രണ്ടു നെയ്‌വിളക്കും മാതളവും വഴിപാട്

രണ്ടു നെയ്‌വിളക്കും മാതളവും വഴിപാട്

മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് അവനോളം തന്നെ പഴക്കമുണ്ട്. വേണ്ടതും വേണ്ടാത്തതും അര്‍ഹവും അനര്‍ഹവും ഒക്കെ ആഗ്രഹിക്കുക മനുഷ്യന്റെ സഹജമായ വാസനയാണ്. പക്ഷെ എല്ലാ ആഗ്രഹങ്ങള്‍ക്കും ദൈവത്തെ കൂട്ട് പിടിക്കാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. 

വളരെ പരിശ്രമം ചെയ്തിട്ടും നമുക്ക് അര്‍ഹമായ കാര്യങ്ങള്‍ അനുഭവത്തില്‍ വരുന്നില്ല എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നവഗ്രഹങ്ങളില്‍ ആരോ നമുക്ക് അനുകൂലമല്ല എന്നാണ് ജ്യോതിഷ പ്രമാണം. അനുഭവക്കുറവ്  വരാനുള്ള ശരിയായ കാരണം കണ്ടെത്താന്‍ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും. പലപ്പോഴും പഞ്ചഗ്രഹങ്ങളും സൂര്യ ചന്ദ്രന്മാരും ഒക്കെ അനുകൂലരായാലും രാഹു കേതുക്കള്‍ വില്ലന്മാരായി രംഗപ്രവേശം ചെയ്യുക പതിവാണ്. ഇത്തരത്തില്‍ ഉള്ളതായ അനുഭവ തടസ്സങ്ങളെയും ഭാഗ്യലോപത്തെയും തകര്‍ത്തു മുന്നേറാന്‍ വിഘ്നേശ്വരനല്ലാതെ മറ്റാരെയും ശരണം പ്രാപിക്കാന്‍ കഴിയില്ല.

കേരളത്തില്‍ അത്ര പരിചിതമല്ലെങ്കിലും, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ രാഹു കേതു ദോഷ പരിഹാരത്തിനായും പൊതുവില്‍ തടസ്സ നിവാരണത്തിനായും ആചരിക്കുന്ന ഒരു വഴിപാടാണ് രണ്ടു നെയ്‌വിളക്കും മാതളവും സമര്‍പ്പണം എന്നുള്ളത്. മാതളം എത്ര വേണമെങ്കിലും സമര്‍പ്പിക്കാം.  സാധാരണയായി  ചൊവ്വാഴ്ചകളില്‍ ചെയ്തു വരുന്നു. 7 വഴിപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍ കഠിനമായ തടസ്സങ്ങള്‍ പോലും ഒഴിയും എന്ന് ദൃഢമായി വിശ്വസിക്കുന്നു.  ഈ  വഴിപാടിനോപ്പം ഗണേശ കുസുമം (ചുവന്ന അരളി) കൊണ്ട് ക്ലേശഹര സ്തോത്രം ചൊല്ലി പുഷ്പാഞ്ജലിയും നടത്തണം. ചുവന്ന അരളി ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ പുഷ്പമാകുന്നു.  മാതളം ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ ഫലങ്ങളില്‍ ഒന്നാണ്. അത് ഗണേശന് സമര്‍പ്പിക്കുന്നതോടെ അദ്ദേഹത്തിന്‍റെ പ്രീതി ഭക്തനില്‍ വേണ്ടുവോളം വര്‍ഷിക്കപ്പെടുന്നു. രണ്ടു നെയ്‌ വിളക്ക് സമര്‍പ്പിക്കുന്നതിലൂടെ രാഹു- കേതു പ്രീതിയും തടസ്സ നിവാരണവും സാധ്യമാകുന്നു. നേരില്‍ ദര്‍ശനം നടത്തുന്ന ഭക്തന്‍ ഇതോടൊപ്പം നടയ്ക്കല്‍ നിന്ന് ഗണേശന്റെ ഏകവിംശതി സ്തോത്രം (ഗണേശന്  പ്രിയങ്കരമായ 21 നാമങ്ങള്‍) ജപിക്കുകയും ചെയ്യുക. വഴിപാടുകാരന്‍ സ്ഥലത്തില്ലെങ്കില്‍ ആ ദിവസം പ്രഭാതത്തില്‍ ഉദയ ശേഷം ഒരു മണിക്കൂറിനകം അയാള്‍ സ്വന്തം ഗൃഹത്തില്‍ ജപിച്ചാലും മതി.

Copyright to Vinod Sreyas, Sreyas Jyothisha kendram

ekavimshathi


Click here for your Pooja