രാമായണമാസ പാരായണം അവസാന ദിവസം 16.08.2019

രാമായണമാസ പാരായണം അവസാന ദിവസം 16.08.2019

അയോദ്ധ്യാപ്രവേശം

ശത്രുഘ്നനോടു ഭരതകുമാരനു-
മത്യാദരം നിയോഗിച്ചനനന്തരം
‘പൂജ്യന‍ാം നാഥനെഴുന്നള്ളുന്നേരത്തു
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും
ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം
സൂതവൈതാളിക വന്ദിസ്തുതിപാഠ-
കാദി ജനങ്ങുളുമൊക്കെ വന്നീടണം
വാദ്യങ്ങളെല്ല‍ാം പ്രയോഗിയ്ക്കയും വേണം
പാദ്യാദികളുമൊരുക്കണമേവരും
രാജദാരങ്ങളമാത്യജനങ്ങളും
വാജിഗജരഥപംക്തിസൈന്യങ്ങളും
വാരനാരീജനത്തോടുമലങ്കരി-
ച്ചാരൂഢമോദം വരണമെല്ലാവരും
ചേര്‍ക്ക കൊടിക്കൂറകള്‍ കൊടിയ്ക്കൊക്കവേ
മാര്‍ഗ്ഗമടിച്ചു തളിപ്പിക്കയും വേണം
പൂര്‍ണ്ണകുംഭങ്ങളും ധൂപദീപങ്ങളും
തൂര്‍ണ്ണം പുരദ്വാരി ചേര്‍ക്ക സമസ്തരും
താപസവൃന്ദവും ഭൂസുരവര്‍ഗ്ഗവും
ഭൂപതിവീരരുമൊക്കെ വന്നീടണം
പൗരജനങ്ങളാബാലവൃദ്ധാവധി
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം’
ശത്രുഘ്നനും ഭരതാജ്ഞയാ തല്‍പുരം
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാന്‍
ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു
പൗരജനങ്ങള്‍ നിറഞ്ഞിതയോദ്ധ്യയില്‍
വാരണേന്ദ്രന്മാരൊരു പതിനായിരം
തേരുമവ്വണ്ണം പതിനായിരമുണ്ടു
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു-
നൂറായിരമുണ്ടു കാലാള്‍പ്പടകളും
രാജനാരീജനം തണ്ടിലേറിക്കൊണ്ടു
രാജകുമാരനെക്കാണ്മാനുഴറിനാര്‍
പാദുക‍ാം മൂര്‍ദ്ധനി വച്ചു ഭരതനും
പാദചാരേണ നടന്നു തുടങ്ങിനാന്‍
ആദരവുള്‍ക്കൊണ്ടു ശത്രുഘ്നനാകിയ
സോദരന്‍ താനും നടന്നാനതുനേരം
പൂര്‍ണ്ണചന്ദ്രാഭമ‍ാം പുഷ്പകമന്നേരം
കാണായ്ചമഞ്ഞിതു ദൂരേ മനോഹരം
പൗരജനാദികളോടു കുതൂഹലാല്‍
മാരുതപുത്രന്‍ പറഞ്ഞാനതുനേരം
‘ബ്രാഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം-
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ-
മുഖ്യമായുള്ളോരു സൈന്യസമന്വിതം
കണ്ടുകൊള്‍വില്‍ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം’
അപ്പോള്‍ ജനപ്രീതിജാതശബ്ദം ഘന-
മഭ്രദേശത്തോളമുല്‍പ്പതിച്ചു ബലാല്‍
ബാലവൃദ്ധസ്ത്രീ തരുണവര്‍ഗ്ഗാരവ
കോലാഹലം പറയാവതല്ലേതുമേ
വാരണവാജിരഥങ്ങളില്‍ നിന്നവര്‍
പാരിലിറങ്ങി വണങ്ങിനാനേവരും
ചാരുവിമാനാഗ്രസംസ്ഥിതന‍ാം ജഗല്‍-
ക്കാരണഭൂതനെക്കണ്ടു ഭരതനും
മേരുമഹാഗിരിമൂര്‍ദ്ധനി ശോഭയാ
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാന്‍
ചില്‍പുരുഷാജ്ഞയാ താണിതു മെല്ലവേ
പുഷ്പകമായ വിമാനവുമന്നേരം
ആനന്ദബാഷ്പം കലര്‍ന്നു ഭരതനും
സാനുജനായ്‌ വിമാനം കരേറീടിനാന്‍
വീണു നമസ്ക്കരിച്ചോരനുജന്മാരെ
