Sreyas Jyothisha Kendram

വ്യാഴാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിച്ചോളൂ; തൊഴിൽ വിജയവും സമ്പത്തും ഭാഗ്യവും നിങ്ങളെ തേടി വരും!

Share this Post

മനുഷ്യ ജന്മത്തിലുണ്ടാകുന്ന പലദോഷങ്ങള്‍ക്കും വ്രതാനുഷ്ഠാനങ്ങളിലൂടെ പരിഹാരം നേടാനാവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഏറെ ചിട്ടയോടെ ചെയ്യാൻ മിക്കവരും ശ്രമിക്കാറുമുണ്ട്. എന്നാൽ വ്രതാനുഷ്ടാനങ്ങളുടെ ആചരണത്തിനായി എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം ചെയ്യണം എന്ന കാര്യത്തിൽ പലരും ബോധവാന്മാരായിരിക്കില്ല. അതിൻ്റേതായ ചിട്ടയോടെയും കൃത്യതയോടെയും ചെയ്യുന്ന വ്രതാനുഷ്ഠാനങ്ങൾക്കേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളു. അതുകൊണ്ട് തന്നെ അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.

BOOK YOUR POOJA ONLINE

ദിവസ വ്രതങ്ങളിൽ പ്രധാാനപ്പെട്ടതാണ് വ്യാഴാഴ്ച വ്രതം. വ്യാഴ പ്രീതി നേടുവാൻ വേണ്ടിയാണു വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ദേവന്മാരുടെ ഗുരു എന്ന നിലയിലും ബൃഹസ്പതി (വ്യാഴം) അറിയപ്പെടുന്നു. വ്യാഴന്റെ അധിദേവതയായ മഹാവിഷ്ണുവിന്റെ അനുഗ്രഹവും ഈ വ്രതാനുഷ്ടാനത്തിലൂടെ ലഭിക്കും. പതിനാറ് വ്യാഴാഴ്ചകൾ മുടക്കം കൂടാതെ തുടർച്ചയായി അനുഷ്ഠിക്കണമെന്നാണ് വ്രതവിധി.ജാതകവശാൽ വ്യാഴത്തിൻ്റെ ദോഷം അനുഭവിക്കുന്നവർക്ക് ഈ വ്രതാനുഷ്ഠാനം വളരെ ഉത്തമമാണ്. ദോഷ കാഠിന്യം കുറക്കാൻ ഇത് സഹായിക്കും. വ്യാഴ ദശ നിലവിൽ ഇല്ലാത്തവരും ഈ വ്രതം എടുക്കുന്നത് നല്ലതു തന്നെ. വ്യാഴ പ്രീതി ഉണ്ടായാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഉണ്ടാകും. ‘വ്യാഴം പിഴച്ചാൽ സർവ്വവും പിഴച്ചു’ എന്നാണല്ലോ പൊതുവേ പറയാറുള്ളത്. ഒരു ജാതകത്തിലെ ഈശ്വരാധീനം നിർണയിക്കുന്നതിൽ വ്യാഴന്റെ ബലത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങള്‍, ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹ സ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കില്‍ അനുഭവ ഗുണം കുറയും. ഏര്‍പ്പെടുന്ന എല്ലാ  കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ്  അനുഭവപ്പെടും. വ്യാഴം ജാതകത്തില്‍ ആറ് എട്ട്, പന്ത്രണ്ട് തുടങ്ങിയ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് നന്നല്ല. ജീവിത വിജയം കിട്ടാതെ ഗതികെട്ടു നാട് വിടുന്നവരെ  പന്ത്രണ്ടാം വ്യാഴക്കാരന്‍ എന്ന് നാട്ടു ഭാഷയില്‍  പറഞ്ഞു വരാറുണ്ടല്ലോ. ആറാമിടത്ത് വ്യാഴം നിന്നാല്‍ ദേഹ സുഖവും ദാമ്പത്യ സുഖവും കുറഞ്ഞിരിക്കും. ബലഹീനതയും അലസതയും മുഖമുദ്രയായിരിക്കും. ജാതകന്റെ മാതാവിനും ദേഹസുഖം കുറഞ്ഞിരിക്കാന്‍ ഇടയുണ്ട്. ആറിൽ വ്യാഴം നില്‍ക്കുന്നവന് ആരോഗ്യപരമായ ക്ലേശങ്ങള്‍ അല്ലാതെ ജീവിത വിജയത്തില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും നേരിടേണ്ടി വരണമെന്നില്ല.


