ശിവ സാന്നിധ്യം പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന 12 ക്ഷേത്രങ്ങളാണ് ദ്വാദശ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ. അതിൽ മലയാളികൾക്ക് ദർശിക്കാൻ ഏറ്റവും അടുപ്പവും സൗകര്യവും ഉള്ളതാണ് തമിഴ്‌നാട്ടിലെ രാമേശ്വരം ക്ഷേത്രം.
യാതൊരുവനാണോ ഗംഗാ ജലത്താല്‍ രാമേശ്വരലിംഗത്തിന് അഭിഷേകം ചെയ്യുന്നത് അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കപ്പെടും. അവന്‍ ശിവന് ഏറ്റവും പ്രിയങ്കരനായിത്തീരും. അവസാനം പരമപദമായ മുക്തിയും സിദ്ധിക്കും എന്ന് ശിവ പുരാണത്തില്‍ ശ്രീരാമന്‍ അരുള്‍ ചെയ്യുന്നു. രാമായണം, പത്മപുരാണം, അഗ്നിപുരാണം, സ്‌കന്ദപുരാണം തുടങ്ങിയ പല പുരാണ ഗ്രന്ഥങ്ങളിലും ശിവപുരാണത്തില്‍ ജ്യോതിര്‍ലിംഗ മഹാത്മ്യം എന്ന ഭാഗത്തും രാമേശ്വരത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. കിഴക്ക് ദിക്കില്‍ ജഗന്നാഥന്‍ (പുരി), പടിഞ്ഞാറ് ദ്വാരകനാഥന്‍, വടക്ക് ബദരിനാഥന്‍ എന്നിങ്ങനെ വിഷ്ണു ഭഗവാന്‍ നാഥനായപ്പോള്‍ യമദേവന്റെ ദിക്കായ തെക്കിന് കാലകാലനായ ശിവന്‍ നാഥനായി. രാമന്റെ നാഥനായി, ഈശ്വരനായി ശിവന്‍ രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു.
രാമായണത്തില്‍ വളരെ വിശദമായി രാമേശ്വര മഹാത്മ്യം വര്‍ണിച്ചിരുന്നു. ശ്രീരാമന്‍ ലങ്കയില്‍ ചെന്ന് വാനരന്മാരുടെ സഹായത്തോടുകൂടി സേതുബന്ധിച്ച് രാവണനേയും കൂട്ടരേയും വധിച്ച് സീതയെ വീണ്ടെടുത്തു. രാവണനെ കൊന്ന ബ്രഹ്മഹത്യാ പാപം തീരുന്നതിനുവേണ്ടി ഒരു ശിവലിംഗം നിര്‍മ്മിച്ച് പൂജ നടത്തുവാന്‍ ഋഷിമാരും ദേവന്മാരും ശ്രീരാമനോട് അപേക്ഷിക്കുന്നു. അങ്ങനെ ഒരു ശുഭമുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു.കൈലാസത്തില്‍നിന്നും ശിവലിംഗം കൊണ്ടുവരാന്‍ ഹനുമാനെ നിയോഗിച്ചു. ശിവലിംഗം പ്രതിഷ്ഠിക്കേണ്ട സമയം ആഗതമായിട്ടും ഹനുമാന്‍ എത്തിയില്ല. ഉടന്‍ തന്നെ സീതാദേവീ മണലുകൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി, അതില്‍ പൂജാദിക്രിയകള്‍ നടത്തുകയുണ്ടായി. ഈ ശിവലിംഗമാണ് വിശ്വപ്രസിദ്ധമായ രാമേശ്വരം ജ്യോതിര്‍ലിംഗം.