ശനി മറ്റന്നാൾ രാശി മാറുന്നു.. ഗുണദോഷങ്ങൾ ആർക്കൊക്കെ എന്നറിയാം..

ശനി മറ്റന്നാൾ രാശി മാറുന്നു.. ഗുണദോഷങ്ങൾ ആർക്കൊക്കെ എന്നറിയാം..

1198 മകരം മൂന്നിന് (2023 ജനുവരി 17ന്) ശനി കുംഭം രാശിയിലേക്ക് മാറുകയാണ്. ഉദ്ദേശം രണ്ടര വർഷം ശനി കുംഭത്തിൽ സഞ്ചരിക്കുന്നു. നിലവിൽ കണ്ടകശനി ഉള്ളവരുടെ കണ്ടകശനിയും അഷ്ടമശനിയും മാറും. ധനുരാശിക്കാരുടെ ഏഴരശനി കഴിയും. മീനം രാശിക്കാർക്ക് ഏഴരശനി ആരംഭിക്കും. മകരം രാശിക്കാരുടെ ജന്മശനിക്ക് മാറ്റം സംഭവിക്കും. ഈ മാറ്റം ഓരോ കൂറുകാരെയും സാമാന്യമായി എപ്രകാരം ബാധിക്കും എന്നു പരിശോധിക്കാം.

മേടക്കൂറ് (അശ്വതിയു ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:

കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന കണ്ടക ശനി ദോഷം  ഒഴിയുന്നതിനാൽ മേടക്കൂറുകാര്‍ക്ക് ആശ്വസിക്കാം. ശനി അനുകൂലഭാവമായ പതിനൊന്നിലേക്കു മാറുന്നു. സാമ്പത്തികമായി ശരാശരിയിലും ഉയര്‍ന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബപരമായ ക്ലേശ അനുഭവങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. തൊഴില്‍ അന്വേഷികള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. പ്രത്യേകിച്ചും വിദേശ ജോലിക്ക് ശ്രമിച്ചിരുന്നവര്‍ക്ക് തടസ്സങ്ങള്‍ ഒഴിയും. എന്നാൽ വ്യാഴം ചാരവശാൽ പന്ത്രണ്ടിൽ സഞ്ചരിക്കുന്ന സമയമാകയാൽ ഏപ്രിൽ 21  വരെ തൊഴിലിൽ മാറ്റങ്ങൾ വരാം. ചിലവുകൾ വർധിക്കും. തൊഴിൽ മാറാനുള്ള ശ്രമം ജാഗ്രതയോടെ മാത്രം ആകണം. വൈകാരിക പ്രതികരണങ്ങളെ പക്വതയാര്‍ന്ന തരത്തില്‍ ആക്കിയില്ലെങ്കിൽ അപകടമാണ്. ഏപ്രിൽ 21 വരെ അറിയാത്ത മേഖലയിൽ പണം മുടക്കുന്നത് നഷ്ട സാധ്യത വർധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും കാലം അനുകൂലമാണ്. സാമ്പത്തിക തടസ്സങ്ങൾക്കു അനുകൂല പരിഹാരങ്ങൾ ലഭിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഇടവക്കൂറുകാര്‍ക്ക് ശനി പത്താം ഭാവത്തിലേക്ക് വരുന്നതിനാല്‍  കണ്ടക ശനിക്കാലം ആകുന്നു. പത്തിലെ കണ്ടകശനി തൊഴില്‍ സംബന്ധമായി വൈഷമ്യങ്ങള്‍ വരുത്തുന്നതാണ്. . ജോലിയില്‍ അലസത പുലര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ക്ക് പോലും ഇടയുണ്ടാകാവുന്നതാണ്. ഏപ്രിൽ 22 വരെ വ്യാഴം അനുകൂലമായി സഞ്ചരിക്കുന്നതിനാൽ വലിയ ദോഷങ്ങൾ അനുഭവത്തിൽ വരാൻ സാധ്യത കുറവാണ്. അതിനു ശേഷം  വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പൊതുവിൽ ദൈവാധീനം കുറയും എന്നതിനാൽ ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കണം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തൊഴില്‍ സമ്മര്‍ദവും സാമ്പത്തിക ക്ലേശവും കുറയും. പുതിയ ആശയങ്ങളും ചര്യകളും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും വിജയം പ്രതീക്ഷിക്കാം. ഒന്നിലധികം ധനാഗമ മാര്‍ഗങ്ങള്‍ തുറന്നു വരും. കർമ്മ വ്യാഴം നടക്കുന്നതിനാൽ ഏപ്രിൽ  22 വരെ തൊഴിൽ വൈഷമ്യങ്ങൾ തുടരും. ഇഷ്ടമില്ലാത്ത സ്ഥലംമാറ്റം, സ്ഥാനമാറ്റം, അധ്വാന ക്ലേശം മുതലായവയും കരുതണം.  തുടർന്ന്  വ്യാപാരം അഭിവൃദ്ധമാകും. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. വാഹനം. ഗൃഹോപകരണങ്ങള്‍ മുതലായവ വാങ്ങാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

