സൂര്യ ഗ്രഹണം 26.12.2019 ന്

സൂര്യ ഗ്രഹണം 26.12.2019 ന്

Surya_grahan3

സൂര്യൻ  രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. 26.12.2019  വരാന്‍ പോകുന്നത്  കേതുഗ്രസ്ത  സൂര്യ  ഗ്രഹണമാണ്. ചന്ദ്ര ഗ്രഹണം പൗർണമി തിഥിയിലും സൂര്യ ഗ്രഹണം അമാവാസി തിഥിയിലും മാത്രമേ സംഭവിക്കൂ. അടുത്ത ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും  ആചരണീയവും ആകുന്നു. 

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്നു. ഓരോ വര്‍ഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയിൽ നടക്കാറുണ്ട്. ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോള്‍ ചന്ദ്രൻ സൂര്യനെ പൂര്‍ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂര്‍ണ സൂര്യഗ്രഹണം എന്നു വിളിക്കപ്പെടുന്നു. ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണമാകുന്നത്. ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയാണെങ്കിൽ ഇതിനെ ഭാഗിക സൂര്യഗ്രഹണം എന്ന് പറയും.


കൊല്ലവര്‍ഷം 1195  ധനു 10 വ്യാഴാഴ്ചയും മൂലം   നക്ഷത്രം മൂന്നാം പാദവും അമാവാസി  തിഥിയും സർപ്പ കരണവും വൃദ്ധി നാമ  നിത്യയോഗവും ചേര്‍ന്ന ദിനത്തില്‍  ക്രിസ്തു വര്‍ഷം  26 .12 .2019 ന്  ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം  രാവിലെ 09.33  AM ന്   ഗ്രഹണാരംഭം. ഗ്രഹണമദ്ധ്യം രാവിലെ 10  മണി 20  മിനിറ്റിനും മോക്ഷം പകൽ  11 മണി 7 മിനിറ്റിനും ആകുന്നു.


കേരളത്തിലും ഗ്രഹണം ദൃശ്യമാണ്; അതിനാല്‍ തന്നെ ആചരണീയവും ആണ്. ഗ്രഹണം മുതല്‍ മൂന്നു നാള്‍ യാതൊരു ശുഭ കര്‍മങ്ങള്‍ക്കും മുഹൂര്‍ത്തം വിധിക്കാന്‍ പാടില്ല.സൂര്യഗ്രഹണത്തില്‍ ഗ്രഹണാരംഭവും (ഗ്രഹണ സ്പര്‍ശം) ചന്ദ്ര ഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ അവസാനവും (ഗ്രഹണ മോക്ഷം) പുണ്യ മുഹൂര്‍ത്തങ്ങള്‍ ആകുന്നു. തീര്‍ഥ സ്നാനാദി പുണ്യകര്‍മങ്ങള്‍ക്ക് ഇത് ഏറ്റവും യോജിച്ച സമയമാകുന്നു. 


4


സൂര്യ  ഗ്രഹണം ആര്‍ക്കൊക്കെ അനുകൂലമാകും?

ജനിച്ച കൂറില്‍ ഗ്രഹണം വന്നാല്‍ ദ്രവ്യ നാശവും ശരീര ക്ലേശവും രണ്ടാം കൂറില്‍ ആയാല്‍ മുറിവുകളും മൂന്നിലായാല്‍ ഐശ്വര്യവും നാലില്‍ ആയാല്‍ ദേഹപീഡയും അഞ്ചില്‍ മനോദുഖവും ആറില്‍ സുഖവും ഏഴില്‍ ആയാല്‍ ദാമ്പത്യ ക്ലേശവും എട്ടില്‍ ആയാല്‍ മൃത്യു ഭയവും ഒന്‍പതില്‍ അഭിമാന ക്ഷതവും പത്തില്‍ ആയാല്‍ സുഖാനുഭവങ്ങളും പതിനൊന്നില്‍ ധനലാഭവും പന്ത്രണ്ടില്‍ ധന നാശവും ഫലമാകുന്നു. ജനിച്ച നക്ഷത്രത്തിന്റെ അനുജന്മ നക്ഷത്രങ്ങളില്‍ ഗ്രഹണം വരുന്നതും ദോഷകരമാണ്.
 