ഈ സമയത്ത് ഹനുമാന്‍ രണ്ട് ശിവലിംഗങ്ങളുമായി എത്തി. എന്നാല്‍ തന്റെ വരവിന് മുമ്പ് ശിവലിംഗം പ്രതിഷ്ഠിച്ചതിനാല്‍ ഹനുമാന്‍ കോപിഷ്ഠനായി. സീതാ ദേവി നിര്‍മ്മിച്ച് ശ്രീരാമ ചന്ദ്രന്‍ പൂജിച്ച ആ ശിവലിംഗം തന്റെ വാലുകൊണ്ട് ഇളക്കിമാറ്റുവാന്‍ ഹനുമാന്‍ ശ്രമിച്ചു. പരാജയപ്പെട്ട ഹനുമാന്റെ സങ്കടം കണ്ട് ശ്രീരാമന്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം രാമേശ്വര ലിംഗത്തിന് ഇടതു വശത്തായി പ്രതിഷ്ഠിച്ചു. ഈ ശിവലിംഗത്തിന് ആദ്യം പൂജ നടത്തണമെന്നും ശ്രീരാമന്‍ കല്പിച്ചു. ഇന്നും ഹനുമാന്‍ കൊണ്ടുവന്ന ഈ ശിവലിംഗത്തില്‍ പൂജകള്‍ നടത്തിയതിനുശേഷമേ രാമേശ്വര ലിംഗത്തിന് പൂജകള്‍ നടത്താറുള്ളൂ. ഈ ശിവലിംഗം ‘വിശ്വനാഥ ലിംഗം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഗംഗാജലംകൊണ്ട് ശ്രീരാമന്‍ ശിവലിംഗത്തിന് അഭിഷേകം നടത്തി. ഇതിനായി തന്റെ അസ്ത്രമുപയോഗിച്ച് ഒരു തീര്‍ത്ഥക്കുളമുണ്ടാക്കി കോടിതീര്‍ത്ഥം എന്ന പേരില്‍ ഈ തീര്‍ത്ഥക്കുളം പ്രസിദ്ധമായിത്തീര്‍ന്നു.ക്ഷേത്രമതില്‍ക്കെട്ടിനകത്ത് 22 പവിത്രവും പുണ്യവും മോക്ഷകരവുമായ തീര്‍ത്ഥങ്ങള്‍ ഉണ്ട്. തീര്‍ത്ഥങ്ങള്‍ എല്ലാം കിണറുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
1. ശ്രീമഹാലക്ഷ്മി തീര്‍ത്ഥം, 2. സാവിത്രി തീര്‍ത്ഥം, 3. ഗായത്രീ തീര്‍ത്ഥം, 4. സരസ്വതി തീര്‍ത്ഥം, 5. സേതു മാധവ തീര്‍ത്ഥം, 6. ഗന്ധമാദന തീര്‍ത്ഥം, 7. ഗവാക്ഷ തീര്‍ത്ഥം, 8. കവായ തീര്‍ത്ഥം, 9. നള തീര്‍ത്ഥം, 10. നിള തീര്‍ത്ഥം, 11. ശംഖു തീര്‍ത്ഥം, 12. ചക്ര തീര്‍ത്ഥം, 13. ബ്രഹ്മഹത്യാ വിമോചന തീര്‍ത്ഥം, 14. സൂര്യ തീര്‍ത്ഥം, 15. ചന്ദ്രതീര്‍ത്ഥം, 16. ഗംഗാ തീര്‍ത്ഥം, 17. യമുനാ തീര്‍ത്ഥം, 18. ഗയാതീര്‍ത്ഥം, 19. ശിവതീര്‍ത്ഥം, 20. സത്യമിത്ര തീര്‍ത്ഥം, 21. സര്‍വ തീര്‍ത്ഥം, 22. കോടി തീര്‍ത്ഥം.
