രാമായണ മാസ പാരായണം പതിനാലാം ദിവസം (29.07.2019)

രാമായണ മാസ പാരായണം പതിനാലാം ദിവസം (29.07.2019)

ജടായുഗതി

ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍

തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ .

ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന-

തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം.

അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍

“ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ.

തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ-

ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.

അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു

എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?”

ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍

ഘോരമായൊരു രൂപം കാണായി ഭയാനകം.

“ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-

ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?

കൊല്ലുവേനിവനെ ഞാന്‍ വൈകാതെ ബാണങ്ങളും

വില്ലുമിങ്ങാശു തന്നീടെ”ന്നതു കേട്ടനേരം

വിത്രസ്തഹൃദയനായ്പക്ഷിരാജനും ചൊന്നാന്‍ഃ

“വദ്ധ്യനല്ലഹം തവ ഭക്തനായോരു ദാസന്‍

മിത്രമെത്രയും തവ താതനു വിശേഷിച്ചും

സ്നിഗ്‌ദ്ധനായിരിപ്പൊരു പക്ഷിയ‍ാം ജടായു ഞാന്‍.

ദുഷ്‌ടന‍ാം ദശമുഖന്‍ നിന്നുടെ പത്നിതന്നെ-

ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍

പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്‌തു

മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോള്‍

വെട്ടിനാന്‍ ചന്ദ്രഹാസംകൊണ്ടവന്‍ ഞാനുമപ്പോള്‍

പുഷ്ടവേദനയോടും ഭൂമിയില്‍ വീണേനല്ലോ.

നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ-

ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേന്‍.

തൃക്കണ്‍പാര്‍ക്കേണമെന്നെക്കൃപയാ കൃപാനിധേ!

തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം.”

ഇത്തരം ജടായുതന്‍ വാക്കുകള്‍ കേട്ടു നാഥന്‍

ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തന്‍-

തൃക്കൈകള്‍കൊണ്ടു തലോടീടിനാനവനുടല്‍

ദുഖാശ്രുപ്ലുതനയനത്തോടും രാമചന്ദ്രന്‍.

“ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃത്താന്തം നീ”-

യെല്ലാമെന്നതു കേട്ടു ചൊല്ലിനാന്‍ ജടായുവും:

“രക്ഷോനായകനായ രാവണന്‍ ദേവിതന്നെ-

ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.

ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ

നല്ലതു വരുവതിനായനുഗ്രഹിക്കേണം.

നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ

ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം

വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം

പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!

നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്‌ണു പരാ-

നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ

സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം.

നിന്തിരുമേനി ഘനശ്യാമളമഭിരാമം.

അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം

ബന്ധവുമറ്റു മുക്തനായേന്‍ ഞാനെന്നു നൂനം.

ബന്ധുഭാവേന ദാസനാകിയോരടിയനെ-

ബന്ധൂകസുമസമതൃക്കരതലം തന്നാല്‍

ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാല്‍

നിന്തിരുമലരടിയോടു ചേര്‍ന്നീടാമല്ലോ.”

ഇന്ദിരാപതിയതു കേട്ടുടന്‍ തലോടിനാന്‍

മന്ദമന്ദം പൂര്‍ണ്ണാത്മാനന്ദം വന്നീടുംവണ്ണം.

അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും

മന്നിടംതന്നില്‍ വീണനേരത്തു രഘുവരന്‍

കണ്ണുനീര്‍ വാര്‍ത്തു ഭക്തവാത്സല്യപരവശാ-

ലര്‍ണ്ണോജനേത്രന്‍ പിതൃമിത്രമ‍ാം പക്ഷീന്ദ്രന്റെ

ഉത്തമ‍ാംഗത്തെയെടുത്തുത്സംഗസീംനി ചേര്‍ത്തി-

ട്ടുത്തരകാര്യാര്‍ത്ഥമായ്‌ സോദരനോടു ചൊന്നാന്‍:

“കാഷ്‌ഠങ്ങള്‍ കൊണ്ടുവന്നു നല്ലൊരു ചിത തീര്‍ത്തു

കൂട്ടണമഗ്നിസംസ്‌കാരത്തിനു വൈകീടാതെ.”

