ഇപ്പോൾ ആരോഗ്യക്ലേശം ഏതൊക്കെ നാളുകാർക്ക് ?

ഇപ്പോൾ ആരോഗ്യക്ലേശം ഏതൊക്കെ നാളുകാർക്ക് ?

Share this Post

ജന്മാന്തര കൃതം പാപം വ്യാധിരൂപേണ ജായതേ

തച്ഛാന്തരൗഷധൈർദ്ദാനൈർ ജപഹോമാർച്ചനാദിഭിഃ

മുൻജന്മങ്ങളിൽ ചെയ്ത പാപ കർമങ്ങളുടെ ഫലം മനുഷ്യ ശരീരത്തിൽ രോഗമായി പരിണമിക്കുന്നു. ഔഷധസേവ, ദാനം, ജപം, ഹോമം, അർച്ചനം ഇത്യാദികൾ അനുഷ്ഠിച്ച് രോഗ ശമനം വരുത്തുക. ഇതാണ് രോഗങ്ങളെ സംബന്ധിച്ച പ്രാഥമികമായ ജ്യോതിഷ മതം. പൂർവ ജന്മത്തിലെ മാത്രമല്ല, ഈ ജന്മത്തിലെയും കർമഫലങ്ങൾ രോഗങ്ങളായി പരിണമിക്കാം . ഉദാഹരണമായി അമിതാഹാരം എന്ന കർമഫലമായി പൊണ്ണത്തടിയും വ്യായാമക്കുറവിന്റെ ഫലമായി വരുന്ന ഹൃദ്രോഗവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ നിന്നു ലഭിക്കുന്ന അർബുദവും ഈ ജന്മത്തിലെ കർമഫലം തന്നെയാണ്. ജന്മനാ വരുന്നതും പാരമ്പര്യ രോഗങ്ങളും ഒക്കെ പൂർവ്വജന്മാർജ്ജിതം എന്നും പറയാം.

ഇനി മേൽ ശ്ലോകത്തിന്റെ രണ്ടാം വരി നോക്കൂ. ഔഷധം കൊണ്ടും ദാന-ജപ-ഹോമ-പുഷ്പാഞ്ജലികളെ കൊണ്ട് രോഗ നിവൃത്തിയുണ്ടാകും. അതായത് മരുന്നും മന്ത്രവും എന്ന രീതി അവലംബിക്കണം. രണ്ടും പരസ്പര പൂരകമാണ്. മരുന്ന് കഴിക്കാതെ ജപിച്ചതുകൊണ്ടോ പ്രാർത്ഥനകൂടാതെ മരുന്ന് മാത്രമായി സേവിച്ചതുകൊണ്ടോ ഫലം വരിക പ്രയാസമാണ് എന്നർത്ഥം. മരുന്ന് മാത്രം മതിയായിരുന്നുവെങ്കിൽ ഒരേ മരുന്ന് ഉപയോഗിക്കുന്ന ഒരേ സ്വഭാവമുള്ള രോഗാവസ്ഥയുള്ള രോഗികൾ എല്ലാം രക്ഷപ്പെടുമായിരുന്നു. മന്ത്രം മാത്രം മതിയായിരുന്നുവെങ്കിൽ ആശുപത്രികളേ വേണ്ടായിരുന്നു. ഇത് രണ്ടും യുക്തസഹമല്ല എന്ന് മനസിലാക്കാം. ആയതിനാൽ ഈശ്വരചിന്തയോടെയുള്ള ഔഷധസേവയാണ് അഭികാമ്യം.

ഭൂരിപക്ഷം ജ്യോതിഷികളും ആറാം ഭാവത്തെ രോഗ-ഋണ -ശത്രു ഭാവമായി അംഗീകരിക്കുന്നു. 6 -8 -12 ഭാവങ്ങൾ പൊതുവിൽ ദുരിത സ്ഥാനങ്ങളാണ്. ഈ സ്ഥാനങ്ങളുടെ അധിപന്മാർ ബലവാന്മാരായി കേന്ദ്ര-ത്രികോണ ഭാവങ്ങളിൽ നിന്ന് ആ രാശ്യാധിപൻ ദുർബലനായാൽ അത് ദുര്യോഗമാണ്.നേരേ മറിച്ച്, ദുഃസ്ഥാനാധിപന്മാർ ദുർബലരായും കേന്ദ്ര ത്രികോണങ്ങളുടെ അധിപന്മാർ ബലവാന്മാരായും നിന്നാൽ ജാതകൻ ആരോഗ്യവാനും ധനികനും സ്ഥിരതയുള്ളവനും ശ്രേഷ്ഠനും ആയിരിക്കും.

