ആയുരാരോഗ്യ സൗഖ്യത്തിന് ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടത്

ആയുരാരോഗ്യ സൗഖ്യത്തിന് ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടത്

ജന്മനാളിന്‍റെ  പ്രത്യകതക്കനുസരിച്ചു  ഓരോ  വ്യക്തിയുടെയും സ്വഭാവം വ്യത്യാസപ്പെട്ടിരിക്കും  . ഒരോ നാളുകള്‍ക്കുള്ള മൃഗത്തേയും പക്ഷിയേയും ഉപദ്രവിക്കാതെയും സംരക്ഷിച്ച് വൃക്ഷത്തെ നശിപ്പിക്കാതെയും പരിപാലിക്കുകയും,ദേവതയെയും നിത്യവും ഭക്തിയോടെ പൂജിക്കുകയും ചെയ്താൽ ആയുസ്സും  ഐശ്വര്യങ്ങളും വര്‍ദ്ധിക്കും. നിത്യേനയുള്ള നാമജപവും(അതാത് നാളുകള്‍ക്ക്)ക്ഷേത്ര ദര്‍ശനവും ഗുണഫലങ്ങൾ വർധിപ്പിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനും സഹായിക്കും.

അശ്വതി നക്ഷത്രക്കാർ പൊതുവെ അറിവുള്ളവർ

ദേവത: അശ്വനി ദേവകൾ , ഗണം: ദൈവം , ഭൂതം:ഭൂമി , മൃഗം: കുതിര , പക്ഷി: പുള്ള്, വൃക്ഷം: കാഞ്ഞിരം

അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഇൗ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാണിക്കും. അശ്വതി നക്ഷത്രക്കാർക്കു പൊതുവെ മദ്യപാനത്തോടു കൂടുതൽ താത്പര്യം കാണും, ദ്രവഭക്ഷണമാണ് ഇക്കൂട്ടർ കൂടുതൽ ഇഷ്ടപ്പെടുക.


ഭരണി നക്ഷത്രക്കാർ പൊതുവെ ദീർഘായുസ്സുള്ളവർ

ദേവത: യമൻ , ഗണം: മാനുഷം , ഭൂതം:ഭൂമി , മൃഗം: ആന , പക്ഷി: പുള്ള് , വൃക്ഷം:നെല്ലി

ഭരണി നക്ഷത്രക്കാർക്ക് പൊതുവെ എല്ലായ്പ്പോഴും ക്ഷീണം തോന്നും. പരസ്ത്രീകളിൽ (സ്ത്രീകളുടെ കാര്യത്തിൽ പുരുഷന്മാരിൽ ) താത്പര്യം തോന്നുന്ന ഇൗ നക്ഷത്രക്കാർക്കു പല കാര്യങ്ങളും ഉറച്ച തീരുമാനങ്ങൾ‍ എടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഭരണി നക്ഷത്രക്കാർ പൊതുവെ ധീരന്മാരും ബുദ്ധിമാന്മാരും ആയിരിക്കും. സഹോദരന്മാർക്കു പ്രിയപ്പെട്ടവനായിരിക്കുക, ദീർഘായുസ്സുണ്ടാകുക, ആൺമക്കളേക്കാൾ കൂടുതൽ പെൺമക്കളുണ്ടാവുക തുടങ്ങിയവയും ഭരണി നക്ഷത്രത്തിന്‍റെ ഫലമാണ്.


കാർത്തിക നക്ഷത്രക്കാർ സത്യസന്ധർ

ദേവത: അഗ്നി , ഗണം: ആസുരം , ഭൂതം:ഭൂമി , മൃഗം: ആട് , പക്ഷി: പുള്ള് , വൃക്ഷം: അത്തി

കാര്‍ത്തിക നാളിലാണു ജനിച്ചത് എന്നതിനാൽ, നിങ്ങൾക്കു സഹോദരന്മാരിൽ നിന്നു വേർപിരിഞ്ഞു താമസിക്കേണ്ടി വരും. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും . ഒന്നിലധികം വീടുകൾ ഇവർക്കുണ്ടാകും. ഇൗ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത.