ക്ഷോണീന്ദ്രനുത്സംഗസീംനി ചേര്‍ത്തീടിനാന്‍
കാലമനേകം കഴിഞ്ഞു കണ്ടീടിന
ബാലകന്മാരെ മുറുകെത്തഴുകിനാന്‍
ഹര്‍ഷാശ്രുധാരയാ സോദരമൂര്‍ദ്ധനി
വര്‍ഷിച്ചു വര്‍ഷിച്ചു വാത്സല്യപൂരവും
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വാഴുന്ന നേരത്തു
ശത്രുഘ്നപൂര്‍വ്വജനും ഭരതന്‍ പദം
ഭക്ത്യാ വണങ്ങിനാനശു സൗമിത്രിയെ
ശത്രുഘ്നനും വണങ്ങീടിനാനാദരാല്‍
സോദരനോടും ഭരതകുമാരനും
വൈദേഹിതന്‍ പദം വീണു വണങ്ങിനാന്‍
സുഗ്രീീവനംഗദന്‍ ജ‍ാംബവാന്‍ നീലനു-
മുഗ്രന‍ാം മൈന്ദന്‍ വിവിദന്‍ സുഷേണനും
താരന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നളന്‍
വീരന്‍ വൃഷഭന്‍ ശരഭന്‍ പനസനും
ശൂരന്‍ വിനതന്‍ വികടന്‍ ദധിമുഖന്‍
ക്രൂരന്‍ കുമുദന്‍ ശതബലി ദുര്‍മുഖന്‍
സാരനാകും വേഗദര്‍ശി സുമുഖനും
ധീരനാകും ഗന്ധമാദനന്‍ കേസരി
മറ്റുമേവം കപിനായകന്മാരെയും
മുറ്റുമാനന്ദേന ഗാഢം പുണര്‍ന്നിതു
മാരുതി വാചാ ഭരതകുമാരനും
പൂരുഷ വേഷം ധരിച്ചാര്‍ കപികളും
പ്രീതിപൂര്‍വ്വം കുശലം വിചാരിച്ചതി-
മോദം കലര്‍ന്നു വസിച്ചാരവര്‍കളും
സുഗ്രീവനെക്കനിവോടു പുണര്‍ന്നഥ
ഗദ്ഗദവാചാ പറഞ്ഞു ഭരതനും
‘നൂനും ഭവല്‍സഹായേന രഘുവരന്‍
മാനിയ‍ാം രാവണന്‍ തന്നെ വധിച്ചതും
നാലുസുതുന്മാര്‍ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാന്‍
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങള്‍ക്കു
കിഞ്ചന സംശയമില്ലെന്നറികെടോ’
ശോകാതുരയായ കൗസല്യതന്‍പദം
രാഘവന്‍ ഭക്ത്യാ നമസ്കരിച്ചീടിനാന്‍
കാലേ കനിഞ്ഞു പുണര്‍ന്നാളുടന്‍ മുല-
പ്പാലും ചുരന്നിതു മാതാവിനന്നേരം
കൈകേയിയാകിയ മാതൃപദത്തെയും
കാകുത്സ്ഥനാശു സുമിത്രാപദാബ്ജവും
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും
നന്ദിച്ചവരുമണച്ചു തഴുകിനാര്‍
ലക്ഷ്മണനും മാതൃപാദങ്ങള്‍ കൂപ്പിനാന്‍
ഉള്‍ക്കാമ്പഴിഞ്ഞു പുണര്‍ന്നാരവര്‍കളും
സീതയും മാതൃജനങ്ങളെ വന്ദിച്ചു
മോദമുള്‍ക്കൊണ്ടു പുണര്‍ന്നാരവര്‍കളും
സുഗ്രീവനാദികളും തൊഴുതീടിനാ-
രഗ്രേ വിനീതയായ്‌ നിന്നിതു താരയും
ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തല്‍പ്പദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങ്ങളില്‍ ചേര്‍ത്തു
പാരില്‍ വീണാശു നമസ്കരിച്ചീടിനാന്‍
‘രാജ്യം ത്വയാ ദത്തമെങ്കില്‍ പുരാദ്യ ഞാന്‍
പൂജ്യന‍ാം നിങ്കല്‍ സമര്‍പ്പിച്ചിതാദരാല്‍
ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു
ധന്യനായേനടിയനിന്നു നിര്‍ണ്ണയം
വന്നു മനോരഥമെല്ല‍ാം സഫലമായ്‌
വന്നിതു മല്‍ക്കര്‍മ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാര്‍ത്തു കാ-
ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബനമില്ല കാരുണ്യവാരിധേ!’

