Site icon Sreyas Jyothisha Kendram

വ്യാഴദോഷ പരിഹാരം

വ്യാഴം ആര്‍ക്കൊക്കെ അനിഷ്ടഫലദായകനായിരിക്കും?

1. ഇടവം, മിഥുനം, മകരം, കുംഭം എന്നീ ലഗ്നക്കാര്‍ക്ക്.
2. അശ്വതി, മകം, മൂലം, കാര്‍ത്തിക, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണര്‍തം, വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രക്കാര്‍.
3. ഗ്രഹനിലയില്‍ 6, 8, 12 എന്നീ ഭാവങ്ങളില്‍ വ്യാഴം നില്‍ക്കുന്നവര്‍.
4. ജാതകത്തില്‍ വ്യാഴം, മകരം, ഇടവം, തുലാം, മിഥുനം, കന്നി എന്നീ രാശികളില്‍ നിന്നാല്‍.
5. ജാതകത്തില്‍ വ്യാഴത്തിന് ബുധ ശുക്രന്മാരുടെ യോഗദൃഷ്ടികള്‍ വന്നാല്‍.
6. ചാരവശാല്‍ വ്യാഴം അനിഷ്ടരാശികളില്‍ കൂടി സഞ്ചരിക്കുമ്പോള്‍

ഗ്രഹനിലയില്‍ വ്യാഴം ദുര്‍ബലനായ വ്യക്തിയുടെ പ്രഥമ ലക്ഷണം കര്‍മശക്തിയിലും ഈശ്വര വിശ്വാസത്തിലും പാരമ്പര്യ വിശ്വാസങ്ങളിലും വരുന്ന കുറവുകളാണ്. ഉപാസനാദി കാര്യങ്ങളില്‍ നിഷ്‌കര്‍ഷ കുറയും. ഗുരുജനങ്ങളോടും മറ്റു ബഹുമാന്യരോടും ഉള്ള ബഹുമാനം കുറഞ്ഞിരിക്കും.
ആത്മ വിശ്വാസക്കുറവും, നിരാശാബോധം, ഉല്‍ക്കണ്ഠ എന്നിവ ഏറിയിരിക്കും. ഗുരുവിന്റെ ദശാപഹാര കാലങ്ങളില്‍ ഇവ വളരെ വര്‍ധിക്കുന്നതായും കണ്ടുവരുന്നു. പൊതുവില്‍ വ്യാഴദശയില്‍ ഇവര്‍ക്ക് ദൈവാധീനക്കുറവിനാലും ഭാഗ്യലോപത്താലും വിഷമതകള്‍ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്.
വ്യാഴാഴ്ചകളില്‍ ഗുരു ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെ ഗുണം ചെയ്യും. വ്യാഴാഴ്ച വ്യാഴഹോരയില്‍ (വ്യാഴാഴ്ച ഉദയശേഷം ഉദ്ദേശ്യം ഒന്നര മണിക്കൂറിനകം) പരിഹാര കര്‍മ്മങ്ങള്‍ സമാരംഭിക്കുന്നത് വളരെ ഉത്തമമാണ്.
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. അന്നേ ദിവസം മത്സ്യ മാംസാദികള്‍ വര്‍ജിച്ച് മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. നാരായണീയം, നാരായണ കവചം, ലക്ഷ്മീനാരായണ സ്‌തോത്രം, വിഷ്ണു സഹസ്രനാമം മുതലായ സ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വം പാരായണം ചെയ്യുക.
തിരുപ്പതി വെങ്കടാചലപതിയെ ഉപാസിക്കുന്നത് വ്യാഴപ്രീതിക്ക് അത്യുത്തമമാണ്. മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമര്‍പ്പിക്കുന്നതും ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും സാളഗ്രാമത്തിന് ക്ഷീരാഭിഷേകം നടത്തുന്നതും ഗുരുദോഷ പരിഹാരത്തിന് വളരെ ഗുണകരമാണ്.
വ്യാഴന്റെ സംഖ്യായന്ത്രം, പുഷ്യരാഗ രത്‌നം എന്നിവ ധരിക്കുന്നതും, ഗുരുഗായത്രി, വ്യാഴ അഷ്‌ടോത്തരം എന്നിവ ജപിക്കുന്നതും, പഞ്ചസാര, മഞ്ഞള്‍, മഞ്ഞ നിറമുള്ള ധാന്യങ്ങള്‍, നാരങ്ങ, മഞ്ഞ വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നതും ഒക്കെ ഗുരുദോഷശാന്തിക്ക് സഹായകമായ കര്‍മങ്ങളാണ്.

വിനോദ് ശ്രേയസ് 2016 ൽ മംഗളം ദിനപത്രം ഓൺലൈൻ എഡിഷനിലും ജ്യോതിഷ ഭൂഷണം മാസികയിലും പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന് .

Exit mobile version