രോഹിണി നക്ഷത്രക്കാർ പൊതുവെ ധനികര്‍

ദേവത: ബ്രഹ്മാവ് , ഗണം: മാനുഷം , ഭൂതം:ഭൂമി , മൃഗം: നല്പാമ്പ് , പക്ഷി: പുള്ള് , വൃക്ഷം:ഞാവൽ

രോഹിണി നക്ഷത്രക്കാർക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുവെ ജീവിതത്തിലുടനീളം ധനവാനായിരിക്കും. ഏതു കൂട്ടത്തിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. രോഹിണി നക്ഷത്രക്കാരിൽ മിക്കവർക്കും മുഖത്തോ ശരീരത്തിന്‍റെ വശങ്ങളിലോ എന്തെങ്കിലും അടയാളമുണ്ടായിരിക്കും. അമ്മയുമായി പലപ്പോഴും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. 


മകയിരം നക്ഷത്രക്കാർ സഞ്ചാരപ്രിയർ

ദേവത: ചന്ദ്രൻ , ഗണം: ദൈവം , ഭൂതം:ഭൂമി , മൃഗം: പാമ്പ് , പക്ഷി: പുള്ള് , വൃക്ഷം:കരിങ്ങാലി

മകയിരം നക്ഷത്രക്കാർക്ക് നിശ്ചിതമായ സ്വഭാവം ഉണ്ടാകില്ല. ഇടയ്ക്കിടെ സ്വഭാവം മാറും. വലിയ ശരീരപ്രകൃതിയുണ്ടായിരിക്കും. ബാല്യത്തില്‍ രോഗിയായിരിക്കാനും സാധ്യതയുണ്ട്. അറിഞ്ഞുകൊണ്ടുപോലും തെറ്റുകൾ ചെയ്യാൻ മടിയില്ലാത്തവരായിരിക്കും. ഏതു കാര്യത്തിനും വലിയ ഉത്സാഹം കാണിക്കും. ധാരാളം ശത്രുക്കളുണ്ടാകും. യാത്ര ചെയ്യാൻ ഇഷ്ടമുള്ള ഇവർ ദുർബുദ്ധിയുള്ളവരും കാമപീഡിതനായിരിക്കുമെന്നും പറയുന്നു. 


തിരുവാതിര നക്ഷത്രക്കാർ പൊതുവെ ചഞ്ചലമനസ്കർ

ദേവത: ശിവൻ , ഗണം: മാനുഷം , ഭൂതം:ജലം , മൃഗം: ശ്വാവ് , പക്ഷി: ചെമ്പോത്ത് , വൃക്ഷം:കരിമരം

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവെ ചഞ്ചലമനസ്സുള്ളവരായിരിക്കും. സ്വഭാവത്തിൽ കാര്‍ക്കശ്യം കാണും. കള്ളം പറയുന്നതിലും ചെയ്യുന്നതിലും താത്പര്യം ഉണ്ടാകും. ആരെയെങ്കിലും കിട്ടിയാൽ അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അഭിമാനികളും ദീർഘായുഷ്മാന്മാരും ബലവാന്മാരും ആയിരിക്കും. തിരുവാതിര നക്ഷത്രക്കാർക്കു പൊതുവെ ആണ്‍കുട്ടികൾ കുറഞ്ഞിരിക്കാനാണു സാധ്യത. ഇൗ നാളുകാർക്കു സർ‌ക്കാരിൽ നിന്നോ അധികൃതസ്ഥാനങ്ങളിൽ നിന്നോ പ്രതീക്ഷിച്ചതിൽ കൂടുതൽ അംഗീകാരം ലഭിക്കും. നേട്ടങ്ങൾക്കു വേണ്ടി ചീത്ത കാര്യങ്ങൾ പോലും ചെയ്യാൻ മടിക്കില്ല.


പുണർതം നക്ഷത്രക്കാർ പൊതുവേ ഉദാരമതികൾ

ദേവത: അദിതി , ഗണം: ദൈവം , ഭൂതം:ജലം , മൃഗം: പൂച്ച , പക്ഷി: ചെമ്പോത്ത് , വൃക്ഷം:മുള

പുണർതം നക്ഷത്രക്കാർ ഉദാരമതികളായിരിക്കും. സുഖം അനുഭവിക്കുന്നവരും എപ്പോഴും സന്തോഷിക്കുന്നവരുമായ ഇൗ നക്ഷത്രക്കാർക്കു കവിഹൃദയമുണ്ടായിരിക്കും. വെള്ളത്തിനുവേണ്ടിയുള്ള ദാഹം മറ്റുള്ളവരേക്കാൾ കൂടുതലുണ്ടാകും. പല കാര്യങ്ങളിലും ബുദ്ധി വൈകി മാത്രമേ ഉദിക്കൂ. ഇൗ നാളുകാർ ഏവരെയും സ്നേഹിക്കാൻ കഴിയുന്നവരാണ്. നല്ല സ്വഭാവമുള്ളവരെന്നു പേരു കേട്ടവരായിരിക്കും ഇൗ നക്ഷത്രക്കാർ.