രാജ്യാഭിഷേകം

ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ-
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍
സന്തുഷ്ടനായ രഘുകുലനാഥനു-
മന്തര്‍മ്മുദാ വിമാനേന മാനേന പോയ്‌
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാന്‍
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചില്‍പുരുഷനരുള്‍ചെയ്താനനന്തരം
“ചെന്നു വഹിയ്ക്ക നീ വൈശ്രവണന്‍ തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാന്‍ നിരൂപിയ്ക്കുന്ന നേരത്തു
നിന്നെ വിരോധിയ്ക്കയുമില്ലൊരുത്തനും”
എന്നരുള്‍ചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ-
പാദം നമസ്കരിച്ചു രഘുനായകന്‍
ആശിര്‍വ്വചനവും ചെയ്തു മഹാസന-
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാന്‍
അപ്പോള്‍ ഭരതനും കേകയപുത്രിയു-
മുല്‍പലസംഭവപുത്രന്‍ വസിഷ്ഠനും
വാമദേവാദി മഹാമുനിവര്‍ഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിയ്ക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍
ജന്മനാശാദികളില്ലാത്ത മംഗലന്‍
നിര്‍മ്മലന്‍ നിത്യന്‍ നിരുപമനദ്വയന്‍
നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണനവ്യയന്‍
ചിന്മയന്‍ ജംഗമാജംഗമാന്തര്‍ഗ്ഗതന്‍
സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍
തന്മഹാമായയാ സര്‍വ്വലോകങ്ങളും
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവന്‍
ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്‍ മന്ദഹാസപുരസ്സരം
‘മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ
എങ്കിലതിന്നൊരുക്കീടുകെല്ലാ’മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാല്‍
അശ്രുപൂര്‍ണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍
സംഭാരവുമഭിഷേകാര്‍ത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണന്‍താനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യ‍ാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ-
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന-
രാരൂഢമോദമലങ്കരിച്ചീടിനാര്‍
ശോഭയോടേ ഭരതന്‍ കുണ്ഡലാദിക-
ലാഭരണങ്ങളെല്ലാമനുരൂപമായ്‌
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ-
താനാദരാലലങ്കാരങ്ങള്‍ നല്‍കിനാള്‍
അന്നേരമത്ര സുമന്ത്രര്‍ മഹാരഥം
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍
രാജരാജന്‍ മനുവീരന്‍ ദയാപരന്‍
രാജയോഗ്യം മഹാസ്യന്ദനമേറിനാന്‍
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യ‍ാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ്‌ നടന്നീടിനാര്‍
സീതയും സുഗ്രീവപത്നികളാദിയ‍ാം
വാനരനാരിമാരും വാഹനങ്ങളില്‍
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരഥ്യവേല കൈക്കൊണ്ടാന്‍ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പരി-
വാരജനങ്ങളുമായ്‌ നടന്നീടിനാര്‍
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍
കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍
മോഹപരവശമാരായ്‌ മരുവിനാര്‍
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ-
മന്ദിരതുല്യമ‍ാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതന്‍ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര-
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാര്‍ക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി-
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍
സുഗ്രീവനോടു പറഞ്ഞു ഭരതനു-
മഗ്രജനിപ്പോളഭിഷേകകര്‍മ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ-
