വ്യാഴമാറ്റം 2020 നവംബർ 20 ന്

വ്യാഴമാറ്റം 2020 നവംബർ 20 ന്

2020 നവംബർ 20  ന് ഉച്ചയ്ക്ക് 01 .22  pm ന്  വ്യാഴം ധനുവിൽ  നിന്നും മകരത്തിലേക്ക് രാശി മാറുന്നു. നവഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. വ്യാഴം ചാരവശാൽ 2, 4, 5, 7, 9, 11 എന്നീ ആറു ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണഫലവും 1, 3, 6. 8. 10, 12 എന്നീ ഭാവങ്ങളിൽ കൂടെ സഞ്ചരിക്കുമ്പോൾ ദോഷഫലവും  നൽകുന്നു എന്നതാണ് പൊതു വായ നിയമം.

അടുത്ത ഒരു വര്‍ഷത്തേക്കുള്ള സാമാന്യമായ വ്യാഴ ഗോചരഫലം നല്‍കുന്നു. ഓരോരുത്തരുടെയും ജാതകത്തിലെ വ്യാഴസ്ഥിതിയും ദശാപഹാരങ്ങളുടെ ഗുണ ദോഷങ്ങളും അനുസരിച്ച് സൂക്ഷ്മ ഫലങ്ങള്‍ അറിയേണ്ടതാകുന്നു. 


മേടക്കൂര്‍ (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വ്യാഴം പത്തിലേക്ക്  മാറുന്നു. ചാരവശാല്‍ കര്‍മ്മവ്യാഴം നന്നല്ല. കർമ രംഗത്ത് അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയില്ല. പ്രവര്‍ത്തന മാന്ദ്യവും അലസതയും ഉണ്ടാകും. തൊഴില്‍ പരമായി ഒട്ടേറെ അനിഷ്ടാനുഭവങ്ങള്‍  നേരിടേണ്ടി വരാം. അധ്വാനം വര്‍ധിക്കും. അനുകൂലമല്ലാത്ത  സ്ഥലം മാറ്റങ്ങള്‍ ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും. കേസുകള്‍, വഴക്കുകള്‍, കോടതി ഇടപാടുകള്‍ എന്നിവയ്ക്കും സാധ്യത. വൈകാരിക സ്വഭാവം ഉപേക്ഷിച്ചു ക്ഷമയോടെ മുന്നേറുക. ദോഷ കാലമായതിനാല്‍ എല്ലാത്തിലും കരുതല്‍ പുലര്‍ത്തുക. ജോലി ഉപേക്ഷിച്ചാല്‍ മറ്റൊന്ന് ലഭിക്കുക പ്രയാസമാകും. ഗൗരവമായും പ്രായോഗികമായും ചിന്തിച്ചാൽ അമിത അധ്വാനം പണമാക്കി മാറ്റുവാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ വലിയ പരാജയത്തിന് സാധ്യതയില്ല. വ്യാഴാഴ്ചകളില്‍  വിഷ്ണു ക്ഷേത്രത്തില്‍  പാല്‍പായസം നിവേദിച്ച് അഷ്ടോത്തര അര്‍ച്ചന നടത്തുക. ഭാഗവതത്തിലെ  പ്രഹ്ളാദസ്തുതി  പതിവായി പാരായണം ചെയ്യുക.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)

വ്യാഴം ഭാഗ്യ  സ്ഥാനത്തേക്ക്  മാറുന്നു. വളരെ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ഒരു വർഷക്കാലത്തെ പല വൈഷമ്യങ്ങളും പരിഹൃതമാകും. കുടുംബം, സാമ്പത്തികം, തൊഴിൽ മുതലായ മേഖലകളിൽ ദീർഘകാല അടിസ്ഥാനത്തിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സര്‍വരുടെയും  അഭിനന്ദനവും ആദരവും നേടിയെടുക്കും. തൊഴിലില്‍ വലിയ പുരോഗതി ദൃശ്യമാകും. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും  വാങ്ങും. ഗൃഹം മോടി പിടിപ്പിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക്  ആഗ്രഹം സാധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന  അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹൃത മാകും. ദാമ്പത്യത്തില്‍ സുഖാനുഭവങ്ങളും സന്താനങ്ങളെ കൊണ്ട് നേട്ടങ്ങളും പ്രതീക്ഷിക്കാം.കാലതാമസം വന്നാലും പരാജയ സാധ്യതയുള്ള  മത്സരങ്ങളില്‍ പോലും  വിജയിക്കാന്‍ കഴിയും. നീതിന്യായ സംബന്ധമായ കാര്യങ്ങൾ ആനുകൂല്യ ഭവിക്കും. പൊതുരംഗത്ത് കൂടുതൽ അംഗീകാരം ലഭിക്കും.

