈഷമ്യവും തെക്കുനിന്നും മരണവും ഫലമാകുന്നതായി പറയുന്നു.

ഇത്തരം ദുശകുനങ്ങളുടെ പരിഹാരത്തിനായും യാത്രയുടെ ലക്‌ഷ്യം സാധിക്കുന്നതിനുമായി ഈ മന്ത്രം ജപിച്ച് ഈശ്വര സ്മരണയോടെ യാത്ര പുറപ്പെടുക.

അഗ്രതോ നരസിംഹോ മേ പൃഷ്ഠതോ ഗരുഡദ്ധ്വജഃ

പാര്‍ശ്വയോസ്തു ധനുഷ്മന്തൗ സകരൗ രാമലക്ഷ്മണൗ 

അഗ്രത: പൃഷ്ഠതശ്ചൈവ പാര്‍ശ്വയോശ്ച മഹാബലൗ 

ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ രക്ഷേതാം രാമലക്ഷ്മണൗ  

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ

രഘുനാഥായ നാഥായ സീതായ: പതയേ നമഃ


.


ഗൗളി വീണാല്‍ ഉള്ള ഫലങ്ങള്‍ 

ശിരസ്സിന്റെ മധ്യഭാഗത്തില്‍ ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ ദോഷാനുഭവങ്ങള്‍ വരാവുന്നതാണ്. തലയുടെ പിന്‍ ഭാഗത്താണ് പല്ലി പതിക്കുന്നതെങ്കില്‍ കലഹസാധ്യതയാണ് ഫലം. നെറ്റിയില്‍ ഗൗളി വീണാല്‍ നിധിലാഭം. നെറ്റിയുടെ മധ്യത്തില്‍ വീണാല്‍ രാജസമ്മാന ലബ്ധിയാണ് ഫലം. മൂക്കിന്റെ അഗ്രത്തില്‍ വീണാല്‍ രോഗ ദുരിതങ്ങളും ചുണ്ടില്‍ വീണാല്‍ ധനൈശ്വര്യാദികളും പ്രതീക്ഷിക്കാം.കവിള്‍ത്തടത്തില്‍ വീണാല്‍ ധന നഷ്ടവും കണ്ണില്‍ വീണാല്‍ മരണപ്രേരണയും കഴുത്തില്‍ വീണാല്‍ സജ്ജന സംയോഗവും മാറിടത്തില്‍ വീണാല്‍ കടുത്ത ദുഖവും വയറില്‍ വീണാല്‍ ഭയവും ഫലമാകുന്നു. കൈകളില്‍ വീണാല്‍ ധനലാഭവും വാരിഭാഗത്ത് വീണാല്‍ ശത്രുശല്യവും കരുതണം. പാദങ്ങളില്‍ വീണാല്‍ തീര്‍ഥയാത്രയാണ് ഫലമായി പറയുന്നത്. പുരുഷന്മാര്‍ക്ക് വലതു ഭാഗത്തും സ്ത്രീകള്‍ക്ക് ഇടതു ഭാഗത്തും ഗൗളി പതിച്ച് മേല്‍പോട്ടു കയറിയാല്‍ ശുഭ ഫലങ്ങളും ഇറങ്ങിയാല്‍ അശുഭ ഫലങ്ങളും പ്രതീക്ഷിക്കണം. ക്ഷേത്രത്തിലും അരയാലിന്‍ ചുവട്ടിലും വച്ച് ഗൗളി ശരീരത്തില്‍ എവിടെ വീണാലും ദോഷമില്ല. ആശുഭഫലദായകമായ ശരീര ഭാഗങ്ങളില്‍ ഗൗളി വീണാല്‍  പ്രായശ്ചിത്തമായി  ശിവഭജനം  ചെയ്യണം.

നിമിത്ത ശാസ്ത്രം മനുഷ്യനെ ഭയപ്പെടുത്താന്‍ ഉള്ളതല്ല. മറിച്ച് അവന്റെ പ്രവര്‍ത്തനങ്ങളുടെ വിജയ പരാജയങ്ങളെ സംബന്ധിച്ച ചില മുന്നറിയിപ്പുകള്‍ തരുന്നു എന്ന് മാത്രം. മഴ വരാന്‍ സാധ്യതയുണ്ട് എന്ന് ഇരുണ്ട ആകാശം പറയുമ്പോള്‍ കൈയില്‍ ഒരു കുട കരുതുക. അതാണ്‌ പ്രായോഗിക ബുദ്ധി.


.