മറ്റന്നാൾ വ്രതം നോറ്റാൽ ആഗ്രഹ സാഫല്യവും നാലു  ദേവതകളുടെ അനുഗ്രഹവും

മറ്റന്നാൾ വ്രതം നോറ്റാൽ ആഗ്രഹ സാഫല്യവും നാലു ദേവതകളുടെ അനുഗ്രഹവും

പരമശിവൻ, പാർവതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നീ നാലു ദേവതകളുടെയും അനുഗ്രഹം ലഭിക്കാൻ പൈങ്കുനി ഉത്രം ദിനത്തിൽ വ്രതം നോറ്റാൽ മതി. ശിവനെ വിവാഹം ചെയ്യാൻ പാർവതി നടത്തിയ പൂജകൾക്കും പ്രാർത്ഥനകൾക്കും ഫലപ്രാപ്തിയുണ്ടായ ദിവസമാണ് പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രം. അതിനാൽ തന്നെ ശിവ പാർവതിമാർക്ക് ഈ ദിനം ഏറെ സവിശേഷമാണ്. സുബ്രഹ്മണ്യൻ ദേവസേനയെ പരിണയം ചെയ്തതും ഇതേ ദിനത്തിലാണ്. സുപ്രസിദ്ധമായ പഴനി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള തേരോട്ടവും ഈ ദിവസം തന്നെ. അയ്യപ്പൻറെ ജന്മ ദിനവും ശബരിമല ആറാട്ടും പൈങ്കുനി ഉത്രം ദിനത്തിലാണ്. ഈ വർഷം 2021 മാർച്ച് മാസം 28 നാണ് പൈങ്കുനി ഉത്രം വരുന്നത്.

ശിവപാർവതീ വിവാഹ ദിനമായ പൈങ്കുനി ഉത്രത്തിന് വ്രതം അനുഷ്ഠിക്കുന്നത് വിവാഹ തടസ്സം, കാലതാമസം, ദാമ്പത്യ ക്ലേശം എന്നിവ മാറാൻ അത്യുത്തമമാണ്. കല്യാണ വ്രതം എന്നും ഈ വ്രതം അറിയപ്പെടുന്നത് ഇത് കൊണ്ടാണ്. വിവാഹ ഭാഗ്യം മാത്രമല്ല, ആഗ്രഹസാദ്ധ്യം, ശനി ദോഷ നിവാരണം, തൊഴിൽ ക്ലേശ പരിഹാരം, രോഗ ശമനം എന്നിവയ്ക്കും ഈ വ്രതം അത്യുത്തമമാകുന്നു. സ്ത്രീകൾ ഈ വ്രതം നോറ്റാൽ ദീർഘ മംഗല്യമാണ് ഫലസിദ്ധി. ദമ്പതിമാർ ഒരുമിച്ചു വ്രതം അനുഷ്ഠിച്ചാൽ സന്താന ലാഭം, കുടുംബൈശ്വര്യം, സുഖ ദാമ്പത്യം എന്നിവ അനുഭവം.ഭഗവാൻ അയ്യപ്പൻറെ ജന്മദിനമാകയാൽ അന്നേ ദിവസം വ്രതം നോൽക്കുന്നതും ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാഞ്ജനം, എള്ള് പായസം, നെയ് അഭിഷേകം മുതലായവ നടത്തുന്നത് ശാസ്താപ്രീതി ലഭിക്കുവാനും ശനി ദോഷങ്ങൾ അകലുവാനും കാര്യ തടസ്സങ്ങൾക്ക് പരിഹാരമുണ്ടാകുവാനും ആയുർ ദോഷങ്ങൾ അകലുവാനും ഏറ്റവും ഉപയുക്തമാണ്.

പൈങ്കുനി ഉത്ര വ്രതാചരണം എങ്ങനെ ?

തലേന്ന് മുതൽ മൽസ്യ മാംസാദികൾ വർജിക്കണം. തലേ ദിവസം രാത്രി അരി ഭക്ഷണം പാടില്ല. പകരം പാലോ പഴമോ മറ്റു ലഘു ഭക്ഷണമോ ആകാം. വ്രത ദിവസം രാവിലെ ശിവ പാർവതീ ക്ഷേത്രത്തിലും സുബ്രഹ്മണ്യ/ അയ്യപ്പ ക്ഷേത്രത്തിലോ ദർശനം നടത്തുക. തിരികെ ഭവനത്തിൽ എത്തി ശിവൻ, പാർവതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിവരുടെ അഷ്ടോത്തരം ജപിക്കുക. കല്യാണ വ്രതം നോൽക്കുന്നവർ ഉമാമഹേശ്വര സ്തോത്രം, അർദ്ധനാരീശ്വര സ്തോത്രം എന്നിവയും ജപിക്കണം. പൂർണ ഉപവാസം നിർബന്ധമില്ല. ഒരു നേരം ധാന്യ ഭക്ഷണം ആകാം. വൈകുന്നേരം വീണ്ടും ക്ഷേത്ര ദർശനം നടത്തി പഴങ്ങൾ, ഇളനീർ മുതലായവ നിവേദിച്ചു വാങ്ങി അത്താഴമായി ഭക്ഷിക്കാം. മരുന്നുകൾ മുടക്കേണ്ടതില്ല. ആരോഗ്യ സ്ഥിതി അനുസരിച്ച് ഭക്ഷണത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താം. പിറ്റേന്ന് രാവിലെ ക്ഷേത്ര ദർശനം നടത്തിയോ ഗൃഹത്തിൽ തുളസീ തീർത്ഥം സേവിച്ചോ പാരണ വീടാം.

BOOK YOUR POOJA ONLINE
Focus Rituals