രാമായണ മാസപാരായണം പന്ത്രണ്ടാം ദിവസം 27 .07.2020

രാമായണ മാസപാരായണം പന്ത്രണ്ടാം ദിവസം 27 .07.2020

ജടായുസംഗമം

ശ്രുത്വൈതല്‍സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം
തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ‍പാദ‍ാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധന‍ാം ജടായുഷം
എത്രയും വളര്‍ന്നൊരു വിസ്‌മയംപൂണ്ടു രാമന്‍
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാന്‍:
“രക്ഷസ‍ാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാന്‍ വൈകാതെയിനിയിപ്പോള്‍.”
ലക്ഷ്‌മണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവന്‍;
ഹന്തവ്യനല്ല ഭവഭക്തന‍ാം ജടായു ഞാന്‍.”
എന്നിവ കേട്ടു ബഹുസ്നേഹമുള്‍ക്കൊണ്ടു നാഥന്‍
നന്നായാശ്ലേഷംചെയ്‌തു നല്‍കിനാനനുഗ്രഹം:
“എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
കിങ്കരപ്രവരനായ്‌ വാഴുക മേലില്‍ ഭവാന്‍.”

പഞ്ചവടീപ്രവേശം

എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്‌
പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍.
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍.
ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ്‌ നിന്നീടും ഭക്തിയോടെ.
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നില്‍ കുളിച്ചര്‍ഗ്‌ഘ്യവും കഴിച്ചുടന്‍
പോരുമ്പോള്‍ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.

