Sreyas Jyothisha Kendram

ദാരിദ്ര്യ ദുഃഖം മാറാൻ വലിയ പൂജകൾ വേണ്ട.. ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി!

Share this Post

ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്നവർ വലിയ പൂജകൾക്കും പരിഹാരങ്ങൾക്കുമായി വീണ്ടും ധന വ്യയം ചെയ്യുന്നത് അവരുടെ ദാരിദ്ര്യം വർധിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ. ദാരിദ്ര്യം എന്നത് കേവലം ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത അവസ്ഥ മാത്രമല്ല. ധനം കൊണ്ട് സമ്പന്നൻ ആയിട്ടുള്ളവൻ പോലും ചിലപ്പോൾ ആരോഗ്യത്തിൽ ദരിദ്രനായിരിക്കും. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലത്തവനെപ്പോലെ ജീവിക്കേണ്ടി വരുന്ന എത്രയോ ആളുകളെ നമുക്കറിയാം. എങ്കിലും ധനപരമായ ദാരിദ്ര്യമാണ് ഏറ്റവും കഠിനമായത് എന്ന് പറയാതെ പറയേണ്ടി വരുന്ന സന്ദർഭങ്ങളാണ് ഇപ്പോൾ അധികവും. എന്ത് തന്നെയായാലും ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ദാരിദ്ര്യം അകലും.

നമ്മുടെ വിശ്വാസത്തിൽ ധനം മഹാലക്ഷ്മിയാണ്. ശുദ്ധിയും വൃത്തിയും നന്മയും ഉള്ളിടത്തേ മഹാലക്ഷ്മി അധിവസിക്കൂ. അല്ലാത്തയിടങ്ങളിൽ ജ്യേഷ്ഠാ ഭഗവതി (ചേട്ട ,മൂശേട്ട) അധിവസിക്കും. ഗൃഹം ചെറുതെങ്കിലും വൃത്തിയായും വെടിപ്പായും സൂക്ഷിച്ചാൽ അവിടെ മഹാലക്ഷ്മി അധിവസിക്കുമെന്നത് നിശ്ചയം. യാതൊരു പുനരുപയോഗവും ഇല്ലാത്ത വസ്തുക്കൾ പല ഗൃഹങ്ങളിലും സൂക്ഷിച്ചു വച്ചിരിക്കുന്നതു കാണാം. വീട്ടമ്മ സ്‌കൂളിൽ പോയിരുന്നപ്പോൾ ഉപയോഗിച്ച ചെരുപ്പും ഗൃഹനാഥൻ കൗമാരത്തിൽ ഉപയോഗിച്ചിരുന്ന ക്ഷൗരകത്തിയും വരെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഗൃഹത്തിൽ വാസ്തു ആവശ്യത്തിനായി പോകേണ്ട ആവശ്യം അടുത്തയിടെ എനിക്കുണ്ടായിട്ടുണ്ട്. വേണ്ടാത്ത വസ്തുക്കൾ നിർമാർജനം ചെയ്തു ഭവനം മനോഹരമാക്കി സൂക്ഷിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. പൊട്ടിയ കണ്ണാടി ഗൃഹത്തിലുണ്ടെങ്കിൽ മാറ്റണം. വീടിന്റെ കന്നിമൂല വൃത്തിയായി സൂക്ഷിക്കുകയും അവിടെ കറുകപ്പുല്ല് വച്ചു പിടിപ്പിക്കുകയും ചെയ്യുക. സന്ധ്യാസമയം അൽപനേരം പ്രധാന വാതിൽ തുറന്നിടുക. നിത്യവും സന്ധ്യാസമയം ഗൃഹത്തിൽ നിലവിളക്ക് തെളിയിക്കുക. ലക്ഷ്മിവിളക്ക് അല്ലെങ്കിൽ കാമാക്ഷിവിളക്ക് തെളിയിക്കുന്നതും അത്യുത്തമം.കിഴക്കും പടിഞ്ഞാറുമായി ഈരണ്ടു തിരികൾ വീതം ഇട്ട് കൊളുത്തുക. ഗൃഹത്തിൽ അത് മതിയാകും. വിശേഷ അവസരങ്ങളിൽ അഞ്ചു തിരി കൊളുത്താം. നാലു ദിക്കിലേക്കും ഓരോന്നും ഈശാന കോണിലേക്ക് ഒന്നും. നല്ലെണ്ണയോ വെളിച്ചെണ്ണയോ നെയ്യോ മാത്രം ഉപയോഗിക്കുക. നിത്യവും വിളക്ക് കൊളുത്തിയ ശേഷം ഒരു നാഴിക നേരമെങ്കിലും (24 മിനിട്ട്) പ്രാർത്ഥിക്കുക. സാധിക്കുന്നില്ലെങ്കിൽ അര നാഴിക നേരമെങ്കിലും പ്രാർത്ഥിക്കുക.

മഹാലക്ഷ്മിയുടെ ഗ്രഹം ശുക്രനാണ്. അതുകൊണ്ടു തന്നെ ശുക്ര പ്രധാനമായ വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മീ ഉപാസനയ്ക്ക് പ്രാധാന്യവും ഫലസിദ്ധിയും ഏറും. അന്നേ ദിവസം ലളിത സഹസ്രനാമം / ലളിതാ ത്രിശതി, ദാരിദ്രദുഃഖ ദഹന ശിവസ്തോത്രം, കനകധാരാ സ്തോത്രം, ഇവയിൽ ഏതെങ്കിലും ഒന്നെങ്കിലും ജപിക്കുക. കുടുംബ പരദേവതയെ നിത്യവും സ്മരിക്കുകയും കഴിയുന്ന സന്ദർഭങ്ങളിൽ ദർശനം നടത്തുകയും ചെയ്യുക. തിരുപ്പതി വെങ്കടാചലപതിയെ കണി കണ്ടുണരുക മുതലായ ശീലങ്ങൾ പാലിച്ചാൽ ധനക്ലേശവും ഭാഗ്യദോഷവും അകലും.. നിശ്ചയം.


Share this Post