Sreyas Jyothisha Kendram

നിങ്ങളുടെ ജാതകത്തിൽ ഈ യോഗങ്ങൾ ഉണ്ടെങ്കിൽ ഗുണം ഇങ്ങനെ..

Share this Post

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗ്രഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് പഞ്ച മഹാ പുരുഷ യോഗങ്ങള്‍ എന്ന് അറിയപ്പെടുന്നത്.

ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി (1 -4 -7-10 ) വരികയും ചെയ്‌താല്‍ ആ ജാതകന്നു രുചക യോഗം ഉണ്ട് എന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘായുസ്സ്, മനോഹര ദേഹ കാന്തി, നല്ല ആരോഗ്യം, ശാരീരികബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക, സത് കാരമങ്ങൾ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയപ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും. അതുപോലെ മുറികൾ, ചതവുകള്‍ മുതലായവ ധാരാളം ദേഹത്തിൽ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.

ഇവർ മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യസന്ധത, ചിന്താ ശീലം, കരുതലോടെ പ്രവര്‍ത്തിക്കുന്ന സ്വഭാവം തുടങ്ങിയവ ഇവരുടെ പ്രത്യേകതയായിരിക്കും. സൌഭാഗ്യം, സമ്പത്ത് എന്നിവ ഉണ്ടാകും. ഈ യോഗമുള്ള ജാതകക്കാര്‍ക്ക് നേതൃ ഗുണം ധാരാളമായി ഉണ്ടായിരിക്കും. ഭരണ ശേഷി ഉള്ളവരും ആര്‍ക്കും കീഴടങ്ങാത്ത വരും ആയിരിക്കും. രാജ തുല്യമായ പ്രതാപത്തില്‍ ജീവിക്കും. പെട്ടെന്ന് കോപം വരും .ദേഷ്യം വന്നാല്‍ എന്തും ചെയ്യാനും പറയാനും മടിക്കുകയില്ല. ഉദേശിച്ച കാര്യങ്ങള്‍ നേടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കും.

ബുധന്‍ ജാതകത്തില്‍ ബലവാനായി മൂല ത്രികോണം,സ്വക്ഷേത്രം അഥവാ ഉച്ച സ്ഥാനത്തു നില്‍ക്കുകയും അവ കേന്ദ്രങ്ങളായി വരികയും ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയുടെ ജാതകത്തില്‍ ഭദ്രയോഗം ഉണ്ടെന്നു പറയാം.

ഭദ്ര യോഗത്തില്‍ ജനിച്ചാല്‍ ബുദ്ധിമാനും, എല്ലാ ശാസ്ത്രങ്ങളെയും അറിയുന്നവനും, സുഖ ഭോഗങ്ങള്‍ അനുഭവിക്കുന്നവനും, സ്വകാര്യങ്ങള്‍ സൂക്ഷിക്കുന്നവനും, ധര്‍മ്മ നിരതനായും, സുന്ദരമായ കവിള്‍ത്തടങ്ങള്‍, കറുത്ത ചുരുണ്ട മുടി എന്നീ സൌന്ദര്യ ഗുണങ്ങളും ഉള്ള ആളായിരിക്കും .

ഈ യോഗമുള്ളവര്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമെങ്കിലും പ്രവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും. സ്വജനങ്ങള്‍ക്ക് വലിയ ഉപകാരമില്ലെങ്കിലും അന്യര്‍ക്ക് വളരെ അധികം ഗുണങ്ങള്‍ ചെയ്തു കൊടുക്കും. ഇവരുടെ ദാമ്പത്യ ജീവിതം സുഖവും സമാധാനവും നിറഞ്ഞതായിരിക്കും.

ഗുരു അല്ലെങ്കില്‍ വ്യാഴ ഗ്രഹം ജാതകത്തില്‍, സ്വക്ഷേത്രത്തിലോ ,ഉച്ചത്തിലോ, മൂല ത്രികോണ ത്തിലോ നില്‍ക്കുകയും അവ 1 -4-7-10 മുതലായ കേന്ദ്രങ്ങളില്‍ ഒന്നായി വരികയും ചെയ്‌താല്‍ ആ ജതകന്നു “ഹംസ യോഗം “ഉണ്ടെന്നു പറയാം.

