ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യംകല്‍പ്പിക്കുന്നു. ആയതിനാലാണ് ഒരാളുടെ ദശാകാലനിര്‍ണ്ണയം പോലും ഇവകളെ ആസ്പദമാക്കി ചെയ്യുന്നത്. ജന്മ നക്ഷത്രത്തിന്റെയും , ചന്ദ്രന്റെ ബാലാബലങ്ങളും അനുസരിച്ചാണ് ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ രൂപപ്പെടുന്നത്. അവന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍, ജീവിതാനുഭവങ്ങള്‍, സുഖ ദുഃഖങ്ങള്‍ ആദിയായവയെല്ലാം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ താന്‍ ജനിച്ചതായ നക്ഷത്രമേഖലയില്‍ ചന്ദ്രന് വീണ്ടുമെത്തുന്ന സമയമായ ജന്മനക്ഷത്രദിവസത്തിന് അനുഷ്ഠാനപരമായ പ്രാധാന്യമുണ്ട്. ഗ്രഹദോഷപരിഹാര കര്‍മ്മങ്ങള്‍ക്ക് ഏറ്റവും അധികം ഗുണഫലം ലഭിക്കുന്നതും ജന്മ നക്ഷത്രത്തില്‍ അനുഷ്ടിക്കുമ്പോഴാണ്. ദശാകാല നിര്‍ണയത്തിന്റെ അടിസ്ഥാന തത്വം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന് എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന് ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത് യുക്തിസഹമാണ് എന്ന് പ്രസിദ്ധ ജ്യോതിഷ പണ്ഡിതന് ഡോ. ബാലകൃഷ്ണ വാര്യര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ ഫലദാനശേഷി കൈവരുന്നു.
മാസംതോറും വരുന്ന ജന്മനക്ഷത്രത്തില് അഥവാ പക്കപ്പിറന്നാളില്‍ ഗ്രഹദോഷ ശാന്തികര്‍മ്മങ്ങളും ഭാഗ്യ പുഷ്ടിക്കായി വേണ്ടുന്ന കര്‍മങ്ങളും മറ്റും ചെയ്യണമെന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. വയസ്സ്ആ തികഞ്ഞു വരുന്നതായ ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍ ചന്ദ്രന് എത്തുന്ന ദിവസത്തോടൊപ്പം സൂര്യന് കൂടി ജനന സമയത്തെ ഗ്രഹനിലയില്‍ താന്‍ നിന്നതായ രാശിയില്‍ വീണ്ടും എത്തുന്ന ദിവസവുമാണ്. അതുകൊണ്ടുതന്നെ അതിന് സവിശേഷ പ്രാധാന്യം കൈവരുന്നു . ഇപ്രകാരം ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന് അനുഷ്ഠാനപരമായി നാം പ്രത്യേക പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന് മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന് സവിശേഷമായ പ്രധാന്യവും ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പിറന്നാൾ ആചരണം
പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത് ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ് അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.ജന്മനക്ഷത്രദിവസം എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്മ്മങ്ങള്, യുദ്ധം, മത്സ്യ മാംസ മദ്യാദിസേവ, തുടങ്ങിയവഎല്ലാം ഒഴിവാക്കണം. ആട്ടപിറന്നാളിന് വിശേഷമായ ഗണതിഹോമം, ഭവഗതിസേവ, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത് ഗ്രഹദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്.അനിഷ്ടസ്ഥാനത്ത് നില്ക്കുന്നതോ മാരകസ്ഥാനാധിപത്യമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ വയസ്സ് തികഞ്ഞു വരുന്ന പിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം വാരാധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയും ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത് ഉത്തമമാണ്. അതാതു ഗ്രഹങ്ങളുടെ അധിദേവതകളെയും പൂജിക്കാം.ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക് ആഹാരം കൊടുക്കുന്നതും ജന്മ വൃക്ഷം നട്ട് പരിപാലിക്കുകയും ചെയ്യുന്നതും സര്‍വൈശ്വര്യ പ്രദമാണ്.
