പാപസാമ്യം ഉറപ്പിച്ചാൽ ദാമ്പത്യവിജയം നിശ്ചയം..

പാപസാമ്യം ഉറപ്പിച്ചാൽ ദാമ്പത്യവിജയം നിശ്ചയം..

Share this Post

വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിയയാണ്. പ്രകൃതി, ഓരോ ജീവജാലത്തെയും എല്പിച്ചിട്ടുള്ള പ്രവൃത്തി; അതായത് മറ്റൊരു തലമുറയിലൂടെ ആ ജീവി വര്‍ഗ്ഗത്തിന്‍റെ സവിശേഷതകള്‍ തുടര്‍ന്ന് പോകുന്നതിനുള്ള നിയോഗം, അതാണ്‌ ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വിവാഹം. വിവാഹത്തിനു മുന്‍പ് പൊരുത്തം(സാമ്യം) നോക്കുന്ന പതിവ് വളരെ പണ്ടുതന്നെ ഉണ്ടായിരുന്നു. സ്ത്രീയും പുരുഷനും തമ്മിൽ വിവാഹിതരാകുന്നതിന് മുമ്പ് ഇരുവരുടെയും ജാതകങ്ങൾ തമ്മിലുള്ള ചേർച്ച നോക്കുന്ന രീതിക്കാണ് പാപസാമ്യ പരിശോധന എന്ന് പറയുന്നത്. പ്രത്യുല്പാദനം സ്ത്രീയെ അടിസ്ഥാനമാക്കി ആയതിനാല്‍ വിവാഹ സാമ്യ പരിശോധനയും എപ്പോഴും സ്ത്രീ ജാതകം അടിസ്ഥാനപ്പെടുത്തിയാണ് ചെയ്യുന്നത്.


“ദാമ്പത്യോരൈക്യകാലേ വ്യയനധനഹിബുകേ സപ്തമേ ലഗ്നരന്ധ്രേ …..”
ഇത്യാദി പ്രമാണമനുസരിച്ച് സ്ത്രീയുടെയോ പുരുഷന്‍റെയോ ജാതകത്തിൽ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും ശുക്രനിൽ നിന്നും ലഗ്നം,2,4,7,8,12 എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങള്‍ ഏതെങ്കിലും പരിഹാരമില്ലാതെ നിൽക്കുന്നുണ്ടെങ്കിൽ ഇതുമായി പാപസാമ്യമുള്ള ജാതകം മാത്രമേ വിവാഹക്കാര്യത്തിൽ ഇതിലേക്കു ചേർക്കാൻ പാടുള്ളൂ.
പുരുഷജാതകത്തിൽ ഏഴാംഭാവമാണ് ദാമ്പത്യത്തെ സംബന്ധിച്ച് പ്രധാനം. സ്ത്രീജാതകത്തിൽ ഏഴും എട്ടും ഭാവങ്ങള്‍ പ്രധാനമായി ചിന്തിക്കേണ്ടതാണ്.
“പാപഃ പാപേക്ഷിതോ വാ യദി ബലരഹിതഃ…..”
എന്ന നിയമമനുസരിച്ച് പുരുഷജാതകത്തിൽ ലഗ്നാലോ ചന്ദ്രാലോ ഏഴാം ഭാവത്തിൽ പാപഗ്രഹമോ പാപദൃഷ്ടിയുള്ള പാപനോ (പാപഗ്രഹത്താല്‍ വീക്ഷിക്കപ്പെടുന്നത്) ബലരഹിതനോ പാപവർഗിസ്ഥിതനോ അഞ്ചാം ഭാവാധിപനോ അഷ്ടമാധിപനോ ഗുളികരാശ്യാധിപനോ നീചസ്ഥാനത്ത് സ്ഥിതനായ വ്യാഴമോ വൃശ്ചികത്തിൽ നിൽക്കുന്ന ശുക്രനോ പാപനോടു കൂടിയ ശുക്രനോ നിൽക്കുന്നുണ്ടെങ്കിൽ ഭാര്യാമരണമാണ് ഫലം പറയുന്നത്. ജാതകത്തില്‍ ശുക്രന്‍റെ ഇരുപുറത്തും പാപഗ്രഹങ്ങൾ നിൽക്കുകയോ നാലിലും എട്ടിലും കൂടി പാപഗ്രഹങ്ങൾ നിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ഭാര്യാനാശം ഫലമാകുന്നു. എന്നാല്‍ ഏതെങ്കിലും ശുഭ ഗ്രഹത്തിന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ദോഷപരിഹാരമാണ് എന്നും നിയമങ്ങളില്‍ പറയപ്പെടുന്നു. മേല്‍ നിയമങ്ങള്‍ അനുസരിച്ച് സാധാരണ ഗതിയിലുള്ള പരിഹാരമില്ലാതെ പുരുഷജാതകം ദോഷജാതകമായി കാണപ്പെടുകയാണെങ്കിൽ ആ പുരുഷന്‍ ദോഷ ജാതകമുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍ ദോഷ ഫലം ഒഴിവാക്കാന്‍ കഴിയും എന്നാണ് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുള്ളത്.


