നവഗ്രഹ ദോഷം അകലാൻ ലളിതമായ പരിഹാരങ്ങൾ

നവഗ്രഹ ദോഷം അകലാൻ ലളിതമായ പരിഹാരങ്ങൾ

Share this Post

ആദ്യന്ത ദൈവവും ശിവശക്തിപുത്രനുമായ ഗണപതിയെ വണങ്ങിക്കൊണ്ട് ആരംഭിക്കുന്ന ഏതൊരു പ്രവര്‍ത്തിയും പൂര്‍ണ്ണതയിലെത്തുമെന്നാണ് വിശ്വാസം. നവഗ്രഹങ്ങളും ഗണപതിയെ വണങ്ങി പല സൗഭാഗ്യങ്ങളും നേടിയിട്ടുണ്ടെന്നാണ് ഐതീഹ്യം. അതുകൊണ്ട് നവഗ്രഹങ്ങളുടെ അധിപനായി ഗണപതി തിളങ്ങുന്നു. ഗണപതി ഭക്തരെ നവഗ്രഹങ്ങളും അനുഗ്രഹം ചൊരിഞ്ഞ് സംരക്ഷിക്കുന്നു. ഇനി ഗണപതിയും ഓരോ ഗ്രഹങ്ങളും തന്മിലുള്ള ബന്ധത്തെക്കുറിച്ച് ആരായാം.

ഗുരു (വ്യാഴം)

ഒരിക്കല്‍ ഇന്ദ്രന്‍ ഗൗതമ മഹര്‍ഷിയുടെ പത്നി അഹല്യയില്‍ കാമമോഹിതനായി. ഇത് തന്‍റെ ജ്ഞാനത്തിലൂടെ മനസ്സിലാക്കിയ മഹര്‍ഷി ഇന്ദ്രന്‍റെ ശരീരത്തില്‍ ആയിരം അപമാന ചിഹ്നങ്ങളുണ്ടാവട്ടെ എന്ന് ശപിച്ചു. അപമാനം താങ്ങാന്‍ കഴിയാതെ ഇന്ദ്രന്‍ താമരതണ്ടില്‍ ഒളിച്ചിരുന്നു. ഇതറിഞ്ഞ ദേവന്മാരും നാരദനും ഇന്ദ്രന് ശാപമോചനമേകണമെന്ന് ഗൗതമ മഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു. അവരുടെ അഭ്യര്‍ത്ഥന മാനിച്ച മഹര്‍ഷി ദേവഗുരുവിനോട് ഇന്ദ്രന് ഗണപതിമന്ത്രം ഉപദേശിച്ചാല്‍ ശാപമോക്ഷം കിട്ടുമെന്ന് അറിയിച്ചു. ഉടന്‍തന്നെ ദേവഗുരു ഇന്ദ്രന് ഗണേശ മന്ത്രോപദേശം നല്‍കി. ഇന്ദ്രദേഹത്തുണ്ടായിരുന്ന ആയിരം അപമാനചിഹ്നങ്ങള്‍ അപ്രത്യക്ഷമായി.

ബുധന്‍

കലകളില്‍ പ്രാവീണ്യം നല്‍കാനുള്ള സിദ്ധി ബുധഗ്രഹത്തിനുണ്ട്. കലകളും അതുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുധന്‍റെ അനുഗ്രഹമില്ലെങ്കില്‍ ഉന്നതിയുണ്ടാവില്ല. വിഷ്ണുവിനെ ബുധനാഴ്ചതോറും വണങ്ങിപോന്നാല്‍ ബുധന്‍ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുമെങ്കിലും ബുധനാഴ്ചതോറും ഗണപതിയെ കറുകചാര്‍ത്തി വഴിപാടുനടത്തി പ്രാര്‍ത്ഥിച്ചാല്‍ വിദ്യാതടസങ്ങള്‍ അകലും.

ശുക്രന്‍

ശുക്രന് കലാപരമായ കഴിവുകള്‍ പ്രദാനം ചെയ്യാനുള്ള ശക്തിയുണ്ട്. കലാരംഗത്തും അതുമായി ബന്ധപ്പെട്ട തൊഴിലുകളിലും ശുക്രന്‍റെ അനുഗ്രഹമില്ലെങ്കില്‍ ഉയര്‍ച്ചയുണ്ടാവില്ല. വെള്ളിയാഴ്ചതോറും ശുക്രനേയും ലക്ഷ്മിയേയും വണങ്ങിയാല്‍ ജീവിതത്തില്‍ മേല്‍ഗതി ഉണ്ടായിക്കൊണ്ടേയിരിക്കും. വെള്ളിയാഴ്ചതോറും ഗണപതിക്ക് അര്‍ച്ചനചെയ്തു വണങ്ങിയാല്‍ ശുക്രന്‍ അനുഗ്രഹമേകി പൊന്നും, പൊരുളും വര്‍ദ്ധിക്കാന്‍ ഭാഗ്യമേകും.