കർക്കിടക കൂറുകാര്‍ക്ക് അഷ്ടമ ശനിക്കാലമാകുന്നു. അഷ്ടമശനിയില്‍ കഷ്ടാനുഭവങ്ങള്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. വ്യാഴം ഭാഗ്യത്തിൽ സഞ്ചരിക്കുന്നതിനാൽ ഏപ്രിൽ 22 വരെ വലിയ ദോഷങ്ങൾ വരികയില്ല. തുടർന്ന്  യാത്രയും അലച്ചിലും കൂടും. വാഹനം, വൈദ്യുതി, യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഗൌരവമേറിയതും വലിയ മുതല്മുടക്കു ള്ളതുമായ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പക്ഷെ അവിവാ ഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍, വിവാഹ നിശ്ചയം മുത ലായവ നടക്കാന്‍ സാധ്യത ഏറെയാണ്‌. സര്‍ക്കാര്‍-കോടതി കാര്യ ങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്. തൊഴിലില്‍ ശിക്ഷാ നടപടികള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ ത്തണം. വിദേശ ജോലിക്കാര്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ വരാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാവുന്ന സമയമാകയാല്‍ സം സാരത്തില്‍ മിതത്വം പാലിക്കുക. ക്ഷമ, ഭക്തി, ആത്മ വിശ്വാസം, കഠിനാധ്വാനം എന്നിവയിലൂടെ പ്രതിസന്ധികളെ മറികടക്കുക. വ്യാഴം അനുകൂലമാകയാൽ ഏതു പ്രശ്നങ്ങൾക്കും നിവൃത്തി മാർഗങ്ങൾ തെളിയും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ചിങ്ങ കൂറുകാര്‍ക്ക്  ഏഴാം ഭാവത്തിലേക്ക്  ശനി  വരുന്നതിനാല്‍  കണ്ടക ശനി ആരംഭിക്കുന്നു. തൊഴിലിലും ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ വരാം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയം നീണ്ടുപോകും. വിവാഹിതര്‍ക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധം അത്ര സുഖകരമാകാന്‍ ഇടയില്ല. പങ്കു കച്ചവടം മുതലായ സംരംഭങ്ങള്‍ ഗുണകരമാകാന്‍ ഇടയില്ല. തൊഴിലില്‍ അനിഷ്ടകരമായ സ്ഥലം മാറ്റം, സ്ഥാന മാറ്റം മുതലായവ വന്നാല്‍ അത്ഭുതപ്പെടാനില്ല. സാമ്പത്തികമായും ചില ബുദ്ധിമുട്ടുകള്‍ അടുത്ത ജൂലൈ പകുതി വരെ വരാവുന്നതാണ്. ഹൃദയ സംബന്ധ മായും ഉദര സംബന്ധിയായും ഉള്ള വ്യാധികള്‍ ഉള്ളവര്‍ വൈദ്യോപദേശവും പഥ്യവും കര്‍ശനമായി പാലിക്കണം. സ്വന്തം രഹസ്യങ്ങള്‍ മട്ടുല്ലവടുമായി പങ്കിടുന്നത് ഗുണകരമാകില്ല.അനാവശ്യ വിവാദ ങ്ങളില്‍ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ശനി ആറിലേക്ക് മാറുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയമാണ്. വിശിഷ്യ വ്യാഴം കൂടെ ഇപ്പോള്‍ അനുകൂലമാകയാല്‍. സാമ്പത്തികമായും തൊഴിലപരമായും ഉയര്‍ച്ച ഉണ്ടാകും. സ്ഥാന കയറ്റം, ആനുകൂല്യ വര്‍ധനവ് എന്നിവ നിശ്ചയമായും പ്രതീക്ഷി ക്കാം. ആഗ്രഹസാധ്യം മൂലം മന സംതൃപ്തി കൈവരും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളവും സന്തോഷപ്രദവും ആകും. അകന്നിരുന്നവര്‍ അടുത്ത് വരും. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും നിക്ഷേപങ്ങള്‍ നടത്തുവാനും സമയം അനുകൂലമാണ്. അധ്വാനഭാരം കുറയുകയും ആരോഗ്യം മെച്ചമാകുകയും ചെയ്യും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തുലാകൂറുകാര്‍ക്ക് കണ്ടക ശനി  മാറുന്നതിനാൽ ആശ്വാസത്തിന് വകയുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന തൊഴില്‍ ക്ലേശത്തിനും മാനസിക സമ്മര്‍ദത്തിനും പരിഹാരം ഉണ്ടാ കും. സാമ്പത്തിക ഗാര്‍ഹിക പ്രശ്നങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. തൊഴിലില്‍ മാറ്റം ഉണ്ടായാലും അത് പ്രയോജന കരമായിരിക്കും. അമിത ആത്മവിശ്വാസം ഗുണകരമാകില്ല. വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ ഉപരി പഠനത്തിന് അവസരം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അംഗീകാരവും അനസരവും വര്‍ധിക്കും. കടബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ മന സമാധാനം ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ശനി നാലിലേക്ക് മാറുന്നതിനാല്‍ വൃശ്ചിക കൂറുകാര്‍ക്ക്  കണ്ടകശനി അനുഭവങ്ങൾ ആയിരിക്കും. നല്ലതിനായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടാം. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കണം. അടുത്ത ബന്ധുജനങ്ങളുടെ വിയോഗം മുതലായ വിഷമാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. വ്യാപാര രംഗത്ത് മത്സരങ്ങളും ശത്രുതാപരമായ നീക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ശത്രുക്കള്‍ പ്രബലന്മാരാകും. മാതാവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരാം. ഗൃഹം, വാഹനം എന്നിവകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധാരാളം പണം ചിലവാകും. കടബാധ്യതകളുടെ തിരിച്ചടവ് സംബന്ധമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തുക

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

എഴരശനിയില്‍ നിന്നും  മോചനം ലഭിച്ചതിനാല്‍ സമാധാനമുണ്ടാകും. താളം നഷ്ടപ്പെട്ട ജീവിത ചര്യകളും തൊഴില്‍ സ്വഭാവങ്ങളും തിരികെ ശരിയായ ഗതിയിലാകും. വിദ്യാര്‍ഥിള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മത്സര പരീക്ഷകളും മറ്റും എഴുതുന്നവര്‍ക്ക് നല്ല വിജയം പ്രതീക്ഷിക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാധ്യം ഉണ്ടാകുന്നതാണ്. സമുദായത്തിന്റെയോ സംഘടനകളുടെയോ നേതൃപദവി തേടിയെത്തും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. വ്യാഴസ്ഥിതി അനുകൂലമല്ലാത്തതിനാൽ ഈശ്വര ഭജനം വർധിപ്പിക്കണം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ജന്മശനിക്കാലംമാറുകയും ശനി രണ്ടാം ഭാവത്തിൽ നിൽക്കുകയും ചെയ്യുന്നു. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കും ജീവിത പ്രശ്നങ്ങള്‍ക്കും സമാധാനമുണ്ടാകുമെങ്കിലും ചില തടസ്സാനുഭവങ്ങള്‍ നിലനില്‍ക്കും. വലിയ ആരോഗ്യ ക്ലേശങ്ങൾ ഉള്ളവർക്ക് പരിഹാരം ലഭിക്കും. എന്നിരുന്നാലും നിസാരമായ രോഗങ്ങളെ കൊണ്ട് നിരന്തരം ആരോഗ്യ വിഷമങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നീര്‍ദോഷ സംബന്ധിയായ വ്യാധികള്‍ ഉള്ളവര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷമതകള്‍ കുറയുമെങ്കിലും നഷ്ടാനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് ഗുണകരമാകില്ല.കുടുംബ ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള മാനസിക പ്രവണത നിയന്ത്രിക്കണം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഏഴര ശനിയിലെ ഏറ്റവും വിഷമകരമായ ഭാഗമായ ജന്മ ശനിയിലേക്ക് കുംഭക്കൂറുകാര്‍ കടക്കുകയാണ്. ഉപജീവന മാര്‍ഗങ്ങളിലും തൊഴിലിലും അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം. നിസാര കാര്യങ്ങള്‍ക്ക് സഹ പ്രവര്‍ത്തകരുമായി കലഹിക്കാന്‍ ഇടവരും. വൈകാരിക നിയന്ത്രണം ശീലമാക്കിയില്ലെങ്കില്‍ തൊഴില്‍വൈഷമ്യം രൂക്ഷമായി എന്നു വരാം. എടുത്തുചാട്ടം നിയന്ത്രിക്കണം. കുടുംബ ബന്ധങ്ങളിലും ചില ശൈധില്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി മോശമല്ലാത്ത ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. എന്നാൽ മകരം, കുംഭം എന്നീ രാശികൾ ശനിയുടെ സ്വന്തം ക്ഷേത്രങ്ങൾ ആകയാൽ ഏതു പ്രതിസന്ധികൾ വന്നാലും വൈകാതെ അതിനുള്ള പ്രതിവിധിയും അനുഭവത്തിൽ വരുന്നതാണ്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

മീനക്കൂറുകാര്‍ക്ക് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ഏഴര ശനി ക്കാലമാണ്  എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. വ്യാഴവും ജന്മത്തിൽ ആകയാൽ അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായെന്നു വരാം. ആത്മീയ കാര്യങ്ങള്‍, യോഗ, ധ്യാനം മുതലായവയില്‍ വ്യാപരിക്കുന്നതിലൂടെ മന സമാധാനം നിലനിര്‍ത്താന്‍ കഴിയും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുന്നതില്‍ നിരാശ തോന്നും. മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് ചീത്തപ്പേരു കേള്‍ക്കേണ്ടി വരും. വിവാഹം, ഗൃഹനിര്മാനം മുതലായ കാര്യങ്ങളില്‍ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം അനുകൂലമാകും.

Uncategorized