പൂയം നക്ഷത്രത്തിനെ ‘കാലുള്ള നക്ഷത്രം’ എന്നും ‘കൂറുദോഷമുള്ള നക്ഷത്രം’ എന്നും പറഞ്ഞു വരാറുണ്ടല്ലോ. ഈ പോരായ്മ ഒഴിവാക്കിയാല്‍ പൂയം നക്ഷത്രം ഏതു നക്ഷത്രം പോലെയും ഉത്തമം ആണെന്നതില്‍ സംശയമില്ല. പൂയം നക്ഷത്രത്തിന്റെ ഒന്നാംപാദം ജാതകന് തന്നെയും രണ്ടാംപാദത്തിലെ ജനനം മാതാവിനും മൂന്നാംപാദത്തിലെ ജനനം പിതാവിനും നാലാംപാദത്തിലെ ജനനം അമ്മാവനും ദോഷമുണ്ടാക്കുന്നവയാകാം. ഇതിന് യഥാക്രമം, തന്‍ കാല്‍, അമ്മക്കാല്‍, അച്ഛന്‍ കാല്‍, അമ്മാവന്‍ കാല്‍ എന്നിങ്ങനെയും ഗ്രാമ്യമായി പേരുകളുമുണ്ട്. ജനനം മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ദോഷം സംഭവിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നാൽ ദോഷം തീവ്രമാകണമെങ്കിൽ ‘കാലില്‍ കാല്’ സംഭവിക്കണം. ഒരു നക്ഷത്രത്തിന് പതിനഞ്ച് നാഴികവീതമുള്ള നാല് പാദങ്ങളാണുള്ളത്. അതില്‍ ഒരു പാദത്തിനെ വീണ്ടും നാലായി ഭാഗിച്ചാല്‍ മൂന്നേമുക്കാല്‍ നാഴിക എന്നുകിട്ടും. ആ മൂന്നേമുക്കാല്‍ നാഴികയെയാണ് ‘കാലില്‍ കാല്’ എന്നുപറയുന്നത്. ആ അവസ്ഥയുണ്ടാവുകയും ഒപ്പം ജാതകത്തിൽ ചന്ദ്രന് ബലമില്ലാതെ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്താല്‍ മാത്രമേ വലിയ ദോഷങ്ങള്‍ ഉണ്ടാവുകയുള്ളു. ദോഷം വളരെ ശക്തമായാല്‍ അത് ആര്‍ക്കാണോ ബാധിക്കുന്നത് അയാള്‍ക്ക് മരണം വരെ സംഭവിക്കാമെന്ന് ജ്യോതിഷം പറയുന്നു.
ലഗ്നം കര്‍ക്കടകവും , പ്രഥമതിഥി, ബുധനാഴ്ചദിവസം എന്നിവ ഒന്നിച്ചുവരികയും ചന്ദ്രന് ബലക്കുറവും ശുഭവീക്ഷണമില്ലായ്മയും വന്നാല്‍ പൂയത്തിന്റെ കൂറുദോഷം സംഭവിക്കാവുന്നതാണ്.
പൂയത്തിന് പുറമെ പൂരാടം, അത്തം എന്നീ നക്ഷത്രങ്ങള്‍ക്കും കൂറുദോഷം ഉണ്ട്.
അത്തം നക്ഷത്രവും കന്നി ലഗ്നവും തിഥി സപ്തമിയും ആഴ്ച ചൊവ്വയും ഒത്തുവന്നാല്‍ കൂറുദോഷം സംഭവിക്കാം. എന്നാല്‍ അത്തം നക്ഷത്രത്തിന്റെ ഒന്നാം പാദം പിതാവിനും, രണ്ടാം പാദം അമ്മാവനും, മുന്നാം പാദം കുട്ടിക്കും, നാലാം പാദം മാതാവിനും ദോഷം ഉണ്ടാക്കും.
പൂരാടം നക്ഷത്രത്തിന്റെ ഒന്നാം പാദം മാതാവിനും, രണ്ടാം പാദം പിതാവിനും , മൂന്നാം പാദം അമ്മാവനും, നാലാം പാദം ജാതകനും ദോഷം ഉണ്ടാക്കും. ലഗ്നം ധനുവും വാരം ശനിയും തിഥി ചതുർഥിയോ നവമിയോ ചതുർദശിയോ ആയിവരികയും ചെയ്താലേ ദോഷാധിക്യമുള്ളൂ.
അതേസമയം ജാതകത്തിൽ ചന്ദ്രൻ ബലവാനായാലും ദീർഘായുർ യോഗങ്ങളുണ്ടായാലും അരിഷ്ട ഭംഗയോഗങ്ങളുണ്ടായാലും കൂറുദോഷം ഫലിക്കുകയില്ലെന്ന് ജ്യോതിഷം പറയുന്നു. ജനനസമയം കൃത്യമായി കണക്കാക്കിയാല്‍ മാത്രമേ ദോഷം കൃത്യമായി ഗണിച്ചെടുക്കാന്‍ സാധിക്കു. ദോഷമുണ്ടെന്ന് കണ്ടെത്തിയാല്‍ വിധിയാം വണ്ണം പരിഹാരം ചെയ്യണം. മേൽ പറഞ്ഞ രീതിയിൽ നക്ഷത്രവും തിഥിയും ദിവസവും ഒത്തുചേർന്ന സമയം കുട്ടി ജനിച്ചാൽ പൂയം നക്ഷത്രത്തിന്റെ ദോഷം ജാതകന്റെ ജനനം മുതൽ മൂന്നു മാസത്തിനകവും പൂരാടം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ടു മാസത്തിനകവും അത്തം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ പന്ത്രണ്ട് വർഷത്തിനകവും സംഭവിക്കുമെന്ന് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നു.
ദോഷപരിഹാരമായി പല കര്‍മ്മങ്ങളും ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും ശിവക്ഷേത്രത്തില്‍ പ്രസ്തുതകാലയളവില്‍ നക്ഷത്രദിവസങ്ങളില്‍ നടത്തുന്ന കറുകഹോമവും ആയുർ സൂക്തപുഷ്പാഞ്ജലിയും അത്യുത്തമം ആകുന്നു. കൂടാതെ മൃത്യുഞ്ജയ ഹോമം, പഞ്ചാക്ഷര മന്ത്രജപം, വെള്ള നിവേദ്യ സഹിതം ജലധാര, എന്നിവ കഴിയുംവിധം ചെയ്യുന്നതും ദോഷപരിഹാരത്തിന് സഹായിക്കും. കൂടാതെ, വിധിയാം വണ്ണം തയ്യാറാക്കിയ ‘മഹാമൃത്യുഞ്ജയ യന്ത്രം’, ‘മൃതസഞ്ജീവനീയന്ത്രം’ എന്നിവയിലൊന്ന് ഭക്തിയോടെ ധരിക്കുകയും ചെയ്യണം.