രാമായണ പാരായണം ഒന്നാം ദിവസം

രാമായണ പാരായണം ഒന്നാം ദിവസം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു


ബാലകാണ്ഡം


ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ 

ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ 

ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ 

ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ 

ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ! 

ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! 

ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! 

ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ. 

നാരായണായ നമോ നാരായണായ നമോ 

നാരായണായ നമോ നാരായണായ നമഃ 

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ! 

ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. 

ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ

ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 


ഇഷ്ടദേവതാവന്ദനം 


കാരണനായ ഗണനായകന്‍ ബ്രഹ്‌മാത്മകന്‍ 

കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍

വാരണമുഖന്‍ മമ പ്രാരബ്ധവിഘ്നങ്ങളെ 

വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. 

വാണീടുകനാരതമെന്നുടെ നാവുതന്മേല്‍ 

വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ! 


നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെ- 

യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍

വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ! 

വാരിധിതന്നില്‍ തിരമാലകളെന്നപോലെ 

ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ

പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ! 


വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ്പിറന്നോരു 

വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം. 

വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍ 

വിഷ്ണു താന്‍തന്നെ വന്നു പിറന്ന തപോധനന്‍ 

വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട 

കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍. 

നാന്മറനേരായ രാമായണം ചമയ്‌ക്കയാല്‍ 
നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു
വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി- 
താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍, 
രാമനാമത്തെസ്സദാകാലവും ജപിച്ചീടും 
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍ 
ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍ 
മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍.

വാരിജോത്ഭവനാദിയാകിയ ദേവന്മാരും 
നാരദപ്രമുഖന്മാരാകിയ മുനികളും 
വാരിജശരാരാതിപ്രാണനാഥയും മമ 
വാരിജമകളായ ദേവിയും തുണയ്‌ക്കേണം. 
കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര- 
ണാരുണാംബുജലീനപാംസുസഞ്ചയം മമ 
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു 
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. 

ആധാരം നാനാജഗന്മയനാം ഭഗവാനും 
വേദമെന്നല്ലോ ഗുരുനാഥന്‍താനരുള്‍ചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു 
ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍ 
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം, 
വേദജ്ഞോത്തമന്മാര്‍മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം? 
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്‌മ- 
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍ 
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം 
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍. 
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം 
ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം. 
സുരസംഹതിപതി തദനു സ്വാഹാപതി 
വരദന്‍ പിതൃപതി നിരൃതി ജലപതി 
തരസാ സദാഗതി സദയം നിധിപതി 
കരുണാനിധി പശുപതി നക്ഷത്രപതി 
സുരവാഹിനീപതിതനയന്‍ ഗണപതി 
സുരവാഹിനീപതി പ്രമഥഭൂതപതി 
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി 
ജഗതി ചരാചരജാതികളായുളേളാരും 
അഗതിയായോരടിയന്നനുഗ്രഹിക്കേണ- 
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.

അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍ 
മല്‍ഗുരുനാഥനനേകാന്തേവാസികളോടും 
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്‌ക രാമരാമാചാര്യനും 
മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുളേളാരും.
രാമായണമാഹാത്മ്യം
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍
രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ
ഭൂമിയിലുളള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ചെയ്തു. 80
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്‌മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍.
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍?
വേദശാസൃതങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേതസി സര്‍വം ക്ഷമിച്ചീടുവിന്‍ കൃപയാലെ.
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യായനംചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം
മുക്തിസാധിക്കുമസന്ദിഗ്ദ്ധമിജ്ജന്മംകൊണ്ടേ. 90
ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിന്‍ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായ്‌ വന്നുകൂടും.
ധാത്രീഭാരത്തെത്തീര്‍പ്പാന്‍ ബ്രഹ്‌മാദിദേവഗണം
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്തോത്രംചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേല്‍ യോഗനിദ്രചെയ്തീടും നാരായണന്‍
ധാത്രീമണ്ഡലംതന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്‌ 100
രാത്രിചാരികളായ രാവണാദികള്‍തമ്മെ
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം
ആദ്യമാം ബ്രഹ്‌മത്വംപ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍.
ഉമാമഹേശ്വരസംവാദം

കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 110
സര്‍വാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
സര്‍വ്വലോകാവാസ ! സര്‍വ്വേശ്വര! മഹേശ്വരാ!
ശര്‍വ! ശങ്കര! ശരണാഗതജനപ്രിയ!
സര്‍വ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുളള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും
ഭക്തന്മാര്‍ക്കുപദേശംചെയ്തീടുമെന്നു കേള്‍പ്പു.
ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 120
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം
തീര്‍ത്ഥസ്നാനാദിഫലം ദാനധര്‍മ്മാദിഫലം
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല-
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ!
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍
പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍.”

ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍ ജഗ-
ദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തുഃ 140
ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ! 
നിന്നോളമാര്‍ക്കുമില്ല ഭഗവത്ഭക്തി നാഥേ!
ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമന്‍തങ്കലേറ്റം
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം. 150
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു 
സാരമായുളള തത്വം ചൊല്ലുവന്‍ കേട്ടാലും നീ. 


.ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍
പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍
ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്‌മം
ജഗദുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ
ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍
അദ്വയനാദ്യനജനവ്യയനാത്മാരാമന്‍
തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 160
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍
മാനസം മായാതമസ്സംവൃതമാകമൂലം.
സീതാരാഘവമരുല്‍സുനു സംവാദം മോക്ഷ-
സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ.

എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍
പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി
ദേവകണ്ടകനായ പങ്ക്തികണ്ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്‌
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍ 170
മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ-
ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
കീകസാത്മജാസുതനാം വിഭീഷണനാലും
ലോകേശാത്മജനായ വസിഷ്ഠാദികളാലും
സേവ്യനായ്‌ സൂര്യകോടിതുല്യതേജസാ ജഗ-
ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി
സാനന്ദമിരുന്നരുളീടുന്നനേരം പര-
മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180
വന്ദിച്ചുനില്‍ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ-
നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി
മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ
സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍-
തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ!
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ
നിര്‍മ്മമന്‍ നിത്യബ്രഹ്‌മചാരികള്‍മുമ്പനല്ലോ. 190
കല്‍മഷമിവനേതുമില്ലെന്നു ധരിച്ചാലും
തന്മനോരഥത്തെ നീ നല്‍കണം മടിയാതെ.
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോള്‍
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
ബ്രഹ്‌മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
ബ്രഹ്‌മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമനെടോ!”


ഹനുമാനു തത്ത്വോപദേശം

ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ
വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ!
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 200
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം
നിശ്ചലം സര്‍വ്വോപാധിനിര്‍മ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുളളില്‍ ശ്രീരാമദേവനെ നീ.
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരു വസ്തു പര-
ബ്രഹ്‌മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സര്‍വ്വകാരണം സര്‍വവ്യാപിനം സര്‍വാത്മാനം
സര്‍വജ്ഞം സര്‍വേശ്വരം സര്‍വസാക്ഷിണം നിത്യം 210
സര്‍വദം സര്‍വാധാരം സര്‍വദേവതാമയം
നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും. 
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം
നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ.
എന്നുടെ പതിയായ പരമാത്മാവുതന്റെ
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220
ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍
രാമനായ്‌ സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും
ആമിഷഭോജികളെ വധിപ്പാനായ്ക്കൊണ്ടു വി-
ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം
ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കല്‍പനായ കൗശികമുനിയോടും
മൈഥിലരാജ്യത്തിനായ്ക്കൊണ്ടു പോകുന്നനേരം
ഗൗതമപത്നിയായോരഹല്യാശാപം തീര്‍ത്തു 230


പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടന്‍
മല്‍പാണിഗ്രഹണവുംചെയ്തു പോരുന്നനേരം
മുല്‍പ്പുക്കുതടുത്തോരു ഭാര്‍ഗ്ഗവരാമന്‍തന്‍റെ
ദര്‍പ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 240
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്‌
ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ
ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു
പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാന്‍
പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
പുഷ്കരശരപരവശയായ്‌ വന്നാളല്ലോ 250
രക്ഷോനായകനുടെ സോദരി ശൂര്‍പ്പണഖാ;
ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.
ഉന്നതനായ ഖരന്‍ കോപിച്ചു യുദ്ധത്തിന്നായ്‌-
വന്നിതു പതിന്നാലുസഹസ്രം പടയോടും,
കോന്നിതു മൂന്നേമുക്കാല്‍നാഴികകൊണ്ടുതന്നെ;
പിന്നെശ്ശൂര്‍പ്പണഖ പോയ്‌ രാവണനോടു ചൊന്നാള്‍.
മായയാ പൊന്മാനായ്‌ വന്നോരു മാരീചന്‍തന്നെ-
സ്സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപ്പോള്‍
മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം
മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‍കി. 260
രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു
മോക്ഷവും കൊടുത്തു പോയ്‌ ശബരിതന്നെക്കണ്ടു.
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍
സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശ്ശേഷം 270
പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസൃതേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ 
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങി പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍
പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 280
യാജ്യനാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സാ-
യൂജ്യമാം മോക്ഷത്തെ നല്‍കീടിനാന്‍ നിരഞ്ജനന്‍.
ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ-
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
രാമനാം ജഗല്‍ഗുരു നിര്‍ഗുണന്‍ ജഗദഭി-
രാമനവ്യയനേകനാനന്ദാത്മകനാത്മാ-
രാമനദ്വയന്‍ പരന്‍ നിഷ്കളന്‍ വിദ്വദ്ഭൃംഗാ-
രാമനച്യുതന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍
ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 290
നിര്‍വികാരാത്മാ തേജോമയനായ്‌ നിറഞ്ഞൊരു
നിര്‍വൃതനൊരുവസ്തു ചെയ്കയില്ലൊരുനാളും.
നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി
ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി
കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍.”

അഞ്ജനാതനയനോടിങ്ങനെ സീതാദേവി
കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
അഞ്ജസാ രാമദേവന്‍ മന്ദഹാസവുംചെയ്തു
മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 300
പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം
പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ!
തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
സാക്ഷാലുളെളാരു പരബ്രഹ്‌മമാം പരമാത്മാ
സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍. 310
മത്ഭക്തനായുളളവനിപ്പദമറിയുമ്പോള്‍
മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
മത്ഭക്തിവിമുഖന്മാര്‍ ശാസ്‌ത്രഗര്‍ത്തങ്ങള്‍തോറും
സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
പരമാത്മാവാം മമ ഹൃദയം രഹസ്യമി-
തൊരുനാളും മത്ഭക്തിഹീനന്മാരായ്‌ മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
പരമമുപദേശമില്ലിതിന്മീതെയൊന്നും.” 320
ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത
രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്ക്കൊണ്ടു
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍
മുക്തനായ്‌വരുമൊരു സംശയമില്ല നാഥേ!
ബ്രഹ്‌മഹത്യാദിദുരിതങ്ങളും ബഹുവിധം
ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുളളവയെന്നാകിലും 330
ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍
മര്‍ക്കടപ്രവരനോടെന്നതു സത്യമല്ലോ.
ജാതിനിന്ദിതന്‍ പരസ്‌ത്രീധനഹാരി പാപി
മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്‌മഹന്താ
യോഗിവൃന്ദാപകാരി സുവര്‍ണ്ണസ്തേയി ദുഷ്ടന്‍
ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ
രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ-
ലാമോദപൂര്‍വം പൂജ്യനായ്‌വരുമത്രയല്ല
യോഗീന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു-
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 340

ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു
തിങ്ങീടും ഭക്തിപൂര്‍വമരുള്‍ചെയ്തിതു ദേവിഃ
“മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ!
ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്‌
ധന്യയായ്‌ കൃതാര്‍ത്ഥയായ്‌ സ്വസ്ഥയായ്‌വന്നേനല്ലോ.
ഛിന്നമായ്‌വന്നു മമ സന്ദേഹമെല്ലാമിപ്പോള്‍
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍.
നിര്‍മ്മലം രമാതത്ത്വാമൃതമാം രസായനം
ത്വന്മുഖോദ്ഗളിതമാവോളം പാനംചെയ്താലും 350
എന്നുളളില്‍ തൃപ്തിവരികെന്നുളളതില്ലയല്ലോ
നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാന്‍.
സംക്ഷേപിച്ചരുള്‍ചെയ്തതേതുമേ മതിയല്ല
സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്ലാം.
കിംക്ഷണന്മാര്‍ക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്‌വരാ
കിമൃണന്മാര്‍ക്കു നിത്യസൗഖ്യവുമുണ്ടായ്‌വരാ,
കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ.
ഉത്തമമായ രാമചരിതം മനോഹരം
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.” 360

ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര-
നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
മന്ദഹാസവുംചെയ്തു ചന്ദ്രശേഖരന്‍ പരന്‍
സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുള്‍ചെയ്തു.
വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ
വേദസമ്മിതമരുള്‍ചെയ്തിതു രാമായണം.
വാല്‌മീകി പുനരിരുപത്തുനാലായിരമായ്‌
നാന്മുഖന്‍നിയോഗത്താല്‍ മാനുഷമുക്ത്യര്‍ത്ഥമായ്‌
ചമച്ചാനതിലിതു ചുരുക്കി രാമദേവന്‍
നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 370
അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ-
മദ്ധ്യയനംചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം.
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.

 

പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍;
വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
‘വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്കയെന്യേ മറ്റൊരു കഴിവില്ല.’
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 390
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
വത്സലാഞ്ഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവന്‍ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
“പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 410
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗല്‍പതേ!
നിത്യനിര്‍മ്മലമൂര്‍ത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാല്‍.
സത്വചിത്തന്മാരായ താപസശ്രേഷ്ഠന്മാരാല്‍
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍-
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
മരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്‌
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ!
പരമ! പരമാത്മന്‍! പരബ്രഹ്‌മാഖ്യ! ജയ.
പരചിന്മയ!പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ.” 440

ചതുരാനനനിതി സ്തുതിചെയ്തൊരുനേരം
മധുരതരമതിവിശദസ്മിതപൂര്‍വം
അരുളിച്ചെയ്തു നാഥ “നെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
വരുവാന്‍ മൂലമതു ചൊല്ലുകെ”ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചുഃ
“നിന്തിരുവടിതിരുവുളളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
എങ്കിലുമുണര്‍ത്തിക്കാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 450
പൗലസ്ത്യതനയനാം രാവണന്‍തന്നാലിപ്പോള്‍
ത്രൈലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ!
മദ്ദത്തവരബലദര്‍പ്പിതനായിട്ടതി-
നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍.
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460
ധര്‍മ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാന്‍
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കല്‍പിതം ജഗല്‍പതേ!
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി
പങ്ക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!”
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവംഃ 470

“ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി.
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദ്യൈവ മേ.
കശ്യപന്‍ ദശരഥനാംനാ രാജന്യേന്ദ്രനായ്‌
കാശ്യപീതലേ തിഷ്ഠത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൗസല്യയും
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും.
മത്സഹോദരന്മാരായ്‌ മൂന്നുപേരുണ്ടായ്‌വരും
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 480
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
മാദിതേയന്മാര്‍ കപിവീരരായ്പിറക്കേണം.
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീര്‍പ്പനെന്നാ”ലെന്നരുള്‍ചെയ്തു നാഥന്‍
വേദനായകനെയുമയച്ചു മറഞ്ഞപ്പോള്‍
വേധാവും നമസ്കരിച്ചീടിനാന്‍ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധിതീര്‍ന്നതുനേര-
മാദിനായകന്‍ മറഞ്ഞീടിനോരാശനോക്കി 490
ഖേദവുമകന്നുളളില്‍ പ്രീതിപൂണ്ടുടനുടന്‍
മേദിനിതന്നില്‍ വീണു നമസ്കാരവുംചെയ്താര്‍.
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
“ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്‌വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍;
വാസവാദികളായ നിങ്ങളുമൊന്നുവേണം.
വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായി-
ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 500
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്മാരായേതും വൈകിടാതെ.”
സുത്രാമാദികളോടു പത്മസംഭവന്‍ നിജ
ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്‌
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാള്‍.
തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
മാനുഷഹരിസഹായാര്‍ത്ഥമായ്‌ തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പര്‍വതവൃക്ഷോപലയോധികളായുന്നത-
പര്‍വതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ലവഗവൃ-
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.