ശിവരാത്രി ഇങ്ങനെ ആചരിച്ചാൽ ശിവപ്രീതി നിശ്ചയം…

ശിവരാത്രി ഇങ്ങനെ ആചരിച്ചാൽ ശിവപ്രീതി നിശ്ചയം…

Share this Post

മഹാശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

ദുര്‍വ്വാസാവ് മഹർഷി ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യമാല കണ്ടു. ആ മാ‍ലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു.

ദുര്‍വ്വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. അവള്‍ വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്കരിച്ച് മാല സംഭാവന ചെയ്തു.ആ മാലയുമായി ദുര്‍വ്വാസാവ് ദേവലോകത്തെത്തി.

ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി, ദേവകളോടു കൂടി വരുന്നത് കണ്ട ദുര്‍വ്വാസാവ്, പൂന്തേന്‍ നുകര്‍ന്ന് മദംപൂണ്ട കരിവണ്ടുകളോടു കൂടിയ ആ പൂമാല തന്റെ ശിരസില്‍ നിന്നെടുത്ത് ദേവരാജാവിന് സമ്മാനിച്ചു.

ഇന്ദ്രനാകട്ടെ ആ മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വച്ചു.

ഐരാവതമാവട്ടെ മാല അതിന്റെ തുമ്പികൈയിലെടുത്ത് ഒന്നു മണത്തുനോക്കി നിലത്തേക്കെറിഞ്ഞു. ഇന്ദ്രന്‍ മാലയെ അനാദരിച്ചതുകണ്ട് കുപിതനായ ദുര്‍വ്വാസാവ് ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു ചൈതന്യ ലോപം വരട്ടെ എന്നു ശപിച്ചു.

ഈ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ദേവന്മാരെ എതിര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസുരന്മാരുടെ ആക്രമണത്തില്‍ പെട്ട് ദേവന്മാര്‍ വിവശരായി. ദേവന്മാര്‍ അഗ്നിദേവനെ മുന്‍ നിര്‍ത്തി കൊണ്ട് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് നയിച്ചു. എല്ലാവരുംകൂടി വിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു പ്രത്യക്ഷനായി അവരോട് ഇങ്ങനെ അരുളി ചെയ്തു :“അല്ലയോ ദേവഗണങ്ങളേ… നിങ്ങളുടെ തേജസിനെ ഞാന്‍ വര്‍ദ്ധിപ്പിക്കാം.

ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ അസുരന്മാരോടു കൂടിചേർന്ന് പാലാഴിയിൽ മഹാമേരു പര്‍വ്വതത്തെ കടകോലും, വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക.

സമുദ്രം കടയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അമൃതം പാനം ചെയ്താല്‍ നിങ്ങള്‍ ബലവാന്മാരും, മരണമില്ലാത്തവരും ആയിത്തീരും.”അങ്ങിനെ അമൃതമഥനം (പാലാഴിമഥനം) ആരംഭിക്കുന്നു.

മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി.

മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം (ഹലാഹല വിഷം) പുറത്തു ചാടി. അസുരന്മാര്‍ ഓടി രക്ഷപ്പെട്ടു. ദേവന്മാര്‍ ഭയന്നു വിറച്ചു . മഹാവിഷ്ണു ഭീതി കാണിക്കാതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നിലവന്നു.

അപ്പോൾ പരമശിവൻ ലോക രക്ഷയെ കരുതി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, വിഷം ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു.

വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മറ്റു ദേവീദേവന്മാർ പരമശിവന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്രകാരം മേൽപ്പോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ ഉറച്ചു.

അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. അന്ന് പാർവതീദേവിയും മറ്റു ദേവകളും ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ പ്രതീകമായാണ് നാം ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.

പാലാഴി മഥനം കഥ നാം ഉപരിപ്ലവമായി വീക്ഷിക്കേണ്ട ഒന്നല്ല. അതില്‍ അന്തര്‍ഗതമായ വലിയ ഒരു സന്ദേശമുണ്ട്.