ലക്ഷ്മണനതുകേട്ടു ചിതയും തീര്‍ത്തീടിനാന്‍

തല്‍ക്ഷണം കുളിച്ചു സംസ്‌കാരവുംചെയ്‌തു പിന്നെ

സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്‌തു

കാനനേ തത്ര മൃഗം വധിച്ചു മ‍ാംസഖണ്ഡം

പുല്ലിന്മേല്‍വച്ചു ജലാദികളും നല്‌കീടിനാന്‍

നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്‌.

പക്ഷികളിവയെല്ല‍ാം ഭക്ഷിച്ചു സുഖിച്ചാലും

പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ്‌ ഭവിച്ചാലും.

കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി-

സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്‌തു.

അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു-

സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും

ശംഖാരിഗദാപത്മമകുടപീത‍ാംബരാ-

ദ്യങ്കിതരൂപംപൂണ്ട വിഷ്‌ണുപാര്‍ഷദന്മാരാല്‍

പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാല്‍

തേജസാ സകലദിഗ്വ്യ‍ാപ്തനായ്‌ക്കാണായ്‌ വന്നു.

സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു-

തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താന്‍

ജടായുസ്തുതി

“അഗണ്യഗുണമാദ്യമവ്യയമപ്രമേയ-

മഖിലജഗല്‍സൃഷ്‌ടിസ്ഥിതിസംഹാരമൂലം

പരമം പരാപരമാനന്ദം പരാത്മാനം

വരദമഹം പ്രണതോസ്‌മി സന്തതം രാമം.

മഹിതകടാക്ഷവിക്ഷപിതാമരശൂചം

രഹിതാവധിസുഖമിന്ദിരാമനോഹരം

ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-

കോമളകര‍ാംബുജം പ്രണതോസ്മ്യ‍ഹം രാമം.

ഭൂവനകമനീയരൂപമീഡിതം ശത-

രവിഭാസുരമഭീഷ്‌ടപ്രദം ശരണദം

സുരപാദപമൂലരചിതനിലയനം

സുരസഞ്ചയസേവ്യം പ്രണതോസ്മ്യ‍ഹം രാമം.

ഭവകാനനദവദഹനനാമധേയം

ഭവപങ്കജഭവമുഖദൈവതം ദേവം

ദനുജപതികോടി സഹസ്രവിനാശനം

മനുജാകാരം ഹരിം പ്രണതോസ്മ്യ‍ഹം രാമം.

ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം

ഭവഭീവിരഹിതം മുനിസേവിതം പരം

ഭവസാഗരതരണ‍ാംഘൃപോതകം നിത്യം

ഭവനാശായാനിശം പ്രണതോസ്മ്യ‍ഹം രാമം.

ഗിരിശ ഗിരിസുതാഹൃദയ‍ാംബുജവാസം

ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം

സുരസഞ്ചയദനുജേന്ദ്രസേവിതപാദം

സുരപമണിനിഭം പ്രണതോസ്മ്യ‍ഹം രാമം.

പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണ‍ാം

പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മന‍ാം

പരലോകൈകഹിതനിരതാത്മന‍ാം സേവ്യം

പരമാനന്ദമയം പ്രണതോസ്മ്യ‍ഹം രാമം.

സ്മിതസുന്ദരവികസിതവക്ത്ര‍ാംഭോരുഹം

സ്മൃതിഗോചരമസിത‍ാംബുദകളേബരം

സിതപങ്കജചാരുനയനം രഘുവരം

ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യ‍ഹം രാമം.

ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ

സകലചരാചരജന്തുക്കളുളളില്‍ വാഴും

പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും

പരമം പരാപരം പ്രണതോസ്മ്യ‍ഹം രാമം.

വിധിമാധവ ശംഭുരൂപഭേദേന ഗുണ-

ത്രിതയവിരാജിതം കേവലം വിരാജന്തം

ത്രിദശമുനിജനസ്തുതമവ്യക്തമജം

ക്ഷിതിജാമനോഹരം പ്രണതോസ്മ്യ‍ഹം രാമം.

