കൊല്ലവര്‍ഷം 829-ലാണ് മാനവേദന്‍ ജയദേവകവിയുടെ അഷ്ടപദിയെന്ന ഗീതഗോവിന്ദ കാവ്യത്തിന്റെ മാതൃകയില്‍ കൃഷ്ണഗീതി രചിച്ചത്. ഇദ്ദേഹം പിന്നീട് സാമൂതിരിപ്പാടായപ്പോള്‍ തന്റെ ഈ കൃഷ്ണഗീതി കൃഷ്ണനാട്ടമാക്കി അവതരിപ്പിച്ചു.
അവതാരം മുതല്‍ സ്വര്‍ഗാരോഹണംവരെയുള്ള കൃഷ്ണകഥ കൃഷ്ണനാട്ടത്തില്‍ അഭിനയിക്കുന്നു. അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം-ഇങ്ങനെ എട്ടു കഥയായിട്ടാണ് കൃഷ്ണനാട്ടത്തെ വിഭജിച്ചിട്ടുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരു കഥ മാത്രമേ ഒരു ദിവസം അഭിനയിക്കുകയുള്ളു. ഒരു കഥ അഭിനയിക്കാന്‍ മൂന്നു മണിക്കൂറില്‍ കുറയാതെ, നാലുമണിക്കൂറിലേറെ സമയം വേണം. വേഷക്കാര്‍ക്കുവേണ്ടി കഥ നിശ്ചയിക്കുകയോ മൂന്നോ നാലോ കഥകളുടെ ചില ഭാഗങ്ങള്‍ മാത്രം ഒരു രാത്രിയില്‍ അഭിനയിക്കുകയോ ഒന്നും കൃഷ്ണനാട്ടത്തിനുവേണ്ടിവരുന്നില്ല. പുലരുന്നതുവരെ കളിക്കുന്ന പതിവും കൃഷ്ണനാട്ടത്തിനില്ല.
മദ്ദളം, ചേങ്ങല, ഇലത്താളം എന്നീ വാദ്യവിശേഷങ്ങളും പൊന്നാനി, ശിങ്കിടി എന്നു രണ്ടു പാട്ടുകാരും കഥകളിയിലെപ്പോലെതന്നെയാണു കൃഷ്ണനാട്ടത്തിലുമുള്ളത്. ചെണ്ട കൃഷ്ണനാട്ടത്തിലില്ല. എന്നാല്‍ തപ്പുമദ്ദളം എന്ന പേരില്‍ അല്പം അടഞ്ഞ ശബ്ദമുള്ള ഒരു രണ്ടാംമദ്ദളം താളമിട്ടുകൊടുക്കാനും മറ്റുമായി ശുദ്ധമദ്ദളത്തിന്റെ സഹായത്തിനുണ്ട്. രംഗത്തിന്റെ പിന്നില്‍ നടുവിലാണു പാട്ടുകാരുടെ സ്ഥാനം; അവരുടെ ഇടത്തും വലത്തും മദ്ദളങ്ങള്‍. പാട്ടുകാരില്‍ പൊന്നാനി പാടിക്കൊടുക്കുകയും ചേങ്ങലയില്‍ താളം പിടിക്കുകയും ചെയ്യുന്നു. ശിങ്കിടി ഏറ്റുപാടുകയും ഇലത്താളം പിടിക്കുകയും ചെയ്യുന്നു. പിന്നിലെ പാട്ടിനനുസരിച്ച് വേഷക്കാര്‍ അരങ്ങത്ത് അഭിനയിക്കുന്നു. ഒന്നാംതരം നിശ്ചലദൃശ്യങ്ങള്‍ (ടാബ്ളോകള്‍) പലതും കൃഷ്ണനാട്ടത്തിലുണ്ട്. മുരളീഗാനം ചെയ്യുന്ന കൃഷ്ണന്റെ ഒരു ചിത്രം, നരകാസുരവധത്തിനു സത്യഭാമയോടുകൂടി കൃഷ്ണന്‍ ഗരുഡാരൂഢനായി യാത്രചെയ്യുന്ന ഒരു സുന്ദരദൃശ്യം, കൈലാസത്തില്‍ ചെന്നു പരമേശ്വരനെ ധ്യാനിച്ചു തപസ്സുചെയ്യുന്ന കൃഷ്ണന്റെ മുമ്പില്‍ ഗണപതി, സുബ്രഹ്മണ്യന്‍, ഭൂതഗണങ്ങള്‍ മുതലായ പരിവാരങ്ങളോടുകൂടി പാര്‍വതീപരമേശ്വരന്മാര്‍ പ്രത്യക്ഷപ്പെടുന്ന കൈലാസരംഗം, സ്വര്‍ഗാരോഹണത്തിലെ വൈകുണ്ഠരംഗം-ഇങ്ങനെ എടുത്തു പറയത്തക്ക സജീവചിത്രങ്ങള്‍ കൃഷ്ണനാട്ടത്തില്‍ ഒട്ടേറെയുണ്ട്. ഏതു രംഗത്തിന്റെയും തിരശ്ശീല മാറ്റുമ്പോഴത്തെ കാഴ്ച ഏറ്റവും മനോഹരമാണ്. (കെ.പി. നാരായണ പിഷാരോടി)ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കൃഷ്ണനാട്ടം. ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെ ഭഗവാന്റെ ലീലകളെ ആസ്പദമാക്കി എട്ടു ദിവസത്തെ കഥകളാക്കിയാണ് അവതരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ വഴിപാടായും പുറംവേദികളില്‍ ദൃശ്യകലാരൂപമെന്ന നിലയിലും ഇതവതരിപ്പിക്കുന്നു.
കഥകളും ഫലശ്രുതിയും
അവതാരം-സന്താനലബ്ധി.
കാളിയമര്‍ദ്ദനം-വിഷബാധാശമനം .
രാസക്രീഡ-കന്യകമാരുടെ ശ്രേയസ് , ദാമ്പത്യകലഹശമനം
കംസവധം-ശത്രുതാനാശം.
സ്വയംവരം-വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദശമനം എന്നിവയ്ക്കും.
ബാണയുദ്ധം- ഉദ്ദിഷ്ട കാര്യ സിദ്ധി, ശങ്കരനാരായണ പ്രീതി.
വിവദവധം-കൃഷി, വാണിജ്യാദി അഭിവൃദ്ധി,ദാരിദ്ര്യ ശമനം.
സ്വര്‍ഗാരോഹണം-മോക്ഷപ്രാപ്തി.
സ്വര്‍ഗാരോഹണം കഥ നടത്തുന്നവര്‍ അവതാരം കഥ കൂടി നടത്തേണ്ടതാണ്.