Sreyas Jyothisha Kendram

ഏറ്റവും ലളിതമായി എങ്ങനെ വീട്ടിലിരുന്ന് ബലിയിടാം?

Share this Post

കര്‍ക്കടകവാവുബലി തര്‍പ്പണം കോവിഡ് മഹാമാരിയുടെ കാലത്ത് നദീതടങ്ങളിലും ക്ഷേത്രങ്ങളിലും അസാധ്യമായതോടെ വീട്ടുമുറ്റങ്ങളിലേക്ക് മാറാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. വീടുകളിലെല്ലാം ക്രിയകള്‍ പറഞ്ഞുനല്‍കുന്നതിന് കര്‍മികളെത്തുക പ്രയാസം. ഈ ലേഖനത്തിൽ പറയും പ്രകാരം ആർക്കും സ്വയം പിതൃ തർപ്പണം നിർവഹിക്കാം.

ഒരുക്കുകള്‍: നിലവിളക്ക്, രണ്ട് നാക്കിലകള്‍,എള്ള്,പൂവ് (ചെറൂള,തുളസി) ചന്ദനം,ദര്‍ഭപ്പുല്ല്/കറുക,ഉണക്കലരി, ഒരു കിണ്ടി വെള്ളം,ദര്‍ഭപ്പുല്ലുകൊണ്ടുള്ള പവിത്രം.

ബലിയിടുന്നവര്‍ തലേദിവസം ഒരിയ്ക്കല്‍ വ്രതമെടുക്കണം. ബലി ദിനത്തിൽ നിലവിളക്ക് കിഴക്ക് പടിഞ്ഞാറ് തിരിയിട്ട് തെളിയിച്ച് വയ്ക്കണം. ബലിയിടുന്ന സ്ഥലം തളിച്ചുമെഴുകണം. കുളിച്ച് ഈറനോടെ തറ്റുടുത്ത് പുരുഷന്മാര്‍ തെക്കോട്ടും സ്ത്രീകള്‍ കിഴക്കോട്ടും മുഖമായി ഇരുന്ന് ബലിയിടണം. കര്‍ക്കടവാവായതിനാല്‍ ഉണക്കലരി മാത്രം മതിയാകും. കവ്യം,ഹവിസ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വേവിച്ചെടുത്ത ചോറ് നിർബന്ധമില്ല. വലതുകൈയിലെ മോതിരവിരലില്‍ ദര്‍ഭപ്പുല്ലുകൊണ്ടുള്ള പവിത്രം ധരിച്ച് വെള്ളമെടുത്ത് സപ്തനദികളെ ധ്യാനിക്കുന്നു. കാശിയിലിരുന്ന് തര്‍പ്പണച്ചടങ്ങുകള്‍ ചെയ്യുന്നുവെന്നാണ് സങ്കല്പം.

സപ്തനദികളെ ധ്യാനിച്ച്

ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരും

എന്ന ശ്ലോകം ചൊല്ലി ജലം ആവാഹിച്ച് കിണ്ടിയില്‍ നിറയ്ക്കും. ശിരസ്സിലും കണ്ണിലും പാദത്തിലും വെള്ളം സ്പര്‍ശിച്ച് ശരീര ശുദ്ധി വരുത്താം. ഇലകള്‍ ശുദ്ധമാക്കി ഗണപതിക്ക്

ഓം ഗം ഗണപതേ നമഃ

എന്ന് ഉരുവിട്ട് പൂവ് ആരാധിക്കുക. ദര്‍ഭപ്പുല്ല് വെള്ളത്തില്‍ കടയും തലയും മുക്കി കൈയില്‍ ചെരിച്ചുപിടിച്ച് പിതൃലോകത്തുനിന്ന് പിതൃക്കളെ ആവാഹിച്ച് മെഴുകിയ ഇലയില്‍ അഭിമുഖമായി പരത്തിവെയ്ക്കുന്നു. എള്ളും പൂവും ചന്ദനവും വെളളവുമെടുത്ത് ഹൃദയത്തിലേയ്ക്ക് പിടിച്ച്

അഭിവാദയേ

എന്നു പറഞ്ഞ് പുല്ലിന്റെ തലയ്ക്കല്‍ സമര്‍പ്പിച്ച് സ്ഥലശുദ്ധി പ്രായശ്ചിത്തം, നടുഭാഗത്ത് ഇതേരീതിയില്‍ കര്‍മശുദ്ധി പ്രായശ്ചിത്തം,മൂന്നാമത് പാദാരത്തില്‍ ദേഹശുദ്ധി പ്രായശ്ചിത്തം. (പുല്ലിന്റെ തല, നടു,പാദം എന്നിവ മരിച്ച വ്യക്തിയുടെ ശരീരമായാണ് സങ്കല്‍പ്പിക്കുന്നത്) തുടര്‍ന്ന് പാദം തൊട്ടുതൊഴുത് കൈ ശുദ്ധമാക്കുന്നു. പരത്തിവെച്ച പുല്ലിന്റെ വലതുഭാഗം തളിച്ച് മെഴുകി തുളസി പൂ നനച്ചുവെയ്ക്കും. എള്ളുംപൂവും ചന്ദനവും വെള്ളംകൂടി ഹൃദയത്തില്‍ പിടിച്ച് വംശപിതൃക്കളെ

ഏകോധിഷ്ഠ പ്രായശ്ചിത്തം ഇദം ഓം തത്സത്

എന്ന മന്ത്രം ഉരുവിട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് മൂന്ന് തവണ എള്ളും ചന്ദനവും പൂവും തൊട്ട് നീര് കൊടുത്ത് ആരാധിക്കും.