പൂയം നക്ഷത്രക്കാർ പൊതുവെ നല്ല സംസാരശീലർ

ദേവത: ബൃഹസ്പതി , ഗണം: ദൈവം , ഭൂതം: ജലം , മൃഗം: ആട് , പക്ഷി: ചെമ്പോത്ത് , വൃക്ഷം: അരയാൽ

പൂയം നക്ഷത്രക്കാർ പൊതുവെ കോപിഷ്ഠരായിരിക്കും. വളരെ ബുദ്ധിമാന്മാരായ ഇക്കൂട്ടർ ഏതു കാര്യത്തിൽ എടുത്തു ചാടാനുള്ള ധൈര്യമുണ്ടാകും. ശാസ്ത്രം , സാഹിത്യം തുടങ്ങിയവയിൽ പാണ്ഡിത്യമുണ്ടാകുമെന്നു മാത്രമല്ല, നല്ല വാഗ്മികളുമായിരിക്കും. ബന്ധുക്കളെ ധാരാളം സഹായിക്കും. പൊതുവെ ധനികരായിരിക്കുമെങ്കിലും മറ്റുള്ളവരുടെ പണം ഉപയോഗിച്ച് പല കാര്യങ്ങളും നടത്തും. മിക്ക കാര്യത്തിലും സ്വതന്തമായ നിലപാടായിരിക്കും. സർക്കാർ തലത്തിലും പുരോഹിതന്മാർക്കിടയിലും ഏറെ ജനപ്രീതിയുള്ളയാളായിരിക്കും. പൊതുവെ ഇൗ നാളുകാർ ദൈവാധീനമുള്ളവരാണ്.


ആയില്യം നക്ഷത്രക്കാർ പൊതുവേ നേതൃസ്ഥാനികൾ

ദേവത: സര്‍പ്പങ്ങൾ , ഗണം: ആസുരം , ഭൂതം:ജലം , മൃഗം: കരിമ്പൂച്ച , പക്ഷി: ചെമ്പോത്ത് , വൃക്ഷം:നാകം

ആയില്യം നക്ഷത്രക്കാർ ഏതു കൂട്ടത്തിൽ ചെന്നാലും അതിന്‍റെ നേതാവായിരിക്കും. ഏതു കാര്യത്തിലും അഗാധമായ അറിവ്, നല്ല വാക്സാമർഥ്യം, എന്തു കാര്യം ചെയ്യാനും മടിയില്ലായ്മ , മനസ്സിന് ഉറപ്പില്ലായ്മ തുടങ്ങിയവയെല്ലാം ഇൗ നാളുകാരുടെ പ്രത്യേകതകളാണ്. ഇൗ നാളുകാർക്ക് സര്‍ക്കാർ തലത്തിൽ നിന്നുമുള്ള ധനം ലഭിക്കാൻ സാധ്യതയുണ്ട്. ഇവര്‍ക്ക് ആൺകുട്ടികൾ കുറവായിരിക്കും. നിഗൂഢമായ കാര്യങ്ങൾ കണ്ടെത്താൻ പ്രത്യേക കഴിവുണ്ടായിരിക്കും. ഉപകാരം ചെയ്തവരെ സ്മരിക്കുന്ന കാര്യത്തിൽ പിന്നിലായിരിക്കും ഇൗ നാളുകാർ . പെട്ടെന്നു ദേഷ്യം വരും . എന്തൊക്കെയായാലും സദാചാരം വിട്ടു പെരുമാറില്ല.


മകം നക്ഷത്രക്കാർ പൊതുവേ വിനയാന്വിതർ

ദേവത: പിത്യക്കൾ , ഗണം: ആസുരം , ഭൂതം: ജലം , മൃഗം: എലി , പക്ഷി: ചെമ്പോത്ത് , വൃക്ഷം: പേരാൽ