ഈ യോഗത്തില്‍ ജനിക്കുന്നയാള്‍ വെളുത്ത് നല്ല അംഗ സൗഷ്ഠവത്തോട് കൂടിയവ്യക്തി ആയിരിക്കും.ഈ വ്യക്തിക്ക് പുരാണ ഇതിഹാസങ്ങളിലും വേദോപനിഷത്തുകളിലും താല്പര്യവും പാണ്ഡിത്യവും ഉണ്ടായിരിക്കും. അത് പോലെ തന്നെ ദീര്‍ഘായുസ്സും സന്തോഷപരമായ ജീവിതവും ആ യിരിക്കും.

ശുക്രന്‍ ജാതകത്തില്‍ സ്വക്ഷേത്രത്തിലോ, ഉച്ചത്തിലോ, ത്രികോണത്തിലോ നില്‍ക്കുകയും അവ കേന്ദ്രങ്ങളില്‍ ഒന്നായി വരികയും ചെയ്‌താല്‍ ജാതകത്തില്‍ മാളവ്യ യോഗം ഉണ്ടാവുന്നു .

മാളവ്യ യോഗമുള്ളവര്‍ വളരെയധികം സൌന്ദര്യം ഉള്ളവരായിരിക്കും. വളരെ ഭംഗിയുള്ള ശരീര പ്രകൃതി , ശാസ്ത്രങ്ങള്‍ അറിയുന്നവന്‍, കലാകാരന്‍ എന്നീ നിലകളില്‍ വളരെ അധികം ഖ്യാതി നേടും. ഇവര്‍ സാമ്പത്തികമായും വളരെ അധികം നല്ല നിലയില്‍ ആയിരിക്കും. ഇങ്ങനെയുള്ള യോഗം കൊണ്ട് പ്രഭുത്വം വരെ ഉണ്ടാകുമെന്നാണ് പറയുന്നത്. ഈ യോഗമുള്ളവര്‍ക്ക്, ഒന്നിലധികം വീടുകള്‍, വാഹനങ്ങൾ എന്നിവ ലഭിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ട് എന്ന് അനുമാനിക്കാം. ഇവർ നല്ല കലാകാരന്മാര്‍ ആയിരിക്കുവാനും വളരെ അധികം സാധ്യതകള്‍ ഉണ്ട്.

‘ശശ’ യോഗമുള്ള വ്യക്തിയുടെ ജാതക പ്രകാരം ശനി ഗ്രഹം ഗ്രഹനിലയിൽ ഉച്ചം, മൂല ത്രികോണം , സ്വക്ഷേത്രം എന്നി ഏതെങ്കിലുമൊരു സ്ഥലത്ത് സ്ഥിതി ചെയ്കയും അവ കേന്ദ്രങ്ങളില്‍ ഒന്നായി വരികയും ചെയ്‌താല്‍, ഈ യോഗം ഉണ്ടാകാവുന്നതാണ്.

ഈ യോഗമുള്ള വ്യക്തികള്‍ പെരുമാറ്റത്തില്‍ അത്ര മയമുള്ളവരായിരിക്കണമെന്നില്ല . ഏതു രംഗത്തും നേതാവ് ആയിരിക്കും. സൈന്യം, പോലീസ് മുതലായ രംഗങ്ങളില്‍ നേതൃ പദവികളിൽ നന്നായി ശോഭിക്കും. രാഷ്ട്രീയത്തിൽ നേതൃ സ്ഥാനങ്ങളില്‍ ഇക്കൂട്ടരെ കാണാം.

ആ വ്യക്തി നല്ല കാര്യ പ്രാപ്തി ഉള്ള ആളായിരിക്കും. എങ്കിലും മറ്റുള്ളവരില്‍ എപ്പോഴും കുറ്റങ്ങള്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കും എന്നുള്ള ഒരു ന്യൂനതയുണ്ട്. അതുപോലെ ഇവർര്‍ക്ക് കാട്ടിലും, വന പര്‍വ്വതങ്ങളിലും സഞ്ചരിക്കുവാൻ താല്പര്യം കൂടുതലായി ഉണ്ടായിരിക്കും. ലോഹം, രാസവസ്തുക്കൾ മുതലായവയുമായി ബന്ധപ്പെട്ട തൊഴിലുകളിലും വ്യാപാരത്തിലും ശോഭിക്കും.

മേല്‍പ്പറഞ്ഞ ‘പഞ്ചാമഹാപുരുഷയൊഗങ്ങള്‍’ ഗുണപരമായി ഭവിക്കണമെങ്കില്‍ ജാതകത്തില്‍ സൂര്യനും, ചന്ദ്രനും ബലവാന്മാരയിരിക്കണം എന്നുള്ളതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കില്‍ ഈ യോഗങ്ങളെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ കുറഞ്ഞു പോകുവാൻ ഇടയുണ്ട്.


Share this Post