Site icon Sreyas Jyothisha Kendram

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?

ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്‍ക്ക് അഭിവൃദ്ധി നല്‍കും. ചിലത് ദോഷകരമാണ് എന്നും കരുതപ്പെടുന്നു. ചില നിഷ്കർഷകൾക്ക് വാസ്തു ശാസ്ത്രത്തിന്റെ പിന്ബലമുണ്ടാകണമെന്നില്ല. പ്രാദേശികമായ അറിവുകളും വിശ്വാസങ്ങളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നു. മരങ്ങളും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ജീവന് ആധാരവും ഈ ബന്ധം തന്നെ. മരങ്ങളുടെ കാതലിനെ ‘സാരം’ എന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സാരത്തെ അടിസ്ഥാനമാക്കിയാണ് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത്. പണ്ട് വാർക്ക വീടുകൾ ഇല്ലായിരുന്നു. ഓടിട്ടതും ഓല മേഞ്ഞതും ആയ വ്ഉടുകൾക്ക് സമീപം കാതലില്ലാത്ത വൃക്ഷങ്ങൾ വച്ചാൽ അത് മഴയിലും കാറ്റിലും ഒടിഞ്ഞോ കട പുഴകിയോ വീടിന് നാശ നഷ്ടം വരുത്താനും ഇടയുണ്ടല്ലോ.

അന്തസാരം, ബഹിര്‍സാരം, സര്‍വ്വസാരം, നിസാരം എന്നിങ്ങനെ മരങ്ങളെ തരംതിരിച്ചിട്ടുണ്ട്. അകവശത്തു മാത്രം കാതലുള്ള മരങ്ങളാണ് അന്തസാരഗണത്തില്‍ പെടുന്നത്. ഉദാഹരണം: പ്ലാവ്, ആഞ്ഞിലി മുതലായവ. പുറത്തുമാത്രം കാതലുള്ള മരങ്ങള്‍ ബഹിര്‍സാരത്തില്‍ പെടുന്നു. ഉദാഹരണം: തെങ്ങ്, പന, കവുങ്ങ്. വെള്ള ഒട്ടുമില്ലാതെ നിറയെ കാതലുള്ള മരങ്ങളാണ് സര്‍വ്വസാരം എന്ന ഇനത്തില്‍ പെടുന്നത്. ഉദാ: തേക്ക്, ഈട്ടി. ഒട്ടും കാതലില്ലാത്ത പാല, മുരിങ്ങ തുടങ്ങിയവ ‘നിസാര’ ഇനത്തില്‍ പെടുന്നു.

തെങ്ങ്, പ്ലാവ്, മാവ്, പുളി, കവുങ്ങ് തുടങ്ങിയവ വീട്ടുവളപ്പില്‍ സാധാരണയായി കാണാറുള്ള വൃക്ഷങ്ങളാണ്. വാസ്തുശാസ്ത്രപ്രകാരം ഇവയ്ക്കും പ്രത്യേകം സ്ഥാനങ്ങളുണ്ട്. ഈ വൃക്ഷങ്ങള്‍ യഥാസ്ഥാനത്താണ് നില്‍ക്കുന്നതെങ്കില്‍ വീട്ടുകാര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. കിഴക്കുവശത്താണ് പ്ലാവ് വളരേണ്ടത്. പുളി, കവുങ്ങ് തുടങ്ങിയവ തെക്കുഭാഗത്തും മാവ് വടക്കുഭാഗത്തും തെങ്ങ് പടിഞ്ഞാറുഭാഗത്തും നടണം. വസ്തുവില്‍ ഈ വൃക്ഷങ്ങളില്ലെന്നു കരുതി അഭിവൃദ്ധിക്കുറവൊന്നും സംഭവിക്കില്ല.

‘നിസാര’ഗണത്തിലെ ചില വൃക്ഷങ്ങള്‍ വീട്ടുവളപ്പിലുണ്ടാകരുത്. രോഗങ്ങളും ദുരിതങ്ങളും ആള്‍നാശവുമുണ്ടാകാന്‍ ഈ വൃക്ഷങ്ങള്‍ ഹേതുവാകാറുണ്ട്. കാഞ്ഞിരം, പാല, കള്ളിച്ചെടി എന്നിവ ഒരു കാരണവശാലും വീട്ടുവളപ്പില്‍ പാടില്ല. എന്നാല്‍ വീടിന്റെ മുന്‍വശത്ത് കള്ളിച്ചെടി കെട്ടിത്തൂക്കുന്നതുകൊണ്ട് ദോഷമില്ല. സര്‍വ്വരോഗസംഹാരിയാണ് വേപ്പുമരമെങ്കിലും അത് വീടിനോട് ചേര്‍ന്നു വളര്‍ത്തരുത്. കറിവേപ്പില നടുകയാണെങ്കില്‍ വീടിന് അതിര്‍ത്തി തിരിച്ച്, അതിനു വെളിയിലായിരിക്കണം എന്ന് ചിലയിടങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നു. വസ്തുവിന്റെ ദോഷം മാറാന്‍ തെക്കുഭാഗത്ത് ഒരു പുളിമരം നടുന്നത് നല്ലതാണ്.

ക്ഷേത്രങ്ങളോടനുബന്ധിച്ച് ആല്‍മരമുണ്ടാകുന്നത് ശ്രേഷ്ഠമായാണ് കണക്കാക്കുന്നത്. ആല്‍മരത്തെ 21 പ്രാവശ്യം പ്രദക്ഷിണം വച്ചാല്‍ സകലപാപങ്ങളും തീരുമെന്നാണ് വിശ്വാസം. പക്ഷേ, ആല്‍മരം വീട്ടുവളപ്പില്‍ നടുമ്പോള്‍ ശ്രദ്ധിക്കണം. പേരാല്‍ വീടിന്റെ കിഴക്കുഭാഗത്തും അരയാല്‍ പടിഞ്ഞാറു ഭാഗത്തുമാണ് നടേണ്ടത്. വീട്ടുവളപ്പില്‍ ശീമപ്ലാവ് നട്ടു വളർത്തുന്നത് ശുഭകരമല്ലെന്നും കരുതപ്പെടുന്നു. വീട്ടു വളപ്പിനു പുറത്ത് ഇത്തരം മരങ്ങൾ നട്ടു വളർത്തുന്നതിൽ വിരോധമില്ല.

Exit mobile version