മകം നക്ഷത്രക്കാർ പൊതുവെ അറിവുള്ളവരായിരിക്കുമെന്നു മാത്രമല്ല, വിനയാന്വിതരുമായിരിക്കും. എല്ലാവരുടെയും ബഹുമാനം പിടിച്ചു പറ്റും. ആരോടെങ്കിലും ശത്രുത തോന്നിക്കഴിഞ്ഞാൽ പിന്നെ അതു കുറെ നാളത്തേക്കു വച്ചുകൊണ്ടിരിക്കും. ശൗര്യസ്വഭാവമുള്ള ഇക്കൂട്ടർ ജീവിതത്തിൽ പൊതുവെ ധനികരും സുഖശീലരും അഭിമാനികളും പുണ്യകാര്യങ്ങളിൽ താത്പര്യമുള്ളവരുമായിരിക്കും. വലിയ കാര്യങ്ങൾ ഏറ്റെടുക്കും. ഇൗ നാളുകാർ ഭാര്യയുടെ വാക്കിനു കൂടുതൽ പ്രാധാന്യം നല്‍കും . ഇൗ നാളിൽ ജനിച്ച ഭാര്യമാർ ഭർത്താക്കന്മാരുടെ വാക്കിനു പ്രാധാന്യം നൽകും.


പൂരം നക്ഷത്രക്കാർ ഏവര്‍ക്കും പ്രിയപ്പെട്ടവർ

ദേവത: ആര്യമാവ് , ഗണം: മാനുഷം , ഭൂതം:ജലം , മൃഗം: ചുണ്ടെലി , പക്ഷി: ചെമ്പോത്ത് , വൃക്ഷം:പ്ലാശ്

പൂരം നക്ഷത്രക്കാർക്കു നന്നായി സംസാരിക്കാൻ കഴിയും. അതുകൊണ്ടു തന്നെ ആരെയും വശത്താക്കാൻ ഇവർക്കു കഴിയും. ആർക്കും എന്തും ദാനം ചെയ്യാൻ ഇക്കൂട്ടർക്കു മടിയില്ല. അനാവശ്യമായി പണം ചെലവാക്കും. ഏതു മേഖലയിൽ പ്രവർത്തിച്ചാലും പ്രശ്സതനാകും. മേലുദ്ദ്യോഗസ്ഥർക്കു പ്രിയപ്പെട്ടവനായിരിക്കും. ഇവർ അരോഗദൃഢഗാത്രന്മാരായിരിക്കുമെങ്കിലും ഏറ്റുമുട്ടലുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കും.


ഉത്രം നക്ഷത്രക്കാർ പൊതുവെ അറിവുള്ളവർ

ദേവത: ഭഗൻ , ഗണം: മാനുഷം , ഭൂതം:അഗ്നി , മൃഗം: ഒട്ടകം , പക്ഷി: കാകൻ , വൃക്ഷം: ഇത്തി

ഉത്രം നക്ഷത്രക്കാർ പൊതുവെ എതിർലിംഗത്തിൽപ്പെട്ടവർക്കും പ്രിയപ്പെട്ടവരായിരിക്കും. ജ്ഞാനികളും ഉദാരമനസ്കരും നന്ദിയുള്ളവരും ആയിരിക്കും. ബന്ധുക്കൾക്കിടയിൽ എപ്പോഴും മാന്യമായ സ്ഥാനം ലഭിക്കും. കൂടുതൽ കാലവും സുഖം അനുഭവിക്കും. സര്‍ക്കാരിൽ നിന്നുള്ള ധനം ലഭിക്കാൻ സാധ്യതയുണ്ട്. വാചാലന്മാരായ ഇൗ നാളുകാർ ഉപകാരം ചെയ്തവരോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും.


അത്തം നക്ഷത്രക്കാർ പരോപകാരികൾ

ദേവത: ആദിത്യൻ , ഗണം: ദൈവം , ഭൂതം :അഗ്നി , മൃഗം :പോത്ത് , പക്ഷി :കാകൻ , വൃക്ഷം :അമ്പഴം

അത്തം നക്ഷത്രക്കാർ കാമികളും കൗശലക്കാരുമായിരിക്കും. നന്നായി സംസാരിക്കാൻ ഇവർക്കു കഴിയും. പൊതുവെ ധനവാന്മാരായ ഇവരിൽ മിക്കവരും ജനിച്ച നാടുവിട്ടു താമസിക്കുന്നവരായിരിക്കും. വിദ്വാന്മാരായിരിക്കുമെന്നതിനു പുറമേ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ താൽപര്യമുള്ളവരായിരിക്കും. ശത്രുക്കളെ മുഴുവൻ സ്നേഹം കൊണ്ടു കീഴടക്കും. ഇക്കൂട്ടർക്ക് അന്യരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതിനു ചെറിയൊരു താൽപര്യം ഉണ്ടായിരിക്കും.