മിഥുനക്കൂര്‍ (മകയിരം 1/2,തിരുവാതിര, പുണര്‍തം3/4)

വ്യാഴം എട്ടിലേക്ക്  മാറുന്നു. ചാരവശാല്‍ അഷ്ടമത്തില്‍ വ്യാഴം സഞ്ചരിക്കുന്ന സമയം അത്ര അനുകൂലമല്ല.വ്യക്തിപരമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും ആത്മവിശ്വാസക്കുറവ്, നിരാശ മുതലായ സംഗതികളും വരാവുന്നതാണ്.  അധ്വാനവും അലച്ചിലും വര്‍ധിക്കും എന്നതാണ് പ്രധാന ന്യൂനത. തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ക്ലേശങ്ങള്‍, തന്മൂലം മനക്ലേശവും ധനവ്യയവും വര്‍ധിക്കുക മുതലായ അനുഭവങ്ങളെ കരുതണം. ബന്ധുക്കളെക്കാള്‍ ഉപരി സുഹൃത്തുക്കളെ കൊണ്ട് ഗുണഫലങ്ങള്‍ വരാം. ശത്രുക്കള്‍ക്ക് ജയിക്കാനുള്ള അവസരം നമ്മളായിട്ട് സൃഷ്ടിച്ചു കൊടുക്കുന്ന സാഹചര്യങ്ങള്‍ വരാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കാൻ ഇടയുണ്ട്. അനവസരത്തിൽ അഭിപ്രായം പറയുന്നത് അംഗീകാരം കുറയാൻ കാരണമാകും. തൊഴില്‍ സ്ഥലമോ സ്ഥാനമോ ഒന്നിലധികം തവണ മാറേണ്ട അവസ്ഥ ഉണ്ടായേക്കാം. ഒരു സാഹചര്യത്തിലും വലിയ ധന മുതല്‍മുടക്കുകള്‍ക്ക് മുതിരരുത്. ദൈവാധീനവും ഭാഗ്യവും അല്പം കുറയുന്ന സമയമാണ് എന്ന ബോധ്യത്തോടെ ആത്മാര്‍ഥമായി ചെയ്യുന്ന പരിശ്രമങ്ങള്‍ വിജയം കാണും.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം) 

കർക്കിടക  രാശിക്കാര്‍ക്ക് ഏഴിലേക്ക് വരുന്നു. ചാരവശാല്‍ ഏഴിലെ വ്യാഴം നല്ല ഫലങ്ങള്‍ നല്‍കും. വിവാഹ തടസ്സം അനുഭവിച്ചു വന്നിരുന്നവര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍, വിവാഹം മുതലായവ വരാവുന്ന സമയമാണ്. കുടുംബ വിഷയങ്ങളിൽ പലവിധങ്ങളായ പ്രയാസങ്ങൾ അനുഭവിച്ചു വന്നിരുന്നതായി മിഥുനക്കൂറുകാർക്ക് മന സമാധാനം തിരികെ ലഭിക്കും. വ്യാപാരത്തിലും തൊഴില്‍ രംഗത്തും അനുഭവിച്ചു വന്നിരുന്നതായ പ്രയാസങ്ങള്‍ക്ക് ശമനം ഉണ്ടാകും. മനസ്സില്‍ സൂക്ഷിച്ചിരുന്ന പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുവാന്‍ കഴിയും. ദീർഘകാല ചികിത്സകൾക്ക് ഫലപ്രാപ്തി ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് സത് ഫലങ്ങൾ പ്രതീക്ഷിക്കാം.  അനുകൂലമായ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാകുകയും അത് മൂലം ശുഭ ഫലങ്ങള്‍ വരികയും ചെയ്യും. ഭൂമി, ഗൃഹം, സ്വത്ത് മുതലായ കാര്യങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. ആത്മ വിശ്വാസവും സാമ്പത്തിക  ശേഷിയും വര്‍ധിക്കും.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)