മന്മഥശതകോടി സുന്ദരകളേബരം

ജന്മനാശാദിഹീനം ചിന്മയം ജഗന്മയം

നിര്‍മ്മലം ധര്‍മ്മകര്‍മ്മാധാരമപ്യനാധാരം

നിര്‍മ്മമമാത്മാരാമം പ്രണതോസ്മ്യ‍ഹം രാമം.”

ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌

പത്രീന്ദ്രന്‍തന്നോടരുളിച്ചെയ്തു മധുരമായ്‌:

“അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം

ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാല്‍

ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം

പക്ഷീന്ദ്ര! നിന്നെപ്പോലെ മല്‍പരായണനായാല്‍.”

ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-

നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌

ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ

നിര്‍മ്മലരാമനാമം ചൊല്ലുന്ന ജനംപോലെ.

കബന്ധഗതി

പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി

ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും

അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍

സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍

രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു

തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്‌താന്‍:

“വക്ഷസി വദനവും യോജനബാഹുക്കളും

ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?

ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ട‍ാം

ഭക്ഷിക്കുമിപ്പോളിവന്‍ നമ്മെയെന്നറിഞ്ഞാലും.

പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!

വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.

രക്ഷസ്സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ

രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാല്‍.

തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! ന‍ാം

കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും.”

രാഘവനേവം പറഞ്ഞീടിനോരനന്തര-

മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താന്‍ഃ

“പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-

നോരോരോ കരം ഛേദിക്കേണം നാമിരുവരും.”

തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമന്‍

ലക്ഷ്‌മണന്‍ വാമകരം ഛേദിച്ചാനതുനേരം

രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-

ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെ:

“മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ-

യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍.

അത്ഭുതാകാരന്മാര‍ാം നിങ്ങളാരിരുവരും

സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും.

ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും

കാരണമെന്തു നിങ്ങള്‍ സത്യം ചൊല്ലുകവേണം.”

ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു-

ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്‌തു:

“കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-

ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.

സോദരനിവന്‍ മമ ലക്ഷ്‌മണനെന്നു നാമം

സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.

പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി-

മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍.

കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍

കാണായി നിന്നെയതിഭീഷണവേഷത്തൊടും.

പാണികള്‍കൊണ്ടു തവ വേഷ്‌ടിതന്മാരാകയാല്‍

പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും.

ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍?

നേരോടെ പറകെ”ന്നു രാഘവന്‍ ചോദിച്ചപ്പോള്‍

സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനും:

“നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍

ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ

മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്‌.

ദിവ്യനായിരുപ്പോരു ഗന്ധര്‍വനഹം രൂപ-

യൗവനദര്‍പ്പിതനായ്‌ സഞ്ചരിച്ചീടുംകാലം

സുന്ദരീജനമനോധൈര്യവും ഹരിച്ചതി-

സുന്ദരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍

അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു

രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാന്‍.

ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാന്‍

തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാന്‍.

സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ

മോക്ഷദന്‍ ദശരഥപുത്രനായ്‌ ത്രേതായുഗേ

വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍

വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ!

താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍

താപേന നടന്നീടുംകാലമങ്ങൊരുദിനം

ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ

ശതകോടിയാല്‍ തലയറുത്തു ശതമഖന്‍.

വജ്രമേറ്റിട്ടും മമ വന്നീല മരണമ-

തബ്‌ജസംഭവന്‍ മമ തന്നൊരു വരത്തിനാല്‍.

വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-

മുത്തമ‍ാംഗത്തെ മമ കുക്ഷിയിലാക്കീടിനാന്‍.

വക്ത്രപാദങ്ങള്‍ മമ കുക്ഷിയിലായശേഷം

ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്‌.

വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ

സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍

വക്ത്രേണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു-

മുത്തമോത്തമ! രഘുനായക! ദയാനിധേ!

വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍

പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്ലീടുവന്‍.”

മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു

വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.

തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം

തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്‌ക്കാണായി

ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്‌

സര്‍വഭൂഷണപരിഭൂഷിതനായന്നേരം

രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ

ഭൂമിയില്‍ സാഷ്‌ട‍ാംഗമായ്‌വീണുടന്‍ നമസ്‌കാരം

മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ

മാന്യന‍ാം ഗന്ധര്‍വനുമാനന്ദവിവശനായ്

കോള്‍മയിര്‍ക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികള‍ാം

കോമളപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍:

കബന്ധസ്തുതി

“നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും

ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും

നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു

സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.

അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-

മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം.

അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം

ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.

അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം

സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം

ദൃഗ്രുപമേക,മന്യന്‍ സകലദൃശ്യം ജഡം

ദുര്‍ഗ്രാഹ്യമതാന്മകമാകയാലജ്ഞാനികള്‍

എങ്ങനെയറിയുന്നു മാനസവ്യതിരിക്തം

മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!

ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുളൈളക്യമായതു ജീവന്‍

ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.

നിര്‍വികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ

നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍

ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം

ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം.

ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണ‍ാം

കേവലം തത്ര കാണായീടുന്നു ജഗത്തെല്ല‍ാം.

ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും

ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ

ബ്രഹ്‌മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു

സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും.

തുംഗന‍ാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത-

ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.

പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം

നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം

ചാരുജാനുക്കളല്ലോ സുതലം രഘുപതേ!

ഊരുകാണ്ഡങ്ങള്‍ തവ വിതലമതലവും

ജഘനം മഹീതലം നാഭി തേ നഭസ്ഥലം

രഘുനാഥോരസ്ഥലമായതു സുരലോകം

കണ്‌ഠദേശം തേ മഹര്‍ലോകമെന്നറിയേണം

തുണ്ഡമായതു ജനലോകമെന്നതു നൂനം

ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ

പങ്കജയോനിവാസമാകിയ സത്യലോകം

ഉത്തമ‍ാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ!

സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും.

ശക്രാദിലോകപാലന്മാരെല്ല‍ാം ഭുജങ്ങള്‍ തേ

ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും.

വക്ത്രമായതു വഹ്നി നേത്രമാദിത്യന്‍തന്നെ

ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.

ഭ്രൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ

കോപകാരണമഹങ്കാരമായതു രുദ്രന്‍.

വാക്കെല്ല‍ാം ഛന്ദസ്സുകള്‍ ദംഷ്‌ട്രകള്‍ യമനല്ലോ

നക്ഷത്രപങ്‌ക്തിയെല്ല‍ാം ദ്വിജപങ്‌ക്തികളല്ലോ

ഹാസമായതു മോഹകാരിണി മഹാമായ

വാസനാസൃഷ്‌ടിസ്തവാപ‍ാംഗമോക്ഷണമല്ലോ.

ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്‌ഠഭാഗം

ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ.

സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ

സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.

നദികളെല്ല‍ാം തവ നാഡികളാകുന്നതും

പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും.

വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും

ത്യ്‌ക്ഷന‍ാം ദേവന്‍തന്നെ ഹൃദയമാകുന്നതും.

വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം

പുഷ്ടമ‍ാം മഹീപതേ! കേവലജ്ഞാനശക്തി

സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ

കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ട‍ാം മുക്തി.

നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു

സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍.

ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി-

തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.

താപസവേഷം ധരാവല്ലഭം ശാന്താകാരം

ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം

കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം

മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം

മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍

ഭാനുവംശോല്‍ഭൂതന‍ാം ഭഗവന്‍! നമോനമഃ

സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍

ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി

നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യ‍ാം

സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്‌.

തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്കു

തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്‌മവാക്യം

രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-

സ്സോമന‍ാം നാഥന്‍ വസിച്ചീടുന്നു സദാകാലം.

പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി

പരമേശ്വരനായതറിഞ്ഞു വഴിപോലെ

മൂഢന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു!

മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ?