ചിത്തിര നക്ഷത്രക്കാർ പൊതുവെ ചുറുചുറുക്കുള്ളവർ

ദേവത: ത്വഷ്ട്രാവ് , ഗണം: ആസുരം , ഭൂതം: അഗ്നി , മൃഗം: ആൾപുലി , പക്ഷി: കാകൻ  , വൃക്ഷം: കൂവളം

ചിത്തിര നക്ഷത്രക്കാർ വലിയ ഉത്സാഹികളായിരിക്കും. ഏതു വിഷയത്തെക്കുറിച്ചും വാദപ്രതിവാദം നടത്താൻ താൽപര്യമുണ്ടാകും. നല്ല വസ്ത്രം, നല്ല ആഭരണങ്ങൾ എന്നിവയിൽ ഭ്രമമുണ്ടാകാൻ സാധ്യതയുണ്ട്. നാടുവിട്ടു താമസിക്കേണ്ടിവരും. ഈ നാളുകാരായ പുരുഷന്മാർക്കു പരസ്ത്രീ താൽപര്യം കൂടും. സ്ത്രീകൾക്കു മറിച്ചും. ചിത്തിര നക്ഷത്രക്കാർ എന്തു തന്നെയായാലും വലിയ അഭിമാനികളായിരിക്കും. കാര്യം നേടാൻ ചീത്ത സ്വഭാവവും പുറത്തെടുത്തെന്നു വരാം.


ചോതി നക്ഷത്രക്കാർ പൊതുവെ ധര്‍മ്മിഷ്ഠർ

ദേവത: വായു , ഗണം: ദൈവം , ഭൂതം: അഗ്നി , മൃഗം: മഹിഷം , പക്ഷി: കാകൻ  , വൃക്ഷം: നീർമരുത്

ചോതി നക്ഷത്രക്കാർ പൊതുവെ വിനയമുള്ളവരായിരിക്കും. സുഖമനുഭവിക്കുന്ന ഇവർ വസ്ത്രം, ആഭരണം തുടങ്ങിയ ആഡംബരകാര്യങ്ങളിൽ അധികം താൽപര്യം കാണിക്കില്ല. ഇവർക്കു ദാഹം കൂടുതലായിരിക്കും. സംഭാഷണപ്രിയരായ ഇവർ പണം കടം വാങ്ങുന്ന കാര്യത്തിൽ ഒട്ടും പിന്നിലാകില്ല. ബന്ധുക്കൾക്കിടയിൽ ഇവരെക്കുറിച്ചു നല്ല അഭിപ്രായമായിരിക്കില്ല. ഏതു സാഹചര്യത്തിലും ധർമം വിട്ടു പ്രവർത്തിക്കില്ല. ചോതി നക്ഷത്രക്കാർക്കു വിദേശവാസത്തിനു സാധ്യതയുണ്ട്. ജീവിതത്തിലൊരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല.


വിശാഖം നക്ഷത്രക്കാർ ഭാഗ്യവാന്മാർ

ദേവത: ഇന്ദ്രാഗ്നി , ഗണം: ആസുരം , ഭൂതം: അഗ്നി , മൃഗം: സിംഹം , പക്ഷി: കാകൻ , വൃക്ഷം: വയ്യങ്കതവ്

വിശാഖം നക്ഷത്രക്കാർക്കു പെട്ടെന്നു കോപം വരും. ധാരാളം സംസാരിക്കുന്ന ഇക്കൂട്ടർ ജീവിതത്തിലുടനീളം പൊതുവെ സമ്പന്നരും, ഭാഗ്യവാന്മാരും അയിരിക്കും. നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകും. എത്ര പണം കൈയിലുണ്ടായാലും പിശുക്കു വിടില്ല. ഭാര്യമാർ പറയുന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഈ നക്ഷത്രക്കാർ ശത്രുക്കളെ സ്നേഹം കൊണ്ടു ജയിക്കും. വിശാഖം നക്ഷത്രക്കാർക്ക് കണ്ണിന് അസുഖം വരാൻ സാധ്യത കൂടുതലാണ്.