ഈ രാശിക്കാര്‍ക്ക് വ്യാഴം ആറാം ഭാവത്തിലേക്ക് മാറുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങളെ അവഗണിക്കുന്നത് ദോഷം ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ വരാവുന്നതാണ്. വ്യാപാര വ്യവസായങ്ങളിൽ നിന്നും വിചാരിക്കുന്ന ലാഭം വരാൻ പ്രയാസമാണ്.  ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും ജീവിത പങ്കാളിയുമായി പോലും അഭിപ്രായ വ്യത്യാസങ്ങള്‍ വരാം. പെരുമാറ്റത്തില്‍ ബോധപൂര്‍വമായ ക്ഷമാഭാവം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ കലഹ സാധ്യത കുറയും. ആറില്‍ വ്യാഴം വരുന്ന കാലത്ത് പൊതുവില്‍ ദൈവാധീനവും ഭാഗ്യവും കുറയും. ശത്രു ശല്യം വര്‍ധിക്കും. ആയതിനാല്‍ പുതിയ സംരംഭങ്ങളില്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇടപെടുന്നത് ഗുണകരമാകില്ല. ചിലവുകള്‍ വര്‍ധിക്കും. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. പഴയ കടബാധ്യതകള്‍ മൂലം മനോവൈഷമ്യം വരാം. ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാതെ നോക്കണം.  എന്നാൽ ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്നും കൃഷിയിൽ നിന്നും മറ്റും ലാഭം പ്രതീക്ഷിക്കാം.

കന്നിക്കൂർ : വ്യാഴം അനുകൂല ഭാവമായ അഞ്ചിലേക്ക് മാറുന്നു.  വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. മാനസിക സംഘർഷം ലഘൂകരിക്കാൻ സാധിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ അധ്വാനത്തിന് അംഗീകാരം ലഭിക്കും. ജോലിയില്‍ ഉണ്ടായിരുന്ന മന സ്വസ്ഥതയ്ക്ക് പരിഹാരം ലഭിക്കും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക്ഭൂ ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം. ഭൂമിക്രയ വിക്രയത്തിലും ഗൃഹ നിര്‍മാണ കാര്യങ്ങളിലും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക രംഗം പുഷ്ടിപ്പെടും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. ശത്രുക്കള്‍ പരാജിതരാകും. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം ലഭ്യമാകും. തൊഴിലില്‍ സ്ഥാനകയറ്റം ലഭിക്കും. കലാകാരന്മാര്‍ക്ക് അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. നക്ഷത്ര ദശാകാലം കൂടെ അനുകൂലമായ സമയമാണെങ്കില്‍ അപ്രതീക്ഷിത ഭാഗ്യാനുഭാവങ്ങള്‍ക്കും സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ അനുകൂല അനുഭവങ്ങൾ പ്രതീക്ഷിക്കാം. 

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വ്യാഴമാറ്റം കാര്യമായ ഗുണഫലങ്ങള്‍ നല്‍കുകയില്ല. എന്നാൽ വലിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയില്ല എന്ന് ആശ്വസിക്കാം. എന്നിരുന്നാലും മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പല കാര്യങ്ങളിലും തടസ്സാനുഭവങ്ങള്‍ വരാം. ദാമ്പത്യ പരമായ ക്ലേശങ്ങള്‍ വര്‍ദ്ധിക്കാം. ജിവിത പങ്കാളിക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന സമയമാണ്.  തൊഴില്‍ രംഗത്തും പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും അകന്നു കഴിയേയേണ്ടതായ സാഹചര്യം സംജാതമായി എന്ന് വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം എന്നിവ ഒഴിവാക്കണം. സാഹസിക പ്രവൃത്തികളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ബോധപൂര്‍വം ഒഴിഞ്ഞു നില്‍ക്കണം. അപകടങ്ങള്‍ക്കും വീഴ്ചകള്‍ക്കും മറ്റും സാധ്യത ഉള്ളതിനാല്‍ വാഹനം, യന്ത്രം, അഗ്നി, വൈദ്യുതി എന്നിവയുമായി ബന്ധപ്പെടുമ്പോള്‍ വളരെ കരുതല്‍ വേണം.  കുടുംബ സ്വസ്ഥതയും കുറയാന്‍ ഇടയുണ്ട്. കഴിഞ്ഞ ഒരു വർഷത്തേക്കാൾ ഗുണം ചെയ്യുന്ന അനുഭവങ്ങൾ ഉണ്ടാകും എന്നത് ആശ്വാസകരമാണ്.