ഇത് കൂടാതെ ക്ഷേത്രത്തിന് പുറത്തും നിരവധി തീര്‍ത്ഥങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ തീര്‍ത്ഥ ഘട്ടങ്ങളില്‍ എല്ലാം സ്‌നാനം ചെയ്യുവാനുള്ള സൗകര്യവും ദേവസ്വം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. പ്രധാന പ്രതിഷ്ഠയായ ശ്രീരാമേശ്വര സന്നിധി കൂടാതെ വിശ്വനാഥ സന്നിധി, വിശാലക്ഷി സന്നിധി, രുദ്രാക്ഷങ്ങളാല്‍ അലംകൃതമായ നടരാജ സന്നിധി, വിഭീഷണനാല്‍ പൂജിതമായ സ്ഥടികലിംഗ സന്നിധി തുടങ്ങിയവ പ്രത്യേകമായി ക്ഷേത്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. രാമേശ്വര സന്നിധിക്ക് എതിര്‍വശത്തായി നന്ദി മണ്ഡപം ഉണ്ട്. മധുര രാജാക്കന്മാരാണ് നന്ദി മണ്ഡപം നിര്‍മ്മിച്ചത് എന്ന് കരുതുന്നു. നന്ദി മണ്ഡപത്തിന് പിന്‍വശത്തായി ധ്വജസ്തംഭവും സ്ഥാപിച്ചിരിക്കുന്നു.ദേവി പാര്‍വതി പര്‍വത വര്‍ദ്ധിനി എന്ന തിരുനാമത്തില്‍ രാമേശ്വര സന്നിധിയുടെ വലതുഭാഗത്തായി പ്രത്യേക കോവിലില്‍ വാണരുളുന്നു. വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്ന ഭക്തജനപ്രിയയാണ് ദേവി എന്നാണ് അനുവഭസാക്ഷ്യം.കടലിനോട് അഭിമുഖമായി അതിമനോഹരമായ രാജഗോപുരം സ്ഥിതി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി രാമേശ്വരം ക്ഷേത്രത്തിലാണ്. ഭക്തരുടെ നയനങ്ങള്‍ക്ക് ചാരുത പകരുന്ന അവിസ്മരണീയ ദൃശ്യമാണ് ഈ ഇടനാഴികള്‍. ഇവിടെ പുരാണ കഥകള്‍ ചിത്രീകരിച്ചിരിക്കുന്നു.

ക്ഷേത്ര ചടങ്ങുകള്‍
രാമേശ്വരം ക്ഷേത്രം പുലര്‍ച്ചെ 5 മണി മുതല്‍ 1 മണിവരെയും വൈകുന്നേരം 3 മണി മുതല്‍ 9 മണിവരെയും തുടര്‍ച്ചയായി തുറന്നിരിക്കുന്നു. പള്ളയറ ദീപാരാധന, സ്ഫടികലിംഗ ദീപാരാധന, വില്വപൂജ, ഉച്ചപൂജ, അര്‍ദ്ധയാമപൂജ, പള്ളിയറപൂജ തുടങ്ങിയ നിരവധി പൂജകള്‍ ക്ഷേത്രത്തില്‍ നടത്തുന്നു.ഭക്തജനങ്ങള്‍ക്ക് ശംഖാഭിഷേകം, സഹസ്രകലാശാഭിഷേകം, രുദ്രാഭിഷേകം, ഗംഗാഭിഷേകം, വിവിധ മന്ത്രങ്ങളാലുള്ള അര്‍ച്ചനകള്‍ ഇവയെല്ലാം വഴിപാടായി നടത്താവുന്നതാണ്. ശിവരാത്രി, വസന്തോത്സവം, തിരു കല്യാണം, രാമലിംഗ പ്രതിഷ്ഠ, ഉത്സവം ഇവയെല്ലാം പ്രധാന ഉത്സവങ്ങളാണ്.
രാമേശ്വരത്തിന് ചുറ്റുമുള്ള ക്ഷേത്രങ്ങള്‍:
1. ലക്ഷ്മണതീര്‍ത്ഥം ശിവക്ഷേത്രം-ലക്ഷ്മണന്‍ പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. തൊട്ടടുത്ത് ലക്ഷമണ തീര്‍ത്ഥം എന്ന പേരില്‍ പ്രസിദ്ധമായ വിസ്താരമേറിയ തീര്‍ത്ഥക്കുളം സ്ഥിതി ചെയ്യുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും ഒരു കി.മീ. ദൂരത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ലക്ഷ്മണന്‍ തന്റെ ബ്രഹ്മഹത്യാ പാപങ്ങളില്‍നിന്നും മുക്തനായത് ഇവിടെ വച്ചാണ് എന്നാണ് ഐതിഹ്യം.