ഇതും കൂടാതെ, ചാരവശാൽ ചില ഗ്രഹങ്ങൾ ചില ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന കാലം ആരോഗ്യപരമായി അത്ര നന്നല്ല. അതനുസരിച്ച് ഓരോ കൂറുകാരുടെയും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ പൊതുവായി വിശകലനം ചെയ്യുന്നു. ജാതകവശാൽ നക്ഷത്ര ദശാകാലം അനുകൂലമെങ്കിൽ ക്ലേശം കുറയും. അനിഷ്ട ദശാപഹാരകാലമോ ദശാ സന്ധിയോ ആണെങ്കിൽ ക്ലേശം വർദ്ധിക്കുവാനും ഇടയുണ്ട്.

ലോകം മുഴുവൻ മഹാമാരി വ്യാപിച്ചിരിക്കുന്ന കാലഘട്ടത്തിൽ 27 നക്ഷത്രക്കാർക്കും രോഗസാധ്യതയുണ്ട് എന്നതാണ് പരമാർത്ഥം. എങ്കിലും പൊതുവിൽ ഉള്ള ആരോഗ്യ ക്ലേശ സാധ്യതയെ ജ്യോതിഷപരമായി വിശകലനം ചെയ്യുന്നു എന്നുമാത്രം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം):

മേടക്കൂറുകാർക്ക് വ്യാഴം 11-ൽ സഞ്ചരിക്കുന്നതിനാൽ ദൈവാധീനം വർധിച്ച സമയമാണെങ്കിലും ശനി 10-ൽ സഞ്ചരിക്കുന്നതു മൂലം ഗുരുതരമല്ലാത്ത ഹ്രസ്വകാല രോഗങ്ങൾക്ക് സാധ്യത. സൂര്യൻ ജന്മരാശിയിൽ നിൽക്കുന്നത് ആരോഗ്യപരമായി അത്ര നന്നല്ലാത്തതിനാൽ മേടമാസം കഴിയുന്നതു വരെ കൂടുതൽ ജാഗ്രത പാലിക്കണം. ശിരസ്സ്, പാദം മുതലായവ സംബന്ധിച്ച രോഗങ്ങൾ ഉള്ളവരും വാതരോഗികളും കൂടുതൽ ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർ മേടം, ഇടവം മാസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. ചാരവശാൽ സൂര്യൻ 12-ലും ജന്മത്തിലുമായി സഞ്ചരിക്കുന്നതു ചെറിയ രീതിയിൽ രോഗഭീഷണിക്കിടയാക്കുന്നു. എന്നാൽ ദൈവാധീനം ഉള്ളതിനാൽ ഉള്ളതിനാൽ പ്രതിസന്ധികളും ഗുരുതരാവസ്ഥകളും ഉണ്ടാകില്ല. ചികിത്സകൾക്ക് വേഗത്തിൽ ഫലപ്രാപ്തി ലഭിക്കും.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

മിഥുനക്കൂറുകാർക്ക് ചൊവ്വ ജന്മക്കൂറിലും ശനി അഷ്ടമത്തിലും നിൽക്കുന്നതു ആരോഗ്യപരമായി നല്ലതല്ല. കൂടുതൽ ജാഗ്രത ആവശ്യമാണ്. മേയ് 15ന് ഇടവമാസം പിറക്കുന്നതോടെ സൂര്യൻ 12-ലേക്കു മാറുന്നതിനാൽ ആ ദിവസങ്ങളിൽ ജാഗ്രത കൂട്ടണം. ദൈവാധീനമുള്ളതിനാൽ പേടിക്കേണ്ടതില്ല. ചെവി, ഉദരം, കാലുകൾ തുടങ്ങിയവയ്ക്ക് രോഗങ്ങൾ ഉള്ളവർ കരുതൽ വർധിപ്പിക്കണം.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