സൂര്യന്‍

പ്രശസ്തിയും ഒപ്പം മറ്റുള്ളവര്‍ ബഹുമാനിയ്ക്കുന്ന രീതിയിലുള്ള എല്ലാ സമൃദ്ധിയുമേകാനുള്ള ശക്തി സൂര്യനുണ്ട്. ഞായറാഴ്ചകളിള്‍ സൂര്യനമസ്കാരം ചെയ്ത് വണങ്ങിയാല്‍ ദുരിതങ്ങളൊന്നും അടുക്കില്ല. ഞായറാഴ്ച തോറും ഗണപതി പുരാണപാരായണം ചെയ്താലും ശ്രവിച്ചാലും ഗണപതിഭഗവാന്‍റെ പൂര്‍ണ്ണ അനുഗ്രഹം ലഭിക്കും.

ചന്ദ്രന്‍

ഒരിക്കല്‍ കൈലാസത്തിലെത്തിയ ചന്ദ്രന്‍ ഗജമുഖനായ ഗണപതിയെ കണ്ട് കളിയാക്കി ചിരിച്ചു. കോപിഷ്ഠനായ ഗണപതി ദിവസംചെല്ലുംതോറും ചന്ദ്രന്‍റെ സൗന്ദര്യം നഷ്ടപ്പെടട്ടെ എന്ന് ശപിച്ചു. തന്‍റെ തെറ്റുമനസ്സിലാക്കിയ ചന്ദ്രന്‍ ഗണപതിയുടെ പാദങ്ങളില്‍ വീണ് സാഷ്ടാംഗം പ്രണമിച്ച് മാപ്പിരന്നു. ദയാലുവായ ഗണപതി ഇന്ദ്രനെ വിളിച്ചു വരുത്തി ചന്ദ്രന് ഗണേശമന്ത്രം ഉപദേശിക്കാന്‍ അരുളിചെയ്തു. ഉപദേശം നേടിയചന്ദ്രന്‍ ഗംഗയുടെ തെക്കന്‍ കരയിലുള്ള സര്‍വ്വ സിദ്ധി എന്ന നഗരത്തില്‍ ചെന്ന് അവിടെയിരുന്ന് ഗണേശമന്ത്രം ജപിച്ചു. ഗണപതിയുടെ അനുഗ്രഹത്താല്‍ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുത്തു.

ചൊവ്വ

ഒരിക്കല്‍ ഭരദ്വാജ മഹര്‍ഷി പുഴയില്‍ സ്നാനത്തിനെത്തിയപ്പോള്‍ അവിടെ ഒരു സുന്ദരിയെകണ്ട് അവളില്‍ അനുരക്തനായി. അതിന്‍റെ ഫലമായി ഒരു ആണ്‍കുട്ടി പിറന്നു. നിലത്തുകിടന്നിരുന്ന ആ കുട്ടിയെ ഭൂമിദേവി എടുത്തുവളര്‍ത്തി. അതുകൊണ്ട് ആ കുട്ടിയ്ക്ക് ഭൂമിസുതന്‍ എന്ന് പേരിട്ടു. ആ കുട്ടിയാണ് ചൊവ്വ. കുട്ടി വളര്‍ന്നപ്പോള്‍ അവന്‍ ഭൂമി ദേവിയോട് തന്‍റെ പിതാവിനെക്കുറിച്ച് ആരാഞ്ഞു. ഭൂമിദേവി അവനെ ഭരദ്വാജമഹര്‍ഷിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇത് നിങ്ങളുടെ മകനാണെന്ന് അറിയിച്ചു. അതിനുശേഷം മഹര്‍ഷി തന്‍റെ മകന് കലയും ആയോധനവിദ്യയും അഭ്യസിപ്പിച്ചു. അതിനുശേഷം ഗണപതിയുടെ വേദമന്ത്രവും ഉപദേശിച്ചു നല്‍കി. ചൊവ്വ തന്‍റെ പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം എണ്ണമറ്റ മന്ത്രങ്ങള്‍ ചൊല്ലി തപസുചെയ്തു. ചൊവ്വ മുമ്പാകെ പ്രത്യക്ഷപ്പെട്ട ഗണപതി ചൊവ്വയ്ക്ക് ഗ്രഹപദവി നല്‍കി അനുഗ്രഹിച്ചു. ഒരു ചതുര്‍ത്ഥിദിനത്തിലാണ് ഗണപതി ചൊവ്വയെ അനുഗ്രഹിച്ചത്. ചൊവ്വാഴ്ചകളില്‍ വരുന്ന ചതുര്‍ത്ഥിനാളില്‍ ഗണപതിയെ വണങ്ങിയാല്‍ പല ജന്മങ്ങളില്‍ ചെയ്ത പാപങ്ങള്‍ അകലുമെന്നാണ് വിശ്വാസം.