രാമഭദ്രായ പരമാത്മനേ നമോനമഃ

രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.

പാഹി മ‍ാം ജഗന്നാഥ! പരമാനന്ദരൂപ!

പാഹി സൗമിത്രിസേവ്യ! പാഹി മ‍ാം ദയാനിധേ!

നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-

യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം.”

ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ-

ടുത്തമപുരുഷന‍ാം ദേവനുമരുള്‍ചെയ്‌തു:

“സന്തുഷ്‌ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ

ഗന്ധര്‍വശ്രേഷ്‌ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും.

സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-

മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ!

അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ-

നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും

മുക്തി സംഭവിച്ചീടുമില്ല സംശയമേതും;

ഭക്തന‍ാം നിനക്കധഃപതനമിനി വരാ.”

ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്‌ഠന്‍

മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാന്‍:

“മുന്നിലാമ്മാറു കാണ‍ാം മതംഗാശ്രമം തത്ര

സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.

ത്വല്‍പാദ‍ാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-

യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്‌

അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്ലുമവ-

ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍ .”

ശബര്യാശ്രമപ്രവേശം

ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം

സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും

ഘോരമ‍ാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു

ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍ .

സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ

സമ്പതിച്ചിതു പാദ‍ാംഭോരുഹയുഗത്തിങ്കല്‍ .

സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ-

നന്ദമുള്‍ക്കൊണ്ടു പാദ്യാര്‍ഗ്‌ഘ്യാസനാദികളാലേ

പൂജിച്ചു തല്‍പാദതീര്‍ത്ഥാഭിഷേകവുംചെയ്‌തു

ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍ ‍.

പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു

രാജീവനേത്രന്മാര‍ാം രാജനന്ദനന്മാരും.

അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ :

“ധന്യയായ്‌ വന്നേനഹമിന്നു പുണ്യാതിരേകാല്‍ .

എന്നുടെ ഗുരുഭൂതന്മാരായ മുനിജനം

നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍ .

അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു

പിന്നെപ്പോയ്‌ ബ്രഹ്‌മപദം പ്രാപിച്ചാരവര്‍കളും.

എന്നോടു ചൊന്നാരവ’രേതുമേ ഖേദിയാതെ

ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.

പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ

വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്‌.

നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപ്പോള്‍

നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു.

വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍-

തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.

വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം’

വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ.

നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു

നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാന്‍.

ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗുരുഭൂതന്മാര‍ാം

താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ.

ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ

ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ.

വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം

കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം.

തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊള്‍വാനുമി-

ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!”

രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-

“നാകുലംകൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ.

പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല

കാരണം മമ ഭജനത്തിനു ജഗത്ത്രയേ.

ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും

മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും.

തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യയന-

ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍

ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-

യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.

ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്ലീടുവേ-

നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്‌.

മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ

മല്‍ക്കഥാലാപം രണ്ട‍ാംസാധനം, മൂന്നാമതും

മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം

മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും,

പുണ്യശീലത്വം യമനിയമാദികളോടു-

മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,

മന്മന്ത്രോപാസകത്വമേഴാമ,തെട്ടാമതും

മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ

സര്‍വഭൂതങ്ങളിലും മന്മതിയുണ്ടാകയും

സര്‍വദാ മല്‍ഭക്തന്മാരില്‍ പരമാസ്തിക്യവും

സര്‍വബാഹ്യാര്‍ത്ഥങ്ങളില്‍ വൈരാഗ്യം ഭവിക്കയും

സര്‍വലോകാത്മാ ഞാനെന്നെപ്പോഴുമുറയ്‌ക്കയും,

മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ!

ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം.

ഉക്തമായിതു ഭക്തിസാധനം നവവിധ-

മുത്തമേ! ഭക്തി നിത്യമാര്‍ക്കുളളു വിചാരിച്ചാല്‍ ?

തിര്യഗ്യോനിജങ്ങള്‍ക്കെന്നാകിലും മൂഢമാര‍ാം

നാരികള്‍ക്കെന്നാകിലും പൂരുഷനെന്നാകിലും

പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോള്‍

വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ട‍ാം.

