ജന്മ രാശി കൊണ്ടറിയാം പൊതു സ്വഭാവങ്ങൾ..

ജന്മ രാശി കൊണ്ടറിയാം പൊതു സ്വഭാവങ്ങൾ..

Share this Post

ജ്യോതിചക്രത്തിൽ മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ പന്ത്രണ്ട് രാശികളാണ് ഉള്ളത്. മേടം രാശി ആടിന്റെ ആകൃതിയിലും, ഇടവം കാളയുടെ ആകൃതിയിലും, മിഥുനം ഗദാധാരിയായ പുരുഷനും വീണാധാരിണിയായ ഒരു സ്ത്രീയും ദമ്പതിമാരായി നില്‍ക്കുന്നതുപോലെയുള്ള ആകൃതിയിലും, കര്‍ക്കടകം ഞണ്ടിന്റെ ആകൃതിയിലും, ചിങ്ങം സിഹത്തിന്റെയും ആകൃതിയിലും, കന്നി ഒരു കയ്യില്‍ തീയും മറുകയ്യില്‍ നെല്‍ക്കതിരും ധരിച്ച് ഒരു തോണിയില്‍ സഞ്ചരിക്കുന്ന സ്ത്രീയെപ്പോലെയും, തുലാം ത്രാസും കൈയില്‍ ധരിച്ച് നിൽക്കുന്ന പുരുഷാകൃതിയിലും, വൃശ്ചികം തേളിന്റെ ആകൃതിയിലും, ധനു അരയ്ക്കു താഴെ കുതിരയുടെയും മുകളില്‍ പുരുഷന്റെ ആകൃതിയിലുമുള്ള രൂപം അമ്പും വില്ലും ധരിച്ച് നില്‍ക്കുന്ന ആകൃതിയിലും, മകരം മാനിന്റെ മുഖവും മുതലയുടെ ദേഹവും ചേര്‍ന്നതുപോലെയുള്ള ആകൃതിയിലും, കുംഭം കുടം ചുമലില്‍വച്ച് നില്‍ക്കുന്ന പുരുഷാകൃതിയിലും, മീനം വാലും തലയും അന്യോന്യം ബന്ധിച്ച് വട്ടത്തില്‍ നില്‍ക്കുന്ന രണ്ടു മത്സ്യങ്ങളുടെ ആകൃതിയിലുമാണു ദൃശ്യമാകുന്നത്.

മേടം രാശി (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:

സ്വരൂപം – കോലാട്.

സ്വഭാവസവിശേഷതകള്‍ – ആടിനെപ്പോലെ സഞ്ചാരശീലം, നിഷ്കളങ്കസ്വഭാവം, കാടുകളിലും പർവ്വതപ്രദേശങ്ങളിലും താമസിക്കാനുള്ള ഇഷ്ടം, വേഗം ഭക്ഷിക്കുന്ന സ്വഭാവം.

ഇടവം രാശി (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

സ്വരൂപം – വലിയ മുഖമുള്ള കൊഴുത്തുതടിച്ച കാളയുടെ രൂപം. 

സ്വഭാവസവിശേഷതകള്‍  – പുഷ്ഠിയുള്ള ശരീരം, അധികം വിശപ്പ്. അദ്ധ്വാനശീലം കര്‍മ്മനിരതത്വം, സാഹസികത. സ്ഥൂല ശരീര പ്രകൃതി.

മിഥുനം രാശി (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

സ്വരൂപം –  വീണ കയ്യിലുള്ള വധുവിന്‍റെയും ഗദ കയ്യിലുള്ള വരന്‍റെയും ചിത്രം.

സ്വഭാവസവിശേഷതകള്‍  – സുഖഭോഗങ്ങളില്‍ ആസക്തി, കലകളില്‍ താല്‍പ്പര്യം. ധീരത, ആയുധവിദ്യയില്‍ താല്‍പ്പര്യം, ആഡംബരജീവിതത്തിൽ താല്പര്യം.

.

കര്‍ക്കിടകം രാശി (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

സ്വരൂപം –  ഞണ്ട്.

സ്വഭാവസവിശേഷതകള്‍  –  താമസ സ്ഥലം ഇടയ്ക്കിടെ മാറാൻ ആഗ്രഹിക്കുന്ന പ്രകൃതം. തന്ത്രപരമായ നീക്കങ്ങള്‍, ഒളിഞ്ഞിരിക്കുന്ന പ്രകൃതം, ഗൂഢ സ്വഭാവം.

ചിങ്ങം രാശി (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

സ്വരൂപം –   സിംഹം.

സ്വഭാവസവിശേഷതകള്‍  –   ഭരണശേഷി, ഗൗരവം, ശത്രുക്കളോട് ദയയില്ലായ്മ, ആത്മീയതയിൽ താല്പര്യം, ഹിംസാ സ്വഭാവം, നേതൃത്വഗുണം, ആശ്രിതവാത്സല്യം.

കന്നി രാശി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

സ്വരൂപം –   ജലത്തില്‍ കിടക്കുന്ന കന്യകയുടെ ഒരു കയ്യില്‍ നെല്‍ക്കതിരും മറുകയ്യില്‍ തീപന്തവും കാണാം.

സ്വഭാവസവിശേഷതകള്‍  –   ലജ്ജ കലര്‍ന്ന സ്വഭാവം. സഞ്ചാരപ്രിയം, പരധനാം അനുഭവിക്കാൻ യോഗം, രൂപ-സ്വഭാവ സൗന്ദര്യം, പാചകകലയില്‍ താല്‍പ്പര്യം, വിഭവസമാഹരണശേഷി, ബുദ്ധിപൂര്‍വ്വമുള്ള പെരുമാറ്റം.

തുലാം രാശി (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

സ്വരൂപം –  ത്രാസ് പിടിച്ചിരിക്കുന്ന ഒരു പുരുഷൻ

സ്വഭാവസവിശേഷതകള്‍  –  വ്യാപാരമനോഭാവം, നീതിനിഷ്ഠ, സത്യസന്ധത, ധനം ആര്‍ജ്ജിക്കുവാനുള്ള കഴിവ്, തടിക്കാത്ത ശരീരപ്രകൃതി.

വൃശ്ചികം രാശി (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

സ്വരൂപം –  തേളിന്‍റെ രൂപം.

സ്വഭാവസവിശേഷതകള്‍  – ക്രൂരതയും ദുഷ്ടതയും, നിശ്ചിതമല്ലാത്ത ജീവിതശൈലി, സ്വാധീനശക്തി, ദുരുപയോഗം, ചിന്താഗതികള്‍ മറച്ചുവെയ്ക്കുക, അസ്വാഭാവിക പെരുമാറ്റ രീതികൾ.

ധനു രാശി (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

സ്വരൂപം –  വില്ലും ശരവുമായി നില്‍ക്കുന്ന ഒരു പുരുഷന്‍. അരയ്ക്ക് താഴെ കുതിരയുടെ ആകൃതി.

സ്വഭാവസവിശേഷതകള്‍  – ധീരത, ആയുധപ്രയോഗം, ശത്രുസംഹാര മനോഭാവം, വേഗത്തില്‍ സഞ്ചരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം, അസാധാരണ കര്‍മ്മശേഷി, നഗരജീവിതത്തിനോട് താല്‍പ്പര്യം.

മകരം രാശി (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

സ്വരൂപം –  ഒരു മാനിന്‍റെ തലയും മത്സ്യത്തിന്‍റെ ശരീരവും ചേര്‍ന്ന രൂപം.

സ്വഭാവസവിശേഷതകള്‍  –  അരയ്ക്ക് താഴെ മെലിഞ്ഞ ശരീരം, നിഷ്കളങ്കതയും നിരുപദ്രവസ്വഭാവവും, കരയിലും വെള്ളത്തിലും സഞ്ചരിക്കാനുള്ള താല്‍പ്പര്യവും, കഴിവും. ഭയാത്മകത്വം കൊണ്ട് ഉണ്ടാകുന്ന പരാജയം.

കുംഭം രാശി (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

സ്വരൂപം –  ഒഴിഞ്ഞ കുടം തോളിലേന്തി നില്‍ക്കുന്ന ഒരു പുരുഷരൂപം.

സ്വഭാവസവിശേഷതകള്‍  –  പൊങ്ങച്ചസ്വഭാവം, അധ്വാനശീലം, ഏകാന്തജീവിതം, പൂര്‍വ്വികധനനഷ്ടം, കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യം, ജീവിതമാര്‍ഗ്ഗമന്വേഷിച്ച് ദൂരയാത്ര ചെയ്യുക.

മീനം രാശി (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

സ്വരൂപം – അന്യോന്യം വാലില്‍ കടിച്ചുകൊണ്ടിരിക്കുന്ന രണ്ട് മത്സ്യങ്ങളെയാണ് ഈ രാശിയില്‍ കാണുന്നത്.

സ്വഭാവസവിശേഷതകള്‍  –  ആര്‍ക്കും പിടികൊടുക്കാതെ വഴുതിമാറുന്ന സ്വഭാവം, ഒരിടത്തും സ്ഥിരമായി നില്‍ക്കാത്ത സ്വഭാവം, സഞ്ചാരസ്വഭാവം, സഹകരണമനോഭാവം.Share this Post
Astrology