ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പുണ്യാത്മകമായ പ്രതീകമാണ് വെറ്റിലയും അടയ്ക്കയും. ജ്യോതിഷത്തിലും പുരാണത്തിലും ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഹനുമാന്‍സ്വാമിയുടെ ഇഷ്ടവഴിപാട് വെറ്റിലമാലയാണ്. ഗുരുക്കന്മാർക്കും മുതിർന്നവർക്കും പ്രധാന കർത്തവ്യങ്ങൾക്ക് മുന്നോടിയായി വെറ്റിലയും അടയ്ക്കയും നാണയവും നൽകി അനുഗ്രഹം നേടുന്ന പതിവുണ്ടല്ലോ. ജ്യോതിഷത്തിൽ ഫലപ്രവചനത്തിനായി വെറ്റിലയും അടയ്ക്കയും ഉപയോഗിക്കുന്നുണ്ട്.
വെറ്റിലയുടെ അഗ്രഭാഗത്തായി സാക്ഷാല്‍ മഹാലക്ഷ്മി വസിക്കുന്നതായി വിശ്വാസം. ഭക്ഷിച്ചാല്‍ ധനനാശം എന്ന് വിശ്വാസം. ഞെട്ടുകളിലും ഞരമ്പുകളിലും ജ്യേഷ്ഠയുടെ ഇരിപ്പിടം. ദുഃഖവും ബുദ്ധിമാന്ദ്യവുമായിരിക്കും ഭക്ഷിച്ചാലുള്ള ഫലം. മധ്യത്തില്‍ സരസ്വതി, ഇടതുഭാഗത്ത് പാര്‍വ്വതി, വലതുഭാഗത്ത് ഭൂമിദേവി, അന്തര്‍ഭാഗത്ത് മഹാവിഷ്ണു, ബഹിര്‍ഭാഗത്ത് ചന്ദ്രന്‍, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും.
വെറ്റില കൊണ്ട് ഫലം പ്രവചിക്കുന്നതെങ്ങനെ?
മംഗളകര്‍മ്മങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന നിലവിളക്കിന്‍റെ ജ്വാലയും, വെറ്റിലയും, അടക്കയും പരിശോധിച്ച് ഭാവികാല ശുഭാശുഭങ്ങളെ കൃത്യമായി പ്രവചിക്കാനാകും.ഫലം അറിയേണ്ടുന്ന ആൾ എണ്ണാതെ ഒരു അടുക്ക് വെറ്റിലയും അതോടൊപ്പം അടയ്ക്കയും ജ്യോതിഷിക്ക് സമർപ്പിക്കുക. ആ വെറ്റിലകളുടെ എണ്ണത്തെ 5 കൊണ്ട് ഗുണിച്ച് ഒന്നുകൂടി കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയെ 7 കൊണ്ട് ഹരിക്കുക. ശിഷ്ടമായി 1 ലഭിച്ചാല്‍ സൂര്യനും, 2 ചന്ദ്രനും, 3 ചൊവ്വയും, 4 ബുധനും, 5 വ്യാഴവും, 6 ശുക്രനും, 7(ശിഷ്ടമില്ലെങ്കില്‍) ശനിയും അധിപന്മാരാകും.ശിഷ്ടസംഖ്യ 1 ആണെങ്കില്‍ മനഃക്ലേശവും, ദുഃഖവുമായിരിക്കും ഫലം. 2 സുഖവും ഐശ്വര്യവും, 3 വിനാശവും കലഹവും, 4 ധനലാഭവും വിദ്യാഗുണവും, 5 കാര്യാനുകൂലത്തെയാണ് സൂചിപ്പിക്കുന്നത്. മേൽ ഗ്രഹങ്ങളുടെ തൽ സമയത്തെ സ്ഥിതിയും ബലവും ഒക്കെ ചിന്തിക്കാം.
വെറ്റിലയുടെ അഗ്രം ഉണങ്ങിയതാണെങ്കില്‍ രോഗം, ചിലന്തിവലയുള്ള വെറ്റില ആയൂര്‍ദോഷം, കീറിയ വെറ്റില ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും ശത്രുതയേയുമാണ് സൂചിപ്പിക്കുന്നത്. വെറ്റിലയോടൊപ്പം ഒരു അടയ്ക്കയാണ് വച്ചിരിക്കുന്നതെങ്കില്‍ സുഖവും ആരോഗ്യവും വന്നുചേരുന്നതായി അനുമാനിക്കാം. രണ്ട് അടയ്ക്കയാണ് ഉള്ളതെങ്കില്‍ ഫലമില്ലായ്മയെയാണ് സൂചിപ്പിക്കുക. മൂന്നോ അധിലധികമോ ആയാല്‍ ശുഭസൂചകം. പേടായതും, ചീഞ്ഞതുമായ അടക്ക അശുഭലക്ഷണമാണ് സൂചിപ്പിക്കുന്നത്.
നിലവിളക്ക് കൊളുത്തുമ്പോള്‍ പ്രകാശം സ്വര്‍ണ്ണനിറമുള്ളതെങ്കില്‍ ഐശ്വര്യപ്രദം. ജ്വാലയ്ക്ക് ഇളക്കമോ, ശബ്ദമോ പാടില്ല. ദീപനാളം ഇടതുവശത്തേയ്ക്ക് ചരിയുക, നാളം മലിനമാവുക, പെട്ടെന്ന് ദീപം അണയുക തുടങ്ങിയവ അശുഭലക്ഷണമാണ് കാണിക്കുന്നത്.