പേരിലുണ്ട് കാര്യം..!

പേരിലുണ്ട് കാര്യം..!

Share this Post


ന്യൂമറോളജി എന്നത് സംഖ്യാശാസ്ത്രം ആണെങ്കില്‍ നാമശാസ്ത്രം എന്നത് ശബ്ദത്തിന്റെ കമ്പനങ്ങളാണ്. സംഖ്യാനാമശാസ്ത്രം ജ്യോതിഷം കണക്കാക്കുന്നത് ആംഗലേയ ഭാഷാമാധ്യമത്തിലൂടെയാണ്. നിത്യജീവിത്തില്‍ അനേകം തവണ നമ്മുടെ പേര് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്ക് ജീവിതത്തെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്നാണ് നാമശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. ആംഗലേയ ഭാഷയിലെ എ മുതല്‍ ഇസഡ് വരെയുള്ള അക്ഷരങ്ങളുടെ പ്രത്യേകതകള്‍ എന്തെന്ന് അറിയാം.


അക്ഷരമാലയിലെ ആദ്യാക്ഷരമായ എ അപാരമായ സൂര്യന്റെ ശക്തിക്കു വിധേയമാണ്. സൂര്യരാശിയുടെ പ്രത്യേകതമൂലം ഇവര്‍ക്ക് അന്തര്‍ലീനമായ കഴിവുകളും അതീന്ദ്രീയ ജ്ഞാനവും സിദ്ധിക്കും. ആത്മവിശ്വാസം, ഭരണസാമര്‍ത്ഥ്യം, സത്ചിന്തകള്‍, നവീനാശയങ്ങള്‍, പരിശ്രമങ്ങള്‍ ഇവ ഉണ്ടാകുന്നു. നല്ല അക്ഷരങ്ങള്‍ എയോട് ചേര്‍ന്നുവന്നാല്‍ ഉന്നത പദവിയില്‍ എത്തും.

ബി
ദ്വിമുഖ വ്യക്തിത്വമാണ്. ബി യുടെ സവിശേഷത. ഐശ്വര്യദേവതാ കടാക്ഷം, ഉറച്ച മനസ്സ്, പ്രവര്‍ത്തന പുരോഗതി, സമ്പല്‍സമ്യദ്ധി ഇവയുണ്ടാകും. കവി ഹൃദയവും ഭാവനാ സമ്പന്നത, മനസമാധാനം ഇവയുണ്ടെങ്കിലും ഇതോടൊപ്പം അലസതയുണ്ടാകും. ബിയോടൊപ്പം നല്ല അക്ഷരങ്ങള്‍ വന്നാല്‍ ആദി പരാശക്തിയുടെ കടാക്ഷമുണ്ടാകും. സാമ്പത്തികമായി ഉയര്‍ച്ചയും മാനസിക ശക്തിയും കുടുംബ ഐക്യവും ഉള്ളവരായിരിക്കും. ഭക്ഷണപാനീയങ്ങളില്‍ താല്‍പ്പര്യം ഉള്ളവരായിരിക്കും. പുതിയ അനുഭവങ്ങള്‍ ക്കുവേണ്ടിയുള്ള അന്വേഷണവും മറ്റുള്ളവര്‍ക്ക് പ്രാധാന്യവും കല്‍പ്പിക്കുന്നവരും ആയിരിക്കും.

സി
കൊയ്ത്തരിവാള്‍ പോലെ വളഞ്ഞ അക്ഷരമായ സി ക്ക് ധൈര്യക്കുറവാണ് മുഖ്യപ്രശ്നം. തിന്മകളെ എതിര്‍ക്കാന്‍ കഴിയില്ല. സിയോടൊപ്പം എച്ച്, എന്‍, എ എന്നീ അക്ഷരങ്ങള്‍ വന്നാല്‍ ശക്തിവര്‍ധിക്കാനും പ്രശസ്തിയും ധനവും നേടാനും സാധിക്കും. ശക്തി കുറഞ്ഞ അക്ഷരങ്ങള്‍ പലവിധ പ്രശ്നങ്ങളുണ്ടാക്കും. വരുമാനത്തിനതീതമായ ചിലവായിരിക്കും. പുരോഗമന ചിന്താഗതിക്കാരാണ്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അര്‍ഹിക്കുന്നതിന് അപ്പുറത്ത് അംഗീകാരങ്ങള്‍ മോഹിക്കുന്നവരാണ്. മാനസിക ചാഞ്ചല്യം ഇവര്‍ക്ക് അനുഭവപ്പെടില്ല. സാമ്പത്തിക സുരക്ഷിതത്വം, ഊര്‍ജ്ജസ്വലത, വ്യക്തമായ പദ്ധതികള്‍ ഇവയുമായി ബന്ധപ്പെടാറില്ല.