This image has an empty alt attribute; its file name is vrishchikam.png
വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചിക ക്കൂറുകാര്‍ക്ക് വ്യാഴം മൂന്നിലേക്ക് വരുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. തൊഴിലില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. മാതാപിതാക്കന്മാരുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് വിഷമിക്കേണ്ട സാഹചര്യങ്ങൾ വരാവുന്നതാണ്. നല്ലതിന് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പരാജയത്തില്‍ കലാശിച്ചു എന്ന് വരാം. വാസ സ്ഥലത്തിനു മാറ്റം വരാന്‍ ഇടയുണ്ട്. എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സുഹൃത്ത് സംസര്‍ഗം മൂലം അപഖ്യാതി കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഇഷ്ട ജനങ്ങള്‍ക്ക് രോഗാദി ദുരിതങ്ങള്‍ ഉണ്ടായി എന്ന് വരാം. വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യതയില്ല എന്ന് ആശ്വസിക്കാം.  പല അവസരങ്ങളിലും മാനസിക വിഹ്വലത മൂലം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വരാം. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാത്ത പ്രവൃത്തികള്‍ മൂലം മനോ വൈഷമ്യം വരാന്‍ ഇടയുണ്ട്. ശനി മൂന്നിൽ നിൽക്കുന്നതിനാൽ ചിന്തിച്ചു പ്രവർത്തിച്ചാൽ പല പ്രതിസന്ധി കളെയും അതിജീവിക്കാൻ കഴിയും.

ധനുക്കൂര്‍ (മൂലം, പൂരാടം,ഉത്രാടം 1/4)


വ്യാഴത്തിന്റെ  രണ്ടിലെ സ്ഥിതി  ധനുക്കൂറ്കാര്‍ക്ക് പൊതുവില്‍ ഗുണകരമാണ്. പല ഗ്രഹങ്ങളും ഗോചരവശാൽ നിങ്ങൾക്ക് അനുകൂലമാകയാൽ പലവിധങ്ങളായ ആനുകൂല്യങ്ങളും വരും വര്ഷം പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങൾ ആഗ്രഹ സാധ്യത്തിൽ എത്തും. മുന്‍കാലങ്ങളില്‍ അനുഭവപ്പെട്ടിരുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരമാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നേട്ടവും മത്സരവിജയവും ഉണ്ടാകും.  ധനപരമായും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. വ്യാപാര ലാഭം വര്‍ധിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. നഷ്ടമായി എന്ന് കരുതിയ ധനം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യത്തിലെ ക്ലേശങ്ങൾ അകലും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. വ്യാഴ അഷ്ടോത്തരം വ്യാഴാഴ്ചകളില്‍ പതിവായി ജപിക്കുന്നത്  കൂടുതല്‍ സത്ഫലങ്ങള്‍ ഉണ്ടാക്കും.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