മംഗദനാദികളോടും യഥാവിധി
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും
എങ്കിലോ ജ‍ാംബവാനും മരുല്‍പ്പുത്രനു-
മംഗദന്‍താനും സുഷേണനും വൈകാതെ
സ്വര്‍ണ്ണകലശങ്ങള്‍തന്നില്‍ മലയജ-
പര്‍ണ്ണേന വായ്ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവര്‍
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്കരമാദിയാ-
മന്യതീത്ഥങ്ങളിലുള്ള സലിലവും-
മൊക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍ക്ഷണേ
ശത്രുഘ്നനുമമാത്യൗഘമുമായ്മറ്റു
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍
രത്നസിഹാസനേ രാമനേയും ചേര്‍ത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവന്‍ മുനി ജാബാലി ഗൗതമന്‍
വാത്മീകിയെന്നവരോടും വസിഷ്ഠന‍ാം
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നില്‍ കലശങ്ങളായിരിത്തെട്ടുമ-
ങന്യൂനശോഭം ജപിച്ചാല്‍ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം പൂണ്ട ചാമരം വീയിനാര്‍
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാര്‍
‘ദുഷ്ടന‍ാം രാവണന്‍ നഷ്ടനായാനിന്നു
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക-
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍
പിണ്ഡോദകങ്ങളദിക്കായ കാരണം
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!’
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
‘രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാന്‍
പക്ഷീന്ദവാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ’
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകന്‍ തന്നെ നിരാമയം
‘അന്ധന‍ാം രാവണന്‍ തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ!
നിന്‍ചര‍ാംബുജം നിത്യം നമോ നമഃ’
കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാര്‍
മന്നവന്‍തന്നെ മനോഹരമംവണ്ണം
‘ദുര്‍ന്നയമേറിയ രാക്ഷസരാജനെ-
ക്കൊന്നു കളന്‍ഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ച
നിന്നെബ്ഭജിപ്പാനവകാശമുണ്ടായി-
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതല്‍പേ വസിയ്ക്കും ഭവല്‍പ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം’
കിംപുരുഷന്മാര്‍ പരംപുരുഷന്‍പദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദുതം
‘കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി-
ച്ചെന്‍പോറ്റി! രാവണെനെന്നു കേള്‍ക്കുന്നേരം
അംബരമാര്‍ഗ്ഗേ നടക്കുമാറി,ല്ലിനി
നിന്‍പാദപത്മം ഭജിയ്ക്കായ്‌വരേണമേ’
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാല്‍
‘യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവല്‍പ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ’
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍
‘വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ
ചാരുരൂപം തേടുമപ്സരസ‍ാം ഗണം
ചാരണന്മാരുരഗന്മാര് മരുത്തുക്കള്
തുംബുരു നാരദഗുഹ്യകവ്യന്ദവു-
മംബരചാരികള് മറ്റുള്ളവര്‍‌കളും
സ്പഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്
സച്ചില്‍‌പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ-
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവല്‌പാദ‍ാംഭോജവും
സേവിച്ചിരുന്നാറ് ജഗത്രയവാസികള്
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോറ്റിപ്രഭം
സോദരവാ‍നര താപസ രാക്ഷസ-
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാര്‍വ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവര്‍ക്കഭീഷ്ടാസ്പദം കണ്ടു ക-
ണ്ടാനന്ദമുള്‍‌ക്കൊണ്ടിരുന്നിതെല്ലാവരും