ലക്ഷ്മണോപദേശം

ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍
തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍:
“മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ല‍ാം
മാനസാനന്ദം വരുമാറരുള്‍ചെയ്‌തീടേണം.
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ല‍ാം
നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ.”
ശ്രീരാമനതു കേട്ടു ലക്ഷ്‌മണന്‍തന്നോടപ്പോ-
ളാരുഢാനന്ദമരുള്‍ചെയ്‌തിതു വഴിപോലെഃ
“കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീര്‍ന്നീടും വികല്‍പഭ്രമമെല്ല‍ാം.
മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്ലീടുവ-
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.
വിജ്ഞാനസഹിതമ‍ാം ജ്ഞാനവും ചൊല്‍വന്‍ പിന്നെ
വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ!
ജ്ഞേയമായുളള പരമാത്മാനമറിയുമ്പോള്‍
മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.
ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി-
ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ
മായയാകുന്നതതു നിര്‍ണ്ണയമതിനാലെ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു
രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.
എന്നതില്‍ മുന്നേതല്ലോ ലോകത്തെക്കല്‍പിക്കുന്ന-
തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും
ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
മായാകല്‍പിതം പരമാത്മനി വിശ്വമെടോ!
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.
മാനവന്മാരാല്‍ കാണപ്പെട്ടതും കേള്‍ക്കായതും
മാനസത്തിങ്കല്‍ സ്‌മരിക്കപ്പെടുന്നതുമെല്ല‍ാം
സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
വിഭ്രമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട.
ജന്മസംസാരവൃക്ഷമൂലമായതു ദേഹം
തന്മൂലം പുത്രകളത്രാദി സംബന്ധമെല്ല‍ാം.
ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍.
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ല‍ാം
ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം.
എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും
നിര്‍ണ്ണയം പരമാത്മാ നിശ്ചലന്‍ നിരാമയന്‍.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതുമോര്‍ക്കില്‍
കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും.
ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ
മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
മന്യുഭാവവുമകലെക്കളഞ്ഞനുദിനം
ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു
നിത്യവും സല്‍ക്കര്‍മ്മങ്ങള്‍ക്കിളക്കം വരുത്താതെ
സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌
മാനസവചനദേഹങ്ങളെയടക്കിത്ത-
ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി-
ലനഹങ്കാരത്വേന സമഭാവനയോടും
സര്‍വാത്മാവാകുമെങ്കലുറച്ച മനസ്സോടും
സര്‍വദാ രാമരാമേത്യമിതജപത്തൊടും
പുത്രദാരാര്‍ത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-
ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം
പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു-
മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി
വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്‌തു
വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്ലാ.
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-
ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാര
മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ
മാനമില്ലാത പരമാത്മാവുതാനേ വേറേ
നില്‍പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
തല്‍പദാത്മാ ഞാനിഹ ത്വല്‍പദാര്‍ത്ഥവുമായി
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീട‍ാം
ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ.
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ
ഞാനിതെന്നറിവിനു സാധനമാകയാലെ.
സര്‍വത്ര പരിപൂര്‍ണ്ണനാത്മാവു ചിദാനന്ദന്‍
സര്‍വസത്വാന്തര്‍ഗ്ഗതനപരിച്ഛേദ്യനല്ലോ.
ഏകനദ്വയന്‍ പരനവ്യയന്‍ ജഗന്മയന്‍
യോഗേശനജനഖിലാധാരന്‍ നിരാധാരന്‍
നിത്യസത്യജ്ഞാനാദിലക്ഷണന്‍ ബ്രഹ്‌മാത്മകന്‍
ബുദ്ധ്യുപാധികളില്‍ വേറിട്ടവന്മായാമയന്‍
ജ്ഞാനംകൊണ്ടുപഗമ്യന്‍ യോഗിനാമേകാത്മന‍ാം
ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം.
ആത്മനോരേവം ജീവപരയോര്‍മ്മൂലവിദ്യാ
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേര്‍ന്നു
ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-
മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി-
തുളളവണ്ണമേ പറവാനുമിതറിവാനു-
മുളളം നല്ലുണര്‍വുളേളാരില്ലാരും ജഗത്തിങ്കല്‍
മത്ഭക്തിയില്ലാതവര്‍ക്കെത്രയും ദുര്‍ലഭം കേള്‍
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും.
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ
നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ.
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
മത്ഭക്തന്മാരോടുളള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന-
രാകുലമെന്നിയേ സാധിച്ചുകൊള്‍കയുമഥ
പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
ഭോജനമഗ്നിവിപ്രാണ‍ാം കൊടുക്കയുമഥ
മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ്‌കയും മുദാ
മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊളളുകയും
സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.
ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.
ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍
സദ്യഃ സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും.
മുക്തിമാര്‍ഗ്ഗം താവക പ്രശ്‌നാനുസാരവശാ-
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
ഭക്തന്മാര്‍ക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
ഭക്തനെന്നാകിലവന്‍ ചോദിച്ചീലെന്നാകിലും
വക്തവ്യമവനോടു വിശ്വാസം വരികയാല്‍.
ഭക്തിവിശ്വാസശ്രദ്ധായുക്തന‍ാം മര്‍ത്ത്യനിതു
നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം.
ഭക്തിസംയുക്തന്മാര‍ാം യോഗീന്ദ്രന്മാര്‍ക്കു നൂനം
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും.”