തത്ത്വാനുഭവസിദ്ധനായാല്‍ മുക്തിയും വരും.

തത്ര ജന്മനി മര്‍ത്ത്യനുത്തമതപോധനേ!

ആകയാല്‍ മോക്ഷത്തിനു കാരണം ഭക്തിതന്നെ

ഭാഗവതാഢ്യേ! ഭഗവല്‍പ്രിയേ! മുനിപ്രിയേ!

ഭക്തിയുണ്ടാകകൊണ്ടു കാണായ്‌വന്നിതു തവ

മുക്തിയുമടുത്തിതു നിനക്കു തപോധനേ!

ജാനകീമാര്‍ഗ്ഗമറിഞ്ഞീടില്‍ നീ പറയേണം

കേന വാ നീതാ സീതാ മല്‍പ്രിയാ മനോഹരി?”

രാഘവവാക്യമേവം കേട്ടോരു ശബരിയു-

മാകുലമകലുമാറാദരാലുരചെയ്താള്‍ :

“സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി

സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം

ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി

ഖേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം.

കൊണ്ടുപോയതു ദശകണ്‌ഠനെന്നറിഞ്ഞാലും

കണ്ടിതു ദിവ്യദൃശാ തണ്ടലര്‍മകളെ ഞാന്‍.

മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍

പമ്പയ‍ാം സരസ്സിനെക്കാണ‍ാം, തല്‍പുരോഭാഗേ

പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര

വിശ്വസിച്ചിരിക്കുന്നു സുഗ്രീവന്‍ കപിശ്രേഷ്‌ഠന്‍

നാലുമന്ത്രികളോടുംകൂടെ മാര്‍ത്താണ്ഡാത്മജന്‍;

ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം;

ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ.

പാലനംചെയ്‌ത ഭവാനവനെ വഴിപോലെ.

സഖ്യവും ചെയ്‌തുകൊള്‍ക സുഗ്രീവന്‍തന്നോടെന്നാല്‍

ദുഃഖങ്ങളെല്ല‍ാം തീര്‍ന്നു കാര്യവും സാധിച്ചീടും.

എങ്കില്‍ ഞാനഗ്നിപ്രവേശംചെയ്‌തു ഭവല്‍പാദ-

പങ്കജത്തോടു ചേര്‍ന്നുകൊളളുവാന്‍ തുടങ്ങുന്നു.

പാര്‍ക്കേണം മുഹൂര്‍ത്തമാത്രം ഭവാനത്രൈവ മേ

തീര്‍ക്കേണം മായാകൃതബന്ധനം ദയാനിധേ!”

ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്‌തു

മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം.

ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി-

ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും.

പുഷ്‌കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്കു

ദുഷ്‌കരമായിട്ടൊന്നുമില്ലെന്നു ധരിക്കേണം.

ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും

ശ്രീരാമപാദ‍ാംബുജം സേവിച്ചുകൊള്‍ക നിത്യം.

ഓരോരോ മന്ത്രതന്ത്രധ്യാനകര്‍മ്മാദികളും

ദൂരെസ്സന്ത്യജിച്ചു തന്‍ഗുരുനാഥോപദേശാല്‍

ശ്രീരാമചന്ദ്രന്‍തന്നെ ധ്യാനിച്ചുകൊള്‍ക നിത്യം

ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം.

ശ്രീരാമചന്ദ്രകഥ കേള്‍ക്കയും ചൊല്ലുകയും

ശ്രീരാമഭക്തന്മാരെപ്പൂജിച്ചുകൊളളുകയും.

ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്‌ക്കുമ്പോള്‍

ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീട‍ാം.

രാമ! രാമേതി ജപിച്ചീടുക സദാകാലം

ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ!

ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ-

ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം

ഭക്തികൊണ്ടേറ്റം പരവശയായ്‌ ശ്രീരാമങ്കല്‍

ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും.

പൈങ്കിളിപ്പൈതല്‍താനും പരമാനന്ദംപൂണ്ടു

ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍ .


(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം സമാപ്‌തം)