ക്ഷിപ്ര ഫലസിദ്ധിക്കായി ഓരോ രാശിക്കാരും ആരാധിക്കേണ്ട ഗണേശ ഭാവം ഏതാണ്?

ക്ഷിപ്ര ഫലസിദ്ധിക്കായി ഓരോ രാശിക്കാരും ആരാധിക്കേണ്ട ഗണേശ ഭാവം ഏതാണ്?

Share this Post

ഓരോ രാശിക്കാര്‍ക്കും അവരവരുടെ രാശിക്കനുസരിച്ച് (കൂറ് ) തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഇരട്ടിയാണെന്നാണ് വിശ്വാസം. വേഗത്തിൽ ആഗ്രഹ സാഫല്യം ഉണ്ടാകുവാനും തടസ്സങ്ങൾ അകലുവാനും നിങ്ങളുടെ കൂറിന് അനുസരിച്ചുള്ള ഗണേശ ഭാവത്തെ ആരാധിക്കുക. അപ്രകാരം ഓരോ രാശിക്കാരും മനസ്സില്‍ ധ്യാനിച്ച് തൊഴുത് പ്രാര്‍ത്ഥിക്കേണ്ട ഗണപതിമാര്‍

മേടം: ചൊവ്വായുടെ ആധിക്യമുള്ള മേടരാശിക്കാര്‍ പൊതുവേ വീരമുള്ളവരാണ്. ആരെയും കൂസാത്തവരാണിവര്‍. തങ്ങളുടെ മനസ്സിന് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ആര് തടഞ്ഞാലും അത് വകവയ്ക്കാതെ ധൈര്യസമേതം അവര്‍ അത് പ്രാവര്‍ത്തികമാക്കും. മനോധൈര്യം ഏറെയുള്ള ഇവര്‍ വണങ്ങേണ്ടത് വീരഗണപതിയേയാണ്.

ഇടവം: ശുക്രന്‍റെ ആധിക്യമുള്ള ഇടവംരാശിക്കാര്‍ പാര്‍വ്വതിദേവിയുടെ പൂര്‍ണ്ണ അനുഗ്രഹം നേടിയവരാണ്. പന്ത്രണ്ട് രാശികളില്‍ ചന്ദ്രന്‍ ഉച്ചത്തില്‍ നില്‍ക്കുന്നത് നിങ്ങളുടെ ജാതകത്തില്‍ മാത്രമാണ്. പൊതുവേ രാജയോഗമുള്ളവരായ നിങ്ങള്‍ വണങ്ങേണ്ടത് രാജരാജേശ്വരിയുടെ അംശമുള്ള ശ്രീവിദ്യാഗണപതിയെയാണ്.

മിഥുനം: പലതരം കഴിവുകള്‍ക്ക് ഉടമയായ നിങ്ങള്‍ കണ്ണേറുദോഷത്താല്‍ ഇടയ്ക്കിടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. നിങ്ങളുടെ കഴിവും വളര്‍ച്ചയുംകണ്ട് മറ്റുള്ളവര്‍ക്ക് അസൂയ വളരാം. ശത്രുക്കളെക്കുറിച്ച് ഓര്‍ത്ത് അധികം വിഷമിക്കാറില്ലെങ്കിലും പരോക്ഷമായി നിങ്ങള്‍ക്കുണ്ടാവുന്ന പ്രതിബന്ധങ്ങളില്‍നിന്നും രക്ഷനേടാന്‍ നിങ്ങള്‍ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കേണ്ടത് കണ്‍ദൃഷ്ടി ഗണപതിയെയാണ്.

കര്‍ക്കിടകം: സകലാവല്ലഭരായ നിങ്ങള്‍ അപാരജ്ഞാനത്തിന്‍റേയും അസാദ്ധ്യമായ ഓര്‍മ്മശക്തിയുടേയും ഉടമയാണ്. അതേസമയം വളരെ ശാന്തരായി മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമേകുന്ന വ്യക്തിയും ശാന്തരെങ്കില്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരായ നിങ്ങള്‍ ഗണപതി ഹേരംബഗണപതിയെയാണ്.

ചിങ്ങം: പൊതുവേ ധൈര്യശലിയായ നിങ്ങള്‍ക്കൊപ്പം എപ്പോഴും വിജയവും തുണയായിട്ടുണ്ടാവും. പന്ത്രണ്ടുരാശികളുടെ നേതൃഗുണമുള്ള നിങ്ങളുടെ ആത്മവിശ്വാസത്തിന് ഒരിക്കലും കോട്ടം സംഭവിക്കയില്ല. അസാധ്യമായ മനോബലത്തോടുകൂടി എന്നും വിജയം നേടിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ വണങ്ങേണ്ടത് വിജയഗണപതിയെയാണ്.

കന്നി: പൊതുവേ മൃദുസ്വഭാവക്കാരായ നിങ്ങള്‍ ശരിയായ പങ്കാളിക്കൊപ്പം ചേര്‍ന്ന് എല്ലാ കാര്യങ്ങളിലും വിജയം നേടുന്ന ആളാണ്. നിങ്ങള്‍ ജീവിതപങ്കാളിയുമായി ചേര്‍ന്ന് ഏതൊരു പ്രവര്‍ത്തി ചെയ്യുമ്പോഴും നിങ്ങളെ വെല്ലാന്‍ ആര്‍ക്കുമാവില്ല. നിങ്ങള്‍ ആരാധിക്കേണ്ടത് ഉച്ഛിഷ്ടഗണപതിയേയാണ്.

