വിളക്കു പല തരത്തിലും കൊളുത്താം. ഇതിന് പ്രത്യേക അര്‍ത്ഥങ്ങളുമുണ്ട്. ഇതു പോലെയാണ് നെയ് വിളക്കു കൊളുത്തുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ് ഇതെങ്കിലും വീട്ടിലും ഇതു ചെയ്യാവുന്നതാണ്. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.
നെയ് വിളക്കു കത്തിച്ചു വച്ചു പ്രാര്‍ത്ഥിച്ചാല്‍ അതിവേഗം ഫലപ്രാപ്തി ലഭിയ്ക്കുമെന്നതാണ് വിശ്വാസം. നെയ് വിളക്കു തന്നെ ഭദ്രദീപമായി കത്തിയ്ക്കുന്നത് ഏറെ ഗുണകരമാണ്. പഞ്ചമുഖ നെയ് വിളക്ക് എന്നും ഇത് അറിയപ്പെടുന്നു. അഞ്ച് തിരിയുള്ള നെയ് വിളക്ക് അഞ്ചു ദിക്കിലേയ്ക്കു തിരിയിട്ടു കത്തിക്കണം. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് ദിക്കുകളിലായാണ് ഭദ്രദീപത്തില്‍ തിരിയിടുക. അഞ്ചാമത്തെ തിരി വടക്കു കിഴക്കോട്ടാകണം. ഈശാന കോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ചില പ്രത്യേക ദിവസങ്ങളില്‍ പഞ്ചമുഖ നെയ് വിളക്കു കൊളുത്തുന്നത് ഏറെ ഐശ്വര്യദായകമാണ് എന്നു പറയണം. പൗര്‍ണമി, അമാവാസി ദിവസങ്ങളിലും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും വീട്ടില്‍ ഇതേ രീതിയില്‍ നെയ് വിളക്കു കൊളുത്തി കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു പ്രാര്‍ത്ഥിയ്ക്കുന്നത് ഏറെ ഐശ്വര്യദായകമാണ്.

ഞായര്‍
ഹൃദയം, ഉദരം, രക്തം, ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും. നാസ്തികചിന്തകള്‍, ദൈവനിന്ദ, ഗുരു കാരണവന്മാരെ അപമാനിക്കല്‍, മാതാപിതാക്കളെ എതിര്‍ത്ത് സംസാരിക്കല്‍, പിതൃപൂജകളും ശ്രാദ്ധങ്ങളും ചെയ്യാതിരിക്കല്‍ എന്നിവ മൂലമുള്ള പാപങ്ങള്‍ക്കും ശമനംകിട്ടും.
തിങ്കള്‍
ആത്മവിശ്വാസകുറവ് , മനോവ്യാധി, സ്വസ്ഥതക്കുറവ്, അകാരണ ഭയം, അപകര്‍ഷതാബോധം, കുട്ടികള്‍ക്കുണ്ടാവുന്ന ഓർമക്കുറവ് മൂലമുള്ള പഠന വൈകല്യങ്ങൾ, ത്വക് രോഗങ്ങൾ എന്നിവയ്ക്കും ശമനം കിട്ടും.
ചൊവ്വ
പെണ്‍കുട്ടികളുടെ വിവാഹതടസ്സം, ജാതകത്തിലെ ചൊവ്വാദോഷം, മുന്‍കോപം, പിടിവാശി, മറ്റുള്ളവരെ വാക്കുകള്‍കൊണ്ട് വേദനിപ്പിച്ചതു കാരണമുള്ള ദോഷങ്ങള്‍, ജാതകത്തിലെ കേതുദോഷം എന്നിവ അകലും.
ബുധന്‍
വിദ്യാതടസ്സം, ഓര്‍മ്മക്കുറവ്, പഠിത്തത്തില്‍ അശ്രദ്ധ, വിദ്യാര്‍ത്ഥികളുടെ ദുഷിച്ച കൂട്ടുകെട്ട്, മരുന്നുകളാല്‍ ഭേദപ്പെടാത്ത രോഗങ്ങള്‍ എന്നിവ പരിഹരിക്കപ്പെടും.
വ്യാഴം
പുരുഷന്മാരുടെ വിവാഹതടസ്സം, കുടുംബത്തില്‍ സ്വസ്ഥതയില്ലായ്മ, സന്താനഭാഗ്യമില്ലായ്മ, ആചാര്യന്മാരേയും ഗുരുക്കന്മാരേയും വഞ്ചിച്ചതുകാരണമുള്ള ദോഷങ്ങള്‍, സന്താനങ്ങളാലുള്ള ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനം കിട്ടും.
വെള്ളി
ദാമ്പത്യസുഖക്കുറവ്, ദാമ്പത്യകലഹം, കടബാദ്ധ്യതകളാലുള്ള ദുരിതങ്ങള്‍, പണദുര്‍വ്യയം, സ്ത്രീകള്‍ക്ക് കുടുംബത്തില്‍ ഉണ്ടാവുന്ന മനോവേദനകള്‍ എന്നിവ പരിഹരിക്കപ്പെടും.
ശനിയാഴ്ച
ആയൂര്‍- ആരോഗ്യ വര്‍ദ്ധനയും ഉണ്ടാവും. രഹസ്യരോഗങ്ങളാലുള്ള ബുദ്ധിമുട്ടുകള്‍. തൊഴില്‍- ഉദ്യോഗം സംബന്ധമായ പ്രശ്നങ്ങള്‍, ശത്രുദോഷങ്ങള്‍, ചെയ്വിനദോഷങ്ങള്‍, ജോലിയില്‍ സ്ഥിരതയില്ലായ്മ, ജാതകത്തിലെ രാഹുദോഷങ്ങള്‍ എന്നിവ പരിഹരിക്കപ്പെടും.
രാഹുദോഷങ്ങള്‍ക്ക് ശനിയാഴ്ചയും കേതുദോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയും നെയ് വിളക്ക് കത്തിച്ചുവച്ചു പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലം കിട്ടും.
