ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന കാട്ടിൽ മേക്കതിൽ അമ്മ

ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന കാട്ടിൽ മേക്കതിൽ അമ്മ

Share this Post

‘കാട്ടില്‍ മേക്കതില്‍ അമ്മ’ എന്ന പേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പൂജിക്കാനുള്ള സാധനങ്ങള്‍ കൗണ്ടറില്‍നിന്ന് വാങ്ങാം. അതില്‍ മണിയാണ് പ്രധാനം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുകിട്ടുന്ന മണി ഏഴു പ്രാവശ്യം വലംവെച്ച് പേരാലില്‍ കെട്ടണം. ഇങ്ങനെ മൂന്നുതവണ ചെയ്താല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസം. പേരാലില്‍ തൂങ്ങിക്കിടക്കുന്ന ആഗ്രഹങ്ങള്‍ കണ്ടാല്‍ത്തന്നെ വിശ്വാസത്തിന്റെ ശക്തിയും വിശ്വാസികളുടെ ബാഹുല്യവും ബോധ്യമാവും.

ക്ഷേത്രത്തിനുള്ളിലെ വഴിപാട് കൗണ്ടറിൽ നിന്നും രസീത് ലഭിക്കും. പേരും നാളും പറഞ്ഞാണ് രസീത് എടുക്കേണ്ടത്. വഴിപാടിന്റെ രസീത് കളർ ട്രേകളിൽ ലഭിക്കും. അതുമായി ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച് ഏതു കളറിലുള്ള ട്രേയാണോ കിട്ടിയത് അതിന്റെ കൗണ്ടറിൽ പോയാൽ പൂജിച്ച മണി ലഭിക്കും. അതാണ് പേരാലിൽ കെട്ടേണ്ടത്. ഒരാൾക്ക് എത്ര മണി വേണമെങ്കിലും കെട്ടാം.

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ടി.എസ്. കനാലും. നടുക്ക് കേരവൃക്ഷങ്ങള്‍ നിറഞ്ഞ തുരുത്തില്‍ വിശാലമായ മണല്‍പ്പരപ്പിനു നടുവിലായി ക്ഷേത്രവും മനോഹരമായ കാഴ്ചയാണ്. വൃശ്ചിക മാസത്തിലാണ് ഉത്സവം നടക്കാറുള്ളത്. പന്ത്രണ്ടു ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നടക്കം ധാരാളം പേരെത്തുന്നു. ഭക്തര്‍ കുടിലുകെട്ടി ഭജനയിരിക്കാറുണ്ടിവിടെ. ആയിരക്കണക്കിന് കുടിലുകളാണ് ഇതിനായി നിര്‍മിക്കുന്നത്. തോറ്റംപാട്ട്, വിശേഷാല്‍ പൂജകള്‍, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കല്‍, തിരുമുടി ആറാട്ട് എന്നിവയാണ് മറ്റ് പരിപാടികള്‍.

ക്ഷേത്ര ഐതീഹ്യം

എ‍ഡി 1781 ൽ മാർത്താണ്ഡ വർമ്മ മഹാരാജാവ് ഓടനാട് രാജാവിനെ സന്ദർശിച്ച് തന്റെ തോണിയിൽ മടങ്ങി വരവേ ഒരു ദർശനം ലഭിക്കുകയുണ്ടായി. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ഒരു ദേവീ ചൈതന്യം പ്രത്യക്ഷമാകുന്നതായും അത് പിന്നീട് കടലിൽ മറയുന്നതുമായായിരുന്നു അത്. ഉറക്കമുണർന്ന രാജാവ് ദേവീ ചൈതന്യം ലഭിച്ചിടത്തേയ്ക്ക് പുറപ്പെടുകയും അവിടെ ദേവീ ചൈതന്യം നിലനിൽക്കുന്നതായി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം അടിയ്ക്കടി ഇവിടെ വരുവാനും എത്തുമ്പോൾ വിശ്രമിക്കുവാനായി ഒരു കൊട്ടാരം നിർമ്മിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടം കൊട്ടാരക്കടവ് എന്നറിയപ്പെടുവാൻ തുടങ്ങിയത്. ഒരിക്കൽ ഇവിടുത്തെ പ്രശസ്തമായ എട്ടുകെട്ടിലെ കാരണവർ കനാൽ വഴി ആലപ്പുഴയ്ക്ക് യാത്ര പോയി. കുട്ടനാട്ടിലെ മങ്കൊമ്പിനു സമീപമുള്ള ചമ്പക്കുളത്ത് വള്ളം അടുപ്പിച്ച് നടന്നു പോകുന്ന വഴി കാരണവർ ഒരു ബാലിക നിന്നു കരയുന്നത് കണ്ടു. അവളെ ആശ്വസിപ്പിച്ച ശേഷം മുന്നോട്ട് പോയെങ്കിലും അദ്ദേഹത്തിന് ഒരു വാത്സല്യം അവളോട് തോന്നി. അവർ തിരിച്ചു വരുമ്പോളും ബാലിക അവിടെ നിന്നു കരയുന്നതു കണ്ടു മനസ്സലിഞ്ഞ അദ്ദേഹം അവളെ കൂടെക്കൂട്ടുകയും എട്ടുകെട്ടിൽ അവൾ വളരുകയും ചെയ്തു. പിന്നീടാണ് ഇവിടെ ദേവിയ്ക്കായി ക്ഷേത്രം നിർമ്മിക്കുന്നത്.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

ട്രെയിനില്‍ പോവുന്നവര്‍ക്ക് കരുനാഗപ്പള്ളിയില്‍ ഇറങ്ങി ഓട്ടോയിൽ പോവാം. 12 കിലോമീറ്ററാണ് ദൂരം.

ആറ്റിങ്ങൽ ഭാഗത്തു നിന്നും ബസിൽ വരുന്നവർക്ക് ആലപ്പുഴ അല്ലെങ്കിൽ എറണാകുളം ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങാം. അവിടെ നിന്നും ഓട്ടോയിൽ കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ക്ഷേത്ര ഭരണ സമിതി ഏർപ്പെടുത്തിയ ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം. കായംകുളത്തു നിന്നും 26 കിലോമീറ്ററും കരുനാഗപ്പള്ളിയിൽ നിന്നും 12 കിലോമീറ്ററും ശങ്കരമംഗലത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ക്ഷേത്രത്തിന് കിഴക്കുള്ള കനാലിലൂടെയാണ് കൊല്ലം – ആലപ്പുഴ ബോട്ട് സര്‍വീസ്. ആലപ്പുഴയില്‍ നിന്നോ കൊല്ലത്തു നിന്നോ ബോട്ടു മാർഗവും എത്താം. ക്ഷേത്രവുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 8296620092, 9446286690.


Share this Post
Specials