കുജനും രാഹുവും ഇപ്പോൾ ഒരു രാശിയിൽ… ഈ നാളുകാർ കരുതൽ പുലർത്തുക!

കുജനും രാഹുവും ഇപ്പോൾ ഒരു രാശിയിൽ… ഈ നാളുകാർ കരുതൽ പുലർത്തുക!

Share this Post

2021 ഫെബ്രുവരി 22 മുതൽ ഏപ്രിൽ 14 വരെ ചൊവ്വയും രാഹുവും ഇടവം രാശിയിൽ യോഗം ചെയ്തു നിൽക്കുന്നു. എന്നാൽ ഇടവം രാശിയിലേക്ക് ദൈവാധീനകാരകനായ വ്യാഴം ദൃഷ്ടി ചെയ്യുന്നതിനാൽ ഈ ദോഷകരമായ ദ്വിഗ്രഹ യോഗത്തിന്റെ ദുര്യോഗങ്ങൾ കുറഞ്ഞിരിക്കും.

പക്ഷെ 2021 ഏപ്രിൽ 6 ന് വ്യാഴം മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് അതിചാരം മൂലം പ്രവേശിക്കുന്നതോടെ വ്യാഴത്തിന് ഇടവം രാശിയിലേക്ക് ദൃഷ്ടി ഇല്ലാതാകുന്നു. ഏപ്രിൽ 6 മുതൽ 15 വരെ വ്യാഴദൃഷ്ടി ഇല്ലാതെ കുജ-രാഹു യോഗം വരുന്നതിനാൽ ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, ധനു എന്നീ കൂറുകളിൽ ജനിച്ച നക്ഷത്രക്കാർക്ക് ദോഷകരമായ അനുഭവങ്ങൾക്കു സാധ്യതയുണ്ട്.

ഇടവം രാശിയിൽ ഉൾപ്പെട്ട കാർത്തികയുടെ അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി എന്നീ നക്ഷത്രക്കാർക്ക് ജനിച്ച കൂറിൽ തന്നെ (ജന്മത്തിൽ) ആണ് കുജ-രാഹു യോഗം വരുന്നത്. മനഃക്ലേശവും മാനസിക സമ്മർദവും വർധിക്കും. തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടും. വീഴ്ചകൾ, ക്ഷതങ്ങൾ, മുറിവുകൾ മുതലായവ വരാവുന്നതാണ്.

ഇപ്പോൾ കുജ-രാഹു യോഗം രോഹിണി നക്ഷത്രത്തിൽ നടക്കയാൽ രോഹിണിക്കും അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം എന്നീ നക്ഷത്രക്കാർക്കും ഇക്കാലത്ത് ജാഗ്രത വേണം.

മിഥുനക്കൂറിൽ പെട്ട നക്ഷത്രക്കാർക്ക് (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം) വ്യയ സ്ഥാനത്തു കുജ-രാഹു യോഗം നടക്കുന്നു. ഈ നക്ഷത്രക്കാർക്ക് അപ്രതീക്ഷിത ചെലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാവുന്നതാണ്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം, ഓഹരി വ്യാപാരം, അവധി വ്യാപാരം മുതലായവ നിയന്ത്രിക്കണം. തന്റെയോ കുടുംബാംഗങ്ങളുടെയോ ചികിത്സയ്ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. സർക്കാർ-കോടതി കാര്യങ്ങൾ പ്രതികൂലമാകും.

ചിങ്ങക്കൂറുകാർക്ക് (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) കർമസ്ഥാനമായ 10 -ൽ കുജ-രാഹു യോഗം ആയതിനാൽ സ്ഥാന ഭ്രംശം, തൊഴിലിൽ സ്ഥാനത്തിനോ സ്ഥലത്തിനോ മാറ്റം, അധികാരികളിൽ നിന്നും അപ്രീതി മുതലായ അനുഭവങ്ങൾ കരുതണം.

തുലാക്കൂറുകാർക്ക് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാൽ) അഷ്ടമത്തിൽ ആണ് കുജ-രാഹു യോഗം സംഭവിക്കുന്നത്. ആരോഗ്യ ക്ലേശങ്ങൾ വർധിക്കും. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട്‌ അപമാനം വരുത്തി വയ്ക്കും. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതും അഭിപ്രായം പറയുന്നതും മൂലം പ്രശ്നങ്ങൾ വന്നു ഭവിക്കാം ഇടയുണ്ട്. അസമയത്തും അനാവശ്യവുമായ യാത്രകൾ കഴിവതും പരിമിതപ്പെടുത്തുക.

വൃശ്ചികക്കൂറുകാർക്ക് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) ഏഴിൽ ആണ് കുജ-രാഹു യോഗം. അവിവാഹിതർക്ക് വിവാഹ ആലോചനകളിൽ പ്രതികൂലമായ അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രണയ കാര്യങ്ങളിൽ പരാജയം പ്രതീക്ഷിക്കണം. വിവാഹിതർക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ അകൽച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്. വ്യക്തി ബന്ധങ്ങളിൽ പലവിധ വിഷമതകളും ഉണ്ടായെന്നു വരാം. സാഹസിക കർമങ്ങളിൽ നിന്നും കഴിവതും ഇക്കാലം ഒഴിഞ്ഞു നിൽക്കുക.

ധനുക്കൂറുകാർക്ക് (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ കാൽ ഭാഗം) 6 -ൽ ആണ് കുജനും രാഹുവും യോഗം ചെയ്യുന്നത് എന്നതിനാൽ വിലപ്പെട്ട വസ്തുക്കളോ രേഖകളോ കൈമോശം വരാനും തന്മൂലം മനഃക്ലേശം വരാനും സാധ്യതയുണ്ട്. സാമ്പത്തിക- ഭൂമി ഇടപാടുകളിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ നിയമക്കുരുക്കുകളിൽ ചെന്നു ചാടാൻ സാധ്യതയുണ്ട്. കൂടാതെ പഴയ കോടതി വ്യവഹാരങ്ങൾ പ്രതികൂലമായി ഭവിക്കാനും ഇടയുണ്ട്. പഴയ കട ബാധ്യതകൾ മൂലം വിഷമതകൾ നേരിടേണ്ടി വന്നേക്കാം. സഹായം വാഗ്ദാനം ചെയ്തവർ സമയത്തു പിന്മാറുന്നതുമൂലം അനിശ്ചിതാവസ്ഥ നേരിടേണ്ടി വന്നേക്കാം. ഇപ്പോൾ ചൊവ്വ രാഹു എന്നീ ഗ്രഹങ്ങളുടെ നക്ഷത്ര ദശയോ , ദശാപഹാരമോ ഉള്ളവരും കുജ-രാഹു ദശാസന്ധി ഉള്ളവരും അതീവ ജാഗ്രത പാലിക്കുക.

പരിഹാരമായി ജന്മ നക്ഷത്രങ്ങളിലും ആയില്യം നക്ഷത്രത്തിലും നാഗങ്ങൾക്ക് പാൽ , മഞ്ഞൾ എന്നിവ സമർപ്പിച്ചു പ്രാർത്ഥിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യൻ, ഭദ്രകാളി എന്നീ മൂർത്തിയുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക. ശനിയാഴ്ച രാഹുകാല സമയത് ദുർഗാ ക്ഷേത്ര ദർശനം നടത്തി നാരങ്ങാവിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുക. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. വിവാദങ്ങളിൽ നിന്നും അനാവശ്യ കാര്യങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കുക.

BOOK YOUR POOJA ONLINE

Share this Post
Astrology