നാളെ മുതൽ ഒരു മാസക്കാലം അനുഷ്ഠിക്കുന്ന പുണ്യ കർമങ്ങൾക്ക് ഇരട്ടി ഫലം

നാളെ മുതൽ ഒരു മാസക്കാലം അനുഷ്ഠിക്കുന്ന പുണ്യ കർമങ്ങൾക്ക് ഇരട്ടി ഫലം

Share this Post

വൈശാഖ പുണ്യകാലം 2021 മെയ്12 മുതൽ ജൂൺ 10 വരെ

ഈശ്വര ആരാധനക്ക്, പ്രത്യേകിച്ച് വിഷ്ണു ആരാധനക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാർത്തികം എന്നിവ. ഈ മൂന്നുമാസങ്ങളിൽ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാൽ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗർണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. മേടമാസത്തിലെ അമാവാസി കഴിഞ്ഞ് പിറ്റേ ദിവസം വൈശാഖ മാസം ആരംഭിക്കും. ഈ വർഷം മെയ് 12 നാണ് വൈശാഖം തുടങ്ങുന്നത്.‘ജൂൺ 10 നു അവസാനിക്കും.

മാസാനാം ധർമ്മ ഹേതൂനാം വൈശാഖശ്ചോത്തമം’ എന്നും, ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും, ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും സ്കന്ദപുരാണം പറയുന്നു. സർവ വിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ, സർവ മന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സർവ വൃക്ഷങ്ങളിലും ശ്രേഷ്ഠമായത് കൽപവൃക്ഷമെന്നതു പോലെ, സർവ പക്ഷികളിലും ശ്രേഷ്ഠനായത് ഗരുഡനെന്നതു പോലെ, സർവ നദികളിലും ശ്രേഷ്ഠയായത് ഗംഗയെന്നതു പോലെ, സർവ രത്നങ്ങളിലും ശ്രേഷ്ഠമായത് കൗസ്തുഭമെന്നതു പോലെ, സർവ മാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖ മാസമാണ്.

വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. ഈ മാസത്തിൽ സ്നാനം, ദാനം, തപം, ഹോമം, ദേവതാർച്ചന തുടങ്ങിയ സത്കർമ്മങ്ങൾ അനുഷ്ഠിക്കണം.വൈശാഖത്തിൽ പ്രഭാത സ്നാനത്തിനു വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാൻ വൈശാഖ സ്നാനത്തിനു തുല്യമായ മറ്റ് പുണ്യകർമ്മമില്ല. വൈശാഖ മാസത്തിൽ ത്രിലോകങ്ങളിലുമുള്ള സർവ തീർത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാൽ പ്രാതഃസ്നാനം സർവ തീർത്ഥസ്നാന ഫലം നൽകുന്നു എന്ന് പദ്മ പുരാണവും സ്കന്ദ പുരാണവും ഒരു പോലെ പറയുന്നു. ദാന കർമ്മങ്ങൾക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ് ‘ന ജലേന സമം ദാനം’ വൈശാഖ മാഹാത്മ്യം 2:2, ‘സർവദാനേഷു യത് പുണ്യം സർവതീർഥേഷു യത് ഫലം തത്ഫലം സമവാപ്നോതി മാധവേ ജല ദാനതഃ) .വേനൽക്കാലത്ത് ഏറ്റവും ആവശ്യമായത് ജല, ഛത്ര, പാദുക, വ്യജന, അന്ന ദാനങ്ങൾ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പണ്ട് കാരണവന്മാർ വഴിയിലൂടെ പോകുന്ന യാത്രികർക്കും മറ്റും ജലം, സംഭാരം, ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും കൊടുക്കുമായിരുന്നു.സ്കന്ദപുരാണത്തിലെ വൈശാഖമാഹാത്മ്യം, കിളിപ്പാട്ടു രൂപത്തിൽ മലയാളത്തിൽ ലഭ്യമാണ്. ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തിൽ മുപ്പത് ദിവസങ്ങൾ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂർണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി.

വൈശാഖ ദിനങ്ങളിൽ സ്നാനം ചെയ്യുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ ഇവയാണ്.

വൈശാഖംസകലം മാസം മേഷസംക്രമണേരവേഃ

പ്രാതഃ സനിയമഃ സ്നാസ്യേപ്രീയതാം മധുസൂദനഃമധുഹന്തുഃ

പ്രസാദേന ബ്രാഹ്മ്ണാനാമനുഗ്രഹാത്നിർവിഘ്നമസ്തു മേ

പുണ്യം വൈശാഖസ്നാനമന്വഹംമാധവേമേഷഗേഭാനൗമുരാരേ

മധുസൂദനപ്രതഃസ്നാനേന മേ നാഥ യഥോക്തഫലദോ ഭവയഥാ തേ

മാധവോ മാസോ വല്ലഭോ മധുസൂദനപ്രാതസ്നാനേനമേതസ്മിൻ

ഫലദഃ പാപഹാഭവ(പദ്മപുരാണം പാതാളഖണ്ഡം 95:8,9,10,11)

മധുസൂദന ദേവേശ വൈശാഖേ മേഷഗോ രവൗ

പ്രാതഃസ്നാനം കരിഷ്യാമി നിർവിഘ്നം കുരു മാധവ(സ്കന്ദ പുരാണംവൈശാഖമാഹാത്മ്യം 4:33)

നദികൾ, കുളങ്ങൾ, തടാകങ്ങൾ, ചോലകൾ, കിണർ തുടങ്ങിയവയിലെ ജലത്തിൽ വിഷ്ണു സ്മരണയോടെ പ്രാതഃസ്നാനം ചെയ്യണം. സ്നാനശേഷം യഥാവിധി തർപ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം.ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി, ഏകാദശികൾ, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, ബുദ്ധ പൂർണ്ണിമ, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങൾ പലതുണ്ട് വൈശാഖത്തിൽ.വ്രതം കൊണ്ട് വിശുദ്ധമാക്കാൻ കഴിയാത്തതൊന്നുമില്ല. മനോ-വാക്-കർമ്മങ്ങൾ കൊണ്ടുപോലും ദുശ്ചിന്തകളോ, ദുർഭാഷിതങ്ങളോ, ദുഷ്കർമ്മങ്ങളോ ഉണ്ടാകരുത്.വേദാധിഷ്ഠീതമായ യാഗങ്ങൾ നടത്തുന്ന കാലവും വസന്തമാണ്. മരങ്ങൾ പൂത്തുലയുന്ന കാലം. മഞ്ഞും മഴയുമില്ലാത്ത കാലം. കനത്ത വെയിലും കാറ്റുമില്ലാത്ത കാലം. എല്ലാം കൊണ്ടും വൈശാഖകാലം സുഖപ്രദം. ഈ പുണ്യകാലത്താണ് പ്രഭാതസ്നാനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും, തീർത്ഥാടനങ്ങളും, ക്ഷേത്രദർശനങ്ങളും പ്രദക്ഷിണ നമസ്കാരങ്ങളും, ദാനങ്ങളും, ദാഹജല വിതരണവും ഒക്കെ നടത്തേണ്ടത്. വൈശാഖകാലത്ത് നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും ഇരട്ടി ഫലമാണ് ലഭിക്കുക.


Share this Post
Rituals Specials