ജാതകത്തിൽ വ്യാഴം അനുകൂലമായി വരുന്ന സന്ദർഭങ്ങളിൽ മറ്റ് ഗ്രഹങ്ങൾ മൂലമുള്ള സർവ്വദോഷങ്ങൾക്കും ശാന്തി ലഭിക്കും. എത്ര വലിയ ദോഷത്തേയും അതിജീവിക്കുവാൻ ഗുരു പ്രസാദത്താൽ കഴിയുമെന്നാണ് വിശ്വാസം. വ്യാഴം പിഴമൂലം ഒരാളുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നമാണ് സാമ്പത്തിക അധഃപതനം . വിധി പ്രകാരമുള്ള ഈശ്വര ഭജനകൊണ്ടും വ്യാഴാഴ്ച തോറും അനുഷ്ഠിക്കുന്ന വ്രതം കൊണ്ടും വ്യാഴ പ്രീതി വരുത്താം. ഇതിലൂടെ സാമ്പത്തികമായുണ്ടാകുന്ന ദോഷഫലങ്ങൾ വലിയൊരു പരിധിവരെ കുറക്കാനോ ഇല്ലാതാക്കാനോ സാധിക്കും. വ്യാഴൻ പ്രസന്നനായാൽ താൻ മൂലമുള്ള ദോഷങ്ങൾക്ക് വ്യാഴ ഭഗവാൻ തന്നെ പ്രതിവിധി കാണിച്ചു തരുമെന്നാണ് വിശ്വാസം. മഹാവിഷ്ണു, ശ്രീരാമചന്ദ്രൻ, ബൃഹസ്പതി തുടങ്ങിയവർക്ക് പ്രാധാന്യമുള്ള ദിവസമാണ് വ്യാഴാഴ്ച. അതുകൊണ്ട് തന്നെ വ്രതത്തിൻ്റെ ഭാഗമായുള്ള ആരാധനയിൽ നെയ്യ് വിളക്ക് കത്തിക്കുന്നതും മഞ്ഞ പുഷ്പം കൊണ്ടുള്ള പുഷ്പാഞ്ജലിയും പാല് നെയ്യ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന നിവേദ്യവും മഹാവിഷ്ണുവിന് സമർപ്പിക്കുന്നത് ഉത്തമമായി കണക്കാക്കുന്നു.

വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത് ഇപ്രകാരം
ഉപവാസമിരുന്നും ഒരു നേരം മാത്രം ഊണ് കഴിച്ച് ഒരിക്കലിരുന്നും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഏത് വ്രതത്തിനും പാലിക്കേണ്ട മനഃശുദ്ധി ,ശരീരശുദ്ധി, വാക്ക്ശുദ്ധി എന്നിവ വ്യാഴ്ച വ്രതത്തിനും പാലിക്കണം. മനസ്സിനെ ഈശ്വരനിൽ ഉറപ്പിച്ച് നി‍ര്‍ത്തേണ്ത് വ്രത്തിന് മികച്ച ഫലം ലഭിക്കുന്നതിൽ അനുകൂല ഘടകമാവും.. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരശതം എന്നിവ ജപിച്ചും ശ്രീമത് ഭാഗവതം ഭഗവത് ഗീത എന്നിവ പാരായണം ചെയ്തും മനസ്സിനെ ഈസ്വരോന്മുഖമാക്കി തീ‍ര്‍ക്കാം. മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്തുന്നതും വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തിന് ഗുണകരമാണ്. രോഹിണി, അത്തം, തിരുവാതിര നക്ഷത്രക്കാര്‍ പ്രത്യേകിച്ചും മഹാവിഷ്ണുവിൻ്റെ കടാക്ഷമുള്ളവരാണ്. ഇവര്‍ വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് ഇതു കൊണ്ടു തന്നെ ഏറെ ഗുണകരവുമാണ്.വ്യാഴാഴ്ച നാളിൽ ഹനുമാൻ സ്വാമിയെ പ്രസാദിപ്പിക്കുന്നതും ഗണം ചെയ്യും. ഇതിനായി വട മാല, വെറ്റില മാല, അവല്‍ നിവേദ്യം എന്നിവ സമർപ്പിക്കുന്നത് വളരെ നല്ലതാണാണ്.