ശൂര്‍പ്പണഖാഗമനം

ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍.
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താള്‍ഃ
“ആരെടോ ഭവാന്‍? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും,
എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞീട‍ാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണത്രിശിരാക്കള‍ാം ഭ്രാതാക്കന്മാ-
ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാര്‍ത്ഥം ചൊല്ലണം ദയാനിധേ!”
“സുന്ദരി! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി-
നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”
എന്നതു കേട്ടനേരം ചൊല്ലിനാള്‍ നിശാചരി ഃ
“എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.”
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുള്‍ചെയ്‌തീടിനാന്‍ഃ
“ഞാനിഹ തപോധനവേഷവുംധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
ലക്ഷ്‌മണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍
ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ല‍ാംകൊണ്ടും.
നിങ്ങളില്‍ ചേരുമേറെ നിര്‍ണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ.”
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌-
ചെന്നവളപേക്ഷിച്ചാള്‍, ഭര്‍ത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
“നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീട‍ാം.
മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ
ധന്യേ! നീ ദാസിയാവാന്‍തക്കവളല്ലയല്ലോ.
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമന്‍-
തന്നോടു തവ കുലശീലാചാരങ്ങളെല്ല‍ാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമന്‍
നിന്നെ”യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
“ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേര്‍ന്നു ഭുജിക്കായ്‌വരുമനാരതം.”
ഇത്തരമവളുരചെയ്‌തതു കേട്ടനേര-
മുത്തരമരുള്‍ചെയ്‌തു രാഘവന്‍തിരുവടി ഃ
“ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോള്‍.
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!”
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാല്‍
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
“മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ
നിന്നിലില്ലേതുമൊരു ക‍ാംക്ഷയെന്നറിക നീ
മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും.”
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌-
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോള്‍
മായാരൂപവും വേര്‍പെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം
കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍
സംഭ്രമത്തോടു രാമന്‍ തടുത്തുനിര്‍ത്തുംനേരം
ബാലകന്‍ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ല‍ാം
ഛേദിച്ചനേരമവളലറി മുറയിട്ട-
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
നീലപര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയ‍ാം നിശാചാരി വേഗത്തില്‍ നടകൊണ്ടാള്‍.
രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍.
രാക്ഷസപ്രവരനായീടിന ഖരന്‍മുമ്പില്‍
പക്ഷമറ്റവനിയില്‍ പര്‍വതം വീണപോലെ
രോദനംചെയ്‌തു മുമ്പില്‍ പതനംചെയ്‌തു നിജ
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരന്‍ഃ
“മൃത്യുതന്‍ വക്ത്രത്തിങ്കല്‍ സത്വരം പ്രവേശിപ്പി-
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ.”
വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ-
മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്ലിനാളവളപ്പോള്‍ഃ
“മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍.
രാമലക്ഷ്‌മണന്മാരെന്നവര്‍ക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍.
അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍
ഖഡ്‌ഗേന ഛേദിച്ചതു മല്‍കുചാദികളെല്ല‍ാം.
ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു
ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോള്‍.
പച്ചമ‍ാംസവും തിന്നു രക്തവും പാനംചെയ്‌കി-
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും.”
എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താന്‍ഃ
“ദുര്‍ന്നയമേറെയുളള മാനുഷാധമന്മാരെ
കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ-
മെന്നതിനാശു പതിന്നാലുപേര്‍ പോക നിങ്ങള്‍.
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ-
രാകൂതം വരുത്തീടും നിനക്കു മടിയാതെ.”
എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ-
മുന്നതന്മാര‍ാം പതിന്നാലു രാക്ഷസരെയും.
ശൂലമുല്‍ഗരമുസലാസിചാപേഷുഭിണ്ഡി-
പാലാദി പലവിധമായുധങ്ങളുമായി
ക്രൂദ്ധന്മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാര്‍ ചുറ്റുംനിന്നൊരിക്കലെ.
മിത്രഗോത്രാല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടന്‍
പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍.
ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍.
“എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ.”
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ-
ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.”
എന്നു ശൂര്‍പ്പണഖയും ചൊല്ലിനാ,ളതുകേട്ടു
വന്ന കോപത്താല്‍ ഖരന്‍ ചൊല്ലിനാനതുനേരംഃ
“പോരിക നിശാചരര്‍ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും.
ഘോരന‍ാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരന‍ാം ത്രിശിരാവും പടയും പുറപ്പെട്ടു.
വീരന‍ാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
രാക്ഷസപ്പടയുടെ രൂക്ഷമ‍ാം കോലാഹലം
കേള്‍ക്കായനേരം രാമന്‍ ലക്ഷ്‌മണനോടു ചൊന്നാന്‍ഃ
“ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോള്‍
ധീരതയോടുമത്ര നീയൊരു കാര്യംവേണം.
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാന്‍.
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊല്‍വാന്‍
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
കറ്റവാര്‍കുഴലിയെ രക്ഷിച്ചുകൊളേളണം നീ.”
ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
ലക്ഷ്‌മണന്‍ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാന്‍.

