ഇപ്പോൾ ശനിദോഷം ഏതൊക്കെ നക്ഷത്രക്കാർക്ക്?

ഇപ്പോൾ ശനിദോഷം ഏതൊക്കെ നക്ഷത്രക്കാർക്ക്?

ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ പറയുന്നത് . ഇപ്പോൾ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിവ ബാധിക്കുന്ന കൂറുകാർ ഏതൊക്കെ എന്ന് നോക്കാം.

2020  ജനുവരി  24  മുതല്‍  ശനി മകരം  രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശനിയുടെ മകരത്തിലെ സ്ഥിതി   ധനു, മകരം, കുംഭം  എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ദോഷം വരുത്തുന്നു. എന്നാൽ മകരം കുംഭം എന്നീ രാശികൾ ശനിയുടെ സ്വക്ഷേത്രങ്ങൾ ആകയാൽ അവർക്ക് ഏഴര ശനി മൂലം വലിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയില്ല.   മേടം, കർക്കിടകം, തുലാം  എന്നീ കൂറുകാര്‍ക്ക് കണ്ടക ശനി ദോഷമാകുന്നു. മിഥുന കൂറുകാര്‍ക്ക് അഷ്ടമ ശനി ആകുന്നു . ഈ കൂറുകളില്‍ ഉള്‍പ്പെട്ട നക്ഷത്രക്കാര്‍ക്ക് ദോഷാനുഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേപോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല.

ചാരവശാലുള്ള ശനിസ്ഥിതി  ദോഷപ്രദമാകുന്ന നക്ഷത്രങ്ങളും പരിഹാര കർമങ്ങളും

1.മിഥുനക്കൂറ് (മകയിരം -അവസാന രണ്ടു  പാദങ്ങള്‍, തിരുവാതിര ,പുണർതം  ആദ്യ മൂന്നു പാദങ്ങള്‍)   അഷ്ടമ ശനി

ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യത കൂടുതൽ ആയതിനാൽ ശാസ്താപ്രീതികരങ്ങളായ നീരാഞ്ജനം, എള്ളുപായസം എന്നിവയും ശിവന് കൂവളത്തില കൊണ്ട് മൃത്യുഞ്ജ പുഷ്പ്പാഞ്ജലിയും ജന്മ നക്ഷത്രം തോറും

2.കർക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം) കണ്ടകശനി

ഏഴിൽ കണ്ടക ശനിക്കാലമായതിനാൽ കുടുംബ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവയിൽ വിഷമതകൾ വരാം. ശാസ്താ പ്രീതി കൂടാതെ ശിവപാർവ്വതിമാർക്ക് ഉമാമഹേശ്വര പുഷ്പാഞ്ജലി, ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാർച്ചന

3.തുലാക്കൂറ് (ചിത്തിര 1/2,ചോതി, വിശാഖം3/4) കണ്ടകശനി

ശനിപ്രീതി, ഹനുമത് പ്രീതി, ഗണപതി പ്രീതി

4.ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) –    ഏഴരശനി

ശാസ്താപ്രീതിക്കായി നെയ് തൃപ്പടിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക. ലക്ഷ്മീ വിനായക പുഷ്പാഞ്ജലി, മഹാലക്ഷ്മിക്ക് ശ്രീസൂക്ത പുഷ്പാഞ്ജലി

5. മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം) –  ഏഴരശനി

ശനി പ്രീതിക്കായി ശാസ്താവിന് നീരാഞ്ജനം, എള്ള് പായസം.

6. കുംഭക്കൂറ് (അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)

ശനിപ്രീതിക്കായി ശാസ്താവിന് നീരാഞ്ജനം, എള്ള് പായസം.

7. മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4) കണ്ടകശനി

കർമ്മസ്ഥാനത്ത് കണ്ടകശനി ശാസ്താപ്രീതി, ഹനുമത് പ്രീതി

കൂടാതെ ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരും, ശനി ശത്രു  ക്ഷേത്രങ്ങളിലോ നീചം ഭവിച്ചോ നില്‍ക്കുന്നവരും ശനി പ്രീതി വരുത്തണം. ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്.

Astrology