ഡി
ദയാലുക്കളും സ്നേഹസമ്പന്നരും സത്യസന്ധതയുള്ളവരും ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമായിരിയിരിക്കും. ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഫലിതപ്രിയരായ ഇവര്‍ പ്രായമായവരെ പരിചരിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തും. കഠിനാധ്വാനം, കര്‍മഫലം ഇവ പെട്ടെന്ന് പ്രതീക്ഷിക്കുന്ന ഇവര്‍ ത്യാഗമനോഭാവത്തിനും തയ്യാറാണ്. രാഹുവിന്റെ ശക്തമായ സാന്നിധ്യത്തിന് എതിര്‍പ്പുകള്‍ തട്ടി നീക്കി വിജയം വരിക്കാന്‍ കഴിവുണ്ട്. അസാന്മാര്‍ഗിക സ്വത്തുസമ്പാദനം, തീക്ഷ്ണമായ ചിന്തകള്‍ ഇവ നിയന്ത്രിച്ചാല്‍ ഇവര്‍ക്ക് വിജയം ഉണ്ടാകും. അന്യഭാഷാ പഠനവും വിദേശ ബന്ധവും ഇവര്‍ക്ക് ഗുണങ്ങളുണ്ടാക്കും. ഏത് കാര്യവും തുറന്ന മനസ്സോടെ സമീപിച്ചാല്‍ വിജയം വരിക്കും.


സാഹസികത, മത്സരസ്വഭാവം, വെല്ലുവിളികള്‍ ഇതിനെ അതിജീവിച്ച് വിജയം വരിക്കും. എന്തും ബുദ്ധികൊണ്ട് വെട്ടിപ്പിടിക്കുന്നവരും വായനാ പ്രിയരും നല്ല സുഹൃത്തുക്കളെ സമ്പാദിക്കുന്നവരും ആയിരിക്കും. സൗന്ദര്യമുള്ളവരാണ് ജീവിത പങ്കാളികള്‍. വിവാദങ്ങളും ബൗദ്ധിക സംവാദങ്ങളും വളരെയേറെ ഇഷ്ടപ്പെടുന്നു. അധിക്ഷേപങ്ങളും അപവാദങ്ങളും തന്റേടത്തോടെ നേരിടുന്ന ഇവര്‍ സംഭാഷണ പ്രിയര്‍ ആണെങ്കിലും ഒരിക്കലും നല്ല ശ്രോതാവല്ല. സമ്പത്ത്, വിജ്ഞാനം, മനഃസമാധാനം, സുഖസൗകര്യങ്ങള്‍ എന്നിവ ഇ പ്രദാനം ചെയ്യുന്നു. ബിസിനസ് പുരോഗതി ഉണ്ടാകും. ആത്മീയ ജ്യോതിഷ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും.

എഫ്
ഇന്ദ്രിയസുഖങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇവര്‍ക്ക് സന്മാര്‍ഗ്ഗ ജീവിത ചര്യകള്‍ വിധിച്ചിട്ടില്ല. എഫ് നോട് എ, ആര്‍, ജി, എച്ച് എന്നീ അക്ഷരങ്ങള്‍ ചേര്‍ ത്താല്‍ പേര്, പെരുമ, സാമ്പത്തികം, വാഹനം, കലാകായിക രംഗങ്ങളില്‍ പ്രശസ്തി ഉണ്ടാകും. അക്ഷരങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ധാരാളമാണെങ്കിലും മറ്റുള്ളവരെ അനുസരിപ്പിക്കുവാനുള്ള പ്രവണതയാണ് കാണിക്കുക. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണത നിര്‍ബന്ധം. ശ്യംഗാരലോലുപരും ഉദാരശീലരുമായ ഇവര്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ട് ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു. വിശ്വസ്ത പൂര്‍ണമായ സൗഹൃദം, സൗന്ദര്യമുള്ള ജീവിതപങ്കാളി എഫ് ന്റെ സവിശേഷതകളാണ്.

ജി
ജി എന്നത് ദൈവത്തിന്റെ വിഹിതമായ അക്ഷരമാണ്. മാനസികമായും ശാരീരികമായും സ്വന്തം കാര്യം നേടിയെടുക്കുന്നതില്‍ എന്തു കഷ്ടപ്പാടുകള്‍ സഹിക്കുന്നതിനും വളരെ ഉയര്‍ന്ന ചിന്താഗതി ഇവരെ വ്യത്യസ്തരാക്കുന്നു. ഇന്ദ്രിയസുഖങ്ങളും പദ്ധതികള്‍ ആസൂത്രണം നടത്തുന്നതിലെ വിജയവും സ്വന്തം പ്രശസ്തി വര്‍ദ്ധിപ്പിക്കും. ജി യോടുകൂടി ഐ, ജി, ആര്‍, എ, ഇ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ സാമ്പത്തികം, പദവികള്‍, എന്നിവയ്ക്ക് അര്‍ഹരായിരിക്കും. തികഞ്ഞ ഉത്തരവാദിത്വബോധം സ്വന്തം പ്രവര്‍ത്തികളിലുണ്ടെങ്കിലും പിശുക്കും ധാരാളിത്തവും ഒരേപോലെയായിരിക്കും. സമാനചിന്താഗതിക്കാരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടും. സ്വന്തം കുടുംബാംഗങ്ങള്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നവര്‍ കടുത്ത ദൈവഭക്തി, ഈശ്വരാരാധന, ദാനധര്‍മങ്ങള്‍ ലോഭമില്ലാതെ ചെയ്യുക എന്നതാണ് സവിശേഷത.