ശനി

ദേവനായാലും മനുഷ്യനായാലും ഒരാളേയും വിടാതെ പിടികൂടി അവര്‍ ചെയ്ത പാപങ്ങള്‍ക്കനുസൃതമയി ശിക്ഷ നല്‍കുന്നതില്‍ ശനീശ്വരന് തുല്യരായിട്ട് ആരുമില്ല. ശനി പിടികൂടാനെത്തുമ്പോള്‍ അവനെ തടയാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ ഗണപതിയോടും ഹനുമാനോടും അടുക്കാന്‍ ശനിക്കായില്ല. ഗണപതിയെ ഏതാനും നാഴിക പിടിക്കേണ്ട കാലം അടുത്തപ്പോള്‍ ശനി അദ്ദേഹത്തെ സമീപിച്ചു. ഗണപതി പിന്നീട് വരൂ എന്ന് പറഞ്ഞ് ശനിയെ തിരിച്ചയച്ചു. പിന്നീട് ശനി എത്തിയപ്പോള്‍ തന്നെ പിടികൂടേണ്ട സമയം കഴിഞ്ഞു എന്ന് ഗണപതി അറിയിച്ചു. പരാജിതനായ ശനീശ്വരന്‍ ഗണപതിയെ വണങ്ങി. ഇനി ഗണപതിയെ മാത്രമല്ല ഗണപതി ഭക്തരേയും പിടികൂടുകയില്ല എന്ന് അറിയിച്ചുകൊണ്ട് അവിടെ നിന്നും വിടപറഞ്ഞു.

രാഹു

ജാതകത്തില്‍ രാഹു നല്ല സ്ഥാനത്തല്ലെങ്കില്‍ പുത്രദോഷം, കളത്രദോഷം, സര്‍പ്പദോഷം, കാലസര്‍പ്പദോഷം എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളുണ്ടാവും. ഈ ദോഷ നിമിത്തമായി പല ബുദ്ധിമുട്ടുകളും ജാതകന് സൃഷ്ടിക്കാന്‍ രാഹുവിന് കഴിയും. ആദ്യന്ത ദൈവമായ ഗണപതിയെ നിത്യവും മനമുരുകി പ്രാര്‍ത്ഥിച്ചുപോന്നാല്‍ രാഹു ദോഷങ്ങളൊന്നും സൃഷ്ടിക്കാതെ തിന്മകള്‍ കുറച്ച് സദ്ഫലങ്ങളേകും.

കേതു

ജ്ഞാനം അമിതമായി നല്‍കാന്‍ ശക്തി നേടിയ ഗ്രഹമാണ് കേതു. കേതു ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തില്‍ നല്ല നിലയില്‍ നിലകൊണ്ടാല്‍ മുക്തിയോഗം സംഭവിക്കുന്നു. കേതു വ്യാഴത്തിനൊപ്പം ചേര്‍ന്നാല്‍ കോടീശ്വരയോഗം ഉണ്ടാവുന്നു. മുക്തി യോഗത്താല്‍ ജന്മദുരിതങ്ങളെല്ലാം അകലുന്നു. ഇത്രയും മഹത്വമുള്ള കേതുവിന്‍റെ അധിപനായി വിളങ്ങുന്നു ഗണപതി. അതുകൊണ്ട് സങ്കടഹരചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി എന്നീ ദിവസങ്ങളില്‍ വ്രതമനുഷ്ടിച്ച് ഗണപതിയെ വണങ്ങി സാധുക്കള്‍ക്ക് അന്നദാനം നല്‍കിയാല്‍ കേതുവാലുള്ള ദോഷങ്ങള്‍ അകലും.

അജയ കുമാർ


Share this Post
Rituals Specials