സ്ത്രീജാതകപരിശോധന കുറേക്കൂടി സൂക്ഷ്മമായി ചെയ്യേണ്ടതാണ്. ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും 7,8 ഭാവങ്ങളാണു പ്രധാനമായി നോക്കേണ്ടത്. സ്ത്രീ ജാതകത്തില്‍ 7,8 എന്നീ ഭാവങ്ങളിൽ പരിഹാരങ്ങളില്ലാതെ പാപഗ്രഹങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അതു ദോഷജാതകമായി കണക്കാക്കുന്നു. എന്നാല്‍, സ്ത്രീജാതകത്തിൽ ഒൻപതാംഭാവത്തിൽ ഏതെങ്കിലും ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ ഏഴിലെയോ എട്ടിലെയോ ദോഷങ്ങൾക്കു പരിഹാരമാണ്. രണ്ടാംഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ എട്ടാം ഭാവത്തിലെ ദോഷത്തിനു പരിഹാരമാണ്. ശുദ്ധജാതകമുള്ള പുരുഷൻ ശുദ്ധജാതകമുള്ള സ്ത്രീയെ വിവാഹം കഴിച്ചാൽ അവരുടെ വിവാഹ ജീവിതം ശോഭനമായിരിക്കും. പക്ഷെ, ഇതിനുള്ള സാധ്യത തുലോം വിരളമാണ്. കാരണം ജാതക ചേര്‍ച്ച മാത്രമല്ല പ്രായം, ജാതി, സമുദായം, കുടുംബ നിലവാരം തുടങ്ങി അനേകം ഘടകങ്ങള്‍ കൂടി വിവാഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നതുതന്നെ.

മേല്‍പറഞ്ഞതു പോലെ തന്നെ, ദോഷജാതകമുള്ള പുരുഷനുമായി തത്തുല്യ ദോഷജാതകമായ സ്ത്രീയെ ചേർത്താൽ ആ ദമ്പതിമാരുടെ വിവാഹജീവിതം ഏറ്റവും ശോഭനമായിരിക്കും എന്നും പറയപ്പെടുന്നു. എന്നാല്‍ വര്‍ഷങ്ങളായുള്ള നിരീക്ഷണത്തില്‍ ഇതു അത്ര ശരിയായി കാണുന്നില്ല. പരിഗണിക്കുന്ന ജാതകങ്ങളിൽ ഒന്നു ശുദ്ധജാതകവും മറ്റേതു ദോഷജാതകവുമാണെങ്കിൽ ചേര്‍ക്കാന്‍ പാടില്ല എന്നാണ് പ്രമാണം. ജാതകത്തില്‍, ദോഷം സ്ത്രീയ്ക്കാണ് കൂടുതലെങ്കിൽ ഭര്‍തൃ മരണം(വിരഹം എന്നതാണ് കൂടുതല്‍ പ്രായോഗികം) സംഭവിക്കാം. പുരുഷനാണ് ദോഷം കൂടുതലെങ്കിൽ ഭാര്യാമരണവും ഉണ്ടാകാം എന്നാണ് സങ്കൽപം. ഇരുവരുടെയും പാപം സമതുലിതാവസ്ഥയിലാണെങ്കിൽ ദോഷം ഫലപ്രാപ്തി എത്തുകയില്ല എന്നാണ് വിശ്വാസം.