തുലാം: കഠിനാദ്ധ്വാനിയായ നിങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതുവരെ വിശ്രമിക്കില്ല. ഒരു ലക്ഷ്യം പൂര്‍ത്തിയാക്കിയാലും തൃപ്തി ലഭിക്കാതെ അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങും. ജീവിതമുന്നേറ്റത്തിന് ആകാശമാണ് അതിര്‍ത്തിയെന്നുകരുതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ വണങ്ങേണ്ട ഗണപതി ക്ഷിപ്രസാദഗണപതിയെയാണ്.

വൃശ്ചികം: പൊതുവെ നല്ല ചുറുചുറുക്കിന് ഉടമയായ നിങ്ങള്‍ ഒരിടത്ത് സ്വസ്ഥമായി ഇരിക്കാതെ സദാ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളായിരിക്കും. പിന്നീടുനോക്കാം. എന്ന് കരുതാതെ നിനച്ചമാത്രയില്‍ തന്നെ ചെയ്തുതീര്‍ക്കണം എന്ന ചിന്താഗതിക്കാര്‍. എപ്പോഴും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ തൊഴുത് വരേണ്ട ഗണപതി നര്‍ത്തനഗണപതിയാണ്.

ധനു: ഗ്രഹങ്ങളില്‍ വ്യാഴത്തിന്‍റെ ആധിക്യം നേടിയ നിങ്ങള്‍ സത്യസന്ധതയെ അങ്ങേയറ്റം സ്നേഹിക്കുന്ന പ്രകൃതക്കാരാണ്. നേര്‍വഴിയിലൂടെ അല്ലാതെ കുറുക്കുവഴിയിലൂടെ പോകാന്‍ ആഗ്രഹിക്കാത്തവര്‍ ന്യായധര്‍മ്മപാതയിലൂടെ സഞ്ചരിക്കയാല്‍ പലപ്പോഴും ധര്‍മ്മസങ്കടത്തിലകപ്പെടുന്നവരാണ് നിങ്ങള്‍. സങ്കടഹരഗണപതിയെയാണ് നിങ്ങള്‍ വണങ്ങേണ്ടത്.

മകരം: ശനി ഭഗവാന്‍റെ ആധിക്യത്തില്‍ ജനിച്ച നിങ്ങള്‍ ത്യാഗസമ്പന്നരാണ്. മിതമായ ആഗ്രഹങ്ങള്‍ മാത്രംവച്ചു പുലര്‍ത്തുന്നവര്‍. വിട്ടുവീഴ്ചാ മനോഭാവത്താല്‍ ചില നഷ്ടങ്ങളുണ്ടായേക്കും. അതുകൊണ്ട് ഇടയ്ക്കിടെ ആശയക്കുഴപ്പങ്ങളില്‍ അകപ്പെടുന്ന നിങ്ങള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പഠിച്ചാല്‍ വിജയം സുനിശ്ചിതം. നിങ്ങള്‍ വണങ്ങേണ്ടത് യോഗഗണപതിയെയാണ്.

കുംഭം: അനുഭവജ്ഞാനത്തിലൂടെ മറ്റുള്ളവരെ അടക്കി ഭരിക്കാമെന്ന് കരുതുന്നവരാണ് നിങ്ങള്‍. നിങ്ങള്‍ക്കറിയാത്ത വിഷയങ്ങളില്‍പോലും അറിയില്ലെന്ന് പുറത്തുകാണിക്കാതെ എല്ലാം അറിയാം എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍. എന്നാല്‍ അറിയാത്തകാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നവരുമാണ്. പുതിയ വിഷയങ്ങളേയും പെട്ടെന്ന് പഠിച്ച് പ്രത്യേക കഴിവോടുകൂടി ജീവിതത്തില്‍ മുന്നേറിവരുന്ന നിങ്ങള്‍ വണങ്ങേണ്ടത് സിദ്ധിഗണപതിയെയാണ്.

മീനം: പൊതുവെ കള്ളവും കാപട്യവുമില്ലാത്ത കുട്ടികളുടെ സ്വഭാവത്തിനുടമകളാണ് മീനക്കാര്‍. മറ്റുള്ളവരോടു എന്തുപറയണം എന്തുപറയാന്‍ പാടില്ല എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ എല്ലാവരും നല്ലവര്‍ എന്നു കരുതി എല്ലാവരോടും ഇടപഴകും. നിഷ്ക്കളങ്കരായ നിങ്ങള്‍ ആഗ്രഹിച്ചതുനേടണം എന്ന പിടിവാശിയുള്ളവരുമാണ്. നിങ്ങള്‍ തൊഴുത് പ്രാര്‍ത്ഥിക്കേണ്ടത് ബാലഗണപതിയെയാണ്.


Share this Post
Focus