തുടര്‍ന്ന് അശ്വിനി ദേവന്മാരെ ധ്യാനിച്ച് വിശ്വദേവതകള്‍ക്ക് അക്ഷതപിണ്ഡം സങ്കല്‍പ്പിച്ച് പുല്ലിന്റെ തലയ്ക്കല്‍ വെയ്ക്കുന്നു. എള്ളും ,ചന്ദനവും തൊട്ട് ഓരോ നീര്. ഒരു പൂവും ആരാധിക്കണം. വീണ്ടും എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി വംശപിതൃക്കള്‍ക്ക് ഉച്ഛിഷ്ട ബലി സങ്കല്‍പ്പിച്ച് നടുവില്‍ തൂവുന്നു. തുടര്‍ന്ന് എള്ള്,ചന്ദനംനീരും,പൂവ് ആരാധന. അവസാനത്തെ ഇലയില്‍ ബാക്കിയുള്ള എള്ള്,പൂവ്,ചന്ദനം വെള്ളംകൂട്ടി രണ്ടു കൈയിലും പകുത്തുപിടിച്ച് മനസ്സില്‍ ധ്യാനിച്ച് വംശപിതൃക്കളെ

ഏതന്‍മേ നാന്നീമുഖ ശ്രാദ്ധം വിശ്വഭ്യോ ദേവേഭ്യോ പിതൃപിതാ മഹേഭ്യ പ്രപിപതാ മഹേഭ്യാ ഓംതത്സത് സര്‍വദോഷ പരിഹാരാര്‍തേ

പറഞ്ഞു പാദത്തില്‍ അതായത് പുല്ലിന്റെ കടയ്ക്കല്‍ സമര്‍പ്പിക്കണം.

പിതൃക്കളെ മനസ്സില്‍ ധ്യാനിച്ച് നീര് കൊടുത്ത് തൊഴുത് ഇലയിലെ ഉണങ്ങലരിയും എളളും എടുത്ത് നനച്ച് രണ്ട് കൈയ്യും ഹൃദയത്തിലേയ്ക്ക് പിടിച്ച് അമാവാസി പിണ്ഡം പുല്ലിനു നടുവില്‍ വെക്കുന്നു. തുടര്‍ന്ന് നീര് നല്‍കലും ആരാധനയും. പാദം തൊട്ട് തൊഴുത് ഇല കുമ്പിളാക്കി വെളളം പകര്‍ന്ന് മൂന്ന് തവണ പിണ്ഡത്തിനു ചുറ്റും ഉഴിഞ്ഞ് ഇല മീതെ കമിഴ്ത്തുക.

പവിത്രം ഈരി കെട്ടഴിച്ച് ഇലയുടെ ചുവട്ടിലിട്ട് കിണ്ടിയില്‍ വെള്ളമെടുത്ത് തളിച്ച് ഇല നിവര്‍ത്തിവെക്കും. ഇലയില്‍നിന്ന് പൂവെടുത്ത് വാസനിച്ച് പിറകുവശത്തേക്ക് ഇടണം. എഴുന്നേറ്റ് കിഴക്കോട്ട് അഭിമുഖമായിനിന്ന് കാശി ഗയ സങ്കല്‍പ്പത്തില്‍ തൊഴുത് വംശപിതൃക്കളെ ക്രിയ ചെയ്ത സ്ഥലത്ത് പുരുഷന്മാര്‍ സാഷ്ടാംഗവും സ്ത്രീകള്‍ മുട്ട് കുത്തിയും നമസ്‌കരിക്കണം.

വെള്ളം തളിച്ച് എല്ലാമെടുത്ത് ശുദ്ധമാക്കിയ സ്ഥലത്തുവെച്ച് മരിച്ചവരെ മനസ്സില്‍ ധ്യാനിച്ച് നാരായണനാമം ജപിച്ച് മൂന്ന് തവണ പിണ്ഡത്തിലേയ്ക്ക് നീര് കൊടുക്കണം. ശേഷം അമര്‍ത്തി കൈകൊട്ടുന്നു. വാവ് ഊട്ടിയതില്‍നിന്ന് രണ്ടുമണി അരിയെടുത്ത് കിണറ്റില്‍ ഇടുന്നത് ഉത്തമം. തീര്‍ത്ഥത്തില്‍ ഒഴുക്കാനാവാത്തതിനാലാണിത്. തുടര്‍ന്ന് കുളിച്ചു വന്ന് നനച്ച ഭസ്മം പുരുഷന്മാര്‍ നീട്ടി തൊടും. തറവാട്ടിലെ ധര്‍മദൈവത്തേയും പ്രാര്‍ഥിച്ച് സാധിക്കുന്നപക്ഷം തിലഹോമം സായുജ്യ പൂജ ക്ഷേത്രത്തില്‍ കഴിച്ചാല്‍ ഉചിതം.


Share this Post