മകരക്കൂറുകാര്‍ക്ക്  2020   നവംബര്‍ 20   മുതല്‍ ജന്മവ്യാഴക്കാലമാകുന്നു. പൊതുവില്‍ ക്ലേശ അനുഭവങ്ങള്‍ വര്‍ധിക്കും. ആരോഗ്യ കാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം. അസമയത്തും അനാവശ്യവും ആയ യാത്രകള്‍ കഴിവതും ഒഴിവാക്കുക. വ്യക്തി ബന്ധങ്ങളിൽ ഉലച്ചിലുകൾ വരാവുന്നതാണ്. വസ്തു, വാഹനം മുതലായവ വാങ്ങുന്നത് ഒരു വര്‍ഷക്കാലം കഴിഞ്ഞ് ആകുന്നതാണ് ഉത്തമം. ഏഴര ശനിക്കാലം കൂടെയാകയാല്‍ കര്‍മരംഗത്ത്  പല പ്രശ്നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അർഹമായ സ്ഥാനക്കയറ്റം, ആനുകൂല്യം മുതലായവയ്ക്ക് കാലതാമസം വരാവുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയമല്ല. ധനപരമായ കാര്യങ്ങളില്‍  വളരെ കരുതല്‍ പുലര്‍ത്തണം. കുടുംബ പരമായും കാലം നന്നല്ല. വേണ്ടത്ര പരിചയമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ വരുത്തി വയ്ക്കും. എല്ലാ കാര്യങ്ങള്‍ക്കും പതിവിലും അധികം അധ്വാനം വേണ്ടിവരും. ആരോഗ്യപരമായ വൈദ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. വിഷ്ണു സഹസ്രനാമവും നാരായണ കവചവും  പതിവായി ജപിക്കുക. ദോഷ  കാഠിന്യം കുറയും.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)

കുംഭക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടിലേക്ക് മാറുന്നു.   ചിലവുകൾ അപ്രതീക്ഷിതമായി വർധിക്കും.  പല കാര്യങ്ങളിലും പരാജയം നേരിടേണ്ടിവരും. ധന ക്ലേശങ്ങള്‍ ഉണ്ടാകും. ഉറ്റവരുമായി പോലും കലഹങ്ങള്‍ ഉണ്ടായെന്നു വരാം. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. കര്‍മരംഗത്ത് പ്രതിസന്ധികളെ നേരിടേണ്ടി വരും. ഗൃഹനിര്‍മ്മാണത്തില്‍  കാലതാമസം നേരിടും. അകാരണ മാനസിക വ്യസനം ഉണ്ടാകും. ചതിയിലും വിവാദങ്ങളിലും ഉള്‍പ്പെടാന്‍ സാധ്യത ഏറെയാണ്‌.   എല്ലാ കാര്യത്തിലും തുടക്കത്തില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകും. പാഴ് ചിലവുകള്‍ വര്‍ധിക്കും. തൊഴില്‍ മാറാനുള്ള ശ്രമം ഉപേക്ഷിക്കണം. തൊഴില്‍ നഷ്ടം സംഭവിച്ചാല്‍ മറ്റൊരു തൊഴില്‍ ലഭിക്കുക പ്രയാസമാകും. അമിത ആത്മ വിശ്വാസം കൂടാതെ ആലോചനയുടെ ചെയ്യുന്ന പ്രവൃത്തികൾ മൂലം നന്മയുണ്ടാകും.  വിഷ്ണു സഹസ്രനാമം, സുദർശന മാലാ മന്ത്രം എന്നിവ  പതിവായി ജപിക്കുക. തടസ്സങ്ങള്‍ ഒരു വലിയ പരിധി വരെ കുറയും.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 

പതിനൊന്നിലെ  വ്യാഴം  സര്‍വ ഗുണങ്ങളും നല്‍കും എന്നാണ് പ്രമാണം. ധനനേട്ടം, ഭൂമിലാഭം, ദ്രവ്യലാഭം മുതലായവ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയത്തിലെത്തും. ഭാവി ശോഭനമാക്കാൻ വേണ്ട പല കാര്യങ്ങൾക്കും തുടയ്ക്കും കുറിക്കും. നല്ല മാറ്റങ്ങൾ ഉണ്ടാകും. ജോലിയില്‍  അനുകൂല മാറ്റങ്ങളോ സ്ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം ഉണ്ടാകും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയും. വിദേശയാത്രയ്ക്ക്  ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. കുടുംബത്തില്‍ സ്വസ്ഥതയും  സമാധാനവും നിറയും. ഭൂമി ഗൃഹം മുതലായവ അനുഭവത്തില്‍ വരും. വിദ്യാര്‍ഥികള്‍കള്‍ക്ക് മികച്ച പരീക്ഷാവിജയം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ ഭാഗ്യവും കുടുംബസ്ഥര്‍ക്ക് കുടുംബ സുഖവും പ്രതീക്ഷിക്കാം. പൊതുവില്‍ പല കാര്യങ്ങളിലും അനുകൂല പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. നഷ്ടമായ പേരും പെരുമയും തിരികെ ലഭിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും.


.