മേല്പറഞ്ഞ കാര്യങ്ങളെല്ലാം പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്. പ്രായോഗിക ജീവിതത്തില്‍, പൊതുവേ ചെയ്യുന്നത്, അധികം ഏറ്റക്കുറച്ചലില്ലാത്ത പാപസ്ഥിതിയാണ് ജാതകത്തിലെങ്കിൽ അതിനെ സ്വീകരിക്കുക എന്നതാണ്.

പാപസാമ്യം മൂന്ന് വിധമുണ്ട്. ഉത്തമം, മദ്ധ്യമം, അധമം. സാമ്യം ഉത്തമമാണെങ്കിൽ പാപത്തിന് സമാനത ഉണ്ട് എന്നും, മദ്ധ്യമമാണെങ്കില്‍ സമപാപമല്ല എന്നും മറ്റു ഘടകങ്ങൾ ഇണങ്ങിയാൽ പരിഹാരത്തോടെ യോജിപ്പിക്കാമെന്നും അധമമാണെങ്കിൽ ഒരു കാരണവശാലും യോജിപ്പിക്കരുത് എന്നും ആണ് നിഗമനം.

ലഗ്നം, ചന്ദ്രൻ,ശുക്രൻ എന്നീ രാശികളിൽ നിന്നും 1,2,4,7,8,12 സ്ഥാനങ്ങളിൽ സൂര്യൻ, ചൊവ്വ,ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ നിൽക്കുന്നതാണ് പാപസ്ഥിതിയായി കണക്കാക്കുന്നത്. ഇതിൽ ഏറ്റവും മുഖ്യം ചൊവ്വയുടെ സ്ഥിതിയാണ്. ചൊവ്വ കലഹകാരകനും കൂടി ആണല്ലോ!

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹം നിന്നാല്‍ പുരുഷ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ പരിഹാരമാകും. എന്നാല്‍ സ്ത്രീജാതകത്തിലെ എട്ടിലെ പാപന് പുരുഷജാതകത്തിലെ എട്ടിലെ പാപന്‍ പരിഹാരമല്ല. അത് ദോഷത്തെ ചെയ്യും. ഇതാണ് പ്രമാണം.

സ്ത്രീ ജാതകത്തില്‍, രണ്ടിലെ ശുഭഗ്രഹം സ്ത്രീ സുമംഗലിയായി മരിക്കാന്‍ ഇടയാകും എന്ന് പറയുമ്പോള്‍, ഒമ്പതിലെ ശുഭന്‍ സ്ത്രീക്ക് പതിപുത്ര സമ്പത്തോടുകൂടി നീണാള്‍ ജീവിക്കുന്നതിനു സഹായകമാകും എന്നും പറയപ്പെടുന്നു.
“മദനേ നിധനേപാപി സോച്ച സ്വക്ഷേത്രഗേവിവാ
നെടുമംഗല്യമായുസ്സും ശ്രീയും സന്തതിയും വദേല്‍.”

ഏഴാം ഭാവത്തും എട്ടാം ഭാവത്തും ഉച്ചസ്ഥനായോ സ്വക്ഷേത്രസ്ഥിതനായോ പാപഗ്രഹങ്ങള്‍ നിന്നാല്‍ ദബതികള്‍ക്ക് ഐശ്വര്യവും ദീര്‍ഘമാഗല്യവും സല്‍സന്താന ഭാഗ്യവും കൈവരുന്നു എന്നും പ്രമാണം ഉണ്ട്.

