ഗുരൂപദേശം കൂടാതെ മന്ത്രം ജപിക്കാമോ?

ഗുരൂപദേശം കൂടാതെ മന്ത്രം ജപിക്കാമോ?

മന്ത്രങ്ങള്‍ ഒരാള്‍ക്ക് വിധിയാംവണ്ണം വശഗമാകുന്നതിനും അതുമൂലം അനുഗ്രഹപ്രാപ്തി വരണമെങ്കിലും ഗുരുവിന്റെ അനുഗ്രഹം വേണം. അതുകൊണ്ടാണ് മന്ത്രം ജപിക്കാന്‍ മന്ത്ര ദീക്ഷ വേണം എന്ന് നിഷ്കര്‍ഷിക്കുന്നത്. ദശ മുദ്രകള്‍ തെറ്റാതെ പഠിക്കുവാനും മന്ത്ര ദേവത, ഋഷി, ച്ഛന്ദസ്സ് എന്നിവയും മനസ്സിലാക്കണമല്ലോ. മന്ത്രവും ദേവതയും അത് ജപിക്കുന്ന ഉപാസകനും സമതരംഗ വര്‍ത്തിതനായാല്‍ മാത്രമേ മന്ത്ര സിദ്ധി വരികയുള്ളൂ. പുസ്തകങ്ങളിലും നിന്നും മറ്റും ലഭിക്കുന്ന മന്ത്രങ്ങളെ സചേതനമാക്കുവാന്‍ (ജീവന്‍ നല്‍കുവാന്‍) മന്ത്രദീക്ഷ കൊണ്ട് കഴിയും.

എന്നാല്‍ താഴെ പറയുന്നതായ മന്ത്രങ്ങള്‍ ജപിക്കുവാന്‍ മന്ത്ര ദീക്ഷ ആവശ്യമില്ല എന്ന് പ്രമാണമുണ്ട്.

” നൃസിംഹാര്‍ക്ക വരാഹാണാം സിദ്ധാദി നൈവ ശോധയേല്‍

സ്വപ്നേ ലബ്ധേ സ്ത്രിയാ ദത്തേ മാലാമന്ത്രേ ച ത്ര്യക്ഷരേ 

വൈദികേഷു ച സര്‍വേഷു സിദ്ധാദി നൈവ ശോധയേല്‍

ഓം എന്ന പ്രണവം ജപിക്കാന്‍ ഒരു ഗുരൂപദേശവും ദീക്ഷയും ആവശ്യമില്ല. നമശിവായ എന്ന പഞ്ചാക്ഷരിയും ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരിയും ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരിയും ആര്‍ക്കും ജപിക്കാം. ഹരേ രാമാ ഹരേ രാമാ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മഹാഷോഡശ കലിസന്തരണ മന്ത്രം പോലെ കലിയുഗത്തില്‍ ഫലപ്രാപ്തിയുള്ള മറ്റൊരു മന്ത്രമില്ല. ഇത് ഒരു തവണയെങ്കിലും ജപിക്കാത്ത ഭക്തന്മാര്‍ ഉണ്ടോ? എന്നാല്‍ ഇതൊരു മന്ത്രമാണ് എന്ന ബോധ്യത്തോടെയല്ല കൃഷ്ണ യജുര്‍വേദത്തിലെ കലിസന്തരണ ഉപനിഷത്തിലെ ഈ മന്ത്രം  പലരും ജപിക്കുന്നത് എന്നു മാത്രം.

അതുപോലെ സുദര്‍ശനമന്ത്രവും, പിണ്ഡമന്ത്രവും, ബാലാമന്ത്രവും, വരാഹ മന്ത്രവും ഇപ്രകാരം ജപിക്കാവുന്നവയാണ്. സ്വപ്ന ദര്‍ശനത്തിലൂടെ ലഭിച്ച മന്ത്രങ്ങളും അമ്മയില്‍ നിന്നും ലഭിച്ച മന്ത്രങ്ങളും ദീക്ഷ കൂടാതെ ജപിക്കാവുന്നവയാണ്.

ജപമായാലും പ്രാര്‍ഥനയായാലും അതിനു പിന്നിലെ ഭക്തിയും ആത്മാര്‍ഥതയുമാണ് പ്രധാനപ്പെട്ടത്. യഥാര്‍ഥ ഭക്തിയോടെയുള്ള നിസ്വാര്‍ഥ കര്‍മങ്ങളില്‍ ഈശ്വരന്‍ പ്രസാദിക്കുക തന്നെ ചെയ്യും.


.


Click here for your Yantra