Site icon Sreyas Jyothisha Kendram

അഷ്ടമംഗല്യം ഒരുക്കേണ്ടതെങ്ങനെ?

കേരളീയ ഹൈന്ദവ ആചാരക്രമം അനുസരിച്ച് മംഗളകരമായ കർമങ്ങൾ നടക്കുമ്പോൾ അഷ്ടമംഗല്യം (അഷ്ട മംഗലം) ഒരുക്കുന്ന പതിവുണ്ട്. അഷ്ട മംഗല്യത്തിൽ ഗുരുവും സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്പം. എട്ടു മംഗളകരമായ വസ്തുക്കൾ ചേർന്നതാണ് അഷ്ട മംഗല്യം. ദേശ ആചാരം അനുസരിച്ചും നടക്കുന്ന കർമത്തിന്റെ സ്വഭാവം അനുസരിച്ചും മറ്റും ഈ മംഗള വസ്തുക്കളിൽ പല മാറ്റങ്ങളും കണ്ടു വരാറുണ്ട്. ഓരോ മംഗള വസ്തുവും ഓരോ സൂചകങ്ങളാണ്. എന്തായാലും നാട്ടു നടപ്പിനും ദേശാചാരത്തിനും തന്നെയാണ് ഇവിടെ പ്രാധാന്യം.

അഷ്ടമംഗല വസ്തുക്കളെ പറ്റി പല ഗ്രന്ഥങ്ങളിലും പല രീതിയിൽ പരാമർശിച്ചു കാണുന്നു.

സമുല്‍ഗ ദര്‍പ്പണ സ്വര്‍ണ്ണ പുഷ്പാക്ഷത ഫലാനി ച
താംബൂലം ഗ്രന്ഥമിത്യഷ്ടൗ മംഗലാനി വിദുര്‍ ബുധാഃ

സമുല്‍ഗം (കുങ്കുമ ചെപ്പ്), ദര്‍പ്പണം (കണ്ണാടി), സ്വര്‍ണ്ണം, പുഷ്പം, അക്ഷതം (നെല്ലും ഉണക്കലരിയും), ഫലം, താംബൂലം, ഗ്രന്ഥം എന്നിങ്ങനെയുള്ള എട്ടു സാധനങ്ങളാണ് അഷ്ടമംഗലവസ്തുക്കള്‍ എന്നു സാമാന്യമായി പറഞ്ഞു വരുന്നു.

ദീപികാ ദര്‍പ്പണം ഹേമ ധാന്യപാത്രം ഘൃതം ദധി
പുസ്താമംഗലപാത്രീ ച ലൗകികം ത്വഷ്ടമംഗലം

ദീപം, കണ്ണാടി, സ്വര്‍ണ്ണം, ധാന്യപാത്രം, നെയ്യ്, ദധി (വസ്ത്രം), പുസ്തകം, മംഗലപാത്രം (കുങ്കുമച്ചെപ്പ്) ഇവ എട്ടുമാണ് അഷ്ടമംഗലങ്ങള്‍ എന്നും പക്ഷമുണ്ട്. ഇവ ലൗകികാഷ്ടമംഗലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

കുരവം ദര്‍പ്പണം ദീപം കലശം വസ്ത്രമക്ഷതം
അംഗനാഹേമസംയുക്തം അഷ്ടമംഗല്യ ലക്ഷണം.

കുരവം, കണ്ണാടി, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗന, സ്വര്‍ണ്ണം എന്നിവയാണ് അഷ്ടംഗലവസ്തുക്കള്‍ എന്ന് പ്രശ്‌നസാരത്തിൽ പരാമർശിക്കുന്നത് വിവാഹ ആവശ്യത്തിനു വേണ്ടി മാത്രമുള്ള അഷ്ടമംഗല്യമാകുന്നു എന്ന് പറയപ്പെടുന്നു. ശബ്ദ താരാവലിയിലും ഇത് പരാമർശിക്കുന്നു. കുരവം എന്നതിന് വായ്ക്കുരവ എന്നും വരിനെല്ല് എന്നും അർഥം പറയാം)

താംബൂല മക്ഷതം ചൈവ ക്രമുകം ദാരുഭാജനം
അംബരം ദര്‍പ്പണം ഗ്രന്ഥം ദീപമിത്യഷ്ടമംഗലം

താംബൂലം, അക്ഷതം, അടയ്ക്ക, മരപ്പാത്രം, വസ്ത്രം, കണ്ണാടി, ഗ്രന്ഥം, ദീപം എന്നിവയാണ് അഷ്ടമംഗലവസ്തുക്കള്‍ എന്നും പക്ഷമുണ്ട്.

എന്തായാലും മേല്പറഞ്ഞവയിലൊക്കെ ഉൾപ്പെട്ടു വരുന്നതായ മംഗള വസ്തുക്കളിൽ നിന്നും എട്ടെണ്ണം തിരഞ്ഞെടുത്ത് അഷ്ടമംഗല്യം തയാറാക്കുന്നതാവും പ്രായോഗികം.

Exit mobile version