സൂര്യൻ കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമണം. 1198 മീനം 1-ാം തീയതി (2023 മാർച്ച് 15) ബുധനാഴ്ച രാവിലെ 6:34 ന് തൃക്കേട്ട നക്ഷത്രം നാലാം പാദം വൃശ്ചികക്കൂറിലാണ് മീന സംക്രമം നടക്കുക. സൂര്യദേവൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് വീട്ടിലെ പൂജാ മുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. രാവിലെ 06.22 മുതൽ 06.46 വരെ പൂജാ മുറിയിൽ വിളക്ക് കൊളുത്തി വച്ച് സൂര്യ നമസ്കാര മന്ത്രം, ആദിത്യ ഹൃദയം, ശിവ അഷ്ടോത്തരം, കനകധാരാ സ്തോത്രം, വിഷ്ണു അഷ്ടോത്തരം മുതലായവ ജപിക്കുന്നത് അതീവ പുണ്യ ദായകമാകുന്നു.
സംക്രമം തൃക്കേട്ട നക്ഷത്രത്തിൽ നടക്കുന്നതിനാൽ അനിഴം, തൃക്കേട്ട നക്ഷത്രക്കാരും സംക്രമ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. ചാരവശാൽ ഭാവങ്ങളിൽ ഒഴികെ മറ്റു ഭാവങ്ങളിൽ സൂര്യൻ സഞ്ചരിക്കുന്നത് ശുഭമല്ല. ആയതിനാൽ ഇടവം, മിഥുനം, തുലാം, മകരം എന്നിവയൊഴിച്ച് മറ്റു കൂറുകളിൽ ഉൾപ്പെടുന്ന നക്ഷത്രക്കാർ ദോഷങ്ങൾക്ക് പരിഹാരമായി മഹാവിഷ്ണുവിനെയും ശിവനെയും പ്രീതിപ്പെടുത്തണം.

വിശിഷ്യാ അശ്വതി, ഭരണി, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, അനിഴം, തൃക്കേട്ട, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർ മീനം ഒന്നാം തീയതി ശിവ ക്ഷേത്ര ദർശനം നടത്തി ദോഷ ശാന്തിക്കായി പ്രാർത്ഥിക്കണം.
ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി, ജലധാര, കൂവള മാല എന്നിവ നടത്തുന്നത് നല്ലതാണ്. മഹാവിഷ്ണുവിന് സുദർശന മന്ത്രാർച്ചന, നെയ് വിളക്ക് എന്നിവയും ഗുണകരം. സംക്രമ ദിനത്തിൽ ഗണപതിഹോമം നടത്തുന്നത് തടസ്സങ്ങൾ അകറ്റും. മീനത്തിലേക്കുള്ള ആദിത്യന്റെ സംക്രമം സൂര്യപ്രീതികരങ്ങളായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്.

സംക്രമ ദോഷം അകലാൻ സൂര്യ സ്തോത്രം
ഓം ആദിത്യഃ സവിതാ സൂര്യഃ പൂഷാര്‍ക്കാഃ ശീഘ്രഗേ രവിഃ
ഭൃഗുസ്ത്വഷ്ടാ ര്യമാ ഹംസോ ഹേലിസ്‌തേജോ
നിധിര്‍ഹരിഃ
ഹരിദശഃ കലാവക്ത്രഃ കര്‍മസാക്ഷി ജഗത് പതിഃ
പദ്മിനി ബോധകോ ഭാനുഃ ഭാസ്‌കരഃ കരുണാകരഃ
ദ്വാദശത്മാ വിശ്വകര്‍മ്മാ ലോഹിതാംഗഃ സ്തമോനുതഃ
ജഗന്നാഥോ രവിന്ദാക്ഷഃ കാലാത്മ കശ്യപാതമജഃ
ഭൂതാശ്രയാ ഗ്രഹപതിഃ സര്‍വ്വലോക നമസ്‌ക്യതഃ
ജപാകുസുമ സങ്കാശോ ഭാസ്വാ നദിതി നന്ദനഃ
ധ്വാന്തേഭ സിംഹഃ സര്‍വാത്മാ ലോകനേത്രോ ലോകതാപനഃ
ജഗത് കര്‍ത്താ ജഗത് സാക്ഷി ശാനൈശ്ച്യരപിതാജയ
സഹസ്രരശ്മി സ്തരണിര്‍ ഭഗവാന്‍ ഭക്തവല്‍സലഃ
ഇന്ദ്രോ നലോ യമശ്‌ചൈവ നൈര്യതോ വരുണോ നിലഃ
ശ്രീ ദ ഈശാന ഇന്ദുശ്ച ഭൗമഃ സൗമ്യോ ഗുരുഃ കവിഃ യഃ
ഏതൈര്‍ന്നാമഭിഃ ഭക്ത്യാ മര്‍ത്യ സ്തൗതി ദിവാകരം
അനിഷ്ട് ദോപി സംപ്രീതഃ ശുഭം കുര്യാത് സദാ രവിഃ