തിരുവാതിര വ്രതം അനുഷ്‌ഠിക്കേണ്ടതെങ്ങനെ ?

തിരുവാതിര വ്രതം അനുഷ്‌ഠിക്കേണ്ടതെങ്ങനെ ?

നെടുമംഗല്യത്തിന്  ഏറ്റവും ഫലപ്രദമായ വ്രതമാണ്  ധനുമാസത്തിലെ തിരുവാതിര വ്രതം. ഭഗവാന്‍ ശിവന്റെ  ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാര്‍വതീ വിവാഹം നടന്ന ദിനമായും കാമദേവന് ഭഗവാന്‍ പുനര്‍ജ്ജന്മം നല്‍കിയ ദിനമായും ഈ ദിവസത്തെ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു.  ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീപാര്‍വതീദേവി തന്നെയാണ്. കന്യകമാര്‍ ഉത്തമ ഭര്‍തൃലബ്ധിക്കായും മംഗല്യവതികള്‍ ഭര്‍തൃ ക്ഷേമത്തിനായും കുടുംബൈശ്വര്യത്തിനായും ആതിരവ്രതം അനുഷ്ടിക്കുന്നു.മകയിരം, തിരുവാതിര, പുണര്‍തം എന്നീ ദിവസങ്ങളില്‍ വ്രതം അനുഷ്ടിക്കണം. തിരുവാതിര നോയമ്പില്‍ അരി ആഹാരം വര്‍ജ്യമാണ്‌. ചേന, കാച്ചില്‍, ചേമ്പ്, കൂര്‍ക്ക, നനകിഴങ്ങ് , ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരകിഴങ്ങ്, നേന്ത്രക്കായ എന്നിവകള്‍ കനലില്‍ ചുട്ടു വിശേഷ വിധിയാല്‍ തയാറാക്കുന്ന നിവേദ്യപ്രസാദം അന്നേ ദിവസം കഴിക്കണം. ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്ന് പറയുന്നു. മകയിരം നക്ഷത്രം സന്ധ്യാസമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഗണപതി, പാർവ്വതി, പരമ ശിവൻ എന്നീ ദേവതകൾക്കാണ്  എട്ടങ്ങാടി നിവേദിക്കേണ്ടത്. കിഴങ്ങുകളുടെ തരത്തില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.  ചാമ, ഗോതമ്പ്, കൂവ കുറുക്കിയത്  മുതലായവയും കഴിക്കാം. നേന്ത്രക്കായും കിഴങ്ങുകളും വന്‍പയറും മറ്റും ചേര്‍ത്ത് തയാറാക്കുന്ന തിരുവാതിരപ്പുഴുക്കും വിശേഷമാണ്.

തിരുവാതിര വ്രതം അനുഷ്ടിക്കുന്ന സുമംഗലികള്‍ “ഓം ശിവ ശക്തൈക്യ രൂപിന്യൈ നമ:” എന്ന മന്ത്രം 108 തവണ ഉരുക്കഴിക്കുന്നത് ദാമ്പത്യ ക്ലേശങ്ങള്‍ അകലുവാനും ഐക്യമത്യത്തിനും കുടുംബ ഭദ്രതയ്ക്കും വളരെ പ്രയോജനകരമാണ്. കന്യകമാര്‍ “ഓം സോമായ നമ:” എന്ന മന്ത്രം 108 തവണ ജപിക്കുന്നത്  ഇഷ്ട ഭര്‍തൃപ്രാപ്തിക്കും അവിവാഹിതരായ പുരുഷന്മാര്‍ “ഓം ഉമാ മഹേശ്വരായ നമ:” എന്ന മന്ത്രം 108 തവണ ജപിക്കുന്നത്  ഇഷ്ട കളത്രസിദ്ധിക്കും വളരെ ഉപയുക്തമാണ്. പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്ര നാമം, ഉമാമഹേശ്വര സ്തോത്രം, ശിവപുരാണം, മുതാലയവ പാരായണം ചെയ്യുന്നതും അതി വിശിഷ്ടമാണ്. തിരുവാതിര നക്ഷത്രം രാത്രിയില്‍ വരുന്ന ദിവസം രാത്രിയില്‍ ഉറക്കം ഒഴിവാക്കണം.