വാനരാദികള്‍ക്ക് ഭഗവാന്റെ അനുഗ്രഹം

വിശ്വംഭരാ പരിപാലനവും ചെയ്തു
വിശ്വനാഥന് വസിച്ചീടും ദശാന്തരേ
സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും
ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും
വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത-
പക്വങ്ങളോടു കലര്‍‌ന്നു നിന്നീടുന്നു
ദുര്‍ഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില്
സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ
നൂറായിരം തുരഗങ്ങള് പശുക്കളും
നൂറുനൂറായിരത്തില്പുറം പിന്നെയും
മുപ്പതുകോടി സുവര്‍ണ്ണാഭാ‍രങ്ങളും
സുബ്രാഹ്മണര്‍ക്കു കൊടുത്തു രഘൂത്തമന്
വസ്ത്രാഭരണ മാല്യങ്ങള്‍സംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാര്‍ക്കു നല്‍കീടിനാന്
സ്വര്‍ണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വര്‍ണ്ണവൈചിത്ര്യമനഘമനുപമം
ആദിത്യപുത്രനു നല്‍കിനാനാദരാ-
ലാദിതേയാധിപപുത്രതനയനും
അംഗദദ്വന്ദ്വം കൊടുത്തോരനന്തരം
മംഗലാപ‍ാംഗിയ‍ാം സീതയ്ക്കു നല്‍കിനാന്
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങനെയൊള്ളൊരു
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം
കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്
ഭര്‍ത്തൃമുഖാബ്ജവും മാരുതി വക്ത്രവും
മദ്ധ്യേ മണിമയമാകിയ ഹാരവും
ഇംഗിതജ്ഞന് പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്‍
‘ഇക്കണ്ടവര്‍കളിലിഷ്ടനാകുന്നതാ-
രുള്‍ക്കമലത്തില്‍ നിനക്കു മനോഹരേ!
നല്‍കീടവന്നു നീ മറ്റാരുമില്ല നി-
ന്നാകൂതഭംഗം വരുത്തുവാനോമലേ!’
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില് നിന്നിടു-
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ-
നന്ദപരവശനായ് മധുരാക്ഷരം
‘മാരുതനന്ദന വേണ്ടും വരത്തെ നീ
വീര വരിച്ചുകൊള്‍കേതും മടിയാതെ’
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും
മന്നവന് തന്നോടപേക്ഷിച്ചരുളിനാന്
‘സ്വാമിന് പ്രഭോ നിന്തിരുവടിതന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാള്
ഭൂമിയില്‍ വാഴ്‌വാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊള്‍വാനനാരതം
രാമജപസ്മരണശ്രവണങ്ങളില്‍
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റുവരം മമ വേണ്ട ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയു-
മുണ്ടായിരിയ്ക്കണ’മെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നല്‍കിനാന്‍
‘മല്‍കഥയുള്ളനാള്‍ മുക്തനായ്‌ വാഴ്കനീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!’
ജാനകീദേവിയും ഭോഗാനുഭൂതികള്‍
താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍
ആനന്ദബാഷ്പപരീതാക്ഷനായവന്‍
വീണുനമസ്കൃത്യ പിന്നെയും പിന്നെയും
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌
പിന്നെ ഗുഹനെ വിളിച്ചു മനുവരന്‍
‘ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാന്‍
മല്‍ചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ
ഭോഗങ്ങളെല്ല‍ാം ഭുജിച്ചു ചിരം പുന-
രേകഭാവം ഭജിച്ചീടുകെന്നോടു നീ’
ദിവ്യ‍ാംബരാഭരണങ്ങളെല്ല‍ാം കൊടു-
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാന്‍
പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു
രാമനാലാശ്ലിഷ്ടനായ ഗുഹന്‍ തദാ
ഗംഗാനദീപ്രിശോഭിതമായൊരു
ശൃംഗീവരം പ്രവേശിച്ചു മരുവിനാന്‍
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭ ഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നല്‍കി
മന്നവന്‍ ഗാഢഗാഢം പുണര്‍ന്നാദരാല്‍
മര്‍ക്കടനായകന്മാര്‍ക്കും കൊടുത്തുപോയ്‌-
കിഷ്കിന്ധപൂകെന്നയച്ചരുളീടിനാന്‍
സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു
കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാന്‍
സീതാജനകനായീടും ജനകനെ
പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം
നൂതനപട്ട‍ാംബരാഭരണാദിയും
നല്‍കി, വിദേഹരാജ്യത്തിനു പോകെന്നു
പുല്‍കിക്കനിവോടു യാത്ര വഴങ്ങിനാന്‍
കാശിരാജാവിനും വസ്ത്രാഭരണങ്ങ-
ളാശയാനന്ദം വരുമാറു നല്‍കിനാന്‍
പിന്നെ മറ്റുള്ള നൃപന്മാര്‍ക്കുമൊക്കവെ
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍
സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാന്‍ ചരണ‍ാംബുജം
‘മിത്രമായ്‌ നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ
നാശമരികളാലുണ്ടാകയില്ല തേ
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ്‌ വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ
മുക്തനായ്‌ വാണീടുകെ’ന്നു നിയോഗിച്ചു
മുക്താഫലമണിസ്വര്‍ണ്ണാഭാരങ്ങളും
ആവോളവും കൊടുത്താശു പോവാനയ-
ച്ചാവിര്‍മ്മുദാ പുണര്‍ന്നീടിന്നാന്‍ പിന്നെയും
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും വണങ്ങിയും
ഗദ്ഗദവര്‍ണ്ണേന യാത്രയും ചൊല്ലിനാന്‍
നിര്‍ഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോടുമാ-
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍.

