നിങ്ങളുടെ ജന്മനക്ഷത്ര ഗോത്രം ഏതെന്നറിയമോ?

നിങ്ങളുടെ ജന്മനക്ഷത്ര ഗോത്രം ഏതെന്നറിയമോ?

Share this Post

എല്ലാവർക്കും അവർ ജനിച്ച ജന്മ നക്ഷത്രം കൃത്യമായി അറിയാമായിരിക്കും. എന്നാൽ ജനിച്ച ഗോത്രം ഏതാണ് എന്ന് ചോദിച്ചാൽ പലരും അജ്ഞരാണ്. കേരളത്തിനു വെളിയിൽ ഉള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുമ്പോൾ പൂജാരിമാർ പലപ്പോഴും ജന്മ ഗോത്രം ചോദിക്കാറുണ്ട്. അപ്പോഴാണ് അങ്ങനെ ഒരു സംഗതി ഉണ്ടെന്നു തന്നെ പലരും അറിയുന്നത്. സപ്തർഷിമാരുമായി നമ്മുടെ ജന്മ നക്ഷത്രം ബന്ധപ്പെട്ടിരിക്കുന്നു. 27 നക്ഷത്രങ്ങളെയും അഭിജിത് നക്ഷത്രത്തെയും ചേർത്തു 28 നക്ഷത്രങ്ങളെ 4 വീതം വിഭജിച്ചു ഏഴു ഋഷീശ്വരമാരുമായി ബന്ധപ്പെടുത്തിയാണ് ഗോത്രം നിർണ്ണയിക്കുന്നത്. (ഉത്രാടം നക്ഷത്രത്തിന്റെ നാലാമത്തെ പാദം 15 നാഴികയും തിരുവോണം നക്ഷത്രത്തിന്റെ ആദ്യത്തിൽ നാലു നാഴികയും ചേർന്നു 19 നാഴികയാണ് അഭിജിത്ത് നക്ഷത്രത്തിന്റെ കാലം) മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നിവരാണ് സപ്തർഷിമാർ. വാത്മീകി മഹർഷി രത്നാകരൻ എന്ന കാട്ടാളനായി വസിച്ചിരുന്ന കാലത്ത് ഈ സപ്തർഷികളുടെ വസ്ത്രവും ആഹാരവും മറ്റും പിടിച്ചു പറിക്കാൻ ശ്രമിച്ചതായും അവർ രത്നാകരന് ദിവ്യ ജ്ഞാനം പകർന്നു വാത്മീകി മഹർഷിയായി രൂപാന്തരപ്പെടുത്തിയെന്നും കഥയുണ്ട്. നക്ഷത്രങ്ങളുടെ പൊതു സ്വഭാവവും ഋഷിമാരുമായി എന്തെങ്കിലും ബന്ധം ഉള്ളതായി എങ്ങും രേഖപ്പെടുത്തി കണ്ടിട്ടില്ല. എങ്കിലും അഭിജിത്ത് ഉൾപ്പെടെയുള്ള 28 നക്ഷത്രങ്ങൾ 7 മഹർഷിമാരുടെ ഗോത്ര പാരമ്പര്യത്തിൽ വരുന്നവയാണ് എന്ന് വിശ്വസിച്ചു വരുന്നു.

പണ്ടുകാലത്ത് വിവാഹ പൊരുത്തം ചിന്തിക്കുമ്പോൾ വധൂവരന്മാർ വിഭിന്ന ഗോത്രങ്ങളിൽ ജനിച്ചവരാകുന്നത് ഉത്തമമാണ് എന്ന് ചിന്തിച്ചിരുന്നു. ഉത്തരേന്ത്യയിൽ ഇപ്പോഴും ഈ രീതി അവലംബിച്ചു കാണാറുണ്ട്. ഒരേ ഗോത്രത്തിൽ വരുന്ന നക്ഷത്രക്കാർ തമ്മിൽ സാഹോദര്യം നില നിൽക്കുന്നതു കൊണ്ട് അവർക്കു തമ്മിൽ വിവാഹം നിഷിദ്ധമാണ്. ഏതായാലും ഓരോ നക്ഷത്രവും ഏതൊക്കെ ഗോത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം.

  1. മരീചി ഗോത്രം :- അശ്വതി, പൂയം, ചോതി, അഭിജിത്ത്.
  2. വസിഷ്ഠ ഗോത്രം :- ഭരണി, ആയില്യം, വിശാഖം, തിരുവോണം.
  3. അംഗിര ഗോത്രം :- കാര്‍ത്തിക, മകം, അനിഴം, അവിട്ടം.
  4. അത്രി ഗോത്രം :- രോഹിണി, പൂരം, തൃക്കേട്ട, ചതയം.
  5. പുലസ്ത്യ ഗോത്രം :- മകയിരം, ഉത്രം, മൂലം, പൂരുരുട്ടാതി.
  6. പുലഹ ഗോത്രം :- തിരുവാതിര, അത്തം, പൂരാടം, ഉത്രട്ടാതി.
  7. ക്രതു ഗോത്രം :- പുണര്‍തം, ചിത്തിര, ഉത്രാടം, രേവതി.

Share this Post
Astrology