അനിഴം നക്ഷത്രക്കാർ സംസാരപ്രിയർ

ദേവത: മിത്രൻ , ഗണം: ദൈവം  , ഭൂതം :അഗ്നി , മൃഗം: മാൻ , പക്ഷി: കാകൻ , വൃക്ഷം: ഇലഞ്ഞി

അനിഴം നക്ഷത്രക്കാർക്ക് മറ്റുള്ളവരേക്കാൾ വിശപ്പും ദാഹവും കൂടും. കുറച്ചുകാലം നാടുവിട്ടു താമസിക്കേണ്ടിവരും. യാത്ര കൂടുതലായി വേണ്ടിവരും. എവിടെപോയാലും ഭാഗ്യം കൈവിടില്ല. ആരോടെങ്കിലും സംസാരിച്ചിരിക്കാൻ ഏറെ താൽപര്യമുള്ള ഈ നക്ഷത്രക്കാർ ഒരിക്കലും ധർമം വിട്ടു പ്രവർത്തിക്കില്ല. കാര്യമൊന്നുമില്ലെങ്കിലും ഓരോന്ന് ആലോചിച്ച് വെറുതെ ദുഃഖിച്ചിരിക്കുകയെന്നത് ഈ നാളുകാരുടെ പ്രത്യേകതയാണ്. നല്ല വ്യക്തികളുടെ സ്നേഹം ഈ നാളുകാർക്ക് എപ്പോഴും ലഭിക്കും.

തൃക്കേട്ട നക്ഷത്രക്കാർ പൊതുവെ  പ്രസന്നതയുള്ളവർ

ദേവത: ഇന്ദ്രൻ , ഗണം: ആസുരം , ഭൂതം: വായു , മൃഗം: കേഴമാൻ , പക്ഷി: കോഴി  , വൃക്ഷം: വെട്ടി

മനസിന് എപ്പോഴും സന്തോഷമുണ്ടായിരിക്കുക എന്നത് തൃക്കേട്ട നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ഇവർക്ക് ധർമാനുഷ്ഠാനത്തിൽ പ്രത്യേക താൽപര്യമുണ്ടായിരിക്കും. ബന്ധുക്കൾ വളരെയധികം ഉണ്ടാകും. ആരോഗ്യദൃഢഗാത്രനായിരിക്കും. സ്വന്തം സമുദായത്തിൽ നേതൃസ്ഥാനത്തെത്തും. ഈ നാളുകളിൽ ചിലർക്കു പരസ്ത്രീകളിൽ താൽപര്യമുണ്ടായിരിക്കുകയെന്ന ദോഷവശവും ഉണ്ട്.


മൂലം നക്ഷത്രക്കാർ പൊതുവെ സംസാരപ്രിയർ

ദേവത: നിര്യതി , ഗണം: ആസുരം , ഭൂതം: വായു , മൃഗം:ശ്വാവ് , പക്ഷി: കോഴി , വൃക്ഷം വയനം

മൂലം നക്ഷത്രക്കാർ പൊതുവെ ഏതു കാര്യത്തിലും അറിവുള്ളവരും സുഖം അനുഭവിക്കുന്നവരും ധനവാന്മാരും ആയിരിക്കും. ഇടയ്ക്കിടെ രോഗശല്യം ഉണ്ടായെന്നു വരാം. ഇളകുന്ന മനസ് ആയിരിക്കും. സഹോദരന്മാർക്കിടയിൽ പ്രമുഖസ്ഥാനം ഉണ്ടാകും. നല്ല വാക്സാമർഥ്യം ഉണ്ടായിരിക്കും. കിട്ടുന്ന പണം വാരിക്കോരി ചെലവാക്കും. ഈ നാളുകാർക്കു പൊതുവെ ഉപകാരസ്മരണ കുറവായിരിക്കും.


പൂരാടം നക്ഷത്രക്കാർ ഉറച്ച സുഹൃത് വലയമുള്ളവരായിരിക്കും

ദേവത:ജലം , ഗണം: മാനുഷം , ഭൂതം: വായു  , മൃഗം: വാനരൻ  , പക്ഷി : കോഴി , വൃക്ഷം : വഞ്ഞി

പൂരാടം നക്ഷത്രക്കാർക്ക് ഉറച്ച സൗഹൃദമുണ്ടായിരിക്കും. വിനയമുള്ള ഇക്കൂട്ടർ ബുദ്ധിയുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരിക്കുകയില്ല. ബന്ധുക്കൾക്കിടയിൽ ആദരണീയനാകുമെന്നതിനു പുറമെ നല്ല മക്കളെക്കൊണ്ടുള്ള ഗുണവും ലഭിക്കും. ജീവിതത്തിൽ പൊതുവെ സുഖം അനുഭവിക്കുന്ന ഇക്കൂട്ടർക്കു സർക്കാർ തലത്തിൽ അംഗീകാരം ലഭിക്കാനിടയുണ്ട്. പെട്ടെന്നു വികാരത്തിനടിമയാകും.


