തൈപ്പൂയം ജനുവരി 26  വെള്ളിയാഴ്ച. ഇങ്ങനെ ആചരിച്ചാൽ സർവ്വാനുഗ്രഹം..!

തൈപ്പൂയം ജനുവരി 26 വെള്ളിയാഴ്ച. ഇങ്ങനെ ആചരിച്ചാൽ സർവ്വാനുഗ്രഹം..!

Share this Post

മകരമാസത്തിലെ (തമിഴ് പഞ്ചാംഗ പ്രകാരം തൈ മാസം) പൂയം നാളാണ്‌ തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. ഈ വർഷത്തെ തൈപ്പൂയം 2024 ജനുവരി മാസം 26 വെള്ളിയാകുന്നു. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്‌. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ്‌ ഇതെന്നും വിശ്വാസമുണ്ട്‌. ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍ വിശാഖമാണ്‌ എന്നാണ് കരു‍തുന്നത്‌. എന്ത് തന്നെ ആയാലും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഭക്തജനങ്ങള്‍:ക്ക്‌ ഇത്‌ പുണ്യദിനമാണ്‌. സാക്ഷാല്‍ പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്‌. കാവടിയാട്ടവും മറ്റ്‌ പ്രത്യേക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു. പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ്‌ സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു.


അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച്‌ ബ്രഹ്മാവില്‍ നിന്ന്‌ അസുരരാജാവ്‌ നേടിയ വരമായിരുന്നു അതിനു കാരണം. വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ. വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ്‌ അന്ന്‌ ത്രിലോകങ്ങളും ഭരിച്ചിരുന്നത്‌.

താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക്‌ മാത്രമേ കഴിയൂയെന്ന്‌ ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ്‌ തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന്‌ ദേവന്മാരൊരു ക്കിയ നാടകമാണ്‌ സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്‍റെയും വിവാഹത്തിന്‌ വഴിയൊരുക്കിയത്‌.

സ്കന്ദ പുരാണ ത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ്‌ സ്കന്ദോല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്‌. താരകാസുരന്‍റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്ന രേതസ്സ്‌ ഭൂമിയാകെ നിറഞ്ഞു. ഭൂമിദേവിക്ക്‌ അത്‌ താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ അഗ്നി ആ രേതസ്സ്‌ ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്‍റെ ശക്തിയാല്‍ അഗ്നിയുടെ തേജസ്സ്‌ കുറഞ്ഞു.

ഒടുവില്‍ ശിവരേതസ്സിനെ അഗ്നി ഗംഗയുടെ ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ (ഞറുങ്ങണ പുല്ലുള്ള വനം) നിക്ഷേപിച്ചു. ആ ശിവബീജമാണ്‌ കുഞ്ഞിന്‍റെ രൂപം പ്രാപിച്ച്‌ സുബ്രഹ്മണ്യനായത്‌. ശരവണഭവന്‍ എന്ന്‌ പേരുണ്ടായത്‌ അങ്ങനെയാണ്‌.കൃത്തികകള്‍ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി. കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ്‌ ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി. ആറുമുഖങ്ങള്‍ യോഗ ശാസ്ത്രത്തിലെ ഷഡാധാരങ്ങളുടെ പ്രതീകമാണ്‌.പരാശക്തിയായ ശ്രീപാര്‍വതി ആറു തലകള്‍ക്ക്‌ മുലപ്പാല്‍ നല്‍കുന്നതോടെ കുഞ്ഞ്‌ ഏകശിരസ്സ്‌ സ്കന്ദനായി മാറി.

തൈപ്പൂയ ദിനത്തിൽ ചെയ്യുന്നതായ സുബ്രഹ്മണ്യ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഇരട്ടി ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. തൈപ്പൂയ ദിനത്തിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുകയും പൂജകളും വഴിപാടുകളും നിർവഹിക്കുകയും ചെയ്യുന്നവർക്ക് ഒരു വർഷക്കാലം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നു വിശ്വാസമുണ്ട്. കുജദോഷ പരിഹാരത്തിനും ഇത് ഉപയുക്തമാകും.

അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്നതായ സുബ്രഹ്മണ്യരായം എന്നറിയപ്പെടുന്ന ഓം ശരവണ ഭവഃ എന്ന മന്ത്രം കുറഞ്ഞത് 21 തവണ ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതികരമാണ്. പൊതുവെ സുബ്രഹ്മണ്യ മന്ത്രങ്ങളെല്ലാം 21 തവണ ജപിക്കുന്നതു ശ്രേഷ്ഠമായി കരുതപ്പെടുന്നു.

“ഓം വചത്ഭുവേ നമഃ ” എന്ന മൂലമന്ത്രജപത്തോടെയുള്ള ക്ഷേത്ര ദർശനവും ക്ഷേത്രത്തിൽ പഞ്ചാമൃതം, പാൽ എന്നിവ നേദിക്കുന്നതും നാരങ്ങാമാല സമർപ്പിക്കുന്നതും ഉത്തമം . കൂടാതെ സുബ്രഹ്മണ്യ സ്തോത്രങ്ങളും ഗായത്രിയും ജപിക്കുന്നത് നന്ന്

സുബ്രമണ്യസ്‌തോത്രങ്ങൾ

ഷഡാനനം ചന്ദന ലേപിതാംഗം

മഹാദ്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരസൈന്യനാഥം

ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ


ആശ്ചര്യവീരം സുകുമാരരൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി


സ്കന്ദായ കാർത്തികേയായ

പാർവതി നന്ദനായ ച

മഹാദേവ കുമാരായ

സുബ്രമണ്യയായ തേ നമ

സുബ്രഹ്മണ്യ ഗായത്രി

സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങും എന്നാണ് വിശ്വാസം. പ്രഭാതത്തിൽ ശരീരശുദ്ധിയോടെ മാത്രമേ ജപം പാടുള്ളു .

“സനല്‍ക്കുമാരായ വിദ്മഹേ

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്”


Share this Post
Focus Rituals