പാതിരാപ്പൂ ചൂടല്‍

ദശപുഷ്പങ്ങളാണ് തിരുവാതിര രാവില്‍ അര്‍ദ്ധ രാത്രി സമയം സുമംഗലിമാര്‍ മുടിയില്‍ ചൂടേണ്ടത്. പാതിരാപ്പൂ ചൂടുമ്പോഴും  മറ്റും പ്രത്യേകമായ പാട്ടുകള്‍ പതിവുണ്ട്. ഓരോരോ പുഷ്പങ്ങളായി എടുത്ത് അവയുടെ ദേവതകളെ സ്മരിച്ചു കൊണ്ട് ചൂടുന്നു. ഓരോ പുഷ്പം ചൂടുന്നതിനും ഓരോ ഫലമാണ് പറയപ്പെട്ടിരിക്കുന്നത്.

ദശപുഷ്പ ധാരണവും ഫലങ്ങളും 

കറുക – ആധിവ്യാധി നാശം
പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം
നിലപ്പന – പാപശമനം 
കയ്യോന്നി– പഞ്ചപാപശമനം
മുക്കുറ്റി– ഭർത്തൃസുഖം, പുത്രസിദ്ധി
തിരുതാളി– സൗന്ദര്യ വർദ്ധനവ്
വള്ളിയുഴിഞ്ഞ– അഭീഷ്ടസിദ്ധി
ചെറൂള – ദീർഘായുസ്സ്
മുയൽ ചെവിയൻ – മംഗല്യസിദ്ധി
കൃഷ്ണക്രാന്തി – വിഷ്ണു പ്രീതി.

പുണര്‍തം നാളില്‍ കുളിച്ച്  ശിവ ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പുണര്‍തം നാളിന്റെ ആദ്യ കാല്‍ ഭാഗം കഴിയുമ്പോള്‍ വ്രതം അവസാനിപ്പിച്ച് അരി ഭക്ഷണം കഴിക്കാവുന്നതാണ്.

ഈ വര്‍ഷത്തെ ആർദ്രാവ്രതം 1194 ധനു മാസം 25  (10.01.2020) വെള്ളിയാഴ്ചയാണ്. ക്ഷേത്രങ്ങളില്‍ ആര്‍ദ്രാ ദര്‍ശനവും അന്നുതന്നെയാണ്. പാതിരാപ്പൂ ചൂടേണ്ടതും രാത്രി ഉറക്കം ഒഴിയ്ക്കേണ്ടതും തലേന്ന് 09.01.2020 വ്യാഴാഴ്ച രാത്രിയില്‍ ആകുന്നു.

ഹൈന്ദവ വിശ്വാസങ്ങളെ പുതിയ തലമുറയുമായി ബന്ധിപ്പിച്ചു നിര്‍ത്താനുള്ള ഉല്‍പ്രേരകങ്ങളാണ് നമ്മുടെ ഓരോ വ്രതങ്ങളും ഉത്സവങ്ങളും ആചരണങ്ങളും. അവയെ കൈവിടാതെ മുറുകെ പിടിക്കേണ്ടത് നാം ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. ധനുമാസക്കുളിരും ശിവപാര്‍വതീ സ്മരണയും കൈകൊട്ടിപ്പാട്ടിന്റെ ഈണവും പേറി വരുന്ന ആതിരയെ നമുക്കു മറക്കാതിരിക്കാം.  


ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസ തിരുവാതിര ദിനത്തില്‍ (10.01.2020) ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ആര്‍ദ്രാ പൂജ നടത്തുന്നു. അവിവാഹിതര്‍ക്ക് വിവാഹതടസ്സം ഒഴിവാകുവാനും കുടുംബസ്ഥര്‍ക്ക് ദാമ്പത്യ സൌഖ്യം, നെടു മംഗല്യം എന്നിവ പ്രദാനം ചെയ്യുന്ന ഈ മഹത് പൂജയില്‍ നിങ്ങളുടെ പേരും നാളും ചേര്‍ത്ത് പൂജ നടത്താവുന്നതാണ്. മേല്‍വിലാസം നല്‍കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പൂജാ പ്രസാദവും കുടുംബിനികള്‍ക്ക് സീമന്ത രേഖയില്‍ തൊടാവുന്ന അതിവിശിഷ്ടമായ മംഗല്യ കുങ്കുമവും അയച്ചു നല്‍കുന്നതാണ്. 09.01.2020 രാത്രി 12 മണി വരെ ബുക്ക് ചെയ്യാം.


ardra

Click here for your Pooja