ഗുരുവായൂർ ഏകാദശി നാളെ.. വ്രതം നോൽക്കുന്നത് എങ്ങിനെ?

ഗുരുവായൂർ ഏകാദശി നാളെ.. വ്രതം നോൽക്കുന്നത് എങ്ങിനെ?

Share this Post

ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിൻറെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല.
പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി (വൈകുണ്ഠ ഏകാദശി), മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍.

ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.


കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. 2023 നവംബർ 23 വ്യാഴാഴ്ചയാണ് ഏകാദശിവ്രതം (ഗുരുവായൂർ ഏകാദശി). ഇത്തവണ വിഷ്ണു പ്രീതികരമായ വ്യാഴാഴ്ചയും ഉതൃട്ടാതി നക്ഷത്രവും ഏകാദശിയും ഒത്തു ചേർന്നു വരുന്നു എന്ന സവിശേഷതയും ഉണ്ട്.
വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ഏകാദശി നാൾ പൂർണ്ണ ‌ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. പകൽ ഉറങ്ങരുത്.

വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം


ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീ‌ർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക).


വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം
സിദ്ധമന്ത്രങ്ങൾ സിദ്ധമന്ത്രങ്ങൾ ഗുരുവിൻറെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം.
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.


വിഷ്ണുമൂലമന്ത്രം
ഭഗവാൻറെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
അഷ്‌ടാക്ഷരമന്ത്രം
ഓം നമോ നാരായണായ


ദ്വാദശാക്ഷരമന്ത്രം
‘ഓം നമോ ഭഗവതേ വാസുദേവായ’
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ


Share this Post
Astrology Rituals