Sreyas Jyothisha Kendram

തുളസിക്കതിർ ചൂടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ..

Share this Post

അതിരാവിലെ കുളിച്ച് നടുമുറ്റത്തെ തുളസിത്തറയിലെ കൃഷ്ണത്തുളസിയിൽ നിന്നൊരു കതിരെടുത്തു തലയിൽ ചൂടിയാൽ ഏതു സ്ത്രീയും ഐശ്വര്യദേവതയായി എന്നായിരുന്നു പണ്ടത്തെ സങ്കൽപം. തുളസിക്കതിർ ചൂടിയ സുന്ദരിമാരെ കുറിച്ച് കവികള് പോലും പുകഴ്ത്തിയിട്ടുണ്ട്. ഇതിൽ കാര്യമേറെയുണ്ട്. സാക്ഷാൽ മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ അവതാരമാണു തുളസിയെന്നാണു സങ്കൽപം. അതുകൊണ്ടുതന്നെ തുളസി വിഷ്ണുപ്രിയ എന്നും അറിയപ്പെടുന്നു

മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു. ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ് തുളസി. ഭൌതികമായ സൌന്ദര്യ ഭംഗിക്കു വേണ്ടി മാത്രം മുടിയിൽ തുളസി ചൂടുന്നതും കുളിക്കാതെയും അശുദ്ധി സമയങ്ങളിലും മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ല.

മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ തുടങ്ങിയ വൈഷ്ണവ മൂർത്തികളെയാണു വിശേഷമായും തുളസി കൊണ്ട് ആരാധിക്കുന്നത്. പൂജയ്ക്കു ശേഷം ലഭിക്കുന്ന തുളസി മുടിയിൽ ചൂടുന്നത് വിശേഷമാണ്. പരമശിവൻ, ഗണപതി തുടങ്ങിയ ശൈവ ദേവതകളെ തുളസി കൊണ്ട് ആരാധിക്കുക പതിവില്ല.

പൂജയ്ക്കല്ലാതെ തുളസി ഇറുക്കാനും പാടില്ല. ഇതുപോലെ സന്ധ്യാസമയത്തിനു ശേഷം തുളസി ഇറുക്കരുത്. ഏകാദശി, ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ ഇറുക്കരുതെന്നാണ് പറയുക.

നിത്യവും തുളസീ പൂജ ചെയ്യുന്നത് സർവൈശ്വര്യത്തിനു കാരണം ആകും എന്നാണ് പൊതുവെയുള്ള വിശ്വാസം. കുളിച്ചു ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വച്ച ശേഷം തുളസിസിച്ചെടി നനയ്ക്കുന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും അത്യുത്തമം എന്ന് സാരം .

വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളുള്ളവര്‍ തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്. സുമംഗലികൾ തുളസീ പൂജചെയ്യുന്നതു ദീർഘമംഗല്യത്തിനു ഉത്തമം എന്നും പറയപ്പെടുന്നു. ഒരു തുളസിച്ചെടിയെങ്കിലും നട്ടു പരിപാലിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജത്തിനും ദോഷഫലങ്ങൾ നീങ്ങാനും സഹായിക്കും.

തുളസീ പൂജയിലൂടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ഭവനത്തിൽ കുടിയിരുത്തുന്നു എന്നൊരു സങ്കൽപ്പവും ഉണ്ട്. തുളസിസിച്ചെടിയെ പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കാം..

പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ

ക്ഷീരോദ മഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം


Share this Post