പാലാഴി എന്നത് മനുഷ്യമനസ്സ് തന്നെയാണ്. ആ മനസ്സിലുള്ള സദ്‌ ഗുണങ്ങള്‍ ദേവകളും തമോ ഗുണങ്ങള്‍ അസുരന്മാരും ആകുന്നു. ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, രണ്ടു കൂട്ടരെയും രണ്ടു ഭാഗത്തായി അണിനിരത്താനുള്ള കഴിവാണ് വിശേഷ ബുദ്ധി.

ഈ പാലാഴിയെ, നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച് ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കടകോലാക്കി കടയണം. അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഈ മഥനം തന്നെയാണ് യഥാര്‍ഥ മനനം.

ഈ പ്രക്രിയ തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധയാകുന്ന മന്ഥര പര്‍വതം മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ അഭിരമിച്ചു പോയെന്നു വരാം. അങ്ങിനെ വരുമ്പോള്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്‍ത്തിയെടുക്കണം,

പാലാഴി മഥനം തുടരണം. ( മനസ്സ്, ബുദ്ധി, ബോധം അഥവാ – Mind, Intellect, Consciousness എന്നിവ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവര്‍ തന്നെ ആകുന്നു) ഇങ്ങനെ നിരന്തരമായ കടയല്‍ കൊണ്ട് നമ്മുടെ ഉള്ളിലെ തിന്മയാകുന്ന ഹലാഹലം (കാളകൂടം) എന്ന വിഷത്തെ നമുക്ക് പുറന്തള്ളാന്‍ കഴിയും.

അത് നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഭഗവാന്‍ ശിവന്‍ സ്വീകരിക്കും.

പകരം നമുക്ക് അമരത്വപ്രദമായ അമൃത് നല്‍കി അനുഗ്രഹിക്കും. ഇപ്രകാരമാണ് നാം പാലാഴി മഥനം കഥയെ കാണേണ്ടത്.

ഇനി നമുക്ക് മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ എന്ന് നോക്കാം.

ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തെക്കുറിച്ചും മഹിമയെക്കുറിച്ചും വിവരിച്ചിരിക്കുന്നു.

ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യ ശൈവവ്രതങ്ങളില്‍ സര്‍വ്വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം.

സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണ് മുഖ്യശൈവവ്രതങ്ങള്‍. ഈ വർഷം ശിവരാത്രി 2022 മാർച്ച് മാസം 1 -ആം തീയതി ആകുന്നു. (1197 കുംഭം 17 ചൊവ്വ)

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം.

വ്രതം അനുഷ്ഠിക്കുന്നവർ ഭസ്മ ലേപനവും രുദ്രാക്ഷ ധാരണവും നടത്തുന്നത് ഉത്തമം.

ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്.

‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം.

വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം.

ശിവരാത്രി നാളിൽ ശിവന് കൂവളമാലയോ ഒരു കൂവളത്തിലയെങ്കിലുമോ സമർപ്പിക്കുന്നവരുടെ സർവ പാപങ്ങളും നശിക്കും.

അന്നേദിവസം ജലധാര നടത്തുന്നവരുടെ സർവ ദുഖങ്ങളും ശമിക്കും. അന്നേദിവസം മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നവരുടെ രോഗങ്ങളും മൃത്യുഭീതിയും അകലും. നമശിവായ മന്ത്രം എത്ര ജപിക്കാൻ പറ്റുമോ അത്രയും ജപിക്കുക.

ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം, ശിവ ഭുജംഗം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.

വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം വിശേഷ പൂജകളും മറ്റും നടത്തിവരുന്നുണ്ട്.

ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമപൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയിലെല്ലാം പങ്കെടുത്ത്, രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.

ശിവരാത്രി ദിനത്തിലെ എല്ലാ യാമപൂജകളും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു. ഏവർക്കും ശിവരാത്രി ആശംസകള്‍

*****വിനോദ് ശ്രേയസ് 2016 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖന ഭാഗങ്ങൾ ഉൾപ്പടെയുള്ളതിന്റെ പുനഃ പ്രസിദ്ധീകരണം


Share this Post
Astrology Rituals