മണ്ഡലകാലത്തിനു തുടക്കമാകുന്നു. വ്രതാനുഷ്ഠാനം എങ്ങനെ വേണം?

മണ്ഡലകാലത്തിനു തുടക്കമാകുന്നു. വ്രതാനുഷ്ഠാനം എങ്ങനെ വേണം?

ശബരിമല മണ്ഡല കാലത്തിനു നാളെ തുടക്കമാകുന്നു. വൃശ്ചികം ഒന്ന്  മുതൽക്കുള്ള 41 ദിനങ്ങളാണ് മണ്ഡലകാലം. പണ്ട് വൃശ്ചികം ഒന്നിന് തന്നെ മാലയിട്ട് 41 ദിവസം വ്രതം പൂർത്തയാക്കിയാണ് സ്വാമിമാർ ശബരിമലയ്ക്ക് പോയിരുന്നത്. മണ്ഡല തുടക്കത്തിൽ ദർശനം നടത്തേണ്ടവർ കാലേ കൂട്ടി വ്രതം ആരംഭിക്കണം.

വ്രതാനുഷ്ഠാനം എങ്ങനെ വേണം?

ശബരിമല യാത്രയ്ക്കുള്ള ആചാരങ്ങൾ കേരളത്തിലും ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളിലും പ്രാദേശികമായി ഒരുപാട്  വ്യതിരിക്തമാണ്. എന്റെ അഭിപ്രായത്തിൽ ഇപ്പോൾ കേരളത്തിന് പുറത്തുള്ളവരാണ് വ്രതാനുഷ്ഠാനങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നത്. വ്രതം ആരംഭിച്ചു മാലയിട്ടാൽ ചെരുപ്പ് പോലും ഉപയോഗിക്കത്തെ കറുപ്പു വസ്ത്രം മാത്രം ധരിച്ച് ഓഫീസിൽ ജോലിക്കെത്തുന്ന ബാങ്ക് മാനേജർമാർ, ഉന്നത ഉദ്യോഗസ്ഥർ, ധനാഢ്യന്മാർ, സ്ഥാപന മേധാവികൾ എന്നിവരെ തമിഴ്‌നാട്ടിൽ കാണാൻ കഴിയും. അപ്പോൾ സാധാരണ ഭക്തരുടെ കാര്യം പറയേണമോ? എന്തായാലും പൊതുവിൽ നിർബന്ധമായും എല്ലാവരും ആചരിക്കേണ്ടതായ കാര്യങ്ങളെ പറയുന്നു.

മാലയിടൽ  അല്ലെങ്കിൽ മുദ്രാധാരണം.

ഗുരുസ്വാമിയിൽ നിന്നോ ക്ഷേത്ര പുരോഹിതനിൽ നിന്നോ മാല സ്വീകരിച്ചു ധരിക്കാം. വൃശ്ചികം ഒന്നാം തീയതി മാലയിടുന്നത് നല്ലത്. ശനിയാഴ്ചകൾ, ഉത്രം  നക്ഷത്രം എന്നിവ അതി വിശേഷം.

ശബരിമല ദര്‍ശനത്തിനായി വ്രതാരംഭത്തില്‍ അയ്യപ്പ മുദ്രയോടു കൂടിയ മാല ധരിക്കുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രം. (ഗുരുസ്വാമിയിൽ നിന്നും മന്ത്രം സ്വീകരിക്കുക.)

ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം.
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാം പാതു സദാപിമേം
ഗുരുദക്ഷിണയാ പൂര്‍വ്വം തസ്യാനുഗ്രഹ കാരണേ
ശരണാഗത മുദ്രാഖ്യം തന്മുദ്രം ധാരയാമ്യഹം.
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമഃ

സ്വാമിയേ ശരണമയ്യപ്പ…

മാലയിട്ടുകഴിഞ്ഞാൽ പിന്നെ ഭക്തനും ഭഗവാനും ഒന്നാണ്. ഭക്തൻ അയ്യപ്പനാകുന്നു. അത് തന്നെയാണ് “തത്വമസി” എന്നതും.