ജന്മ നക്ഷത്ര വൃക്ഷങ്ങൾ
അവരവരരുടെ ജന്മ നക്ഷത്ര വൃക്ഷങ്ങള്‍ നട്ടു നനച്ചു പരിപാലിക്കുന്നത് ആയുരാരോഗ്യ വര്ധകവും ഭാഗ്യദായകവും ആകുന്നു.
ഈ ഭാഷാ പദ്യം പഠിച്ചു വയ്ക്കുന്നത് ജന്മവൃക്ഷങ്ങള്‍ ഓര്‍മയില്‍ നില്ക്കാന് നല്ലതാണ്.
അശ്വതി മുതലായ് കൊള്‍ക
കാഞ്ഞിരം നെല്ലിയും ക്രമാല്‍
അത്തി ഞാവല്‍ കരിങ്ങാലി
പിന്നെ കരിമരം മുള
അരയാല്‍ നാകവും പേരാല്‍
പ്ലാവ് ഇത്തിയുമമ്പഴം.
നല്കൂവളം നീര്‍മരുത്
വയ്യങ്കതവ് ഇലഞ്ഞിയും
വെട്ടിയും പയിനയും വഞ്ചി
പ്ലാവ് എരിക്കും ച വഹ്നിയും
കടമ്പും നല്ല തേന്മാവ്
കരിമ്പന ഇരിപ്പയും
ഇവ നക്ഷത്രവൃക്ഷങ്ങള്‍
നട്ടു നിത്യം നനപ്പവര്-
ക്കിഷ്ടമൊക്കെ ലഭിച്ചീടും
കഷ്ടമൊക്കെയകന്നിടും.
ക്രമ സംഖ്യ | നക്ഷത്രം | വൃക്ഷം | ശാസ്ത്രീയ നാമം |
---|---|---|---|
1 | അശ്വതി | കാഞ്ഞിരം | Stychnos nux |
2 | ഭരണി | നെല്ലി | Phyllanthus emblica |
3 | കാർത്തിക | അത്തി | Ficus racemosa |
4 | രോഹിണി | ഞാവൽ | Syzygium cumini |
5 | മകയിരം | കരിങ്ങാലി | Acacia catechu |
6 | തിരുവാതിര | കരിമരം | Diospyros candolleana |
7 | പുണർതം | മുള | Bambusa arundinacea |
8 | പൂയം | അരയാൽ | Ficus religiosa |
9 | ആയില്യം | നാകം (വൃക്ഷം) | Musua ferrea |
10 | മകം | പേരാൽ | Ficus benghalensis |
11 | പൂരം | ചമത/പ്ലാശ് | Butea monosperma |
12 | ഉത്രം | ഇത്തി | Ficus microcarpa |
13 | അത്തം | അമ്പഴം | Spondias mangifera |
14 | ചിത്തിര | കൂവളം | Aegle marmelos |
15 | ചോതി | നീർമരുത് | Terminalia arjuna |
16 | വിശാഖം | വയങ്കത | Flacourtia montana |
17 | അനിഴം | ഇലഞ്ഞി | Mimusops elengi |
18 | കേട്ട | വെട്ടി | Aporosa lindleyana |
19 | മൂലം | വെള്ളപ്പയിന | Vateria indica |
20 | പൂരാടം | വഞ്ചി(മരം) | Salix tetrasperma |
21 | ഉത്രാടം | പ്ലാവ് | Artocarpus heterophyllus |
22 | തിരുവോണം | എരിക്ക് | Calotropis gigantea |
23 | അവിട്ടം | വന്നി | Prosopis spicigera |
24 | ചതയം | കടമ്പ് | Anthocephalus candamba |
25 | പൂരുരുട്ടാതി | മാവ് | Mangifera indica |
26 | ഉത്രട്ടാതി | കരിമ്പന | Borassus flabellifer |
27 | രേവതി | ഇലിപ്പ | Madhuca longifolia |