ഉത്രാടം നക്ഷത്രക്കാർ നര്‍മ്മപ്രിയർ

ദേവത: വിശ്വദേവതകൾ , ഗണം: മാനുഷം , ഭൂതം: വായു , മൃഗം: കാള , പക്ഷി: കോഴി , വൃക്ഷം: പ്ലാവ്

ഉത്രാടം നക്ഷത്രക്കാർ നര്‍മ്മപ്രിയരായിരിക്കും. വിനയമുള്ള ഇവർക്കു പക്ഷേ ശത്രുക്കൾ ഏറെയുണ്ടാകും. പലപ്പോഴും ദുഃഖിതരായിരിക്കും. പല സ്ഥലത്തും യാത്ര ചെയ്യേണ്ടിവരും. അഭിമാനികളായ ഈ നക്ഷത്രക്കാർ വിദ്വാന്മാരും ആയിരിക്കും. എതിർലിംഗത്തിൽപ്പെട്ടവരിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കും. ചില സമയങ്ങളിൽ ചീത്തസ്വഭാവവും പുറത്തെടുത്തെന്നു വരും. ദുരിതമനുഭവിക്കുന്നവരോടു കനിവു കാണിക്കുന്നവരായിരിക്കും.


തിരുവോണം നക്ഷത്രക്കാർ അറിവുള്ളവർ

ദേവത : വിഷ്ണു , ഗണം: ദൈവം , ഭൂതം: വായു , മൃഗം : വാനരൻ , പക്ഷി : കോഴി , വൃക്ഷം : എരിക്ക്

തിരുവോണം നക്ഷത്രക്കാർ ശാസ്ത്രത്തിൽ നല്ല അറിവുള്ളവരായിരിക്കും. ധനവാന്മാരും പ്രശസ്തരുമാകുന്ന ഇവർക്ക് ശത്രുക്കളും ഏറെയുണ്ടാവും. പലപ്പോഴും വീടു വിട്ടു താമസിക്കേണ്ടിവരും. അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കും. ജീവിതത്തിൽ ഏറെ സമ്പാദിക്കുമെങ്കിലും ചെലവു കൂടും. ദൈവവിശ്വാസികളായ ഇവർക്കു പുരോഹിതന്മാരോടും വലിയ ബഹുമാനമായിരിക്കും. ഇക്കൂട്ടർ അധാർമികമായി ഒന്നും ചെയ്യില്ല. ഏതു സദസ്സിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. 


അവിട്ടം നക്ഷത്രക്കാർ നേതൃസ്ഥാനികൾ

ദേവത: വസുക്കൾ , ഗണം: ആസുരം , ഭൂതം: ആകാശം , മൃഗം: സിംഹം , പക്ഷി: മയിൽ , വൃക്ഷം : വഹ്നി

നേതൃത്വഗുണമുള്ളവരായിരിക്കും. അവിട്ടം നക്ഷത്രക്കാർ. നാടുവിട്ടു താമസിക്കുന്നതിലാണ് ഇവർക്ക് കൂടുതൽ സന്തോഷം ധനവാന്മാരായിരിക്കുന്ന ഈ നാളുകാർ സംഗീതം, നാടകം തുടങ്ങിയവയിൽ തൽപരരുമായിരിക്കും. പലപ്പോഴും ഭാര്യയുമായി വേർപെട്ടു താമസിക്കേണ്ടി വരും. ആഗ്രഹങ്ങൾ ഏറിയവരാണിവർ. അൽപം ശൗര്യപ്രകൃതിയുണ്ടാവും. ജീവിതത്തിൽ സുഖം അനുഭവിക്കും. നന്നായി സംസാരിക്കാൻ കഴിയുന്ന ഇവർ വേണ്ടി വന്നാൽ കള്ളം പറയാനും മടിക്കില്ല.


ചതയം നക്ഷത്രക്കാർ ഏവര്‍ക്കും പ്രിയപ്പെട്ടവർ

ദേവത:വരുണൻ , ഗണം:ആസുരം , ഭൂതം: ആകാശം , മൃഗം: കുതിര , പക്ഷി: മയിൽ , വൃക്ഷം: കടമ്പ്

ചതയം നാളുകാർ പൊതുവേ ധാരാളം സംസാരിക്കുന്നവരായിരിക്കും. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാകുന്ന ഇവർ ഏതു സംഘത്തിൽ ചെന്നാലും അവിടത്തെ നേതാവാകും. കിട്ടുന്ന പണം മുഴുവൻ വാരിക്കോരി ചെലവാക്കും. ദയയും അനുകമ്പയുമൊന്നും അധികം കാണിക്കില്ല. ഏതു കാര്യങ്ങളും എളുപ്പത്തിലാക്കാൻ സൂത്രം കണ്ടെത്തും. ശത്രുക്കളെ മുഴുവൻ സ്നേഹിച്ചു വശത്താക്കും. കാലം മാറുന്നതനുസരിച്ചു പെരുമാറാൻ ഇവർക്ക് അറിയാം. ഭക്ഷണം അധികം കഴിക്കില്ല. സാഹസസ്വഭാവമുണ്ടായിരിക്കും