പുരുഷ ജാതകത്തില്‍ ലഗ്നത്തിന്റേയും ചന്ദ്രന്റേയും ശുക്രന്റേയും 1, 2, 4, 7, 8, 12 ഭാവങ്ങളില്‍ ഏതിലെങ്കിലും നില്‍ക്കുന്ന പാപഗ്രഹങ്ങള്‍ക്ക് പരിഹാരമായി സ്ത്രീജാതകത്തിലും മേല്‍പ്പറഞ്ഞ ഭാവങ്ങളിലേതിലെങ്കിലും പാപഗ്രഹസ്ഥിതിയോ, പാപദൃഷ്ടിയോ ഉണ്ടായിരിക്കണം എന്നത് ഒരു അടിസ്ഥാന നിയമമാണ്. എട്ടിലെ പാപനാണ് ഏറ്റവും കൂടുതല്‍ ദോഷം നല്‍കുന്നത്. സ്ത്രീജാതകത്തിലെ അഷ്ടമത്തിലെ പാപഗ്രഹം ഏഴാം ഭാവാധിപനോ, ലഗ്നാധിപനോ ആയാല്‍ ദോഷം ചെയ്യുകയില്ല. വൈധവ്യദോഷം പരിഹരിക്കപ്പെടും എന്നും പ്രമാണം ഉണ്ട്. സ്ത്രീ ജാതകത്തില്‍ ഏഴില്‍ നില്‍ക്കുന്ന പാപന് പരിഹാരമായി പുരുഷജാതകത്തില്‍ ലഗ്നത്തില്‍ ബലവാനായ പാപന്‍ നിന്നാലും മതി. സ്ത്രീപുരുഷ ജാതകങ്ങളില്‍ ഏഴാം ഭാവാധിപന്മാര്‍ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്നതും പാപസാമ്യമാണ്. പുരുഷജാതകത്തിലെ ഏഴാം ഭാവാധിപനും സ്ത്രീ ജാതകത്തിലെ ഏഴാം ഭാവാധിപനും രണ്ടുപേരും ഒരുമിച്ച് രണ്ടു ജാതകത്തിലും നില്‍ക്കുന്നതും അല്ലെങ്കില്‍ രണ്ടുപേരും പരസ്പര ദൃഷ്ടിയോടെ രണ്ടു ജാതകത്തില്‍ സ്ഥിതി ചെയ്യുന്നതും രണ്ടുപേരും പരിവര്‍ത്തനം ചെയ്തുനില്‍ക്കുന്നതും ശുഭപ്രദമാണ്. ഗ്രഹങ്ങളുടെ അവസ്ഥയും സ്ഥിതിയും സൂക്ഷ്മമായി പരിശോധിക്കണം. സ്വക്ഷേത്രസ്ഥിതി, ഉച്ചനീചാവസ്ഥകള്‍, ശത്രുക്ഷേത്രസ്ഥിതി, മൌഡ്യം, അംശകബലാബലങ്ങള്‍, പാപഗ്രഹങ്ങളുടെ ശുഭയോഗദൃഷ്ടികള്‍, പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പുമുള്ള ശുഭഗ്രഹസ്ഥിതികള്‍, ശുക്രനുണ്ടാകുന്ന പാപയോഗം, പാപദൃഷ്ടി, ശുക്രന്‍റെയും ഏഴാംഭാവാധിപന്‍റെ യും ബലങ്ങള്‍, ലഗ്നാലും ചന്ദ്രാലും ദാമ്പത്യ ഭാവങ്ങളിലും മറ്റു പാപസ്ഥാനങ്ങളിലുമുള്ള ഗ്രഹസ്ഥിതികള്‍, ലഗ്നത്തിന്‍റെ ബലം, ചന്ദ്രനുള്ള ബലം (ചന്ദ്രന്‍ ബാലഹീനനായാല്‍ എല്ലാ ഗുണഫലവും കുറയും പാപഗ്രഹങ്ങള്‍ക്കുള്ള ശക്തിനിര്‍ണയം മുതലായവ കണക്കാക്കണം.