കർക്കടക്കൂറുകാർക്ക് ചൊവ്വ 12-ലും വ്യാഴം 8-ലും ശനി 7-ലും നിൽക്കുന്നതിനാൽ വളരെയേറെ ജാഗ്രത പുലർത്തണം. ജ്വരം, കഫ-ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ മുതലായവയെ പ്രത്യേകം കരുതി ജീവിക്കണം. മുൻകരുതലുകൾ വർധിപ്പിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് ഏറെക്കുറെ ഗ്രഹങ്ങളെല്ലാം അനുകൂലമായി സഞ്ചരിക്കുന്ന കാലമാകയാൽ പേടിക്കേണ്ട കാലമല്ല. രോഗങ്ങൾ വന്നാലും ക്ഷണത്തിൽ ഭേദമാകും. എങ്കിലും അമിത ആത്മവിശ്വാസം മൂലം ജാഗ്രതക്കുറവ് കാണിക്കുന്നത് അപകടമാകും.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർക്ക് പ്രധാന ഗ്രഹങ്ങളൊക്കെ അനുകൂലമാണ്. അതുകൊണ്ടു കാര്യമായ രോഗഭീഷണിയൊന്നുമില്ല. എന്നിരുന്നാലും വ്യാഴം 6-ൽ നിൽക്കുന്നതിനാൽ കരുതൽ ആവശ്യമാണ്. ദൈവാധീനത്തിനായി പ്രാർത്ഥിക്കണം. മഹാവിഷ്ണുവിനേയും ധന്വന്തരി മൂർത്തിയെയും പ്രത്യേകം ഭജിക്കുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക് പൊതുവേ അനുകൂലമായ സമയമാണ്. എങ്കിലും മേടമാസം കഴിയുന്നതു വരെ സൂര്യൻ 7-ൽ സഞ്ചരിക്കുന്നതിനാൽ ശ്രദ്ധ വേണം. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ചൊവ്വ 8-ൽ തുടരുന്നതിനാൽ രോഗസാധ്യത നിലനിൽക്കുന്നു. ഇടവമാസം പിറക്കുന്നതോടെ സൂര്യൻ 7-ലേക്കു കടക്കുന്നതിനാൽ ആ സമയത്തും കരുതൽ പാലിക്കണം. എന്നിരുന്നാലും ദൈവാനുഗ്രഹം ഉണ്ട്. രോഗം വന്നാലും ഗുരുതരമാകാൻ ഇടയില്ല. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധയും അലസതയും പാടില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ധനുക്കൂറുകാർക്ക് വ്യാഴം 3-ൽ ആയതിനാൽ രോഗഭീഷണികൾക്കെതിരെ ജാഗ്രത വേണം. സൂര്യൻ 5-ൽ ആയതിനാൽ മേടമാസം കഴിയുന്നതു വരെ കൂടുതൽ ജാഗ്രത പാലിക്കണം. രോഗികളുമായുള്ള സമർക്കവും ആശുപത്രി സന്ദർശനവും മറ്റും നിശ്ശേഷം ഒഴിവാക്കണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

REPORT FOR NEXT 5 YEARS FOR Rs.499

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറുകാർക്ക് ജന്മശ്ശനി കാലമായതിനാൽ കൂടുതൽ ജാഗ്രത വേണം. ഹ്രസ്വകാല രോഗങ്ങൾ പിടിപെടാൻ സാധ്യത നിലനിൽക്കുന്നു. ദൈവാധീനം ഉള്ളതിനാൽ പ്രതിസന്ധികൾ ഇല്ല എന്ന് ആശ്വസിക്കാം..

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

കുംഭക്കൂറുകാർക്കു വലിയ ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യതയില്ല. ശനി 12-ലായതിനാലും മറ്റും ശരീര ക്ഷീണം വർധിച്ചെന്നു വരാം. രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ചൊവ്വ 4-ലും വ്യാഴം 12-ലും സഞ്ചരിക്കുന്നതിനാൽ ഇക്കാലം കൂടുതൽ ജാഗ്രത ആവശ്യമാണ്. ദൈവാനുഗ്രഹത്തിനായുള്ള കർമങ്ങളും അനുഷ്ടിക്കണം. രോഗം പിടിപെട്ടാൽ സുഖപ്പെടാൻ കാലതാമസം വന്നേക്കാം. വൈദ്യോപദേശം കർശനമായി പാലിക്കുക. ഭയപ്പെടേണ്ട അവസ്ഥയില്ല.


Share this Post
Astrology Focus