കുടുംബാഭിവൃദ്ധിക്ക് തൃക്കാർത്തിക വ്രതം

കുടുംബാഭിവൃദ്ധിക്ക് തൃക്കാർത്തിക വ്രതം

മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും കുടുംബാഭിവൃദ്ധിക്കും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വ്രതാനുഷ്ഠാനമാണ് തൃക്കാർത്തിക വ്രതം. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മനാളായി ആഘോഷിച്ചു വരുന്നത്. സുപ്രസിദ്ധമായ കുമാരനല്ലൂർ കാർത്തികയും അന്നാണ്. പാൽക്കടലിൽ മഹാലക്ഷ്മി അവതരിച്ചതും തുളസീ ദേവി അവതാരമെടുത്തതും ഇതേ ദിവസത്തിലാണെന്നാണ് ഐതീഹ്യം. ശരവണ  പൊയ്കയിൽ കൃത്തികാ  ഭഗവതിമാർ അവതാരം ചെയ്തതും ഈ ദിവസം തന്നെ. ആകയാൽ തൃക്കാർത്തിക വ്രതം അനുഷ്ഠിക്കുന്നവർക്ക് ലക്ഷ്മീപ്രീതിയും വിഷ്ണുപ്രീതിയും സുബ്രഹ്മണ്യപ്രീതിയും ഒരേപോലെ കരഗതമാകും എന്നുല്ലത് നിശ്ചയമാണ്. ഈ വർഷം  തൃക്കാർത്തിക വരുന്നത് ക്രിസ്തു വര്ഷം 2019 ഡിസംബർ മാസം പത്താം തീയതി ചൊവ്വാഴ്ചയാണ്.

തൃക്കാർത്തിക വ്രതാനുഷ്ഠാനം എങ്ങനെ?

തൃക്കാർത്തിക വ്രതം അനുഷ്ഠിക്കുന്നവർ ഭരണി, കാർത്തിക രോഹിണി നക്ഷത്രങ്ങളിൽ വ്രതം അനുഷ്ടിക്കണം. ഭരണി നാളിനു  മുൻപുതന്നെ ഗൃഹവും അങ്കണവും അടിച്ചു വാരി വൃത്തിയാക്കി തീർഥ ജലമോ ചാണക വെള്ളമോ തളിച്ചു  ശുദ്ധി വരുത്തുക. ഭരണി  നാളിൽ പ്രഭാതത്തിൽ ഉറക്കം ഉണർന്നു പ്രഭാതകൃത്യങ്ങളും സ്നാനവും കഴിച്ച ശേഷം നെയ് വിളക്ക് കൊളുത്തി വച്ച്  ദേവീ കീർത്തനങ്ങൾ പാരായണം ചെയ്ത ശേഷമേ ജലപാനം പാടുള്ളൂ. കാർത്തിക , രോഹിണി നാളുകളിലും ഇപ്രകാരം വേണം. സസ്യാഹാരം നിർബന്ധം. എണ്ണ  തേച്ചുകുളി ഒഴിവാക്കണം. പകൽ ഉറങ്ങരുത്. ആരെയും ഹിംസിക്കുകയോ ആരോടും കോപിക്കുകയോ ചെയ്യരുത്. ഏതു കർമം ചെയ്യുമ്പോഴും ദേവീ സ്മരണ ഉണ്ടാകണം. സന്ധ്യാസമയത്ത് നെയ് വിളക്ക് കത്തിച്ചു വച്ച് ലളിതാ സഹസ്രനാമം,  ലളിതാ ത്രിശതി, മുതലായവ പാരായണം ചെയ്യുന്നതും ലളിതാ സപ്തശതി പാരായണം ചെയ്യുന്നതും അതി വിശേഷമാണ്. ഒരു നെല്ലിക്കാ  ഇലക്കീറിലോ വെറ്റിലയിലോ  വിളക്കിന് മുൻപിൽ വച്ച് ദേവിക്ക് സമർപ്പിക്കുന്നതായി പ്രാർത്ഥിച്ചു കൊണ്ട് കനകധാരാസ്തോത്രം ജപിക്കുക. ദാരിദ്രവും കട ബാധ്യതയും അകന്ന് സമ്പൽ സമൃദ്ധി  ഉണ്ടാകും. കാർത്തിക നാളിൽ സ്നാനശേഷം വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം സാധിക്കുമെങ്കിൽ അടുത്തുള്ള ദേവീ ക്ഷേത്ര ദർശനം നടത്തുക. ദേവിക്ക് നിവേദ്യം സമർപ്പിച്ച്‌  ഉച്ചയ്ക്കുള്ള ഒരിക്കൽ ഊണ് ആ നിവേദ്യം ആകുന്നത് വളരെ ഉത്തമമാണ്. ദേവിയുടെ ജന്മ നാൾ ആകയാൽ അല്പം മധുരവും ഭക്ഷിക്കാം. സന്ധ്യാ സമയം വീടും പരിസരവും മൺചെരാതുകൾ കത്തിച്ചു വച്ച കാർത്തിക ദീപം ഒരുക്കുക. കുടുംബത്തിൽ എല്ലാവരും അതിൽ പങ്കു ചേരുക. ജന്മ ദിനത്തിൽ ദേവിയെ വീട്ടിലേക്ക് ആനയിക്കുന്നു എന്ന സങ്കല്പമാണിത്. ശേഷം മുൻ ദിവസത്തെ പോലെ ദേവീ സ്തുതികൾ പാരായണം ചെയ്യുക.


.


പിറ്റേന്ന് രോഹിണി നാളിൽ രാവിലെ വേണമെങ്കിൽ തുളസീ തീർത്ഥം സേവിച്ച് പാരണ വിടാം . അല്ലെങ്കിൽ രോഹിണി നാളിലും വ്രതം മുൻ ദിവസത്തെ പോലെ തുടർന്ന് പിറ്റേന്നു രാവിലെ പാരണ വിടാം. രണ്ടു തരത്തിലും വ്രതം ആചരിക്കുന്ന പതിവ് പല സ്ഥലങ്ങളിലും കണ്ടു വരാറുണ്ട്. എന്തായാലും മൂന്നു ദിനങ്ങളിലും സസ്യ ഭക്ഷണം നിർബന്ധമാണ്. ഒരുകാര്യം ശ്രദ്ധിക്കുക. കാർത്തിക വ്രതത്തിൽ പൂർണ്ണ ഉപവാസം നിഷിദ്ധമാണ്. ഒരു നേരം ധാന്യം ഭക്ഷിക്കണം. അല്ലാത്തപ്പോൾ പാൽ, പഴങ്ങൾ പോലെയുള്ള ലഘു ഭക്ഷണം ആകാം. കുടുംബത്തിൽ എല്ലാവരും ഒരേപോലെ വ്രതം ആചരിക്കുന്നത് അത്യുത്തമമാണ്. വിദ്യാർഥികൾക്ക് നവരാത്രി പോലെ തന്നെ പ്രധാനമാണ് കാർത്തിക വ്രതം. ബുദ്ധിക്ക് തെളിമയും ഓർമ്മ  ശക്തിയിൽ വർധനവും പ്രത്യക്ഷത്തിൽ തന്നെ അനുഭവമാകുന്നതാണ്.