എച്ച്
ശനിയെപ്പോലെ സമ്പത്തില്‍ തളര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു ഗ്രഹമില്ല. സ്നേഹസമ്പന്നരും ആത്മബലമുള്ളവരും കഠിനാധ്വാനികളും ദൃഢതീരുമാനമുള്ളവരും സ്വപ്ന സഞ്ചാരികളും ആയിരിക്കും. ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെയുള്ള ഇവര്‍ക്ക് അലസതയും വിരസതയും തീരാശാപമാണ്. തൊഴില്‍ മത്സരം, ശത്രുദോഷം, അപമാനം, എന്നിവ നേരിടേണ്ടിവരുന്നവര്‍ക്ക് അവസാനം വിജയം സിദ്ധിക്കും. സാമ്പത്തിക ഭദ്രതയ്ക്ക് ചില തടസ്സങ്ങളുണ്ടെങ്കിലും ആധിപത്യം വിടുന്നതിനുമുമ്പ് ശനി അനുഗ്രഹങ്ങളും നല്‍കാറുണ്ട്. സമൂഹത്തില്‍ എല്ലാ വിഭാഗക്കാരുമായും സൗഹൃദബന്ധം പുലര്‍ത്തും.


ആത്മവിശ്വാസം, സന്തോഷം, വ്യവസായ മത്സരങ്ങള്‍, ശത്രു ആധിപത്യ ങ്ങള്‍ നേടുന്ന ഇവര്‍ പ്രശസ്തിക്കര്‍ഹരാകും. പദ്ധതി ആസൂത്രണവിജയം ഇക്കൂട്ടര്‍ക്ക് അവകാശപ്പെട്ടതാണ്. ഡി, എസ്, എന്‍, എല്‍, എന്നീ അക്ഷരങ്ങള്‍ ഐ യോട് ചേര്‍ന്നാല്‍ ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഡംബര പ്രിയരും ജീവിതവിജയം ആസ്വദിക്കുന്നവരും പരീക്ഷണങ്ങള്‍ നേരിടുന്നവരും ആയിരിക്കും. അമിത ആത്മവിശ്വാസം, ഭക്തിയും അനുസരണയും ഇല്ലാതാക്കുന്നു. മറ്റുള്ള വ്യക്തികള്‍ക്ക് മാതൃകയാകാനും നായകസ്ഥാനത്തെത്താനും വേണ്ടി ശ്രമിക്കുന്ന ഇവര്‍ അഹംഭാവികളും ആയിരിക്കും.

ജെ
ആരേയും ആകര്‍ഷിക്കുവാനും സന്തോഷം, ഉത്സാഹം അനുഭവിക്കാനും ഇവര്‍ക്ക് എളുപ്പമാണ്. ഇന്ദ്രിയാനുഭൂതിയും അസാന്മാര്‍ഗിക ചിന്തകളും ഒഴിവാക്കിയാല്‍ വിവാദങ്ങളില്‍ നിന്നകലാം. ആനന്ദം, സന്തോഷം, ഉന്നതപദവി ഇവരെത്തേടിയെത്തുന്നത് സാധാരണയാണ്. നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള ഇവര്‍ കലാരംഗത്തും സംഗീതരംഗത്തും രാഷ്ട്രീയ രംഗത്തും തിളങ്ങി നില്‍ക്കും.

കെ
സുഖദുഃഖ സമ്മിശ്രമായ ജീവിതമാണ്. കെ യോടുകൂടി എച്ച്, എന്‍, എ, എസ് എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ ജീവിതത്തില്‍ പല ഉയര്‍ച്ചകളും സന്തോഷവും ലഭിക്കും. സൗന്ദര്യമുള്ളവരും സുഹൃത്തുക്കളുള്ളവരും ഗാംഭീര്യമുള്ളവരും നിസ്വാര്‍ത്ഥരും ആയിരിക്കും. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കണക്കില്ലാത്ത സാമ്പത്തികം ചെലവാക്കും. പ്രകൃതിപഠനങ്ങള്‍, കലാരംഗം ഇവകളില്‍ ആഭിമുഖ്യം. ഇവര്‍ നാണം കുണുങ്ങികളാണെങ്കിലും ജീവിതത്തില്‍ ഏതു വേഷത്തിലും മികച്ചു നില്‍ക്കുകയും തികഞ്ഞ കുലീനത്വവും ഇവരുടെ സവിശേഷത.