പൂരുരുട്ടാതി നക്ഷത്രക്കാർ പൊതുവെ സൗമ്യസ്വാഭാവികൾ

ദേവത: അജയ്കപാദ് , ഗണം: മാനുഷം  , ഭൂതം: ആകാശം , മൃഗം: നരൻ , പക്ഷി: മയിൽ  , വൃക്ഷം: തേൻമാവ്

പൂരുരുട്ടാതി നക്ഷത്രക്കാർ സ്ഥിരമായി ഒരിടത്തു താമസിക്കുന്നവരല്ല. ആർക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയാത്ത സ്വഭാവമാവും. ഈ നാളുകാർക്ക് എതിർലിംഗത്തിൽപ്പെട്ടവരോട് കൂടുതൽ താൽപര്യം തോന്നും. സർക്കാരിൽ നിന്ന് ആനൂകൂല്യങ്ങളോ അംഗീകാരമോ ലഭിക്കും. ശാന്തമായ മനസുണ്ടാകുമെങ്കിലും ഇവർക്കു പേടി കൂടും. സ്വന്തം ജോലി ചിട്ടയോടെ ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സൗമ്യ സ്വഭാവക്കാരായ ഇവർ പൊതുവെ ദീർഘായുഷ്മാൻമാരുമായിരിക്കും.


ഉത്രട്ടാതി നക്ഷത്രക്കാർ വിനയമുള്ളവർ

ദേവത: അഹിർബുധ്നി , ഗണം : മാനുഷം , ഭൂതം :  ആകാസം , മൃഗം : പശു , പക്ഷി : മയിൽ , വൃക്ഷം : കരിമ്പന

നല്ല വാക് സാമർഥ്യമുള്ള ഉത്രട്ടാതി നക്ഷത്രക്കാർ ജീവിതത്തിൽ പൊതുവെ സുഖം അനുഭവിക്കുന്നവരുമായിരിക്കും. അധാർമികമായി ഒന്നും ചെയ്യാൻ ഇക്കൂട്ടർക്കു കഴിയില്ല. ആരോടും വിനയത്തോടെ പെരുമാറും. ആർക്കും എന്തും കൊടുക്കാൻ മടിയുണ്ടാകില്ല. ആരോഗ്യ പരിപാലനത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഈ നാളുകാർക്ക് പണത്തോട് ഏറെ ആഗ്രഹമുണ്ടാകും. എന്നാൽ പണം ചെലവാക്കുന്ന കാര്യത്തിൽ അങ്ങേയറ്റം പിശുക്കും കാണിക്കും. ഏതു വിഷയത്തിലും ആഴത്തിലുള്ള അറിവുണ്ടായിരിക്കും


രേവതി നക്ഷത്രക്കാർ പൊതുവെ സുമുഖർ

ദേവത: പുഷാവ് , ഗണം : ദൈവം , ഭൂതം : ആകാശം , മൃഗം : ആന , പക്ഷി :  മയിൽ , വൃക്ഷം : ഇരിപ്പ

രേവതി നക്ഷത്രക്കാർ സ്വയം പ്രതാപികളെന്ന് അഭിമാനിക്കും. പൊതുവെ സുന്ദരന്മാരായ ഇവർ പക്ഷേ സ്ത്രീകൾക്കു പെട്ടെന്നു വഴങ്ങുന്ന കൂട്ടത്തിലാകില്ല. എങ്കിലും കാമാതുരമായ ഹൃദയമുണ്ടായിരിക്കും. ഏതു കാര്യത്തിലും മത്സരബുദ്ധി കാണിക്കും. ഇളകാത്ത മനസായിരിക്കും. നല്ല കാര്യങ്ങൾ ചെയ്യാൻ അതിയായ താൽപര്യം ഉണ്ടാകും. ഭാര്യയോടും മക്കളോടും കൂടി സന്തോഷപ്രദമായ ജീവിതം നയിക്കും. ശരീരത്തിൽ പ്രത്യേക അടയാളം കാണാനിടയുണ്ട്.


Astrology Specials