അഭിമാനിക്കാം..ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം നമ്മുടെ നാട്ടിലാണ്..!

അഭിമാനിക്കാം..ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം നമ്മുടെ നാട്ടിലാണ്..!

ലോകത്തെ ഏറ്റവും ഉയരമുള്ള ശിവലിംഗ പ്രതിഷ്ഠയുള്ളത് നമ്മുടെ കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ മഹേശ്വരം ശിവ പാർവതീ ക്ഷേത്രത്തിലാണ് ഈ ശിവലിംഗ പ്രതിഷ്ഠ ഉള്ളത്. ഇവിടുത്തെ ശിവലിംഗത്തിന് 111.2 അടി ഉയരമുണ്ട്.ഇത്രനാളും 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിനായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം എന്ന ബഹുമതി.

ഉയരം കൊണ്ടു മാത്രമായിരിക്കില്ല ഈ ശിവലിംഗം ലോകശ്രദ്ധ നേടുക. അതിശയകരമായ ശില്പ ചാരുതകൾ ഒളിപ്പിച്ചിരിക്കുന്ന ഈ ശിവലിംഗം രൂപകൽപനയിലും വ്യത്യസ്തമാണ്. രാജ്യത്തെ ശിവക്ഷേത്രങ്ങളിലെല്ലാം തീർഥാടനം നടത്തിയ ശേഷമാണു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി 2012 ൽ ശിവലിംഗ നിർമാണത്തിനു പദ്ധതി തയാറാക്കിയത്. ഭീമാകാരമായ ശിവലിംഗത്തിനുള്ളിലൂടെ ഏഴു നിലകൾ കടന്നു ചെന്നാൽ കൈലാസമായി. അവിടെ ഹൈമവതഭൂവിൽ ശിവപാർവതിമാരെ കാണാം. ഒരേ പീഠത്തിലിരിക്കുന്ന ശിവശക്തി സ്വരൂപമാണ് ഇവിടെയുള്ളത്. ശിവന്റെ 64 ഭാവങ്ങളും അവിടെ ദർശിക്കാം. ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്.

ശിവലിംഗത്തിനുള്ളിൽ ഓരോ തട്ടിലും 50 പേർക്കു വീതം ഇരുന്നു ധ്യാനിക്കാനുള്ള സൗകര്യമുണ്ട്. ‘കൈലാസ’ത്തിലേക്കു ചുറ്റിക്കടക്കുന്ന ഗുഹാമാർഗത്തിലെ ഓരോ തട്ടിലും തനതായ വനദൃശ്യങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. കൊത്തുപണികളും അതിശയകരം തന്നെ. ഏഴു വർഷകാലം വീടും നാടും കുടുംബവും വിട്ട് വ്രതശുദ്ധിയോടെ ക്ഷേത്രത്തിൽ തന്നെ താമസിച്ച് പണിയെടുത്ത 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്.

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിലാണ് ഈ ക്ഷേത്രം ഇപ്പോൾ പ്രസിദ്ധി നേടിയിരിക്കുന്നത്. കൃഷ്ണശിലയും തടിയും മാത്രം ഉപയോഗിച്ച് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. എങ്കിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.

ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.

Specials