എല്‍
സ്നേഹത്തെ സൂചിപ്പിക്കുന്ന അക്ഷരം. മാധ്യമരംഗത്ത് തിളങ്ങിനില്‍ക്കാനും സ്വന്തം പാത സ്വയം കണ്ടുപിടിക്കാനും ഇവര്‍ക്ക് ശേഷിയുണ്ട്. ഇവര്‍ക്ക് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വിരളമായിരിക്കും. അസംതൃപ്തകരമായ ഒരു വിവാഹജീവിതം ഇവര്‍ക്കെന്നും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും ഇവര്‍ തയ്യാറല്ല എന്നുതന്നെ പറയാം. അപ്രക്ഷീതമായ ചെലവുകളും ചതിപ്രയോഗങ്ങളും നേരിടുവാനും മനസ്സ് ചഞ്ചലപ്പെടാനും ഇടയുണ്ട്. കലുഷിതമായ കുടുംബാന്തരീക്ഷം മനഃസമാധാനം കെടുത്താന്‍ ഇടയുണ്ട്. എല്‍ നോടുകൂടെ ഒ, എല്‍ എന്നീ അക്ഷരങ്ങള്‍ ചില നഷ്ടങ്ങളുണ്ടാക്കാനും അസുഖബാധിതനാവാനും ഇടയുണ്ട്. എല്‍ നോടുകൂടെ കെ, എ എന്നതോ വരികയാണെങ്കില്‍ ഉന്നതപദവികള്‍ അലങ്കരിക്കും.

എം
പൂര്‍ണ്ണമായും രാഹുവിന്റെ നിയന്ത്രണത്തിലുള്ള അക്ഷരമാണ്. എം കാരെ സാധാരണ മിടുമിടുക്കര്‍ എന്നാണ് പറയാറ്. സിനിമാരംഗത്തും സാംസ്കാരികരംഗത്തും മാധ്യമരംഗത്തും എം ന്റെ മാസ്മരിക ശക്തികള്‍ ധാരാളമായി കാണാം. കര്‍മനിരതരും ഉത്സാഹഭരിതരും ഭാവനാ സമ്പന്നരും വിജയശ്രീരാളിതരുമാണിവര്‍. സ്വതന്ത്രവും ശക്തവും വ്യക്തവും ആയ തീരുമാനങ്ങള്‍ ഇവരുടെ മാസ്മരിക ശക്തിയ്ക്ക് മാറ്റുകൂട്ടുന്നു. കര്‍ക്കശ സ്വഭാവം ഇവര്‍ക്ക് മനഃപ്രയാസങ്ങളുമുണ്ടാക്കുമെങ്കിലും ധനസമ്പാദനത്തില്‍ ഇവര്‍ മുന്‍പിലാണ്. മറ്റുള്ളവരെപ്പറ്റി ചിന്തിച്ചുനേരം കളയാത്ത ഇവര്‍ സ്വന്തം കടമകളില്‍ വിശ്വസിക്കുന്നവരാണ്. മനസ്സില്‍ ആത്മധൈര്യവും തന്റേടവും ശക്തയുമുള്ള ഇവര്‍ അതൊരിക്കലും പറത്തുകാണിക്കാറില്ല.

എന്‍
ശ്രീ മഹാവിഷ്ണുവിന്റെ ആധിപത്യത്തിലുള്ള ഈ അക്ഷരം ശ്രീബുധഭഗവാന്റെയും ദേവര്‍ഷി നാരദന്റെയും അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. വലിയ സുഹൃദ് വലയത്തിന്റെ സ്വാധീനത്തിനും നിശ്ചയദാര്‍ഢ്യത്തിലും വിശ്വസിക്കുന്നവരാണ്. പരാക്രമശാലികളായ ഇവര്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗത്തിനും ഒരുക്കമാണ്. ധനസമ്പാദമാണ് ജീവിതലക്ഷ്യം. പിശുക്ക് ഇവരുടെ പ്രത്യേകതയാണെങ്കിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. സ്നേഹസമ്പന്നരും കാരുണ്യമുള്ളവരുമായിരിക്കും. ഭൗതികസുഖങ്ങള്‍ ആസ്വദിക്കുമെങ്കിലും മാനസികവും ശാരീരകവും പ്രയാസങ്ങള്‍ ഇവര്‍ക്ക് അനുഭവപ്പെടും. വി എന്ന അക്ഷരം എന്‍ ന് മുന്‍പ് വന്നാല്‍ ഒരുപാട് നേട്ടങ്ങളുണ്ടാകും. ഡബ്ലിയൂ എന്ന അക്ഷരം വന്നാലും തുടരെയുള്ള കര്‍മങ്ങള്‍ ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാകും. എന്‍ ആവര്‍ത്തിച്ചു വന്നാല്‍ കനത്ത സസാമ്പത്തിക മുണ്ടാകും.