ലഗ്നാലുള്ള പാപനിര്‍ണയ സ്ഥിതിയാണ് ഏറ്റവും പ്രധാനം. ചന്ദ്രാലുള്ള പാപനിര്‍ണ്ണയത്തിന് ചന്ദ്രന്‍റെ ബലാബലം അനുസരിച്ചാണ് പ്രാധാന്യം. അതായത് ചന്ദ്രബലം കൂടുതലാണെങ്കില്‍ അത് ലഗ്നത്തിനു തുല്യമായി കരുതണം. പൌര്‍ണമിയും പൌര്‍ണമിയുടെ മുന്‍പും പിന്‍പുമുള്ള 7 ദിവസക്കാലവും ചന്ദ്രന്‍ ബലമുള്ളവനാണ്. അര്‍ദ്ധചന്ദ്രാവസ്ഥയില്‍ ചന്ദ്രാലുള്ള പാപ ഗ്രഹത്തിന് അര പാപത്വം വീതം കണക്കാക്കേണ്ടതും അമാവാസിയോട് അടുത്ത ചന്ദ്രനാണെങ്കില്‍ ക്ഷീണചന്ദ്രനെന്നുള്ള നിലയ്ക്ക് ചന്ദ്രാലുള്ള പാപികള്‍ക്ക് ബലം കുറയുന്നതിനാല്‍ കാല്‍ ഭാഗം പാപത്വം കണക്കാക്കിയാല്‍ മതിയാകുന്നതുമാണ്. ലഗ്നവും ചന്ദ്രലഗ്നവും ഒരേ രാശിയായി വന്നാല്‍ ചന്ദ്രന് പ്രത്യേകം പാപസ്ഥിതി നോക്കേണ്ടതില്ല എന്നുള്ള നിയമവും ഉണ്ട്.

ലഗ്നാധിപനായ പാപഗ്രഹം പാപസ്ഥാനത്ത് നിന്നാല്‍ അത് വലിയ പാപിയാകുന്നില്ല. ശുക്രന്‍ ഭാര്യാ ഭര്‍തൃകാരകനും ദാമ്പത്യ കാരകനുമാകയാല്‍ ശുക്രനുണ്ടാകുന്ന പാപദൃഷ്ടി, പാപയോഗം, ശുക്രന്‍റെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്ന പാപസ്ഥിതികള്‍ ശുക്രന് ബലം കുറവുണ്ടാക്കുന്നു. ഇപ്രകാരം ശുക്രനു സംഭവിക്കുന്ന പാപബന്ധത്തെയാണ് ശുക്രാലുള്ള പാപിയായി കണക്കാക്കേണ്ടത്.

ശുക്രഭാഗയില്‍ നിന്നും മുന്‍പോട്ടും പിറകോട്ടുമുള്ള 30 ഭാഗ(ഡിഗ്രി) കള്‍ക്കകം നില്‍ക്കുന്ന പാപഗ്രഹങ്ങള്‍, ശുക്രനില്‍ നിന്നും ഏഴില്‍ നില്‍ക്കുന്ന പാപഗ്രഹങ്ങള്‍, ശുക്രനിലേക്കുള്ള പാപഗ്രഹങ്ങളുടെ വിശേഷ ദൃഷ്ടികള്‍ എന്നിവയാണ് ശുക്രാലുള്ള പാപികളായി കണക്കാക്കേണ്ടത്.ശുക്രന് മൌഡ്യം സംഭവിക്കുന്നത്‌ സൂര്യസാമീപ്യത്താല്‍ ആകയാല്‍ അതു കണക്കിലെടുത്ത് അര പാപത്വം ശുക്രാല്‍ കണക്കാക്കേണ്ടതാണ്.

പാപങ്ങള്‍ക്കുള്ള പരിഹാരം ആണ് മറ്റൊരു വിഷയം. ആര്‍ജ്ജിത പുണ്യം പോലെ തന്നെ ആര്‍ജ്ജിത പാപവും അടുത്ത ജന്മത്തിലേക്കു തുടരുന്നതിനാല്‍ ബാല്യ കാലത്ത് തന്നെ ജാതക പരിശോധന നടത്തി ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുന്നത് ഗുണകരമായിരിക്കും.


Share this Post
Uncategorized