Click here to book your Pooja


വ്രതകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്രതകാലത്ത് പാലിക്കേണ്ട ഏറ്റവും പരമപ്രധാനമായ കാര്യം ബ്രഹ്മചര്യം തന്നെ. കൂടാതെ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുക.

1.മാലയിട്ടാല്‍ മാല  ഊരുന്നതുവരെ ക്ഷൗരം ചെയ്യാൻ പാടില്ല.
2.ഒരു വിധത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
3.മൽസ്യ-മാംസഭക്ഷണം പാടില്ല.
4.തലേന്ന് പാകം ചെയ്ത പഴകിയ  ഭക്ഷണം കഴിക്കാന്‍ പാടില്ല.
5.ആരെയും പരിഹസിക്കരുത്, നിന്ദിക്കരുത്.
6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്. എല്ലായ്‌പ്പോഴും അയ്യപ്പചിന്ത മനസ്സിൽ ഉണ്ടാകണം.
7.ശവസംസ്‌കാര കര്‍മ്മത്തിലോ ജാത കർമങ്ങളിലോ പങ്കെടുക്കരുത്
9.പകലുറങ്ങരുത്.

10.ശിഷ്യർ ഒഴികെ മറ്റുള്ളവരെ  ശാസിക്കരുത്.

11. മരുന്നുകൾ കഴിക്കുന്നവർ ഒഴിവാക്കരുത്.

12. കഴിയുന്നിടത്തോളം ഭജനകളിലും അയ്യപ്പ ക്ഷേത്ര ചടങ്ങുകളിലും പങ്കെടുക്കുക.

13. ഗുരുസ്വാമിയെ ദൈവതുല്യനായി കണക്കാക്കുക. അദ്ദേഹത്തിൻറെ നിർദേശങ്ങൾ ശിരസാ വഹിക്കുക.

കെട്ടുനിറ

തനിയെ കെട്ട് നിറയ്ക്കരുത്. ഗുരുസ്വാമി കെട്ട് നിറച്ചു തലയിൽ ഏറ്റി ത്തരും. അപ്പോൾ ദക്ഷിണ നൽകി യാത്ര പുറപ്പെടാം. കെട്ടുനിറ ചടങ്ങുകൾ അതാത് സ്ഥലത്തെ ആചാര പ്രകാരം ചെയ്യാം.

പമ്പയിൽ കുളിച്ച പിതൃ തർപ്പണം ചെയ്ത് പമ്പാഗണപതിയെയും ഉപ ദേവന്മാരെയും  വണങ്ങി മല ചവിട്ടുക. കന്നി അയ്യപ്പൻമാർ ശരം കുത്തിയിൽ ശരം കുത്തുന്ന വഴിപാടു നടത്തുക. കെട്ടിൽ നിന്നും നാളികേരം കൈയിൽ എടുത്ത് ഇരുമുടി തലയിൽ ഏന്തി പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തുക. നെയ്ത്തേങ്ങ ഉടച്ച നെയ് എടുത്ത് അഭിഷേകം കഴിപ്പിക്കുക. യഥാശക്തി വഴിപാടുകൾ നടത്തുക. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുക. ഇരുമുടിയിലെ നിവേദ്യ വസ്തുക്കൾ മാളികപ്പുറത്ത് നിവേദിക്കുക. മണിമണ്ഡപത്തിൽ ഭസ്മം തൂവുക. നാഗങ്ങൾക്ക് മഞ്ഞൾ സമർപ്പിക്കുക. നവഗ്രഹങ്ങളെയും കടുത്ത, വാവർ  മുതലായ അനുചരന്മാരെയും വണങ്ങുക. പറകൊട്ടി പാടിച്ച്  ദൃഷ്ടിദോഷം തീർക്കുക.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തി വച്ച്  ശരണം  വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിനും  മന്ത്രമുണ്ട്. അത് ഇതാണ്-
‘അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം’
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ വ്രതമോചനം വരുത്താം.