അസുരഗുരുവായ ശുക്രാചാര്യയുടെ നിയന്ത്രണങ്ങളും സ്വഭാവങ്ങളും സവിശേഷതകളും അടങ്ങിയതാണ് ഈ അക്ഷരം. ജാതകത്തില്‍ പൊതുവേ ശുക്രനെ ചിന്തിക്കുന്നത് സ്ത്രീയായിട്ടാണ്. അതുകൊണ്ട് ചില ദുര്‍ബലതകളും ഈ അക്ഷരത്തിനുണ്ട്. ആശയാഭിലാഷങ്ങളുടെ കാര്യത്തില്‍ ഒരു രഹസ്യ സ്വഭാവവും കര്‍ക്കശ്യസ്വഭാവവും ഈ അക്ഷരത്തിനുണ്ട്. ഒരു വ്യക്തിയുടെ പേരില്‍ ഈ അക്ഷരം വരാതിരിക്കുകയാണ് നല്ലത്. കാരണം ഒ എന്നത് അത് ഒരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. വ്യാപാരനഷ്ടം കുടുംബത്തില്‍ സമാധാനക്കുറവ്, ബന്ധുക്കളുമായി ശത്രുത ഇതെല്ലാം ഈ അക്ഷര മുണ്ടാകുന്നു. ദുഃഖം, നിരാശ, പരാജയബോധം, കാര്യശേഷിക്കുറവ് ഇതെല്ലാം ഈ അക്ഷരത്തിന്റെ സംഭാവനയാണ്. ഒ എന്നത് ആവര്‍ത്തിച്ചുവന്നാല്‍ കര്‍മരംഗം കുറച്ചുനാളത്തേക്കെങ്കിലും മാറിച്ചിന്തിക്കണം. എന്‍ എന്ന അക്ഷരം മുന്‍പില്‍ വന്നാല്‍ No എന്ന നെഗറ്റീവ് ദോഷം ചെയ്യും. ഒ യ്ക്കുശേഷം എന്‍ വന്നാല്‍ ഒഎന്‍ എന്നത് നല്ലതാണ്. ഇവര്‍ ഫലിതപ്രിയര്‍ ആയിരിക്കും. ഒ യോടുകൂടി നല്ല അക്ഷരങ്ങള്‍ വന്നാല്‍ ധനവും പ്രശസ്തിയുമുണ്ടാകും. തുല്യസ്വഭാവമുള്ളവരെയാണ് വിവാഹകാര്യങ്ങള്‍ക്ക് പരിഗണിക്കുക. സ്നേഹസമ്പാദനത്തില്‍ ഇവര്‍ സമര്‍ത്ഥരാണ്. ധനം, സമയം, ഊര്‍ജം ഇവ വിനിയോഗിക്കുന്നതില്‍ അപാരസാമര്‍ത്ഥ്യമാണ് ഇവര്‍ക്ക്. ദൃഢതയുള്ളതും വിശ്വസ്തതയുള്ളതുമായ ബന്ധങ്ങള്‍ക്ക് ഇവര്‍ പരിഗണന നല്‍കുന്നു.

പി
പി യില്‍ തുടങ്ങുന്ന പേരുകാര്‍ക്കുള്ള സവിശേഷതകള്‍ – കേതുവിന്റെ സ്വാധീനത്തിലാണെങ്കിലും ശനീശ്വരന്റെ അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. ഇവര്‍ ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നു. സ്വന്തം ഇമേജ് വര്‍ധിപ്പിക്കുകയാണ് ജീവിതലക്ഷ്യം. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് എപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിനുടമകളാണ്. വിവാഹ കാര്യത്തില്‍ നിഷ്കര്‍ഷയുള്ള ഇവര്‍ക്ക് ബുദ്ധി, സൗന്ദര്യം, സാമൂഹികാംഗീകാരം ഇവയുള്ള വധുവിനെയാണ് താത്പര്യം. മാനസിക സന്തോഷം തരുമെന്നുറപ്പുള്ള പരീക്ഷണങ്ങള്‍ക്ക് എത്ര പണം ചെലവാക്കാനും മടിയില്ല ഇവര്‍ക്ക്. പി ആവര്‍ത്തിച്ചു വന്നാല്‍ ഭരണപരമായ കാര്യക്ഷമത, ഉന്നതസ്ഥാനലബ്ധി, ഉജ്ജ്വല വ്യക്തിത്വം ഇവയുണ്ടാകും. ജീവിതത്തില്‍ വിജവും പുരോഗതിയും ഉണ്ടാകുന്ന ഇവര്‍ക്ക് സമ്പത്ത് എത്ര അധികരിച്ചാലും തൃപ്തിയുണ്ടാകില്ല. സംഭാഷണ വേളയില്‍ നായകത്വം വഹിക്കുന്നതിനുള്ള സാമര്‍ത്ഥ്യവും സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാനും ഇവര്‍ക്ക് മടിയില്ല