പ്രഭാതത്തിൽ നെയ് വിളക്ക് കൊളുത്തി ഗായത്രി ജപത്തിനു ശേഷം വിഷ്ണുഗായത്രി ജപിക്കുക . ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ നൂറ്റെട്ട് തവണ ജപിക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും സത്‌ഫലം നൽകും. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നത് അത്യുത്തമം .

വിഷ്ണുഗായത്രി മന്ത്രം

ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണു: പ്രചോദയാത്.

(ഒൻപത് പ്രാവശ്യം വിഷ്ണുഗായത്രി മന്ത്രം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർധനയും സാമ്പത്തിക ഉന്നമനവും ലഭ്യമാകും.)

വ്യാഴാഴ്ച ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതും ചന്ദനം തൊടുന്നതും ഭഗവാന് ഏറ്റവും പ്രിയങ്കരമായ തുളസിച്ചെടി നനയ്ക്കുന്നതും ഐശ്വര്യ വർധനയ്ക്കു കാരണമാകും. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം കഴിവതും സസ്യാഹാരം ശീലിക്കുക. ഭഗവാൻ മഹാവിഷ്ണുവിനൊപ്പം ശ്രീരാമന്റെയും ദേവഗുരുവായ ബൃഹസ്പതിയുടെയും അനുഗ്രഹം ഈ വ്രതാനുഷ്ഠാനം കൊണ്ട് ലഭിക്കുന്നു.

വ്യാഴ പ്രീതി ഉണ്ടായാൽ ജീവിതത്തിൽ സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം
വ്യാഴം അനുകൂലമല്ലെങ്കിൽ വിദ്യാര്‍ത്ഥികൾക്ക് വിദ്യാ സംബന്ധമായ മുടക്കങ്ങൾ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികൾക്കും ദോഷശാന്തിക്കായി ഈ വ്രതം ഉത്തമമാണ്. പ്രായഭേദമെന്യേ ആര്‍ക്കും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം. വ്രതം അനുഷ്ഠിക്കുന്നതിൻ്റെ ഭാഗമായി അന്നേ ദിവസം മഞ്ഞ വസ്ത്രം ദാനമായി നൽകുന്നത് ഉത്തമമാണ്.ദോഷപരിഹാരാര്‍ത്ഥം ചെറുപയറും ദാനമായി നൽകാവുന്നതാണ്. പതിനാറ് വ്യാഴാഴ്ചകൾ തുടർച്ചയായി ഈ വ്രതം അനുഷ്ഠിക്കുന്നതോടുകൂടി വ്യാഴം പിഴ നീങ്ങി സമാധാനവും ശാന്തിയും കൈവരിക്കാൻ കഴിയുമെന്ന് ബൃഹസ്പതി വാരഫല ഫലശ്രുതിയിൽ പറയുന്നു. പതിനാറ് വ്യാഴാഴ്ച എന്നത് മാസത്തിലെ ഒരു വ്യാഴാഴ്ചയായിട്ടോ, തുടര്‍ച്ചയായി എല്ലാ ആഴ്ചയിലേയും വ്യാഴാഴ്ച എന്ന കണക്കിലോ അനുഷ്ഠിക്കാവുന്നതാണ്. ഓരോരുത്തരുടേയും സൗകര്യാര്‍ത്ഥം ഇത് തെരഞ്ഞെടുക്കാം.


Share this Post