ഗ്രഹണം സംഭവിക്കുന്നത് മൂലം  നക്ഷത്രത്തില്‍ ആകയാല്‍ അശ്വതി,മകം, മൂലം, പൂരാടം, ഉത്രാടം ആദ്യപാദം   എന്നീ നക്ഷത്രക്കാര്‍  വിശിഷ്യാ ഈശ്വരാധീന പ്രദങ്ങളായ കര്‍മങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുക. ഇവര്‍ക്ക് മനക്ലേശം, ശാരീരിക ക്ലേശം, കര്‍മപരമായ വൈഷമ്യങ്ങള്‍ മുതലായ ദോഷങ്ങള്‍ക്ക് സാധ്യതയേറും. 
വിശാഖം വൃശ്ചികക്കൂര്‍ , അനിഴം , തൃക്കേട്ട, തിരുവോണം, അവിട്ടം മകരക്കൂര്‍  എന്നീ നക്ഷത്രക്കാര്‍ക്ക് അമിത ചിലവുകള്‍, ധന ക്ലേശം, സാമ്പത്തിക നഷ്ടം തുടങ്ങിയ അനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.
രോഹിണി, മകയിരം അവസാന പകുതി  (ഇടവക്കൂര്‍) എന്നിവര്‍ക്ക് വീഴ്ചകള്‍, ക്ഷതങ്ങള്‍, മുറിവുകള്‍ മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം, സാഹസിക പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. വൈദ്യുതി, യന്ത്രം, വാഹനം മുതലായവയുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രതയും സംരക്ഷണവും സ്വീകരിക്കുക.
മിധുനക്കൂറില്‍പെട്ട മകയിരം അവസാന പകുതി തിരുവാതിര പുണര്‍തം നക്ഷത്രക്കാര്‍ക്ക് ദാമ്പത്യത്തിലും വ്യക്തി ബന്ധങ്ങളിലും വൈഷമ്യം വരാവുന്നതാകയാല്‍ കോപ സംസാരം, എടുത്തുചാട്ടം മുതലായവ നിയന്ത്രിച്ച് ക്ഷമാ സ്വഭാവം നിലനിര്‍ത്തുക.
അവിട്ടം അവസാന പകുതി (കുംഭക്കൂര്‍)  ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി നക്ഷത്രക്കാര്‍ക്കും കർക്കിടകക്കൂറിൽ ഉൾപ്പെട്ട പുണർതം അവസാന പാദം, പൂയം ആയില്യം നക്ഷത്രക്കാര്‍ക്കും   തുലാക്കൂറിൽ ഉൾപ്പെട്ട ചിത്തിരയുടെ അവസാന പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യ മൂന്നു പാദങ്ങളിൽ പെട്ടവർക്കും മീനക്കൂറിൽ ഉൾപ്പെട്ട പൂരൂരുട്ടാതി അവസാന പാദം, ഉതൃട്ടാതി, രേവതി എന്നിവർക്കും ഗ്രഹണം മൂലം നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ലാഭം, തൊഴില്‍ നേട്ടം, ആഗ്രഹ സാഫല്യം, രോഗമുക്തി  മുതലായവ പ്രതീക്ഷിക്കാം. 

Click here for Pooja Details..


പൊതുവില്‍ ഇപ്രകാരം ആണെങ്കിലും ജാതക  ഗ്രഹനിലയില്‍ നക്ഷത്ര ദശാപഹാരം അനുകൂലരായവര്‍ക്കും ഇപ്പോള്‍ നക്ഷത്ര ദശാപഹാരം അനുകൂലമായവര്‍ക്കും ചാരവശാൽ വ്യാഴം, ശനി മുതലായ ഗ്രഹങ്ങൾ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നവർക്കും  വലിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യത കുറയും. 


ഗ്രഹണത്തിന്റെ ഫലങ്ങള്‍ ഒരു വര്‍ഷക്കാലത്തെക്കോ അടുത്ത ഗ്രഹണം വരെയോ നിലനില്‍ക്കും.2020  ജൂൺ  21  നു സൂര്യ ഗ്രഹണം സംഭവിക്കുന്നതിനാല്‍ ഈ ഗ്രഹണത്തിന്റെ ഫലങ്ങള്‍ അന്ന് വരേയ്ക്ക് മാത്രമേ നിലനില്‍ക്കൂ.ദോഷ പരിഹാരങ്ങള്‍ 

ഗ്രഹണം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ പരമശിവനെ ഉപാസിക്കുക.  പഞ്ചാക്ഷരീ മന്ത്രവും ശിവ സ്തുതികളും കീര്‍ത്തനങ്ങളും  ജപിക്കുക.// ഓം ഭാസ്കരായ വിദ്മഹേ ദിവാകരായ ധീമഹി തന്നോ സൂര്യ പ്രചോദയാത്:// എന്ന സൂര്യ ഗായത്രി 108 തവണ ജപിക്കുന്നതും ഗുണകരമാണ്. മൃത്യുഞ്ജയ മന്ത്രം, ലളിത സഹസ്രനാമം, “ഓം നമോ ഭഗവതേ വാസുദേവായ” എന്ന ദ്വാദശാക്ഷരീ മന്ത്രം, “ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ” എന്ന കലി സന്തരണ മന്ത്രം എന്നിവയൊക്കെ ഗ്രഹണ സമയം ജപിക്കാവുന്നതാണ്.

ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ ആസമയം ക്ഷേത്ര ദര്‍ശനം സാധ്യമാകില്ല. ഗ്രഹണത്തലേന്നും പിറ്റേന്നും ക്ഷേത്ര ദർശനം നടത്തുക. ശബരിമല യാത്രയ്ക്ക് തയാറെടുക്കുന്നവരും ഇക്കാര്യം ഓർക്കണം. ഗ്രഹണത്തിന്റെ മൂന്നു യാമം അല്ലെങ്കില്‍ നാലര മണിക്കൂര്‍ മുന്‍പു മുതല്‍ തന്നെ ഭക്ഷണം ഒഴിവാക്കണം. ഗ്രഹണ സ്പര്‍ശ സമയത്ത് കുളിച്ച് ഭസ്മം ധരിച്ച് ഗ്രഹണം കഴിവോളവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ഗ്രഹണ ദോഷ പരിഹാര പൂജയിലും ഹോമത്തിലും പങ്കെടുക്കുന്നതും ഉത്തമമാണ്. ഗ്രഹണം ആരെയും ഭയപ്പെടുത്താനുള്ളതല്ല. പ്രപഞ്ചത്തിലെ ഓരോ സംഭവങ്ങളും മനുഷ്യനെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുമല്ലോ. തനിക്ക് ഗുണമോ ദോഷമോ എന്ന് മുൻകൂട്ടി അറിഞ്ഞു കരുതലോടെ മുന്നോട്ടു പോകുക.ഗ്രഹണം കൊണ്ട് മാത്രം ആർക്കും ഗുണദോഷങ്ങൾ വരികയില്ല. നമ്മുടെ ദശാപഹാരഫലങ്ങളും ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി മൂലമുള്ള ചാരഫലങ്ങളും നിങ്ങളുടെ ജാതക യോഗങ്ങളും ഒക്കെ അതിനെ സ്വാധീനിക്കുന്നതാണ്.


Click here for your Pooja