ക്യൂ
ശനീശ്വരന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. മാനസികശക്തിയും പ്രയത്നിക്കാനുള്ള മനസ്സും ഇക്കൂട്ടര്‍ക്ക് സ്വന്തമാണ്. സ്ഥിരമായ പദ്ധതികളും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. എന്തിനേയും ചോദ്യം ചെയ്യാനുള്ള പ്രവണത ഇവരില്‍ കണ്ടുവരുന്നു. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ല സംഭാഷണ ചാതുരി ഇവര്‍ക്കുണ്ട്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും ഇവര്‍ തിളങ്ങി നില്‍ക്കും.

ആര്‍
ചൊവ്വയുടെ പൂര്‍ണനിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. ആര്‍ എന്ന അക്ഷരത്തിന്റെ സൂര്യന്‍ ഉച്ചരാശിയിലാണ് സഞ്ചരിക്കുന്നത്. ആര്‍ എന്നത് ആത്മവിശ്വാസം, ഉന്മേഷം, ജീവിതവിജയം, ഊര്‍ജസ്വലത തുടങ്ങിയവയുടെ ഉടമസ്ഥരായിരിക്കും. നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന ഇവര്‍ ക്ഷിപ്ര കോപികളും നിര്‍ബന്ധബുദ്ധിയുള്ളവരുമായി കാണപ്പെടുന്നു. മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ സ്വന്തം കടമകള്‍ അസാമാന്യപാടവത്തോടെ ചെയ്തുതീര്‍ക്കുന്നു. എ എന്ന അക്ഷരം ആര്‍ ന് മുന്‍പില്‍ വന്നാല്‍ ധാരാളം ധനവും പ്രശസ്തിയും വിദേശയാത്രകളും ആ വ്യക്തിയ്ക്ക് സ്വന്തം. എ എന്ന അക്ഷരം ആര്‍ ന് ശേഷം വന്നാല്‍ കനത്ത സാമ്പത്തികം ആ വ്യക്തിയ്ക്കുണ്ടാകും. പി എന്ന അക്ഷരം ആര്‍ ന് മുന്‍പ് വന്നാല്‍ ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ആര്‍ നുശേഷം പി വന്നാല്‍ വളരെ ശ്രദ്ധയോടെ ജീവിക്കേണ്ട അവസ്ഥയാണ്. ആ സംയോജനം നന്നല്ല. ആര്‍ നുശേഷം കെ വന്നാല്‍ ഉറച്ചമനസ്സും പരുക്കന്‍ സ്വഭാവവും ഉണ്ടാകും. ഡി യ്ക്കുശേഷം ആര്‍ വന്നാല്‍ ഇടപ്പെടുന്ന വ്യക്തികളെ കൂടുതല്‍ മനസ്സിലാക്കി പഠിച്ച് വേണം മുന്നേറുവാന്‍. സൗഹൃദങ്ങള്‍ ഇവര്‍ ജീവീതാവസാനം വരെ നിലനിര്‍ത്തുന്നു എന്നതാണ് സവിഷശേഷത. സ്നേഹമുള്ളവര്‍ക്കുവേണ്ടി ഏതു സഹായം ചെയ്യാനും ഇവര്‍ സദാസമ്പന്നരാണ്. ആത്മീയമായും ഭൗതികമായും ബുദ്ധിപരമായും എല്ലാം ഒരേ രീതിയില്‍ കാണുകയും തങ്ങള്‍ക്ക് എല്ലാം അധീനമാണെന്ന് ഇവര്‍ വിശ്വസിക്കുയും ചെയ്യുന്നു.

എസ്
സൂര്യഭഗവാന്റ സ്വാധീനത്തിലുള്ളതാണ് ഈ അക്ഷരം. സര്‍പ്പധാരിയായ കൈലാസനാഥന്റെ അനുഗ്രഹാശിസ്സുകളും ഈ അക്ഷരത്തിനുണ്ട്. സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമര്‍ത്ഥ്യവും നിശ്ചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്. എസ് നു ശേഷം ആര്‍ വന്നാല്‍ മറ്റുള്ളവരെ ബഹുമാനിച്ച് സ്വന്തം കാര്യം നേടിയെടുക്കാന്‍ സമര്‍ത്ഥരായിരിക്കും. എ, എന്‍ എന്ന അക്ഷരങ്ങള്‍ വന്നാല്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവു മുണ്ടാകും. ഏത് അപല്‍സന്ധിനേരിടാനും ജാഗരൂകമായ പ്രകൃതമായിരിക്കും ഇവര്‍ക്ക്. താല്‍പ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനും ചില അവസരങ്ങളില്‍ അവരെ നിരുത്സാഹപ്പെടുത്തുവാനും ശ്രമിക്കും. ഇവര്‍ ശ്രദ്ധ, വിവേകം, കാര്യക്ഷമ, സുഖഭോഗങ്ങള്‍ ഇവയ്ക്കെല്ലാം അതീവപ്രധാനം നല്‍കുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. എസ് ആവര്‍ത്തിച്ചുവന്നാല്‍ ഒരുപാട് നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാകും.