ഖരവധം

ചാപബാണങ്ങളേയുമെടുത്തു പരികര-
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി.
നില്‌ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര-
രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാര്‍.
വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍ .
തല്‍ക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമന്‍
രക്ഷോവീരന്മാരെയും സായകാവലി തൂകി
നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ-
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ല‍ാം.
ഉഗ്രന‍ാം സേനാപതി ദൂഷണനതുനേര-
മുഗ്രസന്നിഭനായ രാമനോടടുത്തിതു.
തൂകിനാന്‍ ബാണഗണ,മവേറ്റ്‌ രഘുവരന്‍
വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും
കാലവേശ്‌മനി ചേര്‍ത്തു സാരഥിയോടുംകൂടെ.
ചാപവും മുറിച്ചു തല്‍കേതുവും കളഞ്ഞപ്പോള്‍
കോപേന തേരില്‍നിന്നു ഭൂമിയില്‍ ചാടിവീണാന്‍.
പില്‍പാടു ശതഭാരായസനിര്‍മ്മിതമായ
കെല്‍പേറും പരിഘവും ധരിച്ചു വന്നാനവന്‍.
തല്‍ബാഹുതന്നെച്ഛേദിച്ചീടിനാന്‍ ദാശരഥി
തല്‍പരിഘത്താല്‍ പ്രഹരിച്ചിതു സീതാപതി.
മസ്തകം പിളര്‍ന്നവനുര്‍വിയില്‍ വീണു സമ-
വര്‍ത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
ദൂഷണന്‍ വീണനേരം വീരന‍ാം ത്രിശിരസ്സും
രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താന്‍.
മൂന്നും ഖണ്ഡിച്ചു രാമന്‍ മൂന്നുബാണങ്ങളെയ്‌താന്‍
മൂന്നുമെയ്‌തുടന്‍ മുറിച്ചീടിനാന്‍ ത്രിശിരസ്സും
നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി
നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താന്‍.
അവയും മുറിച്ചവനയുതം ബാണമെയ്‌താ-
നവനീപതിവീരനവയും നുറുക്കിനാന്‍.
അര്‍ദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
ലുത്തമ‍ാംഗങ്ങള്‍ മൂന്നും മുറിച്ചു പന്താടിനാന്‍.
അന്നേരം ഖരനാദിത്യാഭതേടീടും രഥം-
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
വന്നു രാഘവനോടു ബാണങ്ങള്‍ തൂകീടിനാ,-
നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ല‍ാം.
രാമബാണങ്ങള്‍കൊണ്ടും ഖരബാണങ്ങള്‍കൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.
നിഷ്‌ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാന്‍ മുഷ്‌ടിദേശേ ബാണമെയ്താശു ഖരന്‍.
ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ-
ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം
താപസദേവാദികളായുളള സാധുക്കളും
താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താര്‍.
ജയിപ്പൂതാക രാമന്‍ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാര്‍.
തല്‌ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം
ശക്രനാല്‍ നിക്ഷിപ്തമായിരുന്ന ശരാസനം
തൃക്കയ്യില്‍ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ-
സ്സുള്‍ക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോള്‍.
ഖണ്ഡിച്ചാന്‍ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാല്‍.
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
ച്ചാദിനായകനടുത്തീടിന നേരത്തിങ്കല്‍
മറ്റൊരു തേരില്‍ കരയേറിനാനാശു ഖരന്‍
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോള്‍.
പിന്നെയും ഗദയുമായടുത്താനാശു ഖരന്‍
ഭിന്നമാക്കിനാന്‍ വിശിഖങ്ങളാലതും രാമന്‍.
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാന്‍ ഖരന്‍.
ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരന്‍
വാരുണാസ്ത്രേന തടുത്തീടിനാന്‍ ജിതശ്രമം.
പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
മന്നവന്‍ തടഞ്ഞതു കണ്ടു രാക്ഷസവീരന്‍
നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ
വീരന‍ാം രഘുപതി തടുത്തുകളഞ്ഞപ്പോള്‍
വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
ന്നായകന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍
ഗാന്ധര്‍വ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമന്‍
ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാല്‍
തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോള്‍
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
ക്രോധേന രഘുവരനോടടുത്തീടുന്നേരം
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍.
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാര്‍.
ഖരദൂഷണത്രിശിരാക്കള‍ാം നിശാചര-
വരരും പതിന്നാലായിരവും മരിച്ചിതു
നാഴിക മൂന്നേമുക്കാല്‍കൊണ്ടു രാഘവന്‍തന്നാ,-
ലൂഴിയില്‍ വീണാളല്ലോ രാവണഭഗിനിയും.
മരിച്ച നിശാചരര്‍ പതിനാലായിരവും
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
ജ്ഞാനവും ലഭിച്ചിതു രാഘവന്‍പോക്കല്‍നിന്നു
മാനസേ പുനരവരേവരുമതുനേരം
രാമനെ പ്രദക്ഷിണംചെയ്‌തുടന്‍ നമസ്‌കരി-
ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാര്‍ പലതരംഃ
“നമസ്തേ പാദ‍ാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ!
ത്വല്‍പാദ‍ാംബുജം നിത്യം ധ്യാനിച്ചു മുനിജന-
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
മുല്‍പാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
ഷിപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം
‘ഭേദവിഭ്രമം തീര്‍ത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാ’നിതി
പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല-
മോര്‍ത്തരുള്‍ചെയ്‌തു പരമേശ്വരനതുനേരം.
‘യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ.
രാക്ഷസദേഹന്മാര‍ാം നിങ്ങളെച്ഛേദിച്ചന്നു-
മോക്ഷവും തന്നീടുവനില്ല സംശയമേതും.’
എന്നരുള്‍ചെയ്‌തു പരമേശ്വരനതുമൂലം
നിര്‍ണ്ണയം മഹാദേവനായതും രഘുപതി.
ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
മാനന്ദസ്വരൂപന‍ാം നിന്തിരുവടി നാഥാ!”
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍
മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്‌തുഃ
“വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍-
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ.
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതേ
സാക്ഷിയ‍ാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
ബാല്യകൗമാരാദികളാഗമാപായികള‍ാം
കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ്മീതേ നില്‌ക്കും.
പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും.”
ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി
ദേവദേവേശന്‍ ജഗല്‍ക്കാരണന്‍ ദാശരഥി.
രാഘവന്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ടു കൊന്നാന്‍
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം.
സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താന്‍.
ശസ്ത്രൗഘനികൃത്തമ‍ാം ഭര്‍ത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
തൃക്കൈകള്‍കൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
ളൊക്കവേ പുണ്ണുമതിന്‍ വടുവും വാച്ചീടിനാള്‍.
രക്ഷോവീരന്മാര്‍ വീണുകിടക്കുന്നതു കണ്ടു
ലക്ഷ്‌മണന്‍ നിജഹൃദി വിസ്‌മയം തേടീടിനാന്‍.
‘രാവണന്‍തന്റെ വരവുണ്ടിനിയിപ്പോ’ളെന്നു
ദേവദേവനുമരുള്‍ചെയ്‌തിരുന്നരുളിനാന്‍.
പിന്നെ ലക്ഷ്‌മണന്‍തന്നെ വൈകാതെ നിയോഗിച്ചാന്‍ഃ
‘ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കള്‍
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
താപസന്മാരോടറിയിച്ചു നീ വരികെ’ന്നു
പാപനാശനനരുള്‍ചെയ്‌തയച്ചോരുശേഷം,
സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ-
നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍.
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം.
പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍
പലലാശികള്‍മായ തട്ടായ്‌വാന്‍ മൂന്നുപേര്‍ക്കും
അംഗുലീയവും ചൂഡാരത്നവും കവചവു-
മംഗേ ചേര്‍ത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാര്‍.
ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമന്‍-
തൃക്കാല്‌ക്കല്‍വച്ചു തൊഴുതീടിനാന്‍ ഭക്തിയോടെ.
അംഗുലീയകമെടുത്തംബുജവിലോചന-
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
മൈഥിലിതനിക്കു നല്‌കീടിനാന്‍, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാന്‍