2. കോദണ്ഡ രാമക്ഷേത്രം-രാമേശ്വരത്തുനിന്ന് ധനുഷ്‌ക്കോടി റൂട്ടിലാണ് 7 കി.മീ. ദൂരത്തില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പ്രാചീനമായ ക്ഷേത്രമാണിത്. കടല്‍ക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശാന്തസുന്ദരമായ സ്ഥലം. ഇവിടെ വച്ചാണ് വിഭീഷണനെ ലങ്കാ രാജാവായി ശ്രീരാമന്‍ അഭിഷേകം ചെയ്തത് എന്ന് കരുതുന്നു. സീതാസമേതനനായി ലക്ഷ്മണനോടൊപ്പം ശ്രീരാമന്‍ ഇവിടെ വാഴുന്നു. ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന ക്ഷേത്രമാണിത്.
3. സീതാഭിരാമ ക്ഷേത്രം-രാമേശ്വരത്ത് നിന്നും 3 കി.മീ. ദൂരം സീത, ലക്ഷമണന്‍, ഹനുമാന്‍ എന്നീ ദേവന്മാരോട് ചേര്‍ന്ന് ശ്രീരാമന്‍ വാഴുന്നു. വളരെ പുരാതനമായ ക്ഷേത്രമാണിത്.
4. ഗന്ധമാദന പര്‍വ്വതം-ശ്രീരാമന്റെ പാദമുദ്ര പതിഞ്ഞ പുണ്യസ്ഥലം. ഇവിടെനിന്ന് നോക്കിയാല്‍ രാമേശ്വര ക്ഷേത്രനഗരം മുഴുവനും കാണുവാന്‍ സാധിക്കും.
എത്തിച്ചേരുവാന്‍:മധുരയില്‍നിന്നും 164 കി.മീ. ദൂരം. മധുര സെന്‍ട്രല്‍ ബസ്റ്റാന്റില്‍നിന്നും നോണ്‍ സ്‌റ്റോപ്പ് ബസ്സുകള്‍ ഉള്‍പ്പെടെ ഇടവേളകള്‍ ഇല്ലാതെ രാമേശ്വരത്തേക്ക് ബസ്സുകള്‍ ലഭ്യമാണ്. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളില്‍നിന്നും ബസ്സുകള്‍ രാമേശ്വരത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളില്‍നിന്നും രാമേശ്വരത്തേക്ക് ട്രെയിന്‍ സര്‍വ്വീസുമുണ്ട്. രാമേശ്വരത്തും ജില്ലാ ആസ്ഥാനമായ രാമനാഥപുരത്തും ധാരാളം സത്രങ്ങളും ലോഡ്ജുകളും ഹോട്ടലുകളും ഭക്തര്‍ക്ക് താമസിക്കാന്‍ ലഭ്യമാണ്.രാമനാഥപുരം, ധനുഷ്‌കോടി, പാമ്പന്‍പാലം, തിരുപുല്ലാണി, ഉതിരഘോഷമങ്കെ, ഉപ്പൂര്‍ഗണപതി, നവപാഷാണം, ദേവിപട്ടണം തുടങ്ങിയ പുണ്യസ്ഥലങ്ങളും രാമേശ്വരം ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു. രാമേശ്വര തീര്‍ത്ഥാടനം എല്ലാ പാപങ്ങളും നശിപ്പിച്ച് മോക്ഷം തരുമെന്നത് നിശ്ചയമാണ്.
കേൾക്കാം….. വരികൾ കണ്ടു ജപിക്കാം… ദ്വാദശ ജ്യോതിർ ലിംഗ സ്തോത്രം