ടി
ചന്ദ്രഭഗവാന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. കാലാനുസൃതമായ മാറ്റങ്ങളില്‍ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓര്‍മകളില്‍ മുഴുകി ജീവിക്കാനാണ് ഇവര്‍ക്കിഷ്ടം. ഈ പേരുകള്‍ നേതൃസ്ഥാനത്ത് എത്തിച്ചേരും. സുഖദുഃഖ സമ്മിശ്രഫലങ്ങളാണ് ഈ അക്ഷരത്തില്‍ നിന്ന് ലഭിക്കുന്നത്. സുഖപ്രദമായ ജീവിതം, കഠിനപ്രവര്‍ത്തികള്‍ ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.

യു
ശ്രീമഹാവിഷ്ണുവിന്റെ സ്വാധീനവലയത്തിനുള്ളതാണ് ഈ അക്ഷരം. സാഹസപ്രിയരും അസാമാന്യ ധൈര്യശാലികളും കടുത്ത പ്രണയിതാക്കളു മായിരിക്കും. ഉന്നതമായ ചിന്തകളും ഉയര്‍ന്ന വ്യക്തിത്വത്തിനും ഉടമകളു മായിരിക്കും ഇവര്‍. സൗന്ദര്യസംരക്ഷണത്തിനുവേണ്ടി എത്ര സമ്പത്ത് ചെലവഴിക്കാനും മടിക്കാത്തവര്‍. യു വിനോട് കെ ചേര്‍ന്നാല്‍ അപാരമായ അറിവും ഉന്നതപദവികളും സ്വയ ത്തമാക്കും. ജി എന്ന അക്ഷരം വന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത അവസ്ഥയും സംജാതമാകും. യുവിനോട് ആര്‍ ചേര്‍ന്നാല്‍ ഉന്നതപദവികളും പ്രശസ്തിയുമുണ്ടാകും, ആര്‍, എം, ആര്‍, എ എന്നീ അക്ഷരങ്ങള്‍ യു വിനോട് ചേര്‍ന്നാല്‍ സമ്പത്തും പ്രശസ്തിയും ഉന്നതപദവികളും ദൈവാനുഗ്രഹവും ഉണ്ടായിത്തീരും. യു ആവര്‍ത്തിച്ചുവന്നാല്‍ സ്വകാര്യ ദുഃഖങ്ങള്‍ കൂടപ്പിറപ്പായിരിക്കും. സുഹൃത്തുക്കളോട് സ്നേഹവും വിശ്വാസവും കാണിക്കുകയും അവരെ സഹായിക്കുകയും ചെയ്യും.

വി
രാഹുവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. വ്യതസ്ത വ്യക്തി ത്വങ്ങള്‍ ഇവരില്‍ കണ്ടുവരുന്നു. ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നു. ആത്മാര്‍ത്ഥത, സ്നേഹം, ത്യാഗമനോഭാവം എന്നിവ ഇവരുടെ കൂടെപ്പിറപ്പാണ്. ആത്മാര്‍ത്ഥമായ സൗഹൃദബന്ധങ്ങള്‍ ആഗ്രഹിക്കുന്ന ഇവര്‍ വലിയ സൗഹൃദ് വലയത്തിന്റെ ഉടമകളായിരിക്കും. ആത്മവിശ്വസം, ദൈവിക ചിന്തകള്‍ക്കു പ്രാധാന്യം ഇവ വി ക്കാരുടെ പ്രത്യേകതയാണ്. വി ആവര്‍ത്തിച്ചുവന്നാല്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കും. വി യോടുകൂടെ എ വന്നാല്‍ തൊഴില്‍ മുന്നേറാന്‍ സാധിക്കും. വിയോടുകൂടെ എന്‍ എന്ന അക്ഷരം വന്നാല്‍ നേട്ടങ്ങളുടെ പട്ടിക തന്നെ ഇക്കൂട്ടര്‍ക്ക് സ്വന്തമാകും. നേതാവായി ഉയര്‍ത്തപ്പെടും. വിയോടുകൂടെ കെ വന്നാല്‍ സ്ഥാപനങ്ങളായാലും അങ്ങേയറ്റം പ്രയാസങ്ങള്‍ നേരിടേണ്ടിവരും. വി യോടുകൂടെ ഇ വന്നാല്‍ കഷ്ടപ്പാടുകളുടെ പരമ്പര ഉണ്ടാകുമെങ്കിലും അവസാന വിജയം വരിച്ച് ഒരു സ്ഥാനത്തെത്തുമെന്ന് ഉറപ്പ്.