ശ്രീരാമന്റെ രാജ്യഭാരഫലം

ജാനകീദേവിയോടും കൂടി രാഘവ-
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയ‍ാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയ‍ാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്ല‍ാം പരിപാലിച്ചരുളിനാന്‍
വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാര്‍ക്കുമേ
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാര്‍.

രാമായണമാഹാത്മ്യം

അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാപഠിയ്ക്കിലും ചൊല്‍കിലും തല്‍ക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാല്‍
അര്‍ത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
സിദ്ധിയ്ക്കുമാര്യജനങ്ങളാല്‍ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ്‌ വരും
വന്ധ്യായുവതി കേട്ടീടുകില്‍ നല്ലൊരു
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം,
ബദ്ധനായുള്ളവന്‍ മുക്തനായ്‌ വന്നിടു-
മര്‍ത്ഥി കേട്ടീടുകിലര്‍ത്ഥവാനായ്‌ വരും
ദുര്‍ഗ്ഗങ്ങളെല്ല‍ാം ജയിക്കായ്‌വരുമതി-
ദുഃഖിതന്‍ കേള്‍ക്കില്‍ സുഖിയായ്‌ വരുമവന്‍
ഭീതനതു കേള്‍ക്കില്‍ നിര്‍ഭയനായ്‌വരും
വ്യാധിതന്‍ കേള്‍ക്കിലനാതുരനായ്‌ വരും
ഭൂതദൈവത്മോത്ഥമായുടനുണ്ടാകു-
മാധികളെല്ലാമകന്നുപോം നിര്‍ണ്ണയം
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പ്രസാദിയ്ക്കുമത്യരം
കല്‍മഷമെല്ലാമകലുമതേയല്ല
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചിടും
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാല്‍
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം