ഈ യോഗമുണ്ടെങ്കിൽ ജീവിത വിജയം..!

ഈ യോഗമുണ്ടെങ്കിൽ ജീവിത വിജയം..!

ജാതക യോഗങ്ങളിൽ വച്ച് വളരെയേറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ ഈ യോഗം പൂർണ്ണഫലപ്രദമായിരിക്കും. ബലം കുറവാണെങ്കിൽ യോഗം അനുഭവത്തിൽ കുറയാനോ പ്രയോജനം ചെയ്യപ്പെടാനോ സാധ്യതയുണ്ട്. ഗജമെന്നാൽ ആനയും കേസരിയെന്നാൽ സിംഹവും ആണ്.

ഇവിടെ ഏതാണ് ആന? ഏതാണ് സിംഹം എന്നൊരു സംശയം ഉണ്ടാകാം. മനസ്സ് ആണ് ആന. മനസ്സിന്‍റെ വലിപ്പം ആര്‍ക്കും അളക്കാന്‍ പറ്റില്ല. അപ്രകാരം തന്നെ അതിന്‍റെ ചാപല്യവും. മനസ്സിന്‍റെ കാരകനാണ് ചന്ദ്രന്‍. മനസ്സ് ആനയെപ്പോലെയാണ്. വലിപ്പം ഉണ്ടെങ്കിലും ഏകാഗ്രതയില്ല. എന്നാല്‍ സിംഹം ആനയെ അപേക്ഷിച്ച് ചെറുതാണ്. പക്ഷെ, ബുദ്ധിയും ശക്തിയും ഏകോപിപ്പിക്കാനും ഏകാഗ്രമാക്കാനും ഉള്ള വൈശിഷ്ട്യം അതിനുണ്ട്.

വിശേഷബുദ്ധിയുടേ കാരകന്‍ വ്യാഴമാണ്. ആനയുടെ അത്ര ശക്തിയോ വലിപ്പമോ ഇല്ലാഞ്ഞിട്ടും. സിംഹത്തിന് ആനയെ വധിക്കാന്‍ പറ്റുന്നത് ഏകാഗ്രത കൊണ്ടും ധൈര്യം കൊണ്ടും ആണ്.

സിംഹം ആനയെ കീഴ്‌പ്പെടുത്തുന്നതു പോലെ മനസ്സിനെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്താനായാല്‍ വിജയം നിശ്ഛയം എന്നതാണ് ഗജകേസരി യോഗത്തിന്‍റെ പൊരുൾ.

ഉയർച്ച, വളർച്ച, ഭാഗ്യം, പ്രശസ്തി, അറിവ്, ധനം എന്നിവയെ ഒക്കെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. മനസ്സ്, മൃദുലത, ഹൃദയം, ക്ഷേമം, സന്തോഷം തുടങ്ങിയവ ചന്ദ്രൻ പ്രതിനിധീകരിക്കുന്ന ചില മേഖലകളാണ്. ഗജകേസരിയോഗമുള്ളവർ രാജതുല്യമായ ഗുണങ്ങൾ അനുഭവിക്കും. സമ്പത്ത്, പ്രശസ്തി, അറിവ്, ഐശ്വര്യം, സർവ്വവിധ ഭാഗ്യം, ശത്രുവിന് മേൽ ജയം, സർവ്വമേഖലകളിലെയും വിജയം, ദീർഘായുസ്സ് എന്നിവ അവർക്ക് വന്നുചേരും. കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാനുള്ള കഴിവ്, ബുദ്ധിസാമർത്ഥ്യം, മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് തുടങ്ങിയവയും ഈ യോഗക്കാർക്കുണ്ടാകും.

ജാതക സംബന്ധമായ ചില വസ്തുതകൾ നോക്കി, ഗജകേസരിയോഗത്തിന്റെ ഗുണങ്ങൾ എത്രത്തോളമുണ്ടാകും എന്നറിയുവാൻ കഴിയും. എന്നാൽ ചന്ദ്രൻ ബലമില്ലാതെയും മറഞ്ഞ സ്ഥാനങ്ങളിലും ഉള്ളവർക്ക് മാനസിക ബലവും ആത്മ വിശ്വാസവും കുറയും. അവർക്ക് ഈ യോഗത്തിന്റെ ഫലങ്ങൾ അനുഭവത്തിൽ വരാനും പ്രയാസമാണ്.

Astrology