ഡബ്ല്യൂ
ശ്രീ ബുദ്ധഭഗവാന്റെ സ്വാധീനത്തുള്ളതാണ് ഈ അക്ഷരത്തിന് നാരീശ്വര അനുഗ്രഹങ്ങളും ശക്തിവിശേഷങ്ങളും ഉണ്ട് എന്ന് എടുത്തുപറയേണ്ടതാണ്. സമ്പല്‍സമൃദ്ധവും സുഖാനുഭൂതികളും നിറഞ്ഞ് ജീവിതമായിരിക്കണം തങ്ങളുടേതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ജീവിതം അന്വേഷണാത്മകമാക്കാന്‍ ഉള്ള വ്യഗ്രത ഇവരില്‍ കാണാം. എന്തിനേയും ചോദ്യം ചെയ്യുവാനും വിമര്‍ശനാബുദ്ധ്യാ വിലയിരുത്താനും ഇവര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്. അപാര സംഭാഷണ സാമര്‍ത്ഥ്യമുള്ള ഇവര്‍ ഇണങ്ങാത്ത ചുറ്റുപാടുകളോടുപോലും യോജിച്ചുപോവാന്‍ ശ്രമിക്കുന്നു. എസ്, ഐ എന്നീ അക്ഷരങ്ങള്‍ ഇതിനു മുമ്പോ പിമ്പോ വന്നാല്‍ ആത്മീയ മായി അത്യുന്നതിയിലെത്തും. എ, ആര്‍ എന്നീ അക്ഷരങ്ങള്‍ ഇതിനുശേഷം വന്നാല്‍ മനഃസമാധാനക്കുറവും കുടുംബപ്രശ്നങ്ങളും അലട്ടിക്കൊണ്ടിരിക്കും.

എക്സ്
ശുക്രാചാര്യന്റെ നിയന്ത്രണത്തിലുള്ള ഈ അക്ഷരം ഗുണന ചിഹ്നംപോലെ വ്യക്തികളുടെ ജീവിത്തില്‍ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അന്വേഷണാത്മകമായി പലതലങ്ങളിലേക്ക് വ്യാപിക്കാനും ഉത്തമ പരിഹാര നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളാനും ഇവര്‍ക്കുള്ള കഴിവ് മാതൃകാപരമായ. എക്സ് പേരില്‍ വന്നാല്‍ സ്നേഹസമ്പന്നരും ധനസമ്പാദനത്തില്‍ ആകൃഷ്ടനുമായിരിക്കും

വൈ
കേതുവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി കാര്യങ്ങള്‍ അപഗ്രഥിക്കാനുള്ള ഇവരുടെ കഴിവ് അപാരമാണ്. എല്ലാം തന്റെ അദ്ധ്യക്ഷതയില്‍ നടക്കണമെന്ന് മനസ്സില്‍ നിഗൂഢമായ ആഗ്രഹിക്കുന്നവരാണിവര്‍. മറ്റുള്ളവര്‍ക്ക് സഹായകമായ രീതിയില്‍ പെരുമാറാനും അതുവഴി നേതൃസ്ഥാനത്തേയ്ക്കെത്താനും ഇവര്‍ ശ്രമിക്കും. അനന്തരമായ ആഗ്രഹങ്ങളും സംസാര നിയന്ത്രണമില്ലായ്മയും ഇവരില്‍ കണ്ടുവരുന്നു. ശാരീരികമായി ഇവര്‍ ശക്തമായിരിക്കും. ഏതു കാര്യങ്ങളിലും വിജയ പരാജയങ്ങള്‍ നോക്കാതെ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിക്കും.

ഇസഡ്
ശനീശ്വരന്റെ ആധിപത്യത്തിലുള്ള അക്ഷരം. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഇവര്‍ തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ സമ്പത്ത് ചെലവഴിക്കൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ് ഇവര്‍. സ്വാര്‍ത്ഥ, കര്‍ക്കശ്യബുദ്ധി ഇവ ഇവരില്‍ കണ്ടുവരുന്നു. ഏതെങ്കിലും പ്രതി സന്ധിയില്‍ പെട്ടുപോയാല്‍ എല്ലാവരും ഇവരെ ഒറ്റപ്പെടുത്താറാണ് പതിവ്. കുടുംബാംഗങ്ങള്‍ക്കുവേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറായ ഇവര്‍ സാമ്പത്തിക കാര്യങ്ങളില്‍ അത്ര വിശ്വസ്തത പുലര്‍ത്താറില്ല. ഒരു പരിധിയില്‍ കൂടുതല്‍ ദൈവവിശ്വാസം ഇവരില്‍ കണ്ടുവരുന്നില്ല.

സാരഥി കൃഷ്ണ ,നെയിമോളജിസ്റ്


Share this Post
Vasthu-Numerology