ജാതക നിര്‍ണ്ണയവും ജന്മ സ്ഥലത്തിന്റെ പ്രാധാന്യവും.

ജാതക നിര്‍ണ്ണയവും ജന്മ സ്ഥലത്തിന്റെ പ്രാധാന്യവും.

ഒരാളുടെ ജാതകം നിര്‍ണ്ണയിക്കുവാന്‍ മൂന്നുഘടകങ്ങള്‍ അനിവാര്യമാണ്. ജനന തീയതി, കൃത്യമായ ജന്മ സമയം, ജനിച്ച സ്ഥലം എന്നിവയാണത്. ജനനം നടന്നത് ഏതു സ്ഥലത്താണ് എന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. എന്തെന്നാല്‍ ഒരേ സമയത്ത് കേരളത്തിലും അമേരിക്കയിലും ജനിക്കുന്ന രണ്ടു കുട്ടികളുടെ ഗ്രഹനില തികച്ചും വ്യത്യസ്തമായിരിക്കും. മറ്റൊരു രാജ്യത്തെ ജനന സമയം ഇന്ത്യന്‍ സമയത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ജാതകം ഗണിക്കുന്ന തെറ്റായ രീതി ഇപ്പോഴും അവലംബിച്ചു കാണാറുണ്ട്. തികച്ചും തെറ്റായ ഒരു രീതിയാണിത്. എവിടെയാണോ ജനിച്ചത്, അവിടുത്തെ അക്ഷാംശ രേഖാംശങ്ങള്‍ അനുസരിച്ചും ഉദയാസ്തമയങ്ങള്‍ അനുസരിച്ചും വേണം ലഗ്ന നിര്‍ണ്ണയം നടത്തേണ്ടത്.അമേരിക്കയില്‍ ജനിച്ച ഒരു കുട്ടിയുടെ ജനന സമയം ഇന്ത്യന്‍ സമയത്തിലേക്ക് പരിവര്‍ത്തനം ചെയ്‌താല്‍ ആറോ ഏഴോ  രാശികളുടെ വ്യത്യാസം വരും. ഒരു രാശി മാറിയാല്‍ തന്നെ ജാതകം മുഴുവന്‍ മാറും എന്നുള്ളപ്പോള്‍ ആറു രാശികള്‍ മാറിയാലുള്ള  അവസ്ഥ പറയേണമോ?

ഉദാഹരണമായി 05.05.2005 രാവിലെ 8 മണിക്ക് (അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) അമേരിക്കയിലെ ഫ്ലോറിഡ എന്ന സ്ഥലത്ത് ജനിച്ച കുട്ടിയുടെ ജാതകവുമായി പാലക്കാട് ജില്ലക്കാരായ മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നു. കുട്ടിയുടെ ചില ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്   അറിയുവാന്‍ അവരുടെ ഒരു സുഹൃത്തിന്റെ നിര്‍ദേശാനുസരണം  ആണ് എന്നെ കാണുവാന്‍ വന്നത്.   അവരുടെ ജന്മ സ്ഥലമായ പാലക്കാട് ജില്ലയിലെ ഒരു ജ്യോത്സ്യന്‍ ഗണിച്ച  ജാതകം അവര്‍ കൊണ്ട് വന്നിരുന്നു. ഇന്ത്യന്‍ സമയത്തിലേക്ക് പരിവര്‍ത്തനം ചെയ്താണ് ജാതകം തയാറാക്കിയിരിക്കുന്നത് എന്ന് മനസ്സിലായി. ഇന്ത്യന്‍ സമയം അമേരിക്കന്‍ സമയത്തെക്കാള്‍ ഒന്‍പതര മണിക്കൂര്‍ മുന്‍പിലാണ് എന്ന ന്യായം അനുസരിച്ച് അവിടുത്തെ രാവിലെ എട്ടു മണി എന്നത് ഇന്ത്യയിലെ വൈകിട്ട് അഞ്ചര  എന്ന സമയം കണക്കാക്കിയാണ് ജാതകം ഗണിച്ചത്. ഗ്രഹനില പ്രകാരം ലഗ്നം തുലാം. നക്ഷത്രം ഉതൃട്ടാതി.ഈ ഗ്രഹനില നിങ്ങളുടെ കുട്ടിയുടേത് അല്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടു ത്താന്‍ വളരെ പണിപ്പെടേണ്ടി വന്നു. കുട്ടിയുടെ യഥാര്‍ഥ ഗ്രഹനില ഞാന്‍ അവര്‍ക്ക് തയാറാക്കി നല്‍കിയപ്പോഴാണ് ഗ്രഹനിലയിലും ജാതക പ്രവചനങ്ങളിലും എത്രത്തോളം വ്യത്യാസം ഉണ്ട് എന്ന് അവര്‍ക്ക് ബോധ്യമായത്. ശരിയായ ഗ്രഹനില –  ലഗ്നം ഇടവം. നക്ഷത്രം ഉതൃട്ടാതി.

ആദ്യത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായ  ഗ്രഹനിലയാണ് ശരിയായിട്ടുള്ള ഗ്രഹനില എന്ന് വ്യക്തമാണല്ലോ. പ്രത്യക്ഷത്തില്‍ “ല” എന്ന അക്ഷരം മാറി എന്ന് മാത്രമേ സാധാരണക്കാര്‍ക്ക് തോന്നൂ. പക്ഷെ ലഗ്നം മാറിയാല്‍ സര്‍വ ഫലങ്ങളും മാറി. പന്ത്രണ്ട്  ഭാവങ്ങളും ഭാവാധിപന്മാരും ജാതക യോഗങ്ങളും എല്ലാം മാറി എന്നതാണ് മനസ്സിലാക്കേണ്ടത്.ജാതകം ഗണിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്താതിരുന്നാല്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ഭാരതീയ ജ്യോതിഷമാണ്‌ എന്